സംസ്ഥാനത്ത് ഭാരതീയവിദ്യാനികേതന്റെ കീഴിലുള്ള ചില സ്‌കൂളുകളിൽ വിദ്യാർത്ഥികളെക്കൊണ്ട് വിരമിച്ച അദ്ധ്യാപകരുടെ കാല് കഴുകിച്ച് പാദപൂജ നടത്തിയത് അങ്ങേയറ്റം അപലപനീയമാണ്,അപകടമാണ്.
സംഭവം കേൾക്കുമ്പോൾ നമുക്ക് തോന്നാം വളരെ നല്ലൊരു കാര്യമല്ലേ, അതിലെന്താണ് തെറ്റ് എന്നൊക്കെ എന്നാൽ അല്പം ആഴത്തിൽ ചിന്തിച്ചാൽ ഈ പ്രാചീന മതാചാരങ്ങൾ നമ്മുടെ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിലേക്കും പകർത്തിവെയ്ക്കുന്നത് ഈ കാലഘട്ടത്തിലും പൊതുസമൂഹത്തോട് ചെയ്യുന്നൊരു വലിയ തെറ്റ് തന്നെയാണ്
ആധൂനിക പരിഷ്‌കൃതസമൂഹത്തിൽ സാധാരണഗതിയിൽ നാമെല്ലാം ചിന്തിക്കുക, നമ്മുടെ കുട്ടികൾ ആത്മാഭിമാനത്തോടെയും ജനാതിപത്യ മൂല്യങ്ങളോടെയും വളർന്നു വരട്ടെ എന്നാണ്.എന്നാൽ മതപരമായ ആചാരങ്ങളിൽ ഇവ രണ്ടും ഇല്ലെന്നതാണ് സത്യം. അതായത് ആദ്യം പറഞ്ഞ ആത്മാഭിമാനം മതത്തിന്റെ ചട്ടക്കൂടിൽ ഒരു വിഭാഗത്തിന് മാത്രമായി മാറ്റി വെച്ചിരിക്കുന്നതായി കാണാം. തങ്ങൾ ഉന്നതകുല ജാതരാണെന്ന് അവർ സ്വയം പ്രഖ്യാപിക്കുമ്പോൾ മറ്റുള്ളവർ അധമവർഗ്ഗമായി സ്വയം അംഗീകരിച്ച് തല കുമ്പിട്ട് എന്നേക്കുമായി ഉന്നതന്മാർക്ക് വിധേയപ്പെട്ടു ജീവിച്ചു പോകേണ്ടവരാണ് എന്നും സ്ഥാപിക്കുന്നു ഇനി രണ്ടാമത് പറഞ്ഞ ജനാതിപത്യ മൂല്യങ്ങളുടെ കാര്യം, മൃഗീയ ഭൂരിപക്ഷമുള്ള മതം ആ രാജ്യത്തുനിന്നും ജനാതിപത്യത്തെ ചവിട്ടി പുറത്താക്കിയ ചരിത്രമേ ലോകത്തുള്ളൂ.
എന്നാൽ വിവിധ മത സാംസ്‌ക്കാരങ്ങൾ നിലനിൽക്കുന്ന രാജ്യത്ത് അത്തരം ശ്രമങ്ങൾ ഒരിക്കലും ഭൂഷണമല്ല .കാര്യങ്ങൾ ഇങ്ങെയൊക്ക ആണെന്നിരിക്കെ ഒരു ജനാധിപത്യ രാജ്യത്ത് ഒരു മതത്തിന്റെ ആചാരങ്ങൾ സ്‌കൂളുകളിൽ സ്ഥാപിച്ചാൽ അത് എത്രമാത്രം അപകടകരമായ സ്ഥിതിവിശേഷമാണ് സംജാതമാക്കുക. നാളെ മറ്റൊരു മതം തങ്ങളുടെ ആചാരം സ്‌കൂളുകളിൽ കുട്ടികളെ പഠിപ്പിക്കണം എന്നും പറഞ്ഞു വന്നാൽ അധികൃതർ എന്തുപറയും അവരോട്!.
