Image

നാളെ ക്ലബ് ലോകകപ്പ് ഫൈനല്‍ ; പിന്നെ ലോകകപ്പ് 2026 (സനില്‍ പി തോമസ്)

Published on 12 July, 2025
നാളെ ക്ലബ് ലോകകപ്പ് ഫൈനല്‍ ; പിന്നെ ലോകകപ്പ് 2026 (സനില്‍ പി തോമസ്)

ക്ലബ് ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ പി.എസ്.ജി. ചെല്‍സിയെ നേരിടും. സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് കീഴടക്കിയാണ് ഫ്രഞ്ച് ടീമായ പി.എസ്.ജി. ഫൈനലില്‍ കടന്നത്. ക്ലബ് ലോകകപ്പിന്റെ ഫൈനലില്‍ പി.എസ്.ജി. പ്രവേശിക്കുന്നത് ആദ്യമാണ്. ഇംഗ്ലീഷ് ക്ലബ് ചെല്‍സിയുടെ സെമി വിജയം ബ്രസീലിന്റെ ഫ്‌ളൂമിനെൻസിനെതിരെയായിരുന്നു(2-0). മൂന്ന് യൂറോപ്യന്‍ ക്ലബുകളും ഒരു ബ്രസീലിയന്‍ ക്ലബുമാണ് സെമിയില്‍ കളിച്ചത് എന്നത് ശ്രദ്ധേയമാണ്.

ആതിഥേയരായ യു.എസില്‍ നിന്ന് മൂന്നു ക്ലബുകളാണ് ക്ലബ് ലോക കപ്പില്‍ മത്സരിച്ചത്. സിയാറ്റില്‍ സൗണ്ടേഴ്‌സ്, ലൊസാഞ്ചലസ് എഫ്.സി., ഇന്റര്‍ മയാമി ടീമുകളാണ് യു.എസിനെ പ്രതിനിധാനം ചെയ്തത്. ഇതില്‍ ലയണല്‍ മെസ്സിയുടെ ഇന്റര്‍ മയാമി പ്രീക്വാര്‍ട്ടറില്‍ കടന്നു. പി.എസ്.ജിയാണ് ഇന്റര്‍ മയാമിയെ പ്രീക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയത്(4-0). 2022-ല്‍ മാത്രമാണ് ഒരു യു.എസ്. ടീം ക്ലബ് ലോകകപ്പില്‍ ആദ്യമായി പങ്കെടുത്തത് എന്ന് കാണുമ്പോള്‍ ഇന്റര്‍ മയാമിയുടെ നോക്കൗട്ട് റൗണ്ട് പ്രവേശം അമേരിക്കയ്ക്ക് ആശ്വാസമാണ്.

ഇതിനിടെ ഹ്യൂസ്റ്റണില്‍  കോണ്‍കാകാഫ് ഗോള്‍ഡ് കപ്പ് ഫൈനലില്‍ യു.എസിനെ തോല്‍പിച്ച്(2-1) മെക്‌സിക്കോ കിരീടം നിലനിര്‍ത്തി. മെക്‌സിക്കോയുടെ പത്താമത്തെ മേഖലാ കിരീടം. അടുത്ത വര്‍ഷം യു.എസും കാനഡയും മെക്‌സിക്കോയും സംയുക്തമായാണ് ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിക്കുന്നത്. യു.എസിനെ സംബന്ധിച്ചിടത്തോളം ക്ലബ് ലോകകപ്പ് അടുത്ത വര്‍ഷത്തെ ലോകകപ്പിന്റെ അരങ്ങൊരുക്കലാണ്. ക്ലബ് ലോകകപ്പ് മത്സരങ്ങള്‍ തരംഗമുയര്‍ത്തിയെന്ന കാര്യത്തില്‍ സംശയമില്ല. കാണികളുടെ എണ്ണവും മോശമല്ലായിരുന്നു.
മുപ്പത്തിരണ്ടു ക്ലബുകള്‍ എട്ടു ഗ്രൂപ്പായി മത്സരിച്ചു. ആകെ 63 മത്സരങ്ങള്‍. ഇനി കലാശപ്പോരാട്ടം ബാക്കി. യൂറോപ്പില്‍ നിന്ന് 12, ദക്ഷിണ അമേരിക്കയില്‍ നിന്ന് ആറ്, ആഫ്രിക്ക, ഏഷ്യ, കോണ്‍കാകാഫ് മേഖലകളില്‍ നിന്ന് നാലു വീതം, ഓഷ്യാനയില്‍ നിന്ന് ഒന്ന്, പിന്നെ ആതിഥേയരായി ഇന്റര്‍ മയാമിയും. ഇതില്‍ ഇന്റര്‍ മയാമിയെ ആതിഥേയരുടെ ലേബല്‍ നല്‍കി പങ്കെടുപ്പിച്ചത് ഏറെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. പക്ഷേ, അവര്‍ ഗ്രൂപ്പു ഘട്ടം കടന്നത് ആശ്വാസമായി.

യൂറോപ്യന്‍ ക്ലബുകള്‍ കഴിഞ്ഞാല്‍ കരുത്ത് കാട്ടിയത് ദക്ഷിണ അമേരിക്കന്‍ ടീമുകള്‍ തന്നെ. ടൂര്‍ണമെന്റില്‍ കളിച്ച നാല്  ബ്രസീല്‍ ടീമുകളും പ്രീക്വാര്‍ട്ടറില്‍ കടന്നു. അതില്‍ മൂന്നു ടീമുകള്‍ പരാജയം അറിയാതെയാണ് നോക്കൗട്ട് റൗണ്ടില്‍ കടന്നത്. ഇതേ സമയം അര്‍ജന്റീനയുടെ റിവര്‍പ്ലേറ്റും ബൊക്ക ജൂനിയേഴ്‌സും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി. ബോട്ടഫോഗോ, പാല്‍മിറാസ്, ഫ്‌ളെമംഗോ, ഫ്‌ളൂമിനെന്‍സ് ക്ലബുകളാണ് ബ്രസീലിനെ പ്രതിനിധാനം ചെയ്തത്. ബോട്ടഫോഗോ ഗ്രൂപ്പ് മത്സരത്തില്‍ പി.എസ്.ജിയെ തോല്‍പിച്ചിരുന്നു. ഫ്‌ളെമംഗോ ഗ്രൂപ്പ് ഘട്ടത്തില്‍ ചെല്‍സിയെ അട്ടിമറിച്ചിരുന്നു.

പ്രീ ക്വാര്‍ട്ടറില്‍ ഫ്ളൂമിനെൻസ് ഇന്റര്‍ മിലാനെ അട്ടിമറിച്ചു(2-0). ക്വാര്‍ട്ടറില്‍ അവര്‍ സൗദി ക്ലബ് അല്‍ ഹിലാലിനെ തോല്‍പിച്ചു(2-1). പാല്‍മിറാസ് ക്വാര്‍ട്ടറില്‍ ചെല്‍സിയോട് പരാജയപ്പെട്ടു(1-2). അടുത്ത വര്‍ഷത്തെ ലോകകപ്പില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങള്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന സൂചനയാണു ക്ലബ് ലോകകപ്പില്‍ പല ദക്ഷിണ അമേരിക്കന്‍ കളിക്കാരുടെയും പ്രകടനത്തില്‍ നിന്നു വ്യക്തമായത്. എന്തായാലും യു.എസിന് ആശ്വസിക്കാം. ക്ലബ് ലോകകപ്പ് ശരിക്കും ശ്രദ്ധിക്കപ്പെട്ടു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക