Image

പെണ്ണുമോഷണം പുരാണങ്ങളിൽ (ഇതിഹാസങ്ങളിൽ നിന്ന്: സുധീർ പണിക്കവീട്ടിൽ)

Published on 16 July, 2025
പെണ്ണുമോഷണം പുരാണങ്ങളിൽ (ഇതിഹാസങ്ങളിൽ നിന്ന്: സുധീർ പണിക്കവീട്ടിൽ)

ഗ്രീക്കുകാരുടെ ആദികവി ഹോമറുടെ മഹത്തായ രണ്ടു ഇതിഹാസങ്ങളാണ് "ഒഡിസ്സിയും"(Odyssey) “ഇലിയഡും” (Iliad) പറയുന്ന കഥകളുടെ തുടക്കം പെണ്ണുമോഷണത്തിൽ നിന്നാണ്. എല്ലാം ആരംഭിക്കുന്നത് പെണ്ണിൽ നിന്നു  തന്നെ. ഈ വലിയ ലോകവും അതിൽ ഒറ്റക്ക് ഒരാണിനെയും സൃഷ്ടിച്ച ദൈവം പോലും ആണിന് ഇണയായി ഒരു പെണ്ണിനെ സൃഷ്ടിക്കണമെന്നു തീരുമാനിച്ചു. ദൈവത്തിന്റെ വിധേയനായ ഒരു മണുക്കൂസ്‌ പുരുഷനൊപ്പം കഴിക്കുന്നതിനേക്കാൾ പുരുഷനേക്കാൾ അത്യുന്നതങ്ങളിൽ ദൈവത്തെപ്പോലെ ആകുന്നതല്ലേ നല്ലത് എന്ന് തിരിച്ചറിഞ്ഞ പെണ്ണ് വിലക്കപ്പെട്ട  കനി തിന്നു. വാരിയെല്ല് നഷ്ടപ്പെട്ട്  പരിഭ്രാന്തനായി അവളുടെ പുറകെ നടന്ന പുരുഷനെയും ആ പഴം ഭക്ഷിപ്പിക്കാനുള്ള  സന്മനസ്സ് അവൾ കാണിച്ചു. പിന്നെ അവിടന്നു  സംഘർഷങ്ങളുടെ കഥ തുടരുകയായി. ദൈവത്തിന് അല്ലെങ്കിൽ ദേവന്മാർക്ക് മനുഷ്യരുടെ കാര്യങ്ങളിൽ അധികാരമുണ്ട്. അവർ (ദൈവം) തീരുമാനിക്കുന്നതിനപ്പുറം മനുഷ്യന് ഒന്നും ചെയ്യാൻ പറ്റില്ലെന്ന സൂചന ഇവിടെ നിന്നാരംഭിക്കുന്നു. എഴുത്തുകാർ ഈ സ്വകാര്യം അവരുടെ കൃതികളിൽ പ്രതിഫലിപ്പിച്ചുകൊണ്ട് സാധാരണ മനുഷ്യരെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്നു.
ദേവന്മാർക്കും ദേവിമാർക്കും യാതൊരു പഞ്ഞവുമില്ലാത്ത നാടാണ് ഗ്രീസും ഭാരതവും. ദേവന്മാർ മനുഷ്യരെ പ്രണയിക്കുകയും മനുഷ്യർ ദേവന്മാരെ പ്രണയിക്കുകയും അവർ തമ്മിലുള്ള കല്യാണവുമൊക്കെ പുരാണങ്ങളിലേക്ക് കണ്ണോടിക്കുമ്പോൾ കാണാവുന്നതാണു. തന്നെയുമല്ല ഈ ദേവന്മാർ തമ്മിലുള്ള സ്പർദ്ധയും  അസൂയയും അതുകൊണ്ടിരയാകുന്ന മനുഷ്യരെയും പറ്റിയുള്ള കഥകൾ ഇതിഹാസങ്ങളായി മനുഷ്യർ വായിക്കുകയും ആരാധിക്കുകയും   ചെയ്തുപോന്നു.

