പാതിവൃത്യത്തിന്റെ ഇതിഹാസ നായിക കണ്ണകിയും പാർവതിയുടെ അവതാരമായ മീനാക്ഷിയും ഒന്നിച്ചു വാഴുന്ന നാടാണ് ശിവൻ ജടയിൽ നിന്ന് തേനൊഴുക്കി മധുരം പകർന്ന മധുരാപുരി. അവിടത്തെ പുതിയ ശ്രീകോവിലാണ് അണ്ണാനഗറിലെ അരവിന്ദ് ഐ ഹോസ്പിറ്റൽ.
തമിഴ് നാട്ടിലെ പ്രധാനപ്പെട്ട എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ശാഖകൾ തുറന്ന ഈ കണ്ണാശുപത്രി, പോണ്ടിച്ചേരി ഫ്രഞ്ച് ആശ്രമത്തിലെ അരവിന്ദ് ഘോഷിന്റെ പേരിലാണ് ലോകപ്രസിദ്ധി നേടിയതെങ്കിലും ഗ്ലോക്കോമ പോലുള്ള മരുന്നില്ലാ രോഗത്തിന് പ്രതിവിധി കണ്ടെത്തുന്നതിൽ ലോകത്തിനു തന്നെ മാതൃകയായി.
മധുര അരവിന്ദിലെ കണ്ണു പരിശോധന
മധുരയ്ക്ക് പുറമെ ചെന്നൈ, തേനി, തിരുനെൽവേലി, കോയമ്പത്തൂർ, ഡിണ്ടിഗൽ, തിരുപ്പൂർ, സേലം, തഞ്ചാവൂർ, തൂത്തുക്കുടി, ഉദുമൽപേട്ട്, കോവിൽപ്പട്ടി എന്നിവിടങ്ങളിലും ആന്ധ്രയിലെ തിരുപ്പതിയിലും പോണ്ടിച്ചേരിയിലും ശാഖകൾ ഉണ്ട്. ഗവേഷണ പഠനത്തിൽ യുഎസ്, കാനഡ, യുകെ, ഓസ്‌ട്രേലിയ, ജപ്പാൻ, ജർമ്മനി, സ്വിറ്റ് സർലൻഡ്, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാപനങ്ങളുമായി ബന്ധം പുലർത്തുന്നു.
തമിഴ്‌നാട് ഗവ. സർവീസിൽ നിന്ന് റിട്ടയർ ചെയ്ത നേത്രചികിത്സകൻ ഗോവിന്ദപ്പ വെങ്കിടസ്വാമി 1976ൽ 11 കിടക്കകളുമായി ആരംഭിച്ച ആശുപതി ആയിരത്തിലേറെ കിടക്കകൾ ഉള്ള സ്ഥപനമായി വളർന്നിട്ടുണ്ട്. മധുരയിൽ നിന്ന് 80 കിമീ അകലെ വടമലപുരം ഗ്രാമത്തിൽ 1918ൽ ജനിച്ച സ്ഥാപക ചെയർമാൻ 'ഡോ. വി' 2006ൽ 84 ആം വയസിൽ അന്തരിച്ചു. പദ്‌മശ്രീ ലഭിച്ചു.
അണ്ണാനഗറിലെ ഔട്ട് പേഷ്യന്റ് ബ്ലോക്ക്, സ്ഥാപകൻ 'ഡോ.വി'
കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ബിരുദവും മധുര അരവിന്ദ് ഹോസ്പിറ്റലിന്റെ അനുബന്ധ സ്ഥാപനമായ പോസ്റ്റ് ഗ്രാഡുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ് താൽമോളജിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ ജോർജ് വർഗീസ് പുത്തൂരാനാണ് ഗ്ലോക്കോമയിൽ ലോകോത്തര ചികിത്സാവിധിക്കു വഴിത്താരയിട്ടത്.
