Image

രക്തബന്ധം (കഥ: ശ്രീകുമാർ ഭാസ്കരൻ)

Published on 16 July, 2025
രക്തബന്ധം (കഥ: ശ്രീകുമാർ ഭാസ്കരൻ)

എടുത്താൽ പൊങ്ങാത്ത ഗവേഷണ ബിരുദവുമായി തെണ്ടിത്തിരിയാൻ തുടങ്ങിയിട്ട് മാസങ്ങളായി. എവിടെയും ക്ലച്ച് പിടിക്കുന്നില്ല. വീട്ടുകാരുടെ പ്രതീക്ഷയും ഏതാണ്ട് പൂർണമായി അസ്തമിച്ചു തുടങ്ങി. നാട്ടിൽ ഇറങ്ങി നടന്നാൽ നാട്ടുകാരുടെ കുശലാന്വേഷണം അവസാനം എത്തിനിൽക്കുന്നത് തൊഴിൽ പ്രശ്നത്തിലാണ്. 
“ഇതുവരെ ഒന്നും ആയില്ലല്യോ?” 
പറയുന്നത് കേട്ടാല്‍ തോന്നും നമുക്ക് ജോലി കിട്ടിയാലുടന്‍ പുള്ളിയുടെ മോളെ          കെട്ടിച്ചുത്തരാനാണ് എന്ന്. അവിടം കൊണ്ടും തീരുന്നില്ല, ബാക്കിയുണ്ട്.
“ഇവിടെ ഇങ്ങനെ കടിച്ചു തൂങ്ങി നിൽക്കാതെ പുറത്തേക്കെങ്ങാനും പോകാൻ നോക്ക്”.
    ഉപദേശങ്ങൾക്ക് ഒന്നും ഒരു കുറവുമില്ല. കേട്ടാൽ തോന്നും നാട്ടിൽ അട്ടിപ്പേറായി ചടഞ്ഞു കൂടി നിൽക്കുകയാണെന്ന്. ഒന്നും ഒത്തുവരാത്തത് കൊണ്ടാണ് എന്ന സത്യം ആരറിയാൻ. ആരെ ബോധ്യപ്പെടുത്താൻ.
വിദ്യാഭ്യാസം കഴിഞ്ഞു ചില താത്കാലിക ജോലികള്‍ നോക്കിയെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായില്ല. പിന്നെ സ്വന്തമായി ഒരു ബിസിനെസ്സ്  തുടങ്ങാന്‍ ആയി പ്ലാന്‍. ബിസിനെസ്സ് സംരംഭത്തില്‍ വന്‍ നഷ്ടം നേരിടേണ്ടി വന്നു. കൂടാതെ കാര്യമായ സാമ്പത്തിക ബാധ്യതയും. അതിനു പരിഹാരമായി അവസാനം അധ്യാപകന്‍ ആകാന്‍ തീരുമാനിച്ചു.
                           ജീവിതത്തില്‍ ഒരിക്കലും ഒരു ടീച്ചര്‍ ആവണം എന്ന് ഞാന്‍ ആഗ്രഹിച്ചിട്ടില്ല. കാരണം ഒരു അധ്യാപകന് വേണം എന്ന് കരുതുന്ന അച്ചടക്ക ജീവിതം എനിക്കുണ്ടായിരുന്നില്ല. ഞാന്‍ അത് ആഗ്രഹിച്ചിട്ടും ഇല്ല.  എന്തെങ്ങിലും ബിസിനെസ് ചെയ്തു ധൂര്‍ത്തനായി ജീവിക്കുക എന്നതായിരുന്നു എന്‍റെ ലക്‌ഷ്യം.  വിദ്യാഭ്യാസ കാലം മുതലേ ഞാന്‍ അതാണ് ആഗ്രഹിച്ചതും.  
                         വിദ്ധ്യാഭ്യാസത്തില്‍ ഞാന്‍ നല്ല ഒരു വിദ്യാര്‍ഥി ആയിരുന്നില്ല. എല്ലാ വിഷയങ്ങളിലും പാസ്സാകും എന്നതിനപ്പുറം ഒരു എക്സലന്‍റ് വിദ്യാര്‍ഥി ആയിരുന്നില്ല.  കുടാതെ പൊതുവേ ചില അദ്ധ്യപികമാര്‍ക്ക് ഞാന്‍ ഒരു തലവേദനയും ആയിരുന്നു. അത് അവര്‍ എന്‍റെ ചില സുഹൃത്തുക്കളോട് പറഞ്ഞിട്ടുമുണ്ട്. എന്‍റെ ആ ആത്മ സുഹൃത്തുക്കള്‍ അത് അപ്പോള്‍ തന്നെ എന്നെ അറിയിക്കുകയും ചെയ്തിരുന്നു. അവര്‍ ഉപദേശിക്കുകയും ചെയ്യുമായിരുന്നു
‘മര്യാദയ്ക് നടക്കണം ഇല്ലെങ്കില്‍  പ്രാക്ടിക്കല്‍ എക്സാം ഒക്കെ ഉള്ളതാണ് വല്ല പണിയും കിട്ടും’. 
