"ഒരു ബില്യൺ സ്വപ്നങ്ങൾക്കു ശുഭാൻഷു ശുക്ല നിറം പകർന്നു," പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ ഇന്ത്യയുടെ ആദ്യത്തെ ഗഗൻ യാത്രി ഗ്രൂപ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല തിരിച്ചു ഭൂമിയിൽ എത്തിയതിൽ ആഹ്‌ളാദം പ്രകടിപ്പിക്കയായിരുന്നു മോദി.
ഇന്ത്യൻ സമയം ചൊവാഴ്ച്ച ഉച്ച തിരിഞ്ഞു മൂന്നു മണിക്ക് കലിഫോർണിയയിൽ സാൻ ഡിയാഗോയ്ക്കു സമീപം ശുക്ല ഉൾപ്പെട്ട സ്‌പെയ്‌സ് എക്സ് ക്രൂവിനെ വഹിക്കുന്ന ഡ്രാഗൺ പേടകം പാസിഫിക് സമുദ്രത്തിൽ സ്പ്ലാഷ് ഡൗൺ ചെയ്തപ്പോൾ ആശ്വാസവും ആഹ്ളാദവും അലയടിച്ചുയർന്നു. ലക്‌നോവിലെ 'ത്രിവേണി'യിൽ ടെലിവിഷൻ ദൃശ്യങ്ങൾ കണ്ടിരുന്ന ശുക്ലയുടെ മാതാപിതാക്കളും സഹോദരിയും ആനന്ദക്കണ്ണീർ തൂകി.
മോദി എക്‌സിൽ കുറിച്ചു: "ഗ്രൂപ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല ചരിത്രമായ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തുമ്പോൾ അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ രാഷ്ട്രത്തോടൊപ്പം ഞാനും ചേരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ ആദ്യ ഇന്ത്യൻ യാത്രികൻ എന്ന നിലയ്ക്ക് അദ്ദേഹം തന്റെ അർപ്പണവും ധീരതയും കൊണ്ടു ശതകോടി സ്വപ്നങ്ങൾക്കു നിറം പകർന്നു.
"നമ്മുടെ ബഹിരാകാശ പദ്ധതിയായ ഗഗൻയാന് ഇതു മറ്റൊരു നാഴികക്കല്ലാണ്."
ഗഗൻയാന് വിലപ്പെട്ട സംഭാവനകൾ നൽകുന്ന ഈ ദൗത്യത്തിന് ഐ എസ് ആർ ഓ 550 കോടി രൂപ ചെലവഴിച്ചു.
ആദ്യം പെഗ്ഗി
ബഹിരാകാശത്തു ഏറ്റവും അധികം ചെലവഴിച്ച യുഎസ് യാത്രിക പെഗ്ഗി വിറ്റ്സൻ ആണ് പേടകത്തിൽ നിന്ന് ആദ്യം പുറത്തു വന്നത്. പിന്നാലെ ശുക്ല ഇറങ്ങി. ഇടതു കൈ മെല്ലെ ഉയർത്തി അഭിവാദ്യം ചെയ്താണ് അദ്ദേഹം പുറത്തേക്കു പോയത്.
മണിക്കൂറിൽ 27,000 കിലോമീറ്റർ വേഗത്തിൽ ഡ്രാഗൺ പറക്കുമ്പോൾ യാത്രികർക്കു കടുത്ത ചൂടു അനുഭവപ്പെട്ടെന്നു ചില റിപ്പോർട്ടുകളിൽ പറയുന്നു. ഡ്രാഗൺ ഇറങ്ങും മുൻപ് ശബ്ദവേഗത്തെ മറികടക്കുന്ന വേഗതയിൽ ഉണ്ടാവുന്ന സോണിക് ബൂം കാലിഫോർണിയക്കു അനുഭവപ്പെട്ടു.
ശുക്ല 17നു ഡൽഹിയിലേക്കു മടങ്ങുമെന്നു കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു.
Shukla inspired a billion dreams, says Modi