കൺസൽട്ടന്റ് ആയി 1999ൽ അരവിന്ദിൽ ചേർന്ന ഡോ. ജോർജ്, 53, ഇന്ന് ഗ്ലോക്കോമ വകുപ്പ് മേധാവിയും ചീഫ് സർജനുമാണ്. ഒരു 'ഡ്രെയ്‌നേജ് ഡിവൈസ്' ഉപയോഗിച്ച് റിഫാക്ടറി ഗ്ലോക്കോമ നിയന്ത്രിക്കാനാവു
മെന്നു ആദ്ദേഹം തെളിയിച്ചു. കാറ്ററാക്ട് സർജറിയും ഗ്ലോക്കോമ സർജറിയും ഒന്നിച്ച് ചെയ്യുന്ന ലോകത്തിലെ എണ്ണംപറഞ്ഞ വിദഗ്ദ്ധരിൽ ഒരാളാണ് അദ്ദേഹം. അരവിന്ദിൽ AADI എന്ന Aurolab Aqueous Drainage Implant വികസിപ്പിച്ചു പ്രാവർത്തികമാക്കുന്നതിൽ നിർണായക പങ്കു വഹിച്ചു.
ഗ്ലോക്കോമ വകുപ്പു മേധാവി ജോർജ് വർഗീസ് പുത്തൂരാൻ
കണ്ണുകൾക്കു കാഴ്ച നൽകുന്ന ഞരമ്പുകൾക്കു (optic nerve) ക്ഷതം സംഭവിച്ചു കാഴ്ച ക്രമാനുഗതമായി ഇല്ലാതാകുന്ന രോഗമാണ് ഗ്ലോക്കോമ. ആദ്യഘട്ടങ്ങളിൽ ലക്ഷണങ്ങൾ കാണണമെന്നില്ല. എന്നാൽ ക്രമേണ കാഴ്ച മങ്ങൽ, കണ്ണിന് വേദന, തലവേദന, വെളിച്ചത്തിന് ചുറ്റും വലയങ്ങൾ തുടങ്ങിയവ ഉണ്ടാകാം. കണ്ണിന്റെ സമ്മർദ്ദ (intraocular pressure) വർധന, പ്രായം, പ്രമേഹം, മറ്റ് നേത്രരോഗങ്ങൾ ഒക്കെ കാരണങ്ങളാകാം. ഒരിക്കൽ ക്ഷയിച്ച ഞരമ്പുകളുടെ കാഴ്ചശക്തി വീണ്ടുക്കാനാവില്ല.
കാറ്ററാക്ട് (തിമിരം} മാത്രമല്ല ആശുപതി കൈകാര്യം ചെയ്യുന്നത്. ഹൃസ്വ, ദീർഘ വീക്ഷണം, പ്രമേഹം മൂലമുള്ള നയന രോഗം (ഡയബറ്റിക് റെറ്റിനോപ്പതി), മാക്കുലർ ഹോൾ, ഗ്ലോക്കോമ തുടങ്ങി കേട്ടിട്ടുള്ളതും ഇല്ലാത്തതുമായ ഒരുപിടി രോഗങ്ങൾക്കു സർജറിയും ലേസർ ചികിത്സയും ഇന്ന് ലഭ്യമാണ്. കോർണിയ ട്രാൻസ്‌പ്ലാന്റ് {കണ്ണുമാറ്റിവയ്ക്കുന്ന പ്രക്രിയ) പോലും സാധാരണം. ഫൈവ്സ്റ്റാർ സൗകര്യങ്ങൾ, സാധാരണക്കാരുടെ നിരക്കുകൾ. വെറുതെയല്ല മലയാളക്കരയിൽ നിന്നു പോലും ആയിരങ്ങൾ മധുരയിൽ ചികിത്സ തേടിയെത്തുന്നത്.
വാൻകൂവറിൽ നടന്ന ലോക ഗ്ലോക്കോമ കോൺഫറൻസിൽ
നേത്രചികിത്സയിൽ വലിയൊരു പാരമ്പര്യത്തിന്റെ അവകാശി കൂടിയാണ് ഡോ. ജോർജ് വർഗീസ് പുത്തൂരാൻ.