അല്ലെങ്കിൽ തന്നെയും ഗുരുപൂജയെന്നും പറഞ്ഞു വന്ന ഈ സംഭവം സത്യത്തിൽ ഗുരുഭക്തിയോ ആദ്ധ്യാത്മികമോ ഒന്നുമല്ലന്ന് അല്പം ചിന്തിച്ചു നോക്കുന്നവർക്ക് മനസിലാക്കാം.
അധികാരം കിട്ടുവാൻ അടിമത്ത മനോഭാവമുള്ളൊരു സമൂഹം വേണം അതിന് വർഗീയരാഷ്ടീയ വക്താക്കൾ ഇവിടെയും തുടക്കമിട്ടു.
വലിയ അപകടത്തിലേക്കാണ് കേരളവും പോകുന്നത്. വിദ്യാർത്ഥി സമൂഹത്തിലെ ചില ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടി ഇത്തരം തോന്യാസങ്ങളെ ന്യായീകരിക്കുന്നതും ഒട്ടും ശരിയല്ല.
ഒരു (പ്രത്യേക)മതത്തിന്റെ ആചാരനുഷ്ടാനങ്ങൾ സ്‌കൂളുകളിൽ കൊണ്ടുവരിക വഴി വളർന്നു വരുന്ന ഒരു തമുറയെയും പ്രാചീന സംസ്കൃതികളിലേക്ക് വലിച്ചിഴക്കുവാനും അതുവഴി മിത്തുകളെ കൂട്ടിക്കുഴച്ച് മതരാഷ്റ്റീയമുണ്ടാക്കി സാധാരണപ്പെട്ടവരുടെ ഭക്തിയെയും വിശ്വാസങ്ങളെയും ചൂഷണം ചെയ്തു അധികാരമുറപ്പിച്ചു രാജ്യത്തെ കൊള്ളയടിക്കുന്ന ദുഷ്ട ശക്തികളുടെ കപട തന്ത്രങ്ങളാണ് ഇതെന്ന് നമ്മുടെ സമൂഹവും തിരിച്ചറിയാതെ പോകുന്നത് ഈ കാലഘട്ടത്തിന്റെ മറ്റൊരു വലിയ അപകടം തന്നെയാണ്.
ഇതുപോലുള്ള കുടില തന്ത്രങ്ങളൊക്കെ, സമഭാവന,സനാതനധർമ്മം, ഗുരുപൂജ തുടങ്ങിയ ഓമനപ്പേരുകളിലാണ് വരുന്നതെന്നതിനാൽ ആദ്യ ആകർഷണത്തിൽ സാധാരണക്കാർ തലയിലേറ്റി വെയ്ക്കും പിന്നീട് സമൂഹത്തിൽ അവ പ്രായോഗിക തലത്തിലാകുമ്പോഴാണ് അതിന്റെയൊക്കെ ദോഷവശങ്ങൾ പാവങ്ങൾ അനുഭവിക്കുന്നതും,അപ്പോഴേക്കും ഇതൊക്കെ കൊണ്ടു വന്നവർ ഇവിടെ അധികാരത്തിൽ കയറിയിട്ടുണ്ടായിരിക്കും.
സനാതന എന്നപേരിൽ കൊണ്ട്‌വന്നു നടപ്പാക്കിയ മനുസമൃതി തത്വങ്ങളുടെ പൊള്ളലേറ്റ് വാടിക്കരിഞ്ഞു പോയ ഒരു തലമുറയും സമൂഹവും ഇന്നലെ വരെ ഇവിടെയുണ്ടായിരുന്നു എന്നു നാമോർക്കുന്നത് നല്ലതാണ്. സവർണ്ണരുടെ ആ സുവർണ്ണ കാലത്തിന്റെ ഓർമ്മകളിൽ നിന്നാണ് ഇന്നും, പൂജ ചെയ്യുന്ന ദളിതനായ പൂജാരിയെ പൂണൂലിട്ട പുലയൻ എന്നുവിളിച്ച് ചിലർ ആക്ഷേപിക്കുന്നത്.
ഇന്ന് വ്യക്തിജീവിതത്തിൽ മതത്തിന്റെ സാധീനം കുറഞ്ഞു വരികയും പുതു തലമുറകൾ ശാസ്ത്രബോധം കൈവരിക്കുകയും ചെയ്യുന്നത് വർഗീയ രാഷ്ട്രീയ വക്താക്കൾ എന്ന മരണ വ്യാപാരികൾ ആശങ്കയോടെയാണ് നോക്കിക്കാണുന്നത് .അതുകൊണ്ടാണ് വിഭിന്ന മതസംസ്‌ക്കാരങ്ങളെങ്കിലും ഏകതയോടെ നിൽക്കുന്ന നമ്മുടെ കൊച്ചു കേരള സമൂഹത്തിലും അവർ (ഒരു പ്രത്യേക)മതത്തിന്റെ ആചാരനുഷ്ഠാനങ്ങൾ എന്ന പേരിൽ തോന്യാസങ്ങളുമായി സ്കൂളുകളിലൂടെ കൊച്ചുകുഞ്ഞുങ്ങളുടെ മുമ്പിലും എത്തുന്നത്.
ഭാരത പൈതൃകത്തിൽ ഗുരുപൂജയെന്ന പേരിൽ ഗുരുവിന്റെ കാല് കഴുകുന്ന അനുഷ്ടാനത്തിന്റെ അടിസ്ഥാനം എവിടെയെന്ന് എനിക്കറിയില്ല, ഇനി ഏകലവ്യന്റെ കഥയാണെങ്കിൽ മാതൃകയാക്കുവാൻ പറ്റിയൊരു ഗുരുശിക്ഷ്യബന്ധവുമല്ല അത്. കാരണം ഒന്നാമത് ഈ ശിഷ്യനെ ഗുരു ദ്രോണാചാര്യൻ തന്റെ ക്ലാസിൽ കയറ്റിയില്ല,ഒടുവിൽ ഒളിഞ്ഞുനോക്കി വിദ്യകൾ പഠിച്ച ഏകലവ്യനോട് ഗുരു ചെയ്തത് അമ്പെയ്യുവാൻ ഉപയോഗിക്കുന്ന അവന്റെ പെരുവിരൽ ദക്ഷിണ ചോദിച്ചു മുറിച്ചു വാങ്ങിക്കുകയാണ് ചെയ്യുന്നത്.ചതിയല്ലേ ഈ ഗുരു ചെയ്തത്. ഇതാണോ നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടത്.
അനുഷ്ഠാനങ്ങളുടെയും ആചാരങ്ങളുടെയും പേര് പറഞ്ഞ്കൊണ്ട് മനുഷ്യ സമൂഹത്തെ ഇവർ കൂട്ടിക്കൊണ്ടു പോകുന്നത് പ്രാചീന്തയുടെ നിത്യ അന്ധകാരത്തിലേക്കാണ്, മാതാപിതാക്കൾ ചിന്തിക്കുക, നമ്മുടെ കുട്ടികൾ മുതിർന്നവരെയും ഗുരുക്കന്മാരേയും ബഹുമാനിക്കട്ടെ, എന്നാൽ പ്രാചീനതയുടെയും മതത്തിന്റെയും അന്ധതയിലേക്ക് കുട്ടികളെ തള്ളിയിടാതിരിക്കുക, കാല് പിടിക്കുന്ന സാംസ്‌ക്കാരമല്ല നമുക്ക് വേണ്ടത്, ആരുടെയും മുൻപിൽ അന്തസോടെ നിവർന്ന് നിൽക്കുവാനുള്ള ആത്മാഭിമാണ് നമ്മുടെ കുട്ടികൾ കരസ്ഥമാക്കേണ്ടത്.
ഭരണഘടനാ മൂല്യങ്ങൾ അറിയുന്ന,ശാസ്ത്രബോധമുള്ള ഒരു തലമുറയാണ് രാജ്യത്തിന് ഇന്ന് ആവശ്യം.
മതരാഷ്ട്രീയം നിലനിൽക്കേണ്ടത് സ്വാർത്ഥമോഹികളുടെ താത്പര്യമാണ് കാരണം മതം അവർക്ക് അധികാരമാകുന്നു,ആ വഴിയിൽ ചവിട്ടി ഞെരിക്കുവാനുള്ളതല്ല നമ്മുടെ കുഞ്ഞുങ്ങളുടെ ജീവിതം.