തോരാത്ത സങ്കടം
പെയ്തൊഴിയുന്നൊരു
മഴമേഘമാല തൻ
തോഴിയാവാൻ;
താഴംപൂ മണമോലും
മാരുതച്ചിറകിൽ
ഒരു കുഞ്ഞുതൂവലായ്
പറന്നുയരാൻ;
അമ്പിളിമാമനോ-
ടിത്തിരി നേരമെൻ
കരളിന്റെ നൊമ്പരം
പങ്കു വയ്ക്കാൻ;
ഓർമ്മത്തുരുത്തി-
ലൂടൊഴുകിടുമെന്നുള്ളം
കൗമുദിച്ചോലയി-
ലാശ്വസിക്കാൻ;
രണ്ടു നക്ഷത്രങ്ങ-
ളായച്ഛനുമമ്മയും
ആകാശപ്പൊയ്കയി-
ലുണ്ടെങ്കിലോ?
മണ്ണിലനാഥയാ-
ണെങ്കിലുമിന്നൊരു
പരിണയപ്പന്തലിൽ
റാണിയായി!
ഉൾപ്പൂവിന്നോർമകൾ
താലപ്പൊലിയു-
മായാശീർവദിച്ചിടാ-
നാഗതരായ്!
ആലിലത്താലിയെൻ
കണ്ഠത്തിലണിയിച്ചു,
കുങ്കുമത്തൊടുകുറി
ചാർത്തീടവേ...
ശോണിമയാർന്നൊ-
രെന്നധര, കപോലങ്ങൾ;
കടമിഴിക്കോണിലായ്
നീർ പൊടിഞ്ഞൂ!
അനുരാഗത്തളികയി-
ലഞ്ചിതൾ പൂക്കളാൽ
മാരനു നേദിക്കാ-
നർച്ചനയായ്!
ഒരുമയിലെന്നെന്നു-
മിണയരയന്നമായ്;
മോഹക്കലികക-
ളിതൾ വിടർത്താൻ!
നീലജലാശയ
നളിനമുകുളമായ്,
സ്വർഗാനുഭൂതിയിൽ
പൂത്തുലയാൻ!
വിധുരയാമെന്നുടെ
വിരലിലണിയിച്ച,
വൈഡൂര്യക്കല്ലു പോൽ
മമഹൃദയം..!