ഒന്നാം ലോകമഹായുദ്ധത്തിനു മുമ്പ് 1914ൽ സ്കോട് ലൻഡിലെ സെന്റ് ആൻഡ്രൂസിൽ നിന്ന് പ്രീമെഡിസിനും ഡംഡി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഒഫ്ത്താൽമോളജിയിൽ ബിരുദവും നേടി 1918ൽ കൊച്ചിയിൽ പുത്തൂരാൻസ് ഐ ക്ലിനിക് തുറന്ന എറണാകുളം മുളക്കുളം സ്വദേശി പോൾ പുത്തൂരാന്റെ അനന്തരാവകാശിയാണ് ജോർജ്.
'എന്റെ ഗ്രേറ്റ് ഗ്രാൻപായുടെ ജ്യേഷ്ടനാണ് പോൾ പുത്തൂരാൻ,' ജോർജ് അനുസ്മരിച്ചു. പോൾ സീനിയറിന്റെ പിൻഗാമിയായി വന്ന മരുമകൻ ജോർജ് പുത്തുരാനും ഇതിഹാസ കഥാപാത്രമാണ്. മദ്രാസ് ക്രിസ്ത്യൻ കോളജിലെ ബിഎക്കു ശേഷം മദ്രാസ് സ്റ്റാൻലി മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് നേടിയ അദ്ദേഹം വിയന്നയിൽ പോയി ഒഫ്‌താൽമോളജിയിൽ പിജി നേടി തിരികെ വന്നു ക്ലിനിക്കിൽ ചേർന്നു. ഒപ്പം 20 വർഷത്തോളം എറണാകുളം ജനറൽ ആശുപതിയിൽ ഓണററി സർജനായി സേവനം ചെയ്ത അദ്ദേഹം ഒരു രൂപപോലും പ്രതിഫലം വാങ്ങിയില്ല. 20,000 കാറ്ററാക്റ്റ് സർജറി ചെയ്ത റിക്കാർഡും അദ്ദേഹത്തിനുണ്ട്.
അരവിന്ദിലെ ഡോ. ജോർജിന്റെ പിതാവ് വർഗീസ് പുത്തൂരാനും മാതാവ് സുസന്ന വർഗീസും നയനചികിത്സകർ. പിതാവ് അന്തരിച്ചു. അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ ഡോ. പോൾ പുത്തൂരാൻ എറണാകുളം ലൂർദ്‌സ് ഹോസ്പിറ്റലിന്റെ മെഡിക്കൽ ഡയറക്ടറാണ്.
ജോർജിന്റെ പൈതൃകം: പോൾ പുത്തൂരാൻ 1918ൽ കൊച്ചിയിൽ തുറന്ന ക്ലിനിക്
മഹത്തായ ആ പാരമ്പര്യവും പേറിയാണ് ഓരോ ദിവസവും താൻ മുന്നോട്ടുപോകുന്നതെന്നു ഡോ. ജോർജ് വർഗീസ് പുത്തൂരാൻ എന്നോട് പറഞ്ഞു. ഗ്ലോക്കോമക്കെതിരായ യുദ്ധത്തിൽ പ്രതിബദ്ധതയുള്ള പുതിയൊരു തലമുറയെ രൂപപ്പെടുത്തുന്നതിൽ ആഹ്ളാദവും അഭിമാനവുമുണ്ട്. നിരവധി ദേശീയ അന്തർദേശിയ കോൺഫറൻസുകളിൽ മികവുറ്റ പ്രബന്ധങ്ങൾ അവതരിപ്പിച്ചു, പുരസ്കാരങ്ങൾ നേടി.
