ഭാസ്‌കര കാരണവർ വധക്കേസിലെ പ്രതി ഷെറിന്റെ മോചന ഉത്തരവിറങ്ങി. കണ്ണൂർ സെൻട്രൽ ജയിലിൽ ബോണ്ട് സമർപ്പിച്ചാൽ ഷെറിന് പുറത്തിറങ്ങാം. മന്ത്രിസഭ ശുപാർശ നേരത്തെ ഗവർണർ അംഗീകരിച്ചിരുന്നു. ഷെറിൻ നിലവിൽ 15 ദിവസത്തെ പരോളിൽ ആണ്. പരോൾ കാലാവധി തീരും മുൻപ് ജയിലിൽ ഹാജരായി നടപടി പൂർത്തിയാക്കിയാൽ മതി. ഷെറിൻ അടക്കം 11 പേർക്ക് ശിക്ഷാ ഇളവ് നൽകണമെന്നായിരുന്നു സർക്കാർ ശിപാർശ.
14 വർഷം പൂർത്തിയായതിന് തൊട്ടുപിന്നാലെയാണ് ഷെറിന്റെ മോചനം. ശിക്ഷാകാലയളവിൽ ഇളവ് നൽകി വിട്ടയക്കാനുള്ള മന്ത്രിസഭാ തീരുമാനം സർക്കാർ നേരത്തെ മരവിപ്പിച്ചിരുന്നു. ഷെറിനെ വിട്ടയയ്ക്കുന്നതിൽ ബാഹ്യസമ്മർദമുണ്ടായെന്ന് ആരോപണമുയർന്നതിനാലും മന്ത്രിസഭാ തീരുമാനത്തിനുശേഷം ജയിലിൽ സഹതടവുകാരിയെ കയ്യേറ്റം ചെയ്‌ത കേസിൽ ഇവർ പ്രതിയായതിനാലുമായിരുന്നു അന്നത്തെ പിന്മാറ്റം.
2009 നവംബർ ഏഴിനാണ് ഭർതൃപിതാവ് ചെറിയനാട് തുരുത്തിമേൽ കാരണവേഴ്സ് വില്ലയിൽ ഭാസ്‌കര കാരണവരെ ഷെറിൻ കൊലപ്പെടുത്തിയത്. ശാരീരിക വെല്ലുവിളികളുള്ള ഭാസ്‌കര കാരണവറുടെ ഇളയമകൻ ബിനു പീറ്ററിന്റെ ഭാവി സുരക്ഷിതമാക്കാനും ഷെറിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാനുമായിരുന്നു 2001ൽ ഇവർ വിവാഹിതരായത്. പക്ഷേ ഷെറിന്റെ മറ്റ് ബന്ധങ്ങളും ദാമ്പത്യപൊരുത്തക്കേടുകളും പുറത്തറിഞ്ഞതോടെയാണ് ഭർതൃപിതാവിനെ ഷെറിൻ കൊലപ്പെടുത്തിയത്.
2010 ജൂൺ 11നാണ് മാവേലിക്കര അതിവേഗ കോടതി ഷെറിനെ ശിക്ഷിച്ചത്.