Image

നിമിഷ പ്രിയയുടെ വധശിക്ഷ: ഇടപെടലുകള്‍ക്ക് ശുഭാന്ത്യമുണ്ടാവട്ടെ, പ്രാര്‍ത്ഥനകള്‍ സഫലമാവട്ടെ (എ.എസ് ശ്രീകുമാര്‍)

Published on 15 July, 2025
നിമിഷ പ്രിയയുടെ വധശിക്ഷ: ഇടപെടലുകള്‍ക്ക് ശുഭാന്ത്യമുണ്ടാവട്ടെ, പ്രാര്‍ത്ഥനകള്‍ സഫലമാവട്ടെ (എ.എസ് ശ്രീകുമാര്‍)

യെമന്‍ പൗരന്‍ തലാല്‍ അബ്ദുല്‍ മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലില്‍ കഴിയുന്ന മലയാളി നേഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവച്ചത് താല്‍ക്കാലിക ആശ്വാസമായി. വിവിധ തലത്തില്‍ യെമന്‍ കേന്ദ്രീകരിച്ച് നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് നടപടി. നാളെ (ജൂലൈ 16) വധശിക്ഷ നടക്കാനിരിക്കെയാണ് സുപ്രധാനമായ തീരുമാനം ഉണ്ടായത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി നടത്തിയ ചര്‍ച്ചകളിലാണ് നിമിഷ പ്രിയക്ക് അനുകൂലമായ നടപടികളുണ്ടായത്. തലാലിന്റെ കുടുംബവുമായി പ്രതിനിധി സംഘം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ കോടതിയാണ് ശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചത്.

വധശിക്ഷ ഒഴിവാക്കാന്‍ കാന്തപുരം അബൂബക്കര്‍ മുസല്യാരുടെ ഇടപെടലിനെത്തുടര്‍ന്നു യെമനില്‍ നടന്ന ചര്‍ച്ചകളിലാണ് പ്രതീക്ഷയുണര്‍ത്തുന്ന തീരുമാനം. ''മനുഷ്യന്‍ എന്ന നിലയിലാണ് ഞാന്‍ ഇടപെട്ടത്. മനുഷ്യന് വേണ്ടി ഇടപെടണം എന്നാണ് അവിടുത്തെ മത പണ്ഡിതരോട് ആവശ്യപെട്ടത്. ബ്ലഡ് മണി സമാഹരിക്കാനുള്ള ചുമതല ചാണ്ടി ഉമ്മന്‍ ഏറ്റെടുക്കാം എന്ന് അറിയിച്ചിട്ടുണ്ട്. യമന്‍ ജനതക്ക് സ്വീകാര്യരായ മുസ്ലിം പണ്ഡിതരെയാണ് ഞാന്‍ ബന്ധപെട്ടത്. ആ രാജ്യത്തെ മുഴുവന്‍ ജനങ്ങളും സ്വീകരിക്കുന്നവരാണ് അവര്‍. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെങ്കില്‍ ചെയ്യണം എന്ന് പണ്ഡിതന്മാരോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ ഇടപെട്ടത്...'' കാന്തപുരം പറഞ്ഞു.

യെമനില്‍ ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശത്താണ് നിമിഷപ്രിയ ജയിലില്‍ കഴിയുന്നത്. ഹൂതി സര്‍ക്കാരുമായി ഇന്ത്യക്ക് നയതന്ത്ര ബന്ധം ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലിനു പരിമിതികളുണ്ടെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. മധ്യസ്ഥര്‍ മുഖേന ഇടപെടാനാണ് ശ്രമിക്കുന്നതെന്നും കേന്ദ്രം അറിയിച്ചിരുന്നു. ദയാധനം സ്വീകരിച്ച് നിമിഷപ്രിയയോടു പൊറുക്കാന്‍ കുടുംബം തയ്യാറായാല്‍, ഇസ്ലാമിക നിയമം അനുസരിച്ച് വധശിക്ഷ ഒഴിവാക്കാനാവും.