ഇങ്ങനെയൊക്കെ ആണെങ്കിലും ഞാന്‍ ആത്മബദ്ധം പുലര്‍ത്തിയിരുന്ന ചില അധ്യാപകര്‍ എന്‍റെ ബിരുദ  കാലത്ത് ഉണ്ടായിരുന്നു. നമ്മള്‍ കാണിക്കുന്ന വിവരക്കേടുകള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കാതെ അതിനെ അര്‍ഹിക്കുന്ന നിലയില്‍ അവഗണിക്കുകയും നമ്മളുടെ ഉന്നമനം ആത്മാര്‍ഥമായി ആഗ്രഹിക്കുകയും ചെയ്തിരുന്നവര്‍. അവരുടെ സ്വാധീനം പില്‍ക്കാലത്ത് എന്‍റെ സ്വഭാവ രൂപീകരണത്തില്‍ കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്‌. 
            ഇതിന്റെ ഇടയ്ക്ക് ഞാന്‍ എത്യോപ്പിയയില്‍ അധ്യാപകന്‍ ആകാന്‍  ശ്രമിച്ചിരുന്നു. രണ്ടു പ്രാവശ്യം. രണ്ടും കോയമ്പത്തൂര്‍ ഉള്ള  ഒരു ഏജന്‍സി വഴി. അഭിമുഖത്തിന് ക്ഷണം ഉണ്ടായി. ഇന്റര്‍വ്യൂ കോയമ്പത്തൂര്‍ വെച്ചായിരുന്നു.  കോയമ്പത്തൂരില്‍ എത്യോപ്പിയന്‍ ടെലിഗേറ്റ്സ് എത്തിയിരുന്നു.  ആദ്യ തവണ   എന്‍റെ പേര് വിളിച്ച സമയത്ത് ഞാന്‍ ഇന്റര്‍വ്യൂ മുറിയിലേക്ക് ചെല്ലുമ്പോള്‍ ഒരു ആ ഫ്രിക്കന്‍ യുവാവ്  ഇരിക്കുന്നു. അദ്ദേഹമാണ് ഇന്റര്‍വ്യൂ നടത്തുന്നത്. കണ്ടാല്‍ പാവം തോന്നും. ഞാന്‍ സര്‍ട്ടിഫിക്കറ്റ് കൊടുത്തു. ആ സര്‍ട്ടിഫിക്കറ്റുകള്‍  ആ യുവാവ്‌ ആദ്യം കാണുന്ന കടലാസ് പോലെ തിരിച്ചും മറിച്ചും നോക്കിയിട്ട് എന്‍റെ കൈയ്യില്‍ തിരിച്ചു തന്നു. ഇനി എന്തെങ്കിലും ചോദിക്കുമെന്നു കരുതി. പക്ഷെ ഒന്നും ചോദിച്ചില്ല. 
ഞാന്‍ അ യുവാവിന്റെ ശബ്ദം കേട്ടില്ല. അത് എങ്ങനെ ഇരിക്കും എന്ന് ഇന്നും എനിക്കറിയില്ല. കാരണം ആ മനുഷ്യന്‍ ഒരു വാക്കും എന്നോട് സംസാരിച്ചില്ല. എത്യോപ്പിയയിലെ ഏതാണ്ട് എല്ലാ സര്‍വ്വകലാശാലയിലേക്കും വേണ്ടിയിട്ടുള്ള അഭിമുഖമാണ് അത്. എത്യോപ്പിയന്‍ സര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ കോളേജുകളിലേക്കും അധ്യാപകരെ തിരെഞ്ഞെടുക്കാനുള്ള അഭിമുഖം.  എന്‍റെ പ്രതീക്ഷ അസ്ഥാനത്തായി. എന്‍റെ ഗവേഷണ വിഷയത്തെപ്പറ്റിപ്പോലും ഒരു വാക്ക് ആ മനുഷ്യന്‍ ചോദിച്ചില്ല. 
