ആകാശമണ്ഡലത്തിനുപ്പുറത്തേക്ക്
ചിറകുകൾ നീട്ടി നീ പറന്നകലുന്നു,
പ്രതിബന്ധങ്ങളോ പ്രതിബദ്ധതകളോയില്ലാതെ..
പ്രളയത്തിലും കൊടുങ്കാറ്റിലും നീ തളരാതിരിക്കുന്നു...
നിന്റെ കണ്ണുകളിൽ തെളിഞ്ഞുകാണാം
ഭാവിയുടെ പ്രകാശദീപങ്ങൾ..!
കാട്ടുപാതകൾക്കു
മുകളിലൂടെ പറന്നുപോകുമ്പോൾ
ഉത്സാഹത്തിന്റെ തിരമാലകളായ് നിന്റെ ചിറകടികൾ പ്രതിധ്വനിക്കും...
വിശാലമായ ആകാശം നിന്റെ
വിരൽത്തുമ്പിലാണെന്ന ഭാവം...!
കാറ്റിന്റെ ശക്തിയും കല്ലിന്റെ കടുപ്പവും
അതിജീവിക്കുന്ന നിന്റെ ആത്മവിശ്വാസം..!
നിനക്കു വിലങ്ങായൊന്നുമില്ലതന്നെ..
ഭൂമിയിൽനിന്നൊരുപാടുയരത്തിൽ
പറന്നു പൊങ്ങുംനിൻ
സ്വാതന്ത്ര്യബോധത്തെ വാഴ്ത്തുന്നു..
തണലറ്റ വരണ്ട പാറയിലിരുന്നു
ചിറകുകൾ വീശി നീയൊരു പുതിയലോകം തേടുമ്പോൾ
താഴെ ഭൂമിയൊരു ചെറിയ പന്തുപോലെ നിനക്കുതോന്നാം..
ആകാശത്തെ തൊടുകയെന്നതോ നിന്റെ സ്വപ്നം..?