മലയാള മനോരമയിൽ എന്റെ സഹപ്രവർത്തകൻ ആയിരുന്ന ജോൺ കുന്നപ്പള്ളിയുടെ മകൻ രഞ്ജിത്, കാർട്ടൂണിസ്റ്റ് ടോംസിന്റെ മകൻ പീറ്റർ എന്നിവർ കോട്ടയം മെഡിക്കൽ കോളജിൽ കൂടെപ്പഠിച്ചവർ. ബാംഗളൂരിൽ പിജി ചെയ്ത രഞ്ജിത് കോട്ടയത്തു ജനറൽ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്നു. പീറ്റർ മാഞ്ചെസ്റ്ററിൽ അനിതെറ്റിസ്റ്റ്. ഭാര്യ ഡോ. സിമിയും പുത്തുരിന്റെ സതീർഥ്യ.
അരവിന്ദിൽ തന്നെ ജനറൽ ഒഫ്താൽമോളജിയിൽ സേവനം ചെയ്യുന്ന ഡോ. പമോണയാണ് പുത്തൂരിന്റെ ജീവിത പങ്കാളി. ഡോ. ജോഷ്വ മകൻ. ഹന്ന മകൾ.
സകുടുംബം-ഡോ.പാമോണ, ഡോ.ജോഷ്വ, ഹന്ന, ഡോ. ജോർജ്
2500 വർഷത്തെചരിത്രമുള്ള മധുര, ടെക്സ്റ്റൈൽ വ്യവസായത്തിലും ആതുരസേവനത്തിലും വിദ്യാഭ്യാസത്തിലും മുന്നിട്ടു നിൽക്കുന്ന തമിഴ്‌നാട്ടിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമാണ്. ഏറ്റവും മികച്ച റിപ്പോർട്ടിങ്ങിനുള്ള കേരള ഗവർമെന്റിന്റെ പുരസ്കാരം നേടിത്തന്ന 'നരഭോജികൾ' എന്ന പരമ്പര ചെയ്യാൻ ഞാൻ ആദ്യം എത്തിയത് മധുര ഗവ. മെഡിക്കൽ കോളജിലാണ്.
കിഡ്‌നി ഉൾപ്പെടെയുള്ള മനുഷ്യാവയവങ്ങൾ മുറിച്ചുമാറ്റി അറബികൾക്ക് വിൽക്കുന്ന ഒരു മാഫിയയെ അനാവരണം ചെയ്യുന്നതായിരുന്നു പരമ്പര. അന്ന് കോട്ടയം മെഡിക്കൽ കോളേജിലെ നെഫ്രോളജി പ്രൊഫസർ ആയിരുന്ന കാശി വിശ്വേശരനോടൊപ്പം മധുരയിൽ എത്തി മെഡിക്കൽ കോളജിൽ നടന്ന അഖിലേന്ത്യ നെഫ്രോളജി കോൺഫറൻസിൽ നിരീക്ഷകനായി കൂടി. മുംബൈയിൽ വില്ലന്മാരുടെ കൂട്ടാളിയായ ഗാന്ധി എന്ന ഡോക്ടറെ മധുരയിൽ വച്ചു തന്നെ കണ്ടെത്താനും കഴിഞ്ഞു. അദ്ദേഹം അവിടെ പ്രബന്ധം അവതരിപ്പിച്ചു.
മധുരയിൽ പൂർത്തിയാവുന്ന എഐഎംഎസിന്റെ രൂപരേഖ
മുംബൈയിൽ മാഫിയയുടെ പിടിയിൽ പെട്ട് ഒരു കിഡ്‌നി നഷ്ട്ടപെട്ട രാജുവിന്റെ വീടായ കൊല്ലത്തെ ഉളിയക്കോവിലിൽ തുടങ്ങി കോഴിക്കോട്, വെല്ലൂർ, ഹൈദ്രബാദ്, മുംബൈ ഗലികൾ വരെ നീണ്ട അനേഷണത്തിന്റെ പര്യവസാനം അറബി സംസാരിക്കുന്ന ഗോവിന്ദ് എന്ന നരഭോജിയിൽ കൊണ്ടുചെന്നെത്തിച്ചു. അയാളുടെ ചിത്രവും കിട്ടി. മുഖ്യമന്ത്രി ഇ.കെ. നായനാരാണ് എനിക്ക് പുരസ്കാരം സമ്മാനിച്ചത്. 'നിന്റെ കിഡ്‌നി പോയോടോ?' എന്ന അദേഹത്തിന്റെ കുസൃതി ചോദ്യം എല്ലാവരെയും ചിരിപ്പിച്ചു.
