പുരയിടത്തില്‍ കുറെ ഇഞ്ചികൃഷി ചെയ്യുന്നതിനുവേണ്ടി ഗോപാലകൃഷ്ണനും മധുവും കൂടി വാരം കോരുകയായിരുന്നു. അതിനിടയിലാണ് തൂമ്പാ ഒരു മരത്തിന്റെ വേരില്‍തട്ടിത്തെറിച്ച് മധുവിന്റെ പാദത്തില്‍ കൊണ്ടത്.
ഒരു ചെറിയ മുറിവ്. കാലില്‍ നിന്ന് കുറെ രക്തം പോയി. ഗോപാലകൃഷ്ണന്‍ അവനെ പട്ടണത്തിലുള്ള ഒരു ക്ലിനിക്കിലേയ്ക്കു കൂട്ടിക്കൊണ്ടു പോയി.
അവിടെ വച്ച് മുറിവ് ഡ്രസ് ചെയ്തു. ഒരു ഇന്‍ജക്ഷനും എടുത്തു. മുറിവ് ഉണങ്ങുവോളം റെസ്റ്റ് എടുക്കുവാനും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.
അതോടെ മധു വീട്ടില്‍ തനിച്ച് ഇരിപ്പായി.
പതിവുപോലെ ഗോപാലകൃഷ്ണന്‍ രാവിലെ തന്നെ കൃഷിയിടത്തിലേക്കു പോകും.
പിന്നെ മധു തനിച്ചാകും.
മുറ്റത്തെ മരണത്തലില്‍ ഒരു കസേരയും വലിച്ചിട്ട് പത്രവും വായിച്ചുകൊണ്ട് ഇരിക്കുമ്പോള്‍ ശോഭ മടിച്ചു മടിച്ച് അടുത്തുവരും:
''ചേട്ടാ ചായ-കാപ്പി-എന്തെങ്കിലും വേണോ?''
''ഒന്നും വേണ്ട!''
''പിന്നെ?''
''പിന്നെന്താ-ശോഭ ദാ ഇങ്ങനെ എന്റെ അടുത്തു തന്നെ ഉണ്ടായിരുന്നാല്‍ മതി.''
അതു കേള്‍ക്കുമ്പോള്‍ അവള്‍ക്കു നാണം വരും. ചിരിച്ചുകൊണ്ട് അവള്‍ വീട്ടിനുള്ളിലേക്ക് ഓടിപ്പോകും.
അവന്‍ കൗതുകത്തോടെ ആ പോക്കു നോക്കിയിരിക്കും.
അവനെ ശുശ്രൂഷിക്കുന്ന കാര്യത്തില്‍ അവള്‍ക്ക് അതീവ ജാഗ്രത തന്നെയായിരുന്നു. അവന് കഴിക്കേണ്ട ഗുളികകളൊക്കെ കൃത്യസമയത്തു തന്നെ അവള്‍ എത്തിച്ചിരിക്കും. അതുപോലെ ഭക്ഷണത്തിന്റെ കാര്യവും.
ഒരു രാത്രി ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഗോപാലകൃഷ്ണന്‍ പറയുകയും ചെയ്തു:
''ശോഭ ഇപ്പോള്‍ ഊണിനോടൊപ്പം ഉണ്ടാക്കുന്ന കറികളുടെ എണ്ണമൊക്കെ കൂടിയിരിക്കുന്നു. ഒപ്പം രുചിയും!''
ആ കമന്റ് കേള്‍ക്കേണ്ട താമസം ശോഭ നാണത്തോടെ പിന്നാമ്പുറത്തേക്ക് ഉള്‍വലിഞ്ഞു.
മധുവിന്റെ ചുണ്ടത്തും ഒരു മന്ദഹാസം വിടര്‍ന്നു.