ഹോമറിന്റെ ഇലിയഡിനെ മഹാഭാരതത്തോടും രാമായണത്തോടും താരതമ്യം ചെയ്യുന്നവരുണ്ട്. അതേസമയം ഒഡിസ്സിയെ രാമായണത്തോട് താരതമ്യം ചെയ്യുന്നവരുമുണ്ട്. ഇലിയഡിൽ പ്രധാനമായും ഗ്രീക്കുകാരും റോജൻമാരും തമ്മിലുള്ള യുദ്ധത്തിന്റെ വിവരണമായതുകൊണ്ടാണ് ഇലിയഡിനെ മഹാഭാരതത്തോട് താരതമ്യം ചെയ്യുന്നത്. ശ്രീരാമചന്ദ്രൻ പതിനാലു വർഷം  കാട്ടിൽ കിടന്നു അലഞ്ഞെങ്കിൽ ഹോമറിന്റെ ഒഡിസ്സിസ് ഇരുപത് വർഷത്തോളം  അലഞ്ഞു നടന്നു. ഇതിൽ പത്തുവർഷം അദ്ദേഹം എവിടെയാണെന്ന് ഇത്താക്ക (അദ്ദേഹം അവിടത്തേ രാജാവായിരുന്നു) യിലെ പ്രജകളും അദ്ദേഹത്തിന്റെ ഭാര്യയും മകനും ബന്ധുക്കളും അറിഞ്ഞിരുന്നില്ല. ഈ ഇരുപത് വർഷക്കാലം ഭർത്താവിനെ ധ്യാനിച്ച് ചാരിത്ര്യശുദ്ധിയോടെ അദ്ദേഹത്തിന്റെ ഭാര്യ പെനിലോപ് (Penelope) കാത്തിരുന്നു.

ട്രോജൻ യുദ്ധത്തിൽ ജയിച്ചു മടങ്ങുമ്പോൾ ഒഡിസിസിനെ ഒരു കടൽ ദേവത അവരുടെ കാമപൂർത്തിക്കായി തടഞ്ഞുവച്ചു. സുന്ദരനായ ഈ രാജാവിൽ ആ ദേവതക്ക് അഭിനിവേശം ജനിക്കുകയായിരുന്നു.  അമൃത് കഴിച്ച് നിത്യയൗവനം നേടി വിചാരിക്കുന്നതൊക്കെ സാധിച്ച് നടക്കുന്ന ദേവന്മാരും ദേവിമാരും ചിലപ്പോൾ നിയന്ത്രിക്കാനാവാത്ത മാംസദാഹത്തിനു അടിമകളാകാറുണ്ട്. അവർ അതൊക്കെ ആസ്വദിക്കാറുണ്ട്. അവരിൽ ചിലർ ചില ആദർശങ്ങളും വിലക്കുകളും പരിഗണിച്ചുകൊണ്ട് സുഖസുഖങ്ങളെ ബലികഴിക്കാറുണ്ട്. നമ്മുടെ ഇതിഹാസമായ രാമായണത്തിൽ രാക്ഷസിയായ ശൂർപ്പണഖക്ക് രാമനിൽ കൊതി തോന്നിയെങ്കിലും രാമൻ ദേവനായതുകൊണ്ട് പാവം രാക്ഷസിയുടെ മൂക്കും മുലയും നഷ്ടമായി. രാമൻ ഉത്തമപുരുഷനും മര്യാദാപുരുഷനുമൊക്കെയായായതുകൊണ്ട് പാവം ശൂർപ്പണഖയുടെ സ്ത്രീത്വം അപമാനിക്കപ്പെട്ടു.