മകളുടെ മോചനത്തിനുള്ള ചര്‍ച്ചകള്‍ക്കായി അമ്മ പ്രേമകുമാരിയും ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നേതൃതത്തിലുള്ള 'സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍' അംഗവും യെമന്‍ പ്രവാസിയുമായ സാമുവേല്‍ ജെറോമും 2024 ഏപ്രിലില്‍ യമനിലേക്ക് പോയിരുന്നു. 11 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം പ്രേമകുമാരി മകളെ ജയിലിലെത്തി കണ്ടു. വികാരനിര്‍ഭരമായിരുന്നു കണ്ണീരണിഞ്ഞ ആ കൂടിക്കാഴ്ച. നിമിഷ തടവടവിലായതോടെ നിയമനടത്തിപ്പിനായി ഓട്ടത്തിലാണ് ഈ അമ്മ. വധശിക്ഷ വിധിക്കപ്പെട്ടതോടെ വീട് ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ വിറ്റാണ് പണം കെട്ടിവച്ചത്. ആറ് വര്‍ഷമായി വീട്ട് ജോലിക്കാരിയായി ജീവീതമാര്‍ഗം കണ്ടെത്തി കൊണ്ടാണ് പ്രിയ മകളുടെ ജീവന്‍ രക്ഷിക്കാന്‍ നെഞ്ചില്‍ തീയുമായുള്ള അമ്മയുടെ പോരാട്ടം.

പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷ പ്രിയ. 2008-ല്‍ നേഴ്‌സിങ് പാസായ നിമിഷ സ്വകാര്യ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചു. 2011-ല്‍ കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന തൊടുപുഴ സ്വദേശി ടോമി തോമസിനെ വിവാഹം കഴിച്ചു. 2012-ല്‍ ഇരുവരും യെമനിലേക്ക് പോയി. ടോമി സ്വകാര്യ സ്ഥാപനത്തിലും നിമിഷ നേഴ്‌സായി ക്ലിനിക്കിലും ജോലിനേടി. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ നിമിഷ ഗര്‍ഭിണിയായി, എന്നാല്‍ യെമനിലുള്ള ഇരുവരുടെയും സാമ്പത്തിക സ്ഥിതി തങ്ങളെയും ഗര്‍ഭസ്ഥ ശിശുവിനെയും വേണ്ടവിധം പരിപാലിക്കാന്‍ പര്യാപ്തമായിരുന്നില്ല. നിമിഷയുടെ ജോലിയിലെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തി ചെറിയ ക്ലിനിക്ക് തുറക്കാന്‍ അവര്‍ പദ്ധതിയിട്ടു.

അതിനിടെ യെമന്‍ പൗരനായ തലാല്‍ അബ്ദുല്‍ മഹ്ദിയെ പരിചയപ്പെടുകയും ഇരുവരും ചേര്‍ന്ന് കച്ചവട പങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങാനും തീരുമാനിച്ചു. യെമനിലെ നിയമമനുസരിച്ച്, ഒരു ആശുപത്രി തുറക്കാന്‍ യെമന്‍ പൗരത്വം ആവശ്യമാണ്. അതുകൊണ്ടാണ് തലാല്‍ അബ്ദുല്‍ മെഹ്ദിയുടെ സഹായം തേടിയത്. ബിസിനസ് തുടങ്ങാന്‍ നിമിഷയും ഭര്‍ത്താവും തങ്ങളുടെ സമ്പാദ്യമെല്ലാം മെഹ്ദിക്ക് കൈമാറിയിരുന്നു. അങ്ങനെ നിമിഷയ്ക്ക് ലൈസന്‍സ് ലഭിക്കുകയും 2015-ല്‍ ക്ലിനിക്ക് തുറക്കുകയും ചെയ്തു. എന്നാല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു.

