ചാമ്പ്യന്‍സ് ലീഗ് ജേതാക്കളും കടലാസില്‍ മുന്‍തൂക്കം കല്‍പ്പിക്കപ്പെട്ടവരുമായ ഫ്രഞ്ച് ക്ലബ് പി.എസ്.ജി.യെ പരാജയപ്പെടുത്തി ഇംഗ്ലീഷ് ക്ലബ് ചെല്‍സി ക്ലബ് ലോകകപ്പ് സ്വന്തമാക്കി. ന്യൂജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ ചെല്‍സി എതിരില്ലാത്ത മൂന്നു ഗോളിനാണ് പി.എസ്.ജി.യെ തകര്‍ത്തത്. മത്സരം കാണാന്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പും ഫസ്റ്റ് ലേഡി മെലാനിയ ട്രമ്പും എത്തി. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയും സന്നിഹിതനായിരുന്നു.
ബെഡ്മിന്‍സ്റ്ററിലെ ട്രമ്പ് നാഷണൽ ഗോള്‍ഫ് ക്ലബില്‍ നിന്നാണ് പ്രസിഡന്റും പത്‌നിയും സ്റ്റേഡിയത്തില്‍ എത്തിയത്. ക്ലബ് ലോകകപ്പ് ഫുട്‌ബോള്‍ ജേതാക്കള്‍ക്കുളള ട്രോഫി പ്രദര്‍ശിപ്പിച്ചിരുന്നത് ട്രമ്പിനായി ഒരുക്കിയ ബോക്‌സില്‍ ആയിരുന്നു. മത്സരം കാണാന്‍ എത്തിയ ഉടനെ പ്രസിഡന്റും പത്‌നിയും കാണികളെ കൈവീശി അഭിവാദ്യം ചെയ്തു. നിറഞ്ഞ ഗാലറികള്‍ക്ക് പ്രസിഡന്റിന്റെ സാന്നിധ്യം ആവേശമായി.
ചെല്‍സി ഇത് രണ്ടാം തവണയാണ് ക്ലബ് ലോകകപ്പ് ഫുട്‌ബോള്‍ ജേതാക്കളാകുന്നത്. നേരത്തെ 2021 ല്‍ അവര്‍ ട്രോഫി നേടിയിരുന്നു. പി.എസ്. ജിക്ക് ഇത് ആദ്യ ഫൈനല്‍ ആയിരുന്നു. ചെല്‍സിയുടെ കൊലി പാമര്‍ രണ്ടു ഗോളു ജൊയാവോ പെദ്രോ ഒരു ഗോളും നേടി. പെട്രോയുടെ ഗോളിന് വഴിതുറന്നതും പാമര്‍ ആയിരുന്നു. കളിയുടെ 22, 30, 43 മിനിറ്റുകളില്‍ ഗോള്‍ നേടി ചെല്‍സി എതിരാളികളെ നടുക്കിക്കളഞ്ഞു. ജൂണ്‍ 14നു തുടങ്ങിയ ടൂര്‍ണമെന്റാണ് സമാപിച്ചത്. വിജയികള്‍ക്ക് കപ്പും മെഡലും സമ്മാനിച്ചത് പ്രസിഡന്റ് ട്രമ്പ് ആണ്.
ക്ലബ് ലോകകപ്പില്‍ ആദ്യമായാണ് 32 ടീമുകള്‍ പങ്കെടുത്തത്. ആതിഥേയരായ യു.എസില്‍ നിന്ന് മൂന്നു ടീമുകള്‍ ഉണ്ടായിരുന്നു. അതില്‍ ആതിഥേയര്‍ എന്ന ലേബലില്‍ ബെര്‍ത്ത് നേടിയ, ലയണല്‍ മെസി കളിച്ച, ഇന്റര്‍ മയാമി പ്രീക്വാര്‍ട്ടറില്‍ കടന്നിരുന്നു. കഴിഞ്ഞ നാലു വര്‍ഷത്തെ കോണ്ടിനെന്റല്‍ ക്ലബ് ഫുട്‌ബോളിലെ പ്രകടനം അടിസ്ഥാനമാക്കിയാണ് ടീമുകളെ നിശ്ചയിച്ചത്. ഇക്കഴിഞ്ഞ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനക്കാരായിരുന്ന ചെല്‍സി 2021 ലെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കള്‍ എന്ന നിലയിലാണ് ക്ലബ് ലോകകപ്പിന് യോഗ്യത നേടിയത്. നിലവിലെ പ്രീമിയര്‍ ലീഗ് ജേതാക്കളായ ലിവര്‍പൂള്‍, യഥാക്രമം സ്‌പെയിനിലെയും ഇറ്റലിയിലെയും ചാമ്പ്യന്‍ ക്ലബുകളായ ബാര്‍സിലോന, നാപ്പോളി തുടങ്ങി പല വമ്പന്‍മാര്‍ക്കും അവസരം നഷ്ടമാക്കുകയും ചെയ്തു.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മുഹമ്മദ് സാലെ, ലാമിന്‍ യമാല്‍, റൊമേലു ലുക്കാക്കു. തുടങ്ങിയ സൂപ്പര്‍ താരങ്ങളും ഇല്ലാതെ പോയി.
പക്ഷേ, ക്ലബ് ലോകകപ്പ് വലിയ വിജയമായിരുന്നു. കാണികളുടെ എണ്ണവും മികച്ചതായിരുന്നു. അടുത്ത വര്‍ഷം ലോകകപ്പ് ഫുട്‌ബോളിന് മെക്‌സിക്കോയ്ക്കും കാനഡയ്ക്കുമൊപ്പം ആതിഥേയത്വം വഹിക്കുന്ന യു.എസിന് ക്ലബ് ലോകകപ്പിന്റെ വിജയം ആശ്വാസം മാത്രമല്ല ആവേശവും പകരും. യഥാര്‍ത്ഥ പോരാട്ടം വരാനിരിക്കുന്നേയുള്ളൂ എന്ന സൂചനയാണ് മാധ്യമങ്ങള്‍ നല്‍കിയതും. ഇനി കാത്തിരിക്കാം 2026 ലെ ലോകകപ്പിനായി.