ദേവന്മാരെ സംബന്ധിച്ചേടത്തോളും കാമവികാരങ്ങളുടെ പൂർത്തിക്കായി എന്തുചെയ്യാനും അവർക്ക് മടിയില്ല. കടലിന്റെ മധ്യഭാഗത്തുള്ള ഗുഹയിൽ കഴിഞ്ഞിരുന്ന പ്രസ്തുത ദേവത ഒഡിസിസിനെ പിടിച്ചുവച്ചു. ദൂരെ ദൂരെ തന്നെ കാത്തിരിക്കുന്ന വിശ്വസ്തയായ സ്നേഹമയിയായ ഭാര്യ പെനിലോപ്പായിരുന്നു ഒഡിസിസിന്റെ  മനസ്സ് നിറയെ. അദ്ദേഹത്തിന് പരസ്ത്രീ സംഗമത്തിൽ താല്പര്യമുണ്ടായിരുന്നില്ല. കരകാണാക്കടലിനകത്തെ ഗുഹയിൽ കാമം കത്തി ജ്വലിക്കുന്ന ശരീരവുമായി നിൽക്കുന്ന ഒരു സുന്ദരി ദേവതയുടെ ഇങ്കിതങ്ങൾ സാധിച്ചുകൊടുക്കുന്നതിനേക്കാൾ ഒഡിസിസിനു അയാളുടെ രാജ്യവും കുടുംബവും വലുതായിരുന്നു. കഥയിലെവിടെയോ ഒഡിസ്സിസ്സ് പറയുന്ന വാചകങ്ങൾ കുടുംബത്തോട്  അദ്ദേഹത്തിനുണ്ടായിരുന്ന സങ്കല്പത്തെയും വിശ്വാസത്തെയും കാണിക്കുന്നു. അദ്ദേഹം പറയുന്നു ശാന്തതകൊണ്ട് ഭദ്രമായ ഒരു മന്ദിരം അവിടെ ഭാര്യയും ഭർത്താവും എല്ലാ കാര്യത്തിലും യോജിക്കുന്നു.
ഗ്രീസിൽ ഒഡിസിസിന്റെ ഭാര്യ പെനിലോപ് ഭർത്താവിന്റെ വരവും കാത്തിരിക്കുന്നപോലെ അശോകവനിയിൽ ഏകയായി ശ്രീരാമചന്ദ്രനെ  ധ്യാനിച്ചുകൊണ്ട്  രാവണന്റെ ഭീഷണികളെ , പ്രലോഭനങ്ങളെ ചെറുത്തു നിന്ന സീതാദേവി പെനിലോപ്പിന്റെ സ്വഭാവശുദ്ധിയേയും ഭർത്താവിനോടുള്ള ഏകാഗ്രമായ മനസ്സിനെയും അലട്ടാൻ ഒരു ദൈവവും വന്നില്ലെന്ന വസ്തുത പ്രത്യേകം ഓർക്കേണ്ടതുണ്ട്. ദേവന്മാരുടെ മത്സര പരീക്ഷണത്തിനു ഇരയാകാത്തവർക്ക് മഹത്വപൂർണ്ണമായ ജീവിതം തെരഞ്ഞെടുക്കാം. അതിൽ വിജയിക്കണമെന്ന് പെനിലോപ്പിന്റെ കഥ ചൂണ്ടിക്കാട്ടുന്നു.  “ഒഡിസ്സിസ്സ് എന്ന രാജാവ് ഇനി തിരിച്ചു വരികയില്ല. നീ ഞങ്ങളിൽ ഒരാളെ സ്വീകരിക്കുക” എന്ന് പറഞ്ഞ രാജകുമാരന്മാരും പ്രഭുക്കളും പെനിലോപ്പിന്റെ മുന്നിൽ വരി വരിയായി നിന്നു.

അപ്പോഴൊക്കെ പെനിലോപ് പറഞ്ഞത് അവർ ഒരു വലനെയ്യുന്നു  അതു  തീർത്താൽ അവരിൽ ഒരാളെ പരിണയിച്ചേക്കാമെന്നാണ്. വലനെയ്തു തീരുന്ന അസുലഭ മുഹൂർത്തത്തിന്റെ ലഹരിയിൽ പെനിലോപ്പിനെ  കല്യാണം കഴിക്കാൻ മോഹിച്ചവർ കാത്തു നിന്നു. പക്ഷെ ആ നെയ്ത്തിനു അവസാനമില്ലെന്നു കണ്ടപ്പോൾ അവരുടെ ക്ഷമയറ്റു. കൊട്ടാരത്തിലെ അന്ത:പുരത്തിൽ നിന്ന് ഒരു ഒറ്റുകാരി  ഉടലെടുക്കുന്നു. 

പെനിലോപ്പിന്റെ കള്ളക്കളി അവൾ കണ്ടുപിടിച്ചു. പകൽ നെയ്യുന്ന വല രാത്രിയിൽ അവൾ അഴിച്ചുകളയുന്നതു കൊണ്ടാണ്  പണി തീരാത്തത്. പെനിലോപ്പ് വീണ്ടും പ്രശ്നങ്ങളുടെ ഇടയിലേക്ക് വലിച്ചിഴക്കപ്പെട്ടു. പക്ഷെ അവൾ പതറിയില്ല. അവസാനം അവൾ സ്വയംവരത്തിനു തയ്യാറായി. ഒരു വ്യവസ്ഥയിൽ ഒഡിസിസിന്റെ വില്ലെടുത്ത് ആർക്ക് അമ്പ് എയ്യുവാൻ കഴിയുമോ അദ്ദേഹത്തെ പെനിലോപ്പ് ഭർത്താവായി സ്വീകരിക്കും. എന്നാൽ പെനിലോപ്പിനെ മോഹിച്ചെത്തിയ ആർക്കും ആ വില്ലു കുലയ്ക്കുവാൻ സാധിച്ചില്ല. സാധിക്കുന്നത് ഒഡിസിസിനു മാത്രമാണെന്ന് അവൾക്കറിയാമായിരുന്നു. രാമായണത്തിലെ  സീതാസ്വയംവരത്തിനു രാമൻ ത്രൈമ്പകം വില്ലു ഒടിക്കുന്നുണ്ടല്ലോ!
രാമായണത്തിൽ കാമചാരിയായ രാവണൻ സീതയെ ഭർത്താവിന്റെ അ സാന്നിധ്യത്തിൽ തട്ടിക്കൊണ്ടുപോകുന്നതായി പറയുന്നു.  രാവണൻ സീതയെ തട്ടികൊണ്ടുപോയത്. മനസ്സിന്റെ വേഗതയിലുള്ള പുഷ്പക വിമാനത്തിലാണ്. എന്നാൽ മനസ്സിന്റെ വേഗതയിൽ പുഷ്പകവിമാനം പറന്നില്ല. അല്ലെങ്കിൽ ഒരു സുന്ദരിയുമൊത്ത് ആകാ ശമാർഗ്ഗം പറന്നുകൊണ്ടിരുന്ന ദശാനൻ ഭൂമിയുടെ മനോഹാരിത ആസ്വദിക്കാമെന് കരുതിക്കാണും.വഴിമധ്യേ ജടായുമായുള്ള ഏറ്റുമുട്ടൽ, കിഷ്ക്കിന്ത്യയിലെ കുരങ്ങന്മാരെ കണ്ടു  ആഭരണങ്ങൾ സീത എറിയുന്നത് വിമാനത്തിന്റെ വേഗത മനസ്സിലാക്കാൻ വായനക്കാരേ സഹായിക്കുന്നു.