കേരളം എത്ര വിലപിച്ചിട്ടും കിട്ടാത്ത എഐഎംഎസ് തമിഴ് നാട്ടിൽ യാഥാർഥ്യമാകുന്നു. മധുരനഗരത്തിൽ നിന്ന് 20 കിമീ തെക്ക് തൊപ്പൂരിൽ 220 ഏക്കറിലായി അക്കാദമിക് ക്യാമ്പസ്, ഒപി ബ്ലോക്ക്, ഹോസ്റ്റൽ, എമർജൻസി ചികിത്സാ വിഭാഗം, ജീവനക്കാർക്കുള്ള താമസകേന്ദ്രം, സ്പോർട്സ് സൗകര്യം, 750 സീറ്റുള്ള ഓഡിറ്റോറിയം തുടങ്ങിയവ നിർമ്മിക്കും. 900 പേരെ കിടത്തി ചികിൽസിക്കാനുള്ള സൗകര്യവും ഉണ്ടാകും.
ഒന്നര നൂറ്റാണ്ടു മുമ്പ് തുടങ്ങിയ അമേരിക്കൻ കോളേജ്
പ്രധാന മന്ത്രി മോഡി 2019 ൽ ശിലാസ്ഥാപനം നിർവഹിച്ച പദ്ധതിയാണിത്. പണി നടക്കാത്തതിൽ ഭരണ, പ്രതിപക്ഷങ്ങൾ തമ്മിൽ വാക് പോരാട്ടം നടക്കുന്നതിനിടയിലാണ്ജനുവരിയിൽ ആദ്യഘട്ടം പൂർത്തിയാകുമെന്ന് ഉറപ്പു നൽകുന്ന വീഡിയോ കേന്ദ്രം പുറത്തിറക്കുന്നത്. വീഡിയോ ഇറക്കി തെരെഞ്ഞെടുപ്പ് ജയിക്കാമെന്നു ബിജെപി മോഹിക്കുന്നുണ്ടോ എന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പരിഹസിച്ചു. അടുത്ത വർഷമാണ് നിയമസഭാ തെരെഞ്ഞെടുപ്പ്.
ഇളങ്കോ അഡികൾ എന്ന ജൈന ഭിക്ഷു എഴുതിയ ചിലപ്പതികാരം എന്ന സംഘകാല (ക്രിസ്തുവിനു മുമ്പു മൂന്നാം നൂറ്റാണ്ടിനും പിമ്പ് മൂന്നാം നൂറ്റാണ്ടിനും ഇടയിൽ) കൃതിയിലെ നായികയാണ് കണ്ണകി. വ്യാപാരി പ്രമുഖനായ കോവലനാണ് നായകൻ. അയാൾ കൊട്ടാര നർത്തകിയായ മാധവിയിൽ ഭ്രമിച്ചു എല്ലാ സമ്പത്തും അടിയറവച്ചു. ഒടുവിൽ തെറ്റുതിരിച്ചറിഞ്ഞു പശ്ചാത്താപവിവശനായി മടങ്ങി വന്ന കോവലനു വ്യാപാരം ചെയ്തു ജീവിതം വീണ്ടും കെട്ടിപ്പടുക്കാനായി തന്റെ സ്വർണ ചിലങ്കകളിൽ ഒന്ന് കണ്ണകി ഊരിക്കൊടുത്തു.