സര്‍ട്ടിഫിക്കറ്റ് തിരിച്ചു തന്നതിന് ശേഷം  ആ മനുഷ്യന്‍ ജനലില്‍ക്കുടി പുറത്തേക്കു നോക്കി ഇരുപ്പായി. ഞാനും അ മനുഷ്യനോടു ഐക്യം പ്രാപിച്ചു പുറത്തേക്കു നോക്കി ഇരുന്നു. ഞങ്ങള്‍ രണ്ടു പേരും ഒരക്ഷരം ഉരിയാടിയില്ല.  പുറത്തു തൊഴിലാളികള്‍ ഒരു മരത്തിന്റെ ശാഖ മുറിച്ചു മാറ്റുന്നുണ്ടായിരുന്നു.  ഇടയ്ക് ഞാന്‍ എന്‍റെ ഗവഷണ വിഷയത്തെ പറ്റി  പറഞ്ഞ് ഒന്ന് കളറാക്കാന്‍ ശ്രമിച്ചു. കാരണം നടക്കുന്നത്  ഇന്റര്‍വ്യൂ ആണല്ലോ. മുറിക്കു പുറത്ത്  മുന്നൂറില്‍ അധികം ഉദ്ധ്യോഗാര്‍ഥികള്‍ ഒരു ഹാളില്‍ അക്ഷമയോടെ കാത്തിരിപ്പുണ്ട്‌. അവരുടെ ഊഴം പ്രതീക്ഷിച്ച്. ഞാനും അവരില്‍ ഒരാള്‍ ആയിരുന്നല്ലോ.  
                           ഇന്റര്‍വ്യൂവിനു പേര് വിളിച്ചപ്പോള്‍ അകത്തു ഇന്റര്‍വ്യൂ ബോര്‍ഡ് എന്ന നിലയില്‍ ഒരു പടയെ തന്നെ ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എത്യോപ്പിയന്‍ സര്‍ക്കാര്‍  പ്രതിനിധി, സര്‍വ്വ കലാശാല പ്രതിനിധി, വിഷയ വിദഗ്ധന്‍, ഒരു സൈക്കൊളജിസ്റ്റ് അങ്ങനെ ഒരു ബറ്റാലിയന്‍. ഇങ്ങനെ ആണല്ലോ സാധാരണ ഒരു ഇന്റര്‍വ്യൂ ബോര്‍ഡിന്റെ ഘടന.  പുറത്തിരിക്കുമ്പോള്‍ ഞാനും അങ്ങനെ ആണ് കരുതിയത്‌. പക്ഷെ അകത്തു കയറിയപ്പോള്‍ ആണ് നിജസ്ഥിതി മനസ്സിലായത്. 
            ഇടയ്ക് ഗവേഷണത്തെപ്പറ്റി വിശദീകരിക്കാനുള്ള എന്‍റെ ശ്രമം ദയനീയമായ ഒരു നോട്ടത്തില്‍ കൂടി അ യുവാവ്‌ വിലക്കി. പിന്നീട് വീണ്ടും പുറത്തേക്കു നോക്കി ഇരുപ്പായി. എനിക്ക് ആ മനുഷ്യനോട്  അപ്പോള്‍ വളരെ അനുകമ്പയാണ്  തോന്നിയത്. പെട്ടുപോയതാണ് ആ പാവം. ഒന്നുമറിയാത്ത ഒരു പാവപ്പെട്ടവന്റെ അടുത്തേക്ക് നമ്മളെ നയിച്ചവരോടുള്ള പ്രതിക്ഷേധമാണ് അപ്പോള്‍ എനിക്ക് തോന്നിയത്.  
സുമാര്‍ ഇരുപതു മിനുട്ട് ആ ഇരിപ്പ് തുടര്‍ന്നു. പിന്നീട് വളരെ ദയനീയമായ ഒരു തല ആട്ടലി ലൂടെ യാത്ര ആയിക്കൊള്ളാന്‍ ആ മനുഷ്യന്‍ പറഞ്ഞു. ഞാന്‍ വളരെ വിനയപൂര്‍വ്വം പുറത്തേക്കു പോന്നു. പുറത്തേക്കു വരുമ്പോള്‍ ധാരാളം കണ്ണുകള്‍ എന്നെ ആകാംഷയോടെ നോക്കുന്നുണ്ടായിരുന്നു. എനിക്കത് മനസ്സിലായി. പക്ഷെ ഞാന്‍ ആരുടേയും മുഖത്ത് നോക്കാതെ പെട്ടെന്ന് പുറത്തേക്കു പോന്നു. ഒരു കണക്കിന് പറഞ്ഞാല്‍ ഓടി രക്ഷപ്പെട്ടു.  ഇതാണെന്റെ ആദ്യ എത്യോപ്പിയന്‍ ഇന്റര്‍വ്യൂ അനുഭവം. 