എന്തായാലും കാലിന് അസുഖം മൂലം ഉണ്ടായ ബോറടിയും ഏകാന്തതയും മാറ്റുവാന്‍ ശോഭയുടെ സാന്നിദ്ധ്യം അവന് ഉപകരിച്ചു.
ഏഴു ദിനരാത്രങ്ങള്‍ പിന്നിട്ടപ്പോള്‍ അവന്റെ പാദത്തിലെ മുറിവ് പൂര്‍ണ്ണമായും ഉണങ്ങി.
പിറ്റേന്ന് ഗോപാലകൃഷ്ണന്‍ പുരയിടത്തിലേയ്ക്കു പുറപ്പെടാന്‍ ഒരുമ്പെടുമ്പോള്‍ മധുവും ചെന്ന് തൂമ്പയെടുത്തു.
''മധൂ രണ്ടു മൂന്നു ദിവസംകൂടി വിശ്രമിച്ചിട്ടു വന്നാല്‍ മതി.'' ഗോപാലകൃഷ്ണന്‍ തടസ്സം പറഞ്ഞു.
''ഹേയ്, അതിന്റെയൊന്നും ആവശ്യമില്ല. എന്റെ അസുഖം പൂര്‍ണ്ണമായും ഭേദമായി.'' മധു അവനോടൊപ്പം പുറപ്പെട്ടു കഴിഞ്ഞു.
ശോഭ സഹോദരന്റെയും കൂട്ടുകാരന്റെയും ആ യാത്ര നോക്കി നിന്നു. അവര്‍ കണ്ണില്‍നിന്നും മറഞ്ഞപ്പോള്‍ എന്തോ ഒരു നഷ്ടബോധം അവള്‍ക്ക് അനുഭവപ്പെട്ടു.
ഹൃദയത്തില്‍ ഒരു വിങ്ങല്‍.
ദേഹത്തിന് പോലും ഒരു അസ്വാസ്ഥ്യം.
വൈകുന്നേരം അവര്‍ പുരയിടത്തില്‍ നിന്ന് മടങ്ങിയെത്തുമ്പോള്‍ ശോഭയ്ക്ക് നല്ല പനി...
''പെട്ടെന്ന് ഇതെന്തു പറ്റി? നല്ല പനിയുണ്ടല്ലോ.'' ഗോപാലകൃഷ്ണന്‍ അവളുടെ നെറ്റിയില്‍ കൈവച്ചു നോക്കിക്കൊണ്ട് പറഞ്ഞു.
വാടിയ ഒരു പുഷ്പം പോലെ ക്ഷീണിതയായി ശോഭ കട്ടിലില്‍ കിടക്കുന്നു. അവളുടെ അടുത്തൊന്നു ചെല്ലുവാന്‍, സ്വാതന്ത്ര്യത്തോടെ ആ നെറ്റിയില്‍ കൈവച്ച് ടെമ്പറേച്ചര്‍ നോക്കുവാന്‍ ഒക്കെ മധുവിന്റെ മനം മോഹിച്ചു.
''വരൂ മധൂ. നമുക്ക് ഡോക്ടറെ കണ്ട് വിവരം പറഞ്ഞ് മരുന്നു വാങ്ങാം.'' ഗോപാലകൃഷ്ണന്‍ അപ്പോള്‍ത്തന്നെ മധുവിനെയും കൂട്ടിക്കൊണ്ട് ടൗണിലേക്കു പുറപ്പെട്ടു.
പട്ടണത്തില്‍ ഒരു ചെറിയ ക്ലിനിക്കുണ്ട്. അവിടെ പോയി ശോഭയുടെ അസുഖവിവരം പറഞ്ഞ് മരുന്നു വാങ്ങി. പിന്നെ മറ്റു കടകളില്‍ കയറി വീട്ടിലേക്കു വേണ്ട അല്ലറ ചില്ലറ സാധനങ്ങളും.
