Image

രജൗറിയിലെ മാർഖോർ' (നോവല്‍ ഉപക്രമം- സലിം ജേക്കബ്‌)

Published on 13 July, 2025
രജൗറിയിലെ മാർഖോർ' (നോവല്‍ ഉപക്രമം-  സലിം ജേക്കബ്‌)

മുംബൈ. പതിനായിരക്കണക്കിന് നിലനില്‍ക്കുന്ന ഫ്‌ളാറ്റുകളിലൊന്നില്‍              പതിവുപോലെ ഒരു വൈകുന്നേരം. 'നാനി' എന്നു വിളിക്കപ്പെടുന്ന അമ്മൂമ്മ, മകള്‍, പേരക്കുട്ടി തുടങ്ങിയവരാണ് അവിടുത്തെ അന്തേവാസികള്‍. ഗൃഹനാഥന്‍                വിദേശത്താണ്. ഗൃഹനായികയാകട്ടെ, ജോലി കഴിഞ്ഞെത്തിയിട്ടില്ല. മറ്റു ഫ്‌ളാറ്റുകളേക്കാള്‍ വിസ്തൃതിയുള്ളതുകൊണ്ടു മാത്രമായിരുന്നില്ല, ആ കെട്ടിട സമുച്ചയത്തിലെ കുട്ടികളേറെയും കളിക്കാനായി അവിടെയത്തുന്നത്. നാനി നല്‍കുന്ന സുരക്ഷിതത്വമായിരുന്നു പ്രധാന കാരണം. കുറച്ചു നേരത്തെ കളികള്‍ക്കു ശേഷം കുട്ടികളെല്ലാം ടെലിവിഷനു മുന്‍പില്‍ കൂടും. ക്രിക്കറ്റ് ഒരു മതമായി മാറിയ രാജ്യമാണല്ലോ ഇന്‍ഡ്യ. ക്രിക്കറ്റു തന്നെയായിരുന്നു ഇവരുടെയും മതം. ഇന്‍ഡ്യ ജയിച്ച പഴയ കളികള്‍ വീണ്ടും വീണ്ടും കാണുക അവരുടെ പതിവാണ്. അങ്ങനെയാണ് അന്നും ആദ്യ റ്റി ട്വിന്റി ഫൈനല്‍ വീണ്ടും കാണാന്‍ തുടങ്ങിയത്. ഇതിനു മുന്‍പ് പല പ്രാവശ്യം കണ്ട ആ കളിയുടെ ഓരോ ഘട്ടവും ഉത്സാഹത്തോടെ ആസ്വദിച്ചിരുന്നു അവര്‍.

    കുട്ടികളെല്ലാവരും ടെലിവിഷനു മുന്‍പില്‍ താഴെയായി കൂട്ടം കൂടിയിരിക്കും. നിര്‍ബന്ധപൂര്‍വ്വം നാനിയേയും തങ്ങളുടെ കൂടെ കൂട്ടിയിരുന്നു അവര്‍. വ്യത്യസ്തയായ ഒരംഗം കൂടെയുണ്ടായിരുന്നു ആ വീട്ടില്‍. 'നാനി കി ഛോട്ടി ബഹന്‍' എന്നറിയപ്പെടുന്ന അന്‍പത് വയസ്സോളം പ്രായം വരുന്ന ഒരു സ്ത്രീ. അവര്‍ക്ക് അതിലേറെ പ്രായമുണ്ടെന്ന് കാണുന്നവര്‍ക്കു തോന്നിയിരുന്നു. നാനിയുടെ മുറിയില്‍ മറ്റൊരു              കിടക്കയിലാണ് ഇവരുടെ ഉറക്കം. പ്രഭാതം മുതല്‍ രാത്രി വരെ പൂമുഖത്ത് അവര്‍ക്കായി മാത്രം മാറ്റി വെച്ച ഒരു ചാരു കസേരയില്‍ വിശ്രമിച്ചിരുന്നു അവര്‍. ശരിക്കും ആ മുറിയിലെ ഫര്‍ണിഷിംഗിന്റെ ഭാഗമെന്ന പോലെ. ഇടയ്ക്കിടെ എന്തോ ആലോചിച്ചു അവര്‍ സ്വയം മന്ദഹസിച്ചിരുന്നു. നാനിക്കാകട്ടെ ഇവരെ ജീവനായിരുന്നു. പേരക്കുട്ടിയും കൂട്ടുകാരും അവരോട് സൗഹൃദത്തോടെയാണ് പെരുമാറിയിരുന്നത്. ടെലിവിഷനു മുമ്പിലാണ് ഇരിക്കുന്നതെങ്കിലും അവര്‍ പലപ്പോഴും അനന്തതയിലേക്കാണ് നോക്കിയിരിക്കുന്നത്. ടെലിവിഷനില്‍ നടക്കുന്ന ഒന്നും അവരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നില്ല.

    പാകിസ്ഥാനുമായുള്ള ആ ഫൈനല്‍ മത്സരം പലപ്രാവശ്യം കണ്ടു കഴിഞ്ഞിരുന്നു കുട്ടികള്‍. അതുകൊണ്ടു തന്നെ വി.സിആറിന്റെ റിമോട്ടുപയോഗിച്ച്, ഫാസ്റ്റ് ഫോര്‍വേര്‍ഡ് ചെയ്താണ് അവര്‍ ഓരോ ആക്ഷനും കണ്ടു രസിച്ചത്. അവസാന ഭാഗത്തെ ത്രസിപ്പിക്കുന്ന രംഗങ്ങള്‍ വരുമ്പോള്‍ അവരെല്ലാം നിശബ്ദതയോടെ വീക്ഷിക്കും. പാകിസ്ഥാന്‍ ജയിക്കുമെന്നായപ്പോള്‍ മിസ്ബായുടെ ബാറ്റില്‍ നിന്നും കുതിച്ചുയര്‍ന്ന പന്ത് - തന്റെ ജീവിതം തന്നെ ഈ പന്തിലാണെന്നുള്ള വിചാരത്തോടെ പാഞ്ഞു ചെന്ന് ക്യാച്ച് ചെയ്യുന്ന ശ്രീശാന്ത്. ഈ രംഗത്തോടെ അവിടെ കൈയ്യടിയുടെയും ആര്‍പ്പുവിളികളുടെയും ബഹളമാണ്. മറ്റേതൊരു വിജയത്തെക്കാളും പാക്കിസ്ഥാനോടുള്ള വിജയം ഇരട്ടിമധുരമാണ് ഭാരതീയന് നല്‍കുന്നത്.

    കളിക്കു ശേഷം കളിയെക്കുറിച്ചുള്ള ആവേശകരമായ ചര്‍ച്ച നടക്കും. അപ്പോഴേയ്ക്കും കുട്ടികള്‍ക്കു പോകാനുള്ള സമയമാകും. അടുത്ത ദിവസം കാണാം എന്നു പറഞ്ഞ് കൂട്ടുകാരെല്ലാം പടിയിറങ്ങുന്നതോടെ വീണ്ടും പേരക്കുട്ടിയും നാനിയും ആ വീട്ടില്‍ തനിച്ചാകും. നാനി കി ഛോട്ടി ബഹന്റെ സാന്നിദ്ധ്യം പേരക്കുട്ടി തീര്‍ത്തും അവഗണിച്ചിരുന്നു. അവളുടെ അമ്മ വരാന്‍ പിന്നെയും വൈകും.

    ഹോംവര്‍ക്കും അത്താഴവുമെല്ലാം കഴിഞ്ഞ് ഉറങ്ങാന്‍ കിടന്ന പേരക്കുട്ടി              പതിവുപോലെ നാനിയെ തിരക്കിയെത്തി. അവളെയെന്തോ അലട്ടുന്നുണ്ടെന്നു               മനസ്സിലായ നാനി കാര്യം തിരക്കി. നാനിയോട് ഒട്ടിചേര്‍ന്നു കിടന്നു കൊണ്ട് തെല്ലൊരു ശങ്കയോടെ അവള്‍ തന്റെ മനസ്സിലെ സങ്കടം പങ്കുവെച്ചു. 'തന്റെ വിക്കറ്റു നഷ്ടപ്പെട്ടപ്പോള്‍ മിസ്ബായുടെ മനസ്സില്‍ എന്തായിരിക്കും തോന്നിയത്? മറ്റു ബാറ്റ്‌സ്മാന്‍മാര്‍ ചിതറിപ്പോയപ്പോള്‍ ഏകനായി കളിച്ച് പാകിസ്ഥാനെ വിജയത്തിന്റെ പടിവാതില്‍ക്കലെത്തിച്ചതാണല്ലോ അയാള്‍. ആ കളിയില്‍ ഏറ്റവും മനോഹരമായി കളിച്ചതും അയാളല്ലേ?  പാകിസ്ഥാനിലെ കാണികള്‍ എങ്ങനെയാകും മിസ്ബായെ വരവേറ്റിരിക്കുക. ജീവിതകാലം മുഴുവനും ആ ഒരു ഷോട്ട് തിരഞ്ഞെടുത്തതിന്റെ വേദന മിസ്ബായെ അലട്ടില്ലേ? ഒരു പക്ഷേ മന:പൂര്‍വ്വം വിക്കറ്റ് നഷ്ടപ്പെടുത്തിയെന്നാക്ഷേപിച്ച് രാജ്യദ്രോഹിയായി അയാള്‍ ചിത്രീകരിക്കപ്പെടുമോ?'

    ഒരു ദീര്‍ഘനിശ്വാസത്തിനു ശേഷം, തന്റെ മാറില്‍ തല ചായിച്ചു കിടന്ന ആ കുഞ്ഞിനെ തലോടി നാനി പറഞ്ഞു. 'ജീവിതം പോലെ തന്നെയാണ് ക്രിക്കറ്റും.                അച്ചടക്കത്തോടെ ജീവിക്കുന്നവര്‍ പലപ്പോഴും ജീവിത വിജയം നേടണമെന്നില്ല. അതു പോലെ നല്ലവണ്ണം കളിക്കുന്നവര്‍ എപ്പോഴും ജയിക്കണമെന്നും.'

    ഒന്നു രണ്ടു മിനിറ്റ് എന്തോ ആലോചിച്ച ശേഷം നാനി തുടര്‍ന്നു. 'ജയവും            പരാജയവും ആപേക്ഷികമാണ്. രാജ്യങ്ങളുടെ അതിര്‍വരമ്പുകളില്ലാതെ നോക്കിയാല്‍ നമുക്കു മറ്റൊരു കാര്യം മനസ്സിലാകും. യഥാര്‍ത്ഥത്തില്‍ ക്രിക്കറ്റ് എന്ന കളിയാണ് അന്ന് ജയിച്ചത്. തോല്‍ക്കും എന്ന അവസ്ഥയില്‍ നിന്ന് മിസ്ബാ തനിയെ കളിയുടെ ആവേശം ഉന്നതങ്ങളിലേക്കുയര്‍ത്തിയില്ലേ? ജീവിതത്തിലെന്ന വണ്ണം ക്രിക്കറ്റിലും ഈ കാര്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. മുന്‍പും  ഇതേപോലെ അസംഭവ്യമെന്നു കരുതിയ വിജയം ടീമുകള്‍ നേടിയിട്ടുണ്ട്. വിജയത്തിന്റെ പടിവാതില്‍ക്കല്‍ ചിലര്‍ ഇടറി വീണിട്ടുമുണ്ട്. അന്നൊക്കെയും യഥാര്‍ത്ഥത്തില്‍ ക്രിക്കറ്റ് എന്ന കളിയാണ് ജയിച്ചത്.'

    തന്റെ മറുപടിയില്‍ അവള്‍ക്കു പൂര്‍ണ തൃപ്തി വന്നില്ല എന്നു മനസ്സിലാക്കിയ നാനി, കൊച്ചു മകളുടെ ശിരസ്സ് തലോടിക്കൊണ്ട് തുടര്‍ന്നു. 'വിജയത്തിന്റെയും    പരാജയത്തിന്റെയും ആപേക്ഷികത മനസ്സിലാക്കാനായി ഒരു കഥ ഞാന്‍ പറയാം.'

    തന്റെ വലതു കൈയ്യും കാലും നാനിയുടെ മേല്‍വെച്ചുകൊണ്ട്, ശിരസ്സ് കുറച്ചു കൂടെ മുഖത്തോടടുപ്പിച്ച് അവള്‍ നാനിയുടെ കഥ സാകൂതം ശ്രദ്ധിച്ചു തുടങ്ങി.

Read More: https://www.emalayalee.com/news/346243#gsc.tab=0

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക