ക്ഷണികഭോഗസുഖത്തിനായി
ഈട് വെക്കുന്നുവല്ലോ ചിലർ ആത്മാവ് ദൈവത്തിന്റെയങ്ങാടിയിൽ
തിരിച്ചെടുക്കാനാകാതെ മദ്ധ്യേ
സ്വയം വിട പറയുന്നുവല്ലോ ചിലർ
ദൈവത്തിന്റെയങ്ങാടിയിൽ
മൂല്യമറിയാതെ വില
പേശുന്നുവല്ലോ ചിലർ
ദൈവത്തിന്റെയങ്ങാടിയിൽ
സ്നേഹം കിട്ടണം സൗജന്യമായെന്നു
മോഹിച്ചലയുന്നുവല്ലോ ചിലർ
ദൈവത്തിന്റെയങ്ങാടിയിൽ
ഉടയുന്ന വിഗ്രഹങ്ങൾ വിറ്റും
ഉഗ്രലാഭം കൊയ്യുന്നുവല്ലോ ചിലർ
ദൈവത്തിന്റെയങ്ങാടിയിൽ
പാപത്തിൻ ലാഭവിഹിതമായി
മൃത്യു കൈ പറ്റുന്നുവല്ലോ ചിലർ
ദൈവത്തിന്റെയങ്ങാടിയിൽ
കളിപ്പാട്ടക്കട കാണ്മാതെ
ശവപ്പെട്ടിക്കട മാത്രം നോക്കുന്നുവല്ലോ ചിലർ ദൈവത്തിന്റെയങ്ങാടിയിൽ
ഉള്ളതിൽത്തന്നെയില്ലായ്‌മയെ
ക്കാണ്മാനുഴലുന്നുവല്ലോ ചിലർ
ദൈവത്തിന്റെയങ്ങാടിയിൽ
ഊണിലുമുറക്കിലും കൊതിക്കുന്നുവല്ലോ
ചിലർ ഉണ്മയെക്കാണ്മാൻ
ദൈവത്തിന്റെയങ്ങാടിയിൽ.