അന്തിമയങ്ങിയ നേരത്ത് വീട്ടിലേക്കു തിരിച്ചു നടന്നു. കള്ളുഷാപ്പിന് അടുത്തെത്തിയപ്പോള്‍ ഇരുട്ടില്‍ നിന്ന് ഒരു ശബ്ദം കേട്ടു:
''ആഴ്ടാ അദ്?''
ഇരുട്ടത്ത് ഒരാള്‍ വേച്ചുവേച്ചു നില്‍ക്കുന്നു. കയ്യില്‍ എന്തോ ഒന്നിനെ തൂക്കി പിടിച്ചിരിക്കുന്നു.
''കള്ളുകുടിയാന്‍ പാക്കരനാണ്. മൈന്‍ഡു ചെയ്യേണ്ട. കയ്യില്‍ കാട്ടുമുയലാണ്. വേട്ടയാടിപ്പിടിച്ചത്.'' ഗോപാലകൃഷ്ണന്‍ പറഞ്ഞു.
''ഓ, ഇവിടെയടുത്തു വനമുണ്ടല്ലോ. നമുക്കൊന്ന് നായാട്ടിനു പോയാലോ?'' മധു ആവേശത്തോടെ ചോദിച്ചു.
''തീര്‍ച്ചയായും. എനിക്കൊരു കൂട്ടില്ലാതെ വിഷമിച്ചിരിക്കയായിരുന്നു. വലിയ പ്രതീക്ഷയൊന്നും വേണ്ട. ഇതുപോലെ വല്ല കാട്ടുമുയലിനെയോ മാക്കാച്ചിയേയോ മറ്റോ കിട്ടിയെങ്കിലായി.''
''കിട്ടുന്നതോ കിട്ടാതിരിക്കുന്നതോ പ്രശ്‌നമല്ല. നായാട്ടിനു പോകുന്നതു തന്നെ ഒരു ത്രില്ലാണ്.''
''ശരി എങ്കില്‍ ഉടന്‍തന്നെ അതിന് അവസരമുണ്ടാക്കാം.'' ഗോപാലകൃഷ്ണന്‍ പറഞ്ഞു.
വീട്ടിലെത്തി ശോഭയ്ക്ക് മരുന്നു കൊടുത്തു. രണ്ടു ദിവസം കൊണ്ട് അവളുടെ അസുഖം ഭേദമാവുകയും ചെയ്തു.
ഗോപാലകൃഷ്ണന്‍ കൂട്ടുകാരനില്‍ നിന്ന് ഒരു തോക്കും സംഘടിപ്പിച്ചു കൊണ്ടു വന്നു.
മധുവിന്റെ ഉത്സാഹം ഏറി.
അതു കണ്ടപ്പോള്‍ ശോഭയ്ക്കു തമാശ.
''വൈകിട്ട് ഇറച്ചിയുമായി വന്നിട്ടെ ഞാന്‍ അത്താഴത്തിനു കറി വയ്ക്കത്തുള്ളൂ.'' അവള്‍ കളിയാക്കി.
''ങും, കാത്തിരുന്നോളൂ. ഒരു കാട്ടുമാക്കാനെയും കൊണ്ട് വരുന്നുണ്ട്.'' മധുവും പ്രതികരിച്ചു.
അവര്‍ രണ്ടാളും കൂടി അപ്പോള്‍ത്തന്നെ പട്ടണത്തിലേയ്ക്കു പുറപ്പെട്ടു. അവിടുന്ന് ജീപ്പു കയറി ഒരു വനപ്രദേശത്തെത്തി.
പിന്നീട് വനഭൂമിയിലൂടെ ഒരു കാല്‍നടയാത്ര. അല്പദൂരം ചെന്നപ്പോള്‍ പനയോലകള്‍ കൊണ്ടു നിര്‍മ്മിച്ച ഒരു കൊച്ചുകുടില്‍ കണ്ടു. അതിനുള്ളില്‍ നിന്ന് ഒരു വൃദ്ധന്‍ പുറത്തേക്കു തലകാട്ടി.
''മൂപ്പന്‍ സംഗതി സ്റ്റോക്കുണ്ടോ?'' ഗോപാലകൃഷ്ണന്‍ തിരക്കി.
''പിന്നില്ലാണ്ട്! അതല്ലേ നമ്മുടെ ബിസിനസ്.''
''മധൂ എതിരു പറയരുത്, നല്ല സൊയമ്പന്‍ സാധനം കിട്ടും. ഒന്നാന്തരം വാറ്റു ചാരായം. നമുക്കല്പം സേവിക്കാം. എന്നാലെ ഒരു മൂഡു കിട്ടൂ.'' ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ഇക്കുറി മധുവും എതിരു പറഞ്ഞില്ല.
വനത്തില്‍ വച്ച് വ്യാജമായി വാറ്റിയെടുത്ത ചാരായം മൂപ്പന്‍ രണ്ടു ഗ്ലാസ്സുകളിലേക്കു പകര്‍ന്നു.
രണ്ടാളും അത് ഒറ്റവലിക്ക് അകത്താക്കി.
സത്യമാണ്, അത് അകത്തു ചെന്നു കഴിഞ്ഞപ്പോള്‍ പുതിയ ഉന്മേഷം ലഭിച്ചിരിക്കുന്നു.
മധു കൂട്ടുകാരന്റെ കയ്യില്‍ നിന്ന് നാടന്‍തോക്കു വാങ്ങി തോളത്തു വച്ചുകൊണ്ട് മുന്നോട്ടു ഗമിച്ചു.
''വല്ല ഫോറസ്റ്റുകാരുടെയും മുന്നില്‍ ചെന്നു പെട്ടാല്‍ ഇതേ വേഗതയില്‍ തിരിച്ചോടിക്കൊള്ളണം കേട്ടോ സഖാവേ.'' ഗോപാലകൃഷ്ണന്‍ മുന്നറിയിപ്പു നല്‍കി.
കുറച്ചുദൂരം മുന്നോട്ടു നടന്നിട്ടും ഒരൊറ്റ കാട്ടുമൃഗം പോലും അവരുടെ ദൃഷ്ടിയില്‍ പെട്ടില്ല. ചില കാട്ടുപക്ഷികളെ കണ്ടപ്പോള്‍ മധു അവയ്ക്കു നേരെ വെടിയുതിര്‍ത്തു. അവ ഉന്നംതെറ്റിയതും പക്ഷി പറന്നു പോയതും മിച്ചം.
നടന്നു നടന്നു തളര്‍ന്നതു മിച്ചം.
ഒടുവില്‍ ഒരു ചെറിയ കാട്ടരുവിയും അതിനു സമീപം ഒരു പാറക്കൂട്ടവും കണ്ടപ്പോള്‍ അവര്‍ രണ്ടാളും ക്ഷീണിച്ചു തളര്‍ന്ന് അതിന്മേല്‍ കയറിയിരുന്നു.
ഗോപാലകൃഷ്ണന്‍ കയ്യില്‍ ഒളിപ്പിച്ചു വച്ചിരുന്ന ഒരു ചാരായക്കുപ്പി പുറത്തെടുത്തു.
''ങേ, ഇതെവിടുന്ന് ഒപ്പിച്ചു?'' മധുവിന് ആശ്ചര്യം.
''ഇതു ഞാനാ മൂപ്പനോടു വാങ്ങിയതാ. ഒരു സര്‍പ്രൈസ് ആയിക്കോട്ടെന്നു കരുതി മിണ്ടിയില്ലെന്നേയുള്ളൂ.''
അവര്‍ രണ്ടാളും അതു വീതംവച്ചു കുടിച്ചു. വായിലെ അരുചി മാറാന്‍ എന്തൊക്കെയോ കായ്കനികള്‍ പറിച്ചു തിന്നു.