2015-ല്‍ യെമനില്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു, ഹൂതി വിമതരുടെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളെത്തുടര്‍ന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ആളുകളെ യെമനിലേക്ക് പോകുന്നത് വിലക്കി. യെമനില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. നിമിഷയും ഭര്‍ത്താവ് തോമസും മകളുമായി ഇന്ത്യയിലേക്ക് മടങ്ങി. ബിസിനസിന് കൂടുതല്‍ പണം ആവശ്യമായി വന്നതും ഇതിന് കാരണമായി. കുറച്ച് ദിവസങ്ങള്‍ കടന്നുപോയി. നിമിഷ തന്റെ ക്ലിനിക്കിനെ കുറിച്ച് ആശങ്കപ്പെടാന്‍ തുടങ്ങി. അതുകൊണ്ട് മകളെയും ഭര്‍ത്താവിനെയും കൂടാതെ തനിച്ച് യെമനില്‍ എത്തി. നിമിഷപ്രിയ പോയതിന് ശേഷം യെമനിലേക്ക് തിരിച്ചുപോവാനായിരുന്നു ടോമി ഉദ്ദേശിച്ചതെങ്കിലും യെമന്‍-സൗദി യുദ്ധത്തെ തുടര്‍ന്ന് യാത്ര മുടങ്ങി.

നിമിഷ യെമനില്‍ തിരിച്ചെത്തിയതോടെ തലാലിന്റെ ഉദ്ദേശം മാറിയെന്നാണ് പിന്നീട് ഉയര്‍ന്ന ആരോപണം. ബിസിനസ് പങ്കാളിയെന്ന നിലയില്‍ ആദ്യമൊക്കെ മാന്യമായി ഇടപെട്ടിരുന്ന മെഹ്ദിയുടെ സ്വഭാവം പിന്നീട് മറ്റൊരു തലത്തിലേക്ക് മാറി. മെഹ്ദിയുമായി ചേര്‍ന്ന് ക്ലിനിക്ക് തുടങ്ങിയശേഷം നിമിഷ തന്റെ ഭാര്യയാണെന്ന് പലരേയും വിശ്വസിപ്പിച്ചു. ക്ലിനീക് ലാഭത്തിലായതോടെ നിമിഷ പോലും അറിയാതെ അയാള്‍ ക്ലിനിക്കിന്റെ ഷെയര്‍ ഹോള്‍ഡറായി തന്റെ പേര് കൂടി ഉള്‍പ്പെടുത്തി മാസ വരുമാനത്തിന്റെ പകുതി പണം കൈക്കലാക്കാന്‍ ശ്രമിച്ചു. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നാണ് മറ്റൊരു ആരോപണം. പിന്നീട് ഇരുവരും വിവാഹം നടത്തി. ഇത് ഭീഷണിപ്പെടുത്തിയായിരുന്നുവെന്നാണ് നിമിഷയുടെ വാദം.

തലാലിന്റെ പ്രവര്‍ത്തികളില്‍ നിമിഷ മടുത്തു. അതിനിടെ വിസയുടെ കാലാവധിയും അവസാനിക്കാനിക്കാറായി. നിമിഷയുടെ വിസ പുതുക്കാനെന്ന് പറഞ്ഞു തലാല്‍ പാസ്‌പോര്‍ട്ട് കയ്യില്‍ തന്നെ കരുതി. ഇരുവരും തമ്മില്‍ വഴക്കുകളും തര്‍ക്കങ്ങളും പതിവായി. പാസ്‌പോര്‍ട്ട് പിടിച്ചുവെച്ച് നാട്ടില്‍ വിടാതെ പീഡിപ്പിച്ചുവെന്നും ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കിയെന്നും നിമിഷ പറയുന്നു. തലാലിന്റെ പ്രവൃത്തിയില്‍ അസ്വസ്ഥയായ നിമിഷ പൊലീസില്‍ പരാതി നല്‍കി. തലാലിനെതിരെ യെമന്‍ പൊലീസ് നടപടിയെടുത്തു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഇയാള്‍ ജയില്‍ മോചിതനായി. 2016-ലാണ് ഈ സംഭവങ്ങളെല്ലാം നടക്കുന്നത്.

മെഹ്ദിയുടെ മോചനത്തിന് ശേഷം നിമിഷ ഇന്ത്യയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍ പാസ്‌പോര്‍ട്ട് തലാലിന്റെ പക്കലായിരുന്നു. എന്ത് വില കൊടുത്തും പാസ്‌പോര്‍ട്ട് കയ്യിലാക്കണമെന്ന് തീരുമാനിച്ചു. ഇതിനായി സുഹൃത്ത് ഹനാനയോട് സഹായം അഭ്യര്‍ത്ഥിച്ചു. ഹനാനയുടെ നിര്‍ദേശപ്രകാരം നിമിഷ അവസരം മുതലാക്കി. തലാലിന് മയക്കത്തിനുള്ള ഇഞ്ചക്ഷന്‍ നല്‍കി. അങ്ങനെ അബോധാവസ്ഥയിലാകുമ്പോള്‍ പാസ്‌പോര്‍ട്ട് കയ്യിലാക്കമെന്നായിരുന്നു കരുതിയത്. പക്ഷേ, മരുന്നിന്റെ അമിതോപയോഗം മൂലം തലാല്‍ മരിച്ചു. തലാലിന്റെ മരണത്തില്‍ ഇരുവരും ഭയക്കുകയും മൃതദേഹം സംസ്‌കരിക്കാന്‍ പദ്ധതിയിടുകയും ചെയ്തു. മൃതദേഹം പല കഷണങ്ങളാക്കുകയും അവ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.
 


 

Join WhatsApp News
josecheripuram@gmail.com 2025-07-16 01:22:08
Where diplomacy fail, Religion works. Religion is more powerful than politics!
Vanathil Gopan 2025-07-16 02:08:23
അറിഞ്ഞിടത്തോളം, കേട്ടിടത്തോളം, ആത്മാർത്ഥമായി, യുക്തിപരമായി, നിമിഷയ്ക്ക് വേണ്ടി ഇടപെട്ടത്, കാന്തപുരം തന്നെ. കാന്തപുരത്തിന്, നന്ദി അറിയിക്കുന്നു. . പിന്നെ മറ്റു പലരും ചെറിയതോതിൽ ഇടപെട്ട് ഉണ്ടാകാം. എന്നാൽ ഇപ്പോൾ ഈ ഫോട്ടോ വെച്ച് മറ്റും ധാരാളമായി കേൾക്കുന്ന വാർത്തകൾ, " അതായത് ഞാൻ ഇടപെട്ടു, ഞങ്ങൾ ഇടപെട്ടു, മുഖ്യൻ ഇടപെട്ടു, കേന്ദ്ര ഗവൺമെൻറ് ഇടപെട്ടു, . ആ പാർട്ടി ഇടപെട്ടു ഈ പാർട്ടി ഇടപെട്ടു, FOMA, FOKANA ഇടപെട്ടു. എന്നെല്ലാം കേൾക്കുന്നത്, അവരുടെയൊക്കെ പടം വെച്ചുള്ള പ്രഖ്യാപനങ്ങൾ കേൾക്കുന്നതും മറ്റും അരോചകമാണ്. " ഈ അവകാശവാദം മുഴക്കുന്നവർ അധികവും" വെറും എട്ടുകാലി മമ്മൂഞ്ഞുകളാണ്'. എന്തുമാകട്ടെ ഈ സഹോദരിയുടെ കേരളത്തിലേക്കുള്ള തിരിച്ചുവരവിന് നമുക്ക് എല്ലാവർക്കും ഒറ്റക്കെട്ടായി നിന്ന് ആത്മാർത്ഥമായി ആഗ്രഹിക്കാം പ്രാർത്ഥിക്കാം. എട്ടുകാലി മമ്മൂഞ്ഞുകൾ ആണെങ്കിലും ഇതിനാൽ നിങ്ങൾക്ക് സാധിക്കുന്ന നല്ല പ്രവർത്തികൾ ചെയ്യുക. അതുപോലെ ഇനി ഇത്തരം അബദ്ധങ്ങളിലും ദയവായി ആരും വീഴാതെ ഭാവി ശ്രദ്ധിക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക