യു.എസ്.എ. വോളിബോള്‍ ഓള്‍ സ്റ്റാര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗെവ(GEVA) അണ്ടര്‍ 17 ടീമിനെ പ്രതിനിധാനം ചെയ്യുവാന്‍ മലയാളി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി. ആരോണ്‍ മോളോപറമ്പില്‍ ആണ് ന്യൂജേഴ്‌സി- ന്യൂയോര്‍ക്ക് ടീമിലെത്തിയ മലയാളി താരം. യു.എസ്.എ. വോളിബോള്‍ ഓള്‍സ്റ്റാര്‍ ചാമ്പ്യന്‍ഷിപ്പ് ജൂലൈ 24 മുതല്‍ 27 വരെയാണ്. ന്യൂജേഴ്‌സിയും ന്യൂയോര്‍ക്കും ഉള്‍പ്പെടുന്ന മേഖലയിലെ വോളിബോള്‍ അതോറിറ്റിയാണ് ഗാര്‍ഡന്‍ എംപയര്‍ വോളിബോള്‍ അസോസിയേഷന്‍ (GEVA).
ഹണ്ടര്‍ഡന്‍ സെന്‍ട്രല്‍ റീജനല്‍ സ്‌കൂളില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആരോണ്‍. നേരത്തെ ന്യൂജേഴ്‌സി-ന്യൂയോര്‍ക്ക് ടീമില്‍ അണ്ടര്‍ 15 വിഭാഗത്തില്‍ ആരോണ്‍ കളിച്ചിരുന്നു.
യു.എസില്‍ പല ഭാഗങ്ങളില്‍ ഒട്ടേറെ ടൂര്‍ണമെന്റുകള്‍ ജയിച്ച കോര്‍ (CORE) വോളിബോള്‍ ക്ലബില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി കളിക്കുന്ന ആരോണ്‍ 'ലിബറോ' യുടെ പൊസിഷനിൽ ആണ് കോര്‍ട്ടില്‍ . ഒര്‍ലാന്‍ഡോയില്‍ അടുത്തിടെ നടന്ന എ.എ.യു. നാഷനല്‍സില്‍ 'കോര്‍' ക്ലബ് നാലാം സ്ഥാനം നേടിയിരുന്നു.
ഫോമാ മുൻ ജനറൽ സെക്രട്ടറി ജിബി തോമസ് മോളോപ്പറമ്പിലിന്റെയും മാര്‍ലിയുടെയും പുത്രനാണ് ആരോണ്‍. അനുജന്‍ ക്രിസ്റ്റ്യൻ , ക്ലബ്, സ്കൂള്‍ വോളിബോളില്‍ അണ്ടര്‍ 15 വിഭാഗത്തില്‍ സജീവമാണ്. എലീറ്റയാണു സഹോദരി. കോവിഡ് കാലത്ത് പിതാവുമൊത്ത് വീട്ടുവളപ്പില്‍ വോളിബോള്‍ കളിച്ച ആരോണും ക്രിസ്റ്റ്യനും പിന്നീട് വോളിബോള്‍ പരിശീലനം ഗൗരവമായിട്ടെടുക്കുകയായിരുന്നു. ഇരുവരും ന്യൂയോര്‍ക്ക് സ്‌പൈക്കേഴ്‌സിനും(കേരള സ്‌പൈക്കേഴ്‌സ്) കളിക്കുന്നു. ഓഗസ്റ്റ് 24ന് ലൂക്കാച്ചന്‍ സ്മാരക വോളിബോളൽ ന്യൂയോര്‍ക്ക് സ്‌പൈക്കേഴ്‌സിനു കളിക്കാന്‍ മക്കള്‍ക്കൊപ്പം അച്ഛനും ഉണ്ടാകും.
തങ്ങളുടെ വളര്‍ച്ചയ്‌ക്കൊപ്പം സമൂഹത്തിന് തിരിച്ചുകൊടുക്കുക(കമ്മ്യൂണിറ്റി ഗിവിങ് ബാക്ക് പദ്ധതി) എന്ന ആശയത്തില്‍ ആരോണും ക്രിസ്റ്റിയനും കൊച്ചുകുട്ടികള്‍ക്കായി സൗജന്യ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഇവരുടെ മികവു കണ്ട് യു.എസില്‍ കൂടുതല്‍ മലയാളി കുടുംബങ്ങള്‍ കുട്ടികളെ വോളിബോള്‍ പരിശീലിപ്പിക്കുവാന്‍ മുന്നോട്ടു വന്നു തുടങ്ങി.