ഗോപാലകൃഷ്ണന് മദ്യം പെട്ടെന്നു തലയ്ക്കു പിടിച്ചതുപോലെ തോന്നി. അവന്‍ മധുവിന്റെ തോളത്തു കൈവച്ചു.
''കുട്ടാ, ഒത്തിരിനാളായി മനസ്സില്‍ തോന്നുന്ന ഒരാഗ്രഹം-അതു ഞാനിപ്പോള്‍ തുറന്നു പറേവാണ്.''
''പറഞ്ഞോളൂ, ധൈര്യമായിട്ടു പറഞ്ഞോളൂ.'' മധുവിന്റെയും ശിരസ്സു നേരെ നില്‍ക്കുന്നില്ല.
''വെട്ടൊന്ന് മുറി രണ്ട്. ഞാന്‍ തുറന്നു പറേവാണ്-മധു എന്റെ പെങ്ങളെ കല്യാണം കഴിക്കണം. അതെന്റെ വലിയൊരാഗ്രഹമാണ്.''
''ങേ!'' മദ്യത്തിന്റെ ലഹരിയിലും മധു ഒന്നു ഞെട്ടി.
കൂട്ടുകാരന്‍ പറഞ്ഞ പെണ്‍കുട്ടിയുടെ രൂപമല്ല ആദ്യം മനസ്സില്‍ തെളിഞ്ഞു വന്നത്.
ആദ്യം ഊര്‍മ്മിളയുടെ-
പിന്നെ ലക്ഷ്മിയുടെ-
ഒടുവില്‍ പതിയെപ്പതിയെ ശോഭ എന്ന നാടന്‍പെണ്ണിന്റെ...
അത്തരം ഒരു വികാരവായ്‌പോടെ ഇന്നേവരെ അവളെ നോക്കിയിട്ടില്ല. എങ്കിലും ആരോടും അനുവാദം ചോദിക്കാതെ തന്നെ മനസ്സിന്റെ ഏതോ ഒരു കോണില്‍ അവള്‍ ഇരിപ്പിടം നേടിയെടുത്തിട്ടുണ്ട്-അതു സത്യം.
''ധൃതിയൊന്നുമില്ല. പതിയെ ആലോചിച്ചു മറുപടി പറഞ്ഞാല്‍ മതി.'' അവന്റെ മൗനം കണ്ട് ആശങ്കയോടെ ഗോപാലകൃഷ്ണന്‍ പറഞ്ഞു:
''ആലോചിക്കാനൊന്നുമില്ല ഗോപാലകൃഷ്ണാ. എന്റെ ഇനിയുള്ള ജീവിതം ഈ വയനാടന്‍ താഴ്‌വാരത്തിലാണ്. ആ ജീവിതത്തില്‍ എനിക്ക് ഇണയായും തുണയായും ശോഭ ഉണ്ടാവണം. അവളെ എനിക്കിഷ്ടമാണ്.''
''മധൂ.'' ഗോപാലകൃഷ്ണന്‍ ആഹ്ലാദത്തോടെ കൂട്ടുകാരനെ ആലിംഗനം ചെയ്തു.
പിന്നീട് അവന്‍ സന്തോഷസൂചകമെന്നോണം തോക്കുവാങ്ങി ആകാശത്തിലേക്ക് ഒരു വെടിയുതിര്‍ത്തു.
പേരിന് ഒരു കാട്ടുമുയലിനെയും വെടിവച്ചു വീഴ്ത്തിയാണ് അവര്‍ വനത്തില്‍ നിന്ന് മടങ്ങിയത്.
അതുമായി തളര്‍ന്നു തളര്‍ന്നുള്ള അവരുടെ വരവു കണ്ടപ്പോള്‍ ശോഭ പൊട്ടിപ്പൊട്ടിച്ചിരിച്ചു.
''പാവങ്ങള്‍! തോക്കുമായി രണ്ടു വീരശൂരപരാക്രമികളുടെ പോക്കു കണ്ടപ്പോള്‍ ഞാനോര്‍ത്തു, വല്ല കാട്ടുപോത്തുമായോ കാട്ടുപന്നിയുമായിട്ടോ ഒക്കെയാവും വരവെന്ന്!''
''അതിനെയൊക്കെ വെടിവച്ചാ ഫോറസ്റ്റുകാരു പിടികൂടും പിന്നെ കേസാകും; ജയിലാകും; അതൊന്നും വേണ്ടെന്നു വച്ചിട്ടാ.'' മധു പറഞ്ഞു.
''ഉവ്വ്; ഉവ്വ്. അങ്ങനെ തന്നെയിരുന്നോട്ടെ. എന്തായാലും എനിക്കു പണി കുറവുണ്ട്.'' അവള്‍ ആ കാട്ടുമുയലിനെയും വാങ്ങിക്കൊണ്ട് അടുക്കള ഭാഗത്തേയ്ക്കു പോയി.
നേരം രാത്രിയായിത്തുടങ്ങിയിരുന്നതിനാല്‍ പുഴയിലേയ്ക്കു പോകാതെ കിണറ്റില്‍ നിന്ന് വെള്ളം കോരി അവര്‍ കുളിച്ചു.
ഗോപാലകൃഷ്ണന്റെ കയ്യില്‍ അല്പം ലഹരി സ്റ്റോക്കുണ്ടായിരുന്നു. അതുമായി അവര്‍ മുറ്റത്തിന്റെ ഒരൊഴിഞ്ഞ കോണില്‍ വാചകമടിച്ചിരുന്നു.
ഉമ്മന്‍ചാണ്ടി മുതല്‍ ബറാക് ഒബാമ വരെ എല്ലാവരെയും കുറിച്ച് ചര്‍ച്ച ചെയ്തു.
അപ്പോഴേയ്ക്കും ശോഭ ചൂടു കപ്പ പുഴുങ്ങിയതും കാട്ടുമുയലിന്റെ ഇറച്ചിക്കറിയുമായി എത്തി.
മധു അവളെ ആദ്യമായി കാണുന്നതുപോലെ നോക്കി.
താന്‍ കെട്ടാന്‍ പോകുന്ന പെണ്ണ്!
ശോഭ അവന്റെ ആ നോട്ടത്തിനു മുന്നില്‍ ഒന്നു ചൂളി.
''നാണിക്കണ്ട-നാണിക്കണ്ട-ഞങ്ങള്‍ തമ്മില്‍ എഗ്രിമെന്റായി-എന്റെ പെങ്ങളെ ഈ മധുവിനെക്കൊണ്ട് കെട്ടിക്കാന്‍.'' ഗോപാലകൃഷ്ണന്‍ ലഹരിയുടെ പുറത്ത് വിളിച്ചുകൂവി.
ഭക്ഷണസാധനങ്ങള്‍ അവിടെ വച്ചിട്ട് ശോഭ നാണത്തോടെ പിന്തിരിഞ്ഞോടി.
അതുകണ്ട് ഗോപാലകൃഷ്ണന്‍ കലാഭവന്‍ മണിയുടെ ഒരു നാടന്‍ പാട്ട് ഈണത്തില്‍ പാടി. മധു അതിന് താളം പിടിച്ചു.
പാട്ടും കുത്തും മദ്യവും ഭക്ഷണവും എല്ലാം കഴിഞ്ഞ് അവര്‍ എഴുന്നേല്‍ക്കുമ്പോള്‍ രാത്രി വൈകിയിരുന്നു.
ആ രാത്രി ശോഭയ്ക്ക് നിദ്രാവിഹീനമായിരുന്നു.
അവള്‍ ഒത്തരിയൊത്തിരി സ്വപ്നങ്ങള്‍ കണ്ടു. മധുരസ്വപ്നങ്ങള്‍!
(തുടരും)
Read More: https://www.emalayalee.com/writers/304