ഹോമറിന്റെ ഇലിയഡിൽ ഹെലൻ എന്ന സുന്ദരിയെ ട്രോയിലെ രാജകുമാരൻ പാരീസ് അല്ലെങ്കിൽ അലക്സ്ബോസ് അവളുടെ ഭർത്താവിന്റെ  അസാന്നിധ്യത്തിൽ തട്ടികൊണ്ട് പോയി. ഇത് ട്രോജൻ യുദ്ധത്തിന്‌ കാരണമായി. വിവാഹത്തിലൂടെ ഹെലൻ  ലക്കോനിയയുടെ രാജ്ഞിയായി. ഹോമെറിന്റെ ഗ്രീസ്സിലെ ഒരു പ്രവശ്യയാണ്‌ ലക്കോണിയ.മെനേലൗസാണ്‌ ഹെലനെ വിവാഹം കഴിച്ചത്. ഹെലന്റെ സമ്മതത്തോടെയാണ് പാരീസ് അവളെ കൊണ്ടുപോയതെന്നും അല്ല ഗ്രീക്കുകാരുടെ ദേവതയായ "അഫ്രോഡായറ്റ്" (Aphrodite) പറ്റിച്ച പണിയാണെന്നും ഗ്രീക്കുകാരും ട്രോയ്ക്കാരും വിശ്വസിച്ചു. ചിലപ്പോൾ മനുഷ്യർ പ്രണയകുരുക്കുകളിൽ പെട്ടുപോകുന്നത് അവരറിയാതെ ദേവ-ദേവതമാർ തമ്മിലുള്ള മത്സരത്തിന്റെ ഭാഗമായാണ്. ഭർത്താവിനെയും കുട്ടികളെയും വിട്ടേച്ച് പോകുന്ന സ്ത്രീകളെ സമൂഹം പഴിക്കരുത് അവർ വെറും ഇരകളാകുകയാണ് .

സീതയെ തട്ടിക്കൊണ്ടുപോകുന്നത് സമ്മതത്തെയോടെയല്ല. സീത ഭാരതീയ വനിതാ പാരമ്പര്യത്തിന്റെ കെടാവിളക്കാണ്. അവർ ദേവതയാണ്. നിഷ്കളങ്കയും അനവദ്യാംഗിയുമാണ്. ആളിക്കത്തുന്ന അഗ്നി ശിഖകൾക്കിടയിലൂടെ പൊള്ളലേൽക്കാതെ പുറത്തുവന്നു തന്റെ പരിശുദ്ധി  തെളിയിച്ച സതീരത്നമാണ് ഉഴവുച്ചാലിൽ നിന്നും ജനക  മഹാരാജാവിനു കിട്ടിയ ഒരു കൈകുഞ്ഞു, അവൾ വളർന്നു അതീവസുന്ദരിയായി  പൂർവജന്മത്തിൽ അവൾ വേദവതി എന്ന ഒരു സ്ത്രീയായിരുന്നു. രാവണൻ അവരെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചപ്പോൾ  “ഞാൻ ഭൂമിയിൽ വീണ്ടും ജനിച്ചു. ശ്രീരാമന്റെ ഭാര്യയായി നിന്നെ കാലപുരിക്കയ്‌ക്കുമെന്ന് അവർ രാവണനെ അറിയിച്ചു.

കഠിനതപസ്സിലൂടെ ദേവന്മാരുടെ മനസ്സ് മയക്കി അനവധിവിവരങ്ങൾ സ്വന്തമാക്കിയ രാവണൻ മൂന്നു ലോകങ്ങളും തന്റെ കാൽക്കീഴിൽ എന്നഹങ്കരിച്ച് നടന്നു. തന്റെ ശക്തികാണിക്കാൻ അദ്ദേഹം യമരാജാവിനെകൊണ്ട് വീട്ടിലെ വിഴുപ്പലക്കിപ്പിച്ചു. പരമശിവനെകൊണ്ട് തലമുടി വെട്ടിപ്പിച്ചു അഗ്നിദേവനെകൊണ്ട് വീട്ടിലെ പാചകം ചെയ്യിച്ചു. എന്നാൽ അഹങ്കാരം വിവേകത്തെവിട്ടുകളഞ്ഞതുകൊണ്ട് വരം കൊടുത്ത ദേവന്മാരും അദ്ദേഹത്തിന് ഒരു ശാപം കൊടുത്തു. "ഒരു പെണ്ണുമൂലം നിന്റെ അന്ത്യം".

വിശ്വകർമ്മാവ് പണിതുണ്ടാക്കിയ സുവർണ്ണലങ്കയെ കുബേരനിൽ നിന്നും തട്ടിപ്പറിച്ചെടുത്ത് ലങ്കാധിപതിയായി രാവണൻ വാണു. കടലിന്റെ നടുക്ക് കനത്ത സുരക്ഷാസംവിധാനത്തോടെ പണിത ലങ്കയെ ആർക്കും കീഴടക്കാൻ സാധിക്കയില്ലെന്നു രാവണൻ അഹങ്കരിച്ചു.സ്ത്രീ രാവണന്റെ ബലഹീനതയായിരുന്നു. അടങ്ങാത്ത കാമദാഹമുണ്ടായിരുന്ന രാക്ഷസരാജാവ് എന്ന് രാവണനെ വിശേഷിപ്പിച്ചിരിക്കുന്നു. ശൂർപ്പണഖ സീതയുടെ സൗന്ദര്യം വർണ്ണിക്കുന്നത് കേട്ടപ്പോൾ മുന്നിൽ പ്രതിബന്ധങ്ങളും മുന്നറിയിപ്പുകളും ഉണ്ടായിട്ടും സഹോദരനായ ഖരനെയും കൂട്ടരെയും വകവരുത്തിയവന്റെ ഭാര്യയാണെന്നറിഞ്ഞിട്ടും രാവണൻ  സീതയെ തട്ടിക്കൊണ്ടു വന്നു ലങ്കയിൽ പാർപ്പിച്ചു. തനിക്കും ലങ്കാപുരിക്കും അവൾ വിനയാകുമെന്നറിയാതെ എന്നാൽ ഈ സംഭവവികാസങ്ങളെല്ലാം ദേവന്മാരുടെ കണക്കുകൂട്ടലുകൾ അനുസരിച്ചായിരുന്നുവെന്നറിയുമ്പോൾ ബന്ധപ്പെട്ട വ്യക്തികളും  സംഭവങ്ങളും വെറും കളിപ്പാട്ടങ്ങളെന്നു നാം മനസ്സിലാക്കുന്നു.

ട്രോയ് നഗരം പണിതുണ്ടാക്കിയത് ദേവന്മാരുടെ സഹായത്തോടെയാണ്. അതിനു ചുറ്റുമുള്ള മതിൽ ശക്തവും ശത്രുക്കൾക്ക് കീഴ്പ്പെടുത്താൻ സാധിക്കാത്തതുമാണെന്നു ട്രോയ്ക്കർ വിശ്വസിച്ചു.അവരുടെ വിശ്വാസം പോലെ പത്ത് വർഷം  ഗ്രീക്കുകാർ ഉറ്റു ശ്രമിച്ചിട്ടും ആ മതിൽ തകർക്കുവാൻ കഴിഞ്ഞില്ല. എന്നാൽ അവരുടെ വിശ്വാസങ്ങളെ തകിടംമറിച്ചുകൊണ്ടു അവരറിയാതെ ട്രോയ് നഗരത്തിനു മേൽ ഒരു ശാപം വീണുപോയി. ഒരു മനുഷ്യപുത്രൻ ഒരു ദേവകന്യകയെ വരണമാല്യം ചാർത്തുകയാണ്. വിവാഹം ഭൂമിയിൽവച്ച് നടക്കുന്ന ക്ഷണിക്കപ്പെട്ട അനവധിദേവന്മാരും ദേവതകളും മനുഷ്യരുമൊക്കെയടങ്ങുന്ന സുപ്രധാന ചടങ്ങുകൾ അരങ്ങേറവേ അവിടെയ്ക്ക് ക്ഷണിക്കപ്പെടാത്ത ഏരീസ്  എന്ന ദേവത (അവർ വിരൂപയും കലഹപ്രിയയുമത്രെ, തന്മൂലംഅവരെ അത്തരം ചടങ്ങുകളിൽ നിന്ന് ഒഴിച്ച് നിർത്തുന്നു ) ഒരു സുവർണ്ണ ആപ്പിൾ പന്തലിലേക്ക് എറിഞ്ഞു.  അതിൽ ഇങ്ങനെ എഴുതിയിരുന്നു.

“ഏറ്റവും സുന്ദരിയായവൾക്ക്” ആ ഒരുവൾ ആരെന്നറിയാൻ അവിടെ സുന്ദരിമാർ മത്സരിച്ചു. സൗന്ദര്യമത്സരത്തിന് തുടക്കം കുറിച്ചത് ഇവിടെ നിന്നാണോ? ഇവിടെ സുന്ദരിമാർ അണിഞ്ഞൊരുങ്ങി സദസ്സിന്റെ മുമ്പിൽ അവരുടെ അനാട്ടമിയും വായ്ത്താരിയുമൊന്നും പ്രദർശിപ്പിച്ചില്ല. സുന്ദരിമാർ എന്ന് വിശ്വാസമുള്ള  ഹീരാ അഥീന , അഫ്രൊഡേറ്റ് എന്നിവർ  മുന്നോട്ട് വന്ന്  അവരുടെ സർവ്വ ശക്തനായ ദൈവത്തോട് സുന്ദരി ആരെന്നു തീരുമാനിക്കാൻ അപേക്ഷിച്ചു. ദേവന്മാർക്ക് മനുഷ്യരേക്കാൾ ബുദ്ധിയുണ്ടെന്നല്ലേ വിശ്വാസം. അദ്ദേഹം അപകടം പിടിച്ച ആ ദൗത്യം ഒരു ആട്ടിടയനെ ഏൽപ്പിച്ചു  ആടുകളുടെ ഇടയിൽ കഴിയുന്നുണ്ടെങ്കിലും ഇയാൾ യഥാർത്ഥ ഇടയനല്ല . കഥകളുടെ ചങ്ങല നീളുന്നത് പുരാണങ്ങളിലെ കൗതുകകരമായ ഒരു വസ്തുതയാണ് ഇടയനാണെന്നു ധരിച്ച് നടന്ന ഇയാൾ ട്രോയം  എന്ന സ്ഥലത്തെ രാജാവിന്റെ മകനായിരുന്നു. ഇയാളുടെ പേര് പാരീസ് ഇദ്ദേഹം അമ്മയുടെ വയറ്റിലായിരുന്നപ്പോൾ അമ്മയ്ക്ക് ഒരു സ്വപ്നമുണ്ടായി. വയറ്റിൽ കിടക്കുന്ന കുട്ടി ട്രോയുടെ നാശത്തിനു കാരണമാകും. കൊട്ടാരത്തിലെ ജ്യോത്സ്യന്മാർ സ്വപ്നം സത്യമാണെന്നു സ്ഥിരീകരിച്ചു. അതുകൊണ്ട് പ്രസവിച്ച ഉടനെ ഈ കുട്ടിയെ ഇഭ പർവതത്തിന്റെ മുകളിൽ ചത്തുപോകാനായി  കൊണ്ടിട്ടു.പക്ഷെ ആട്ടിടയന്മാർ കുട്ടിയെ എടുത്ത് വളർത്തി.

ഈ ആട്ടിടയനെയാണ് സുന്ദരിയായവളേ തിരഞ്ഞെടുക്കാൻ വേണ്ടി ദൈവം നിയോഗിക്കുന്നത്. സുന്ദരിമാർ ഓരോരുത്തരായി ആട്ടിടയനെ പ്രലോഭനങ്ങൾ കൊണ്ട് പാട്ടിലാക്കാൻ ശ്രമിച്ചു. ഹീരാ സമ്പന്നമായ രാജ്യവും അധികാരവും അഥീന  വിവേകവും യുദ്ധങ്ങളിൽ വിജയവും അഫ്രോഡൈറ്റ് ലോകത്തിൽ വച്ച് ഏറ്റവും സുന്ദരിയായ പെണ്ണിന്റെ സ്നേഹവും പാരീസിന് വാഗ്‌ദാനം ചെയ്തു.പാരീസിന്റെ മനസ്സും സുന്ദരിയായവളുടെ സ്നേഹം എന്ന വാഗ്ദാനത്തിൽ മോഹിച്ച് നിന്ന്. ഇതറിഞ്ഞ ഹീരയും അഥീനയും  പ്രതിജ്ഞ ചെയ്തു പാരീസിനെയും ട്രോയ്  നഗരത്തെയും ഞങ്ങൾ  നശിപ്പിക്കും.