ഒരു അനുഭവം കൊണ്ട് മാത്രം മനുഷ്യന്‍ ഒന്നും പഠിക്കുന്നില്ല എന്നത് എത്ര         ശരിയാണ്. 
‘ചരിത്രം പഠിപ്പിക്കുന്ന ഏറ്റവും വലിയ ചരിത്രം ചരിത്രത്തിൽ നിന്നും മനുഷ്യൻ ഒന്നും പഠിക്കുന്നില്ല എന്നതു തന്നെയാണ്.’ 
ഇത് പറഞ്ഞത് ഞാനല്ല. പ്രസിദ്ധ  ചരിത്രകാരനായ  ആർനോൾഡ് ടൊയൻബി യാണ്. 
ആദ്യ ഇന്റര്‍വ്യൂ കഴിഞ്ഞു ഒന്നര മാസം കഴിഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും കോയമ്പത്തൂര്‍ക്ക് പോയി. എന്‍റെ രണ്ടാം എത്യോപ്പിയന്‍ ഇന്റര്‍വ്യൂവില്‍  പങ്കെടുക്കാന്‍. അതെ ഏജന്‍സി മുഖാന്തരം. 
                        ഇപ്രാവശ്യം പഴയ അനുഭവം ആവര്‍ത്തിച്ചില്ല. അഭിമുഖത്തിന് രണ്ടു  എത്യോപ്പിയന്‍ പ്രതിനിധികള്‍. നല്ല ഇന്റര്‍വ്യൂ. അവരില്‍ ഒരാള്‍ ചോദ്യങ്ങള്‍ ചോദിച്ചു. എന്‍റെ ഗവേഷണത്തെപ്പറ്റി വിശദീകരിച്ചു ഞാന്‍ നന്നായിട്ട് തന്നെ പറഞ്ഞു. ക്ലാസ്സില്‍ കുട്ടികളെ പുതിയ ടോപ്പിക്ക് പഠിപ്പിക്കുന്ന പോലെ വളരെ വിശദമായി തന്നെ ഞാന്‍ വിശദീകരിച്ചു. അഭിമുഖക്കാരന് തൃപ്തിയായി. പിന്നീട് എത്യോപ്പിയയില്‍   കിട്ടുന്ന സൗകര്യങ്ങളെപ്പറ്റി അദ്ദേഹം വിശദീകരിച്ചു. ഫാമിലി ഉണ്ടെങ്കില്‍ ഫാമിലി താമസ സൗകര്യം തരും, ഭക്ഷണം, വൈദ്യ സഹായം എല്ലാം സൗജന്യം ആയിരിക്കും. അങ്ങനെ എല്ലാ കാര്യങ്ങളും പറഞ്ഞു. എന്‍റെ സെലെക്ഷന്‍ ഏതാണ്ട് ഉറപ്പിച്ച മട്ടില്‍ അദ്ദേഹം പറഞ്ഞു നിര്‍ത്തി. എല്ലാം ശുഭം. ഇനി എത്യോപ്പിയക്ക് വണ്ടി കയറിയാല്‍ മതി. അറിയിപ്പു കിട്ടുന്ന മുറയ്ക്. 
              ഇന്റര്‍വ്യൂ കഴിഞ്ഞു പിരിയുമ്പോൾ താമസിയാതെ അറിയിപ്പ് വരും എന്ന് എത്യോപ്പിയന്‍ പ്രതിനിധി പറഞ്ഞിരുന്നു.  ഞാന്‍ കാത്തിരുന്നു. പക്ഷെ പിന്നീട് ഒരു വിവരവും ഉണ്ടായില്ല.  എന്തുകൊണ്ടെന്ന് എനിക്ക് മനസ്സിലായില്ല. ഒരു മാസം കഴിഞ്ഞു ഞാന്‍ പത്രത്തില്‍ക്കൂടി അറിഞ്ഞു, എത്യോപ്പിയയില്‍ ഞാന്‍  പോകേണ്ട സ്ഥലത്ത് വലിയ കലാപം പൊട്ടിപ്പുറപ്