കണ്ണകിയുടെ ശിൽപ്പങ്ങൾ: 1.ചെന്നൈ മറീനയിൽ, 2. മൈലാടൂതുറയിലെ പൂംപുഹാറിൽ
ചിലങ്ക കൊട്ടാരത്തിൽ നിന്ന് കളവുപോയതാണെന്നു ആരോപിച്ച് മധുര രാജാവിന്റെ ഭടന്മാർ കോവലനെ വധിച്ചു. കരഞ്ഞു നിലവിളിച്ചു കൊട്ടാരത്തിലെത്തി തന്റെ മറ്റേ ചിലങ്ക കാട്ടി സത്യം തെളിയിച്ച കണ്ണകി രാജ്യം ചുട്ടു ചാമ്പലാകട്ടെ എന്നു ശപിച്ചു. മധുരാപുരി കത്തിയെരിയുമ്പോൾ സാക്ഷാൽ പാർവതിയുടെ അവതാരമായ മീനാക്ഷി ഇടപെട്ടു നഗരത്തിനു ശാപമോക്ഷം വാങ്ങിക്കൊടുത്തുവെന്നാണ് വിശ്വാസം. അങ്ങിനെ മധുര മഹാവിഷ്ണുവിന്റെ താമരയിതളുകൾ പോലെ നാനാ വശങ്ങളിലേക്കും വളർന്നു.
സിഎൻ അണ്ണാദുരെ മുഖ്യമന്ത്രിയായിരുന്നപ്പോൾ ചെന്നൈയിൽ നടന്ന ആഗോള തമിഴ് സമ്മേളനത്തോടനുബന്ധിച്ച് മറീന ബീച്ചിൽ സ്ഥാപിച്ച പത്തു ഇതിഹാസ നായകരുടെ പ്രതിമകളിൽ ഒന്ന് കയ്യിൽ ഒറ്റച്ചിലങ്കയുമായി നിൽക്കുന്ന കണ്ണകിയുടെ പതിനാറടി പൊക്കമുള്ള ശിൽപമായിരുന്നു.
കൊച്ചിയിലെ ആരതി അവതരിപ്പിച്ച നൃത്തശില്പത്തിൽ കണ്ണകി
ജയലളിത മുഖ്യമന്ത്രിയായപ്പോൾ കണ്ണകിയുടെ ശാപം തന്നെയും ബാധിക്കുമെന്നു ഭയന്ന് പ്രതിമ അടർത്തി സർക്കാർ മ്യുസിയത്തിൽ ഒളിപ്പിച്ചു. പക്ഷെ കരുണാനിധി മുഖ്യമന്ത്രിയായപ്പോൾ പ്രതിമ പുറത്തെടുത്തു മറീനയിൽ പുനസ്ഥാപിച്ചു. ചെന്നൈ സാഹിത്യ സമ്മേളനത്തിന്റെ മുഖ്യ കാര്യദർശി കരുണാനിധി ആയിരുന്നല്ലോ.
കലൈഞ്ജർ കരുണാനിധിയെപ്പോലെ തമിഴ് സാഹിത്യത്തെയും സംസ്ക്കാരത്തെയും കയ്യിലിട്ടു ഇത്രയേറെ അമ്മാനമാടിയ ഒരു ഭരണാധികാരിയെ തമിഴകം കണ്ടിട്ടില്ല. ചെന്നൈയിൽ ഒരു തെരഞ്ഞെടുപ്പു വേളയിൽ രാത്രി ഏഴു മണിക്ക് എത്തേണ്ട കലൈഞ്ജർ എത്തിയതോ പത്തരക്ക്. സമ്മേളത്തിൽ പത്രക്കാരോടൊപ്പം മുൻ നിരയിൽ ഇരുന്നു ഞാൻ കേട്ടത് ഇങ്ങിനെ:
"സോദർകളെ, ഇതു മാതം ചിത്തിരൈ, സമയം പത്തരൈ, ഉങ്കളുക്കു നിദ്രൈ,’ സദസ്യരുടെ ഉറക്കം ഓടിയൊളിച്ചു എന്ന് പറയേണ്ടതില്ലല്ലോ.