ലോകസുന്ദരിയായ ഹെലനെ സ്വന്തമാക്കാനുള്ള വഴി അഫ്രോഡൈറ്റ്  ഒരുക്കുമ്പോൾ പാരീസ് എന്ന ആട്ടിടയൻ ട്രോയുടെ രാജകുമാരൻ ആണെന്ന വസ്തുത വെളിപ്പെടുത്തി അധികാരമേറ്റു. ഗ്രീസിലെ സ്പാർട്ട എന്ന രാജ്യത്തെ രാജകുമാരന്റെ ഭാര്യയായിരുന്ന ഹെലന്റെ മനസ്സിൽ അഫ്രോഡൈറ്റ് എന്ന ദേവത കയറി പറ്റി  അവളുടെ ചിന്തകളെ സ്വാധീനിച്ചു. ഇതിനകം സ്പാർട്ടയിലെത്തിയ പാരീസുമായി ഹെലൻ കണ്ടുമുട്ടി. ദേവതയുടെ സ്വാധീനം മൂലംപാരീസിന്റെ കൂടെ ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച് ഹെലൻ ട്രോയിലേക്ക് പുറപ്പെട്ടു. ഹെലന്റെ സൗന്ദര്യത്തെക്കുറിച്ച് ഡോക്ടർ ഫൗസ്റ്റസ് എന്ന കൃതിയിൽ ആംഗലേയ നാടകകൃത്തും കവിയുമായിരുന്നു ക്രിസ്റ്റോഫെർ മാർലോ എഴുതിയത് ഇങ്ങനെയാണ്.Was this the face that launched a thousand ships? (ഈ മുഖമാണോ ആയിരം കപ്പലുകളെ കടലിൽ ഇറക്കിയത്).സുന്ദരിമാർക്ക് ജീവിത സുരക്ഷാ അന്ന് കുറവായിരുന്നു എന്ന് കാണാം. ഹെലെനെ കഥാപാത്രമായി നിർമ്മിച്ച സിനിമയിലും പറയുന്നത് പ്രണയിക്കുന്നവർ അന്ധരാകരുത്, അവർ ഭാവിയിലേക്ക് കണ്ണ് വച്ചുകൊണ്ട് ഏതു സമയത്തും ഉണ്ടാകുന്ന വേർപിരിയലിന് തയ്യാറാകണമെന്നാണ് .

ഹെലനെ വീണ്ടെടുക്കാൻ വേണ്ടി ഗ്രീക്കുകാർ നടത്തിയ യുദ്ധത്തിൽ ട്രോയ് നഗരം നശിച്ചുപോയി. ഹീരയുടെയും അഥീനയുടെയും പ്രതികാരം അങ്ങനെ ഒരു നഗരത്തെ നശിപ്പിച്ചു. രാമായണത്തിൽ സീതയെ വീണ്ടെടുക്കുവാനുള്ള യുദ്ധത്തിൽ ലങ്കാനഗരം പൂർണ്ണമായി നശിക്കുന്നില്ല. അവശേഷിച്ച ലങ്ക രാവണന്റെ സഹോദരൻ വിഭീഷണനു രാമൻ നൽകുന്നു.  
ശുഭം

 

Join WhatsApp News
ചെല്ലപ്പനാശാരി 2025-07-16 11:56:24
ചിലപ്പോൾ മനുഷ്യർ പ്രണയകുരുക്കുകളിൽ പെട്ടുപോകുന്നത് അവരറിയാതെ ദേവ-ദേവതമാർ തമ്മിലുള്ള മത്സരത്തിന്റെ ഭാഗമായാണ്. ഭർത്താവിനെയും കുട്ടികളെയും വിട്ടേച്ച് പോകുന്ന സ്ത്രീകളെ സമൂഹം പഴിക്കരുത് അവർ വെറും ഇരകളാകുകയാണ്. Vow, Good justification ! ഇതായിരിക്കണം സാഹിത്യം . ഇങ്ങനെയേ രചിക്കാവൂ . ചെല്ലപ്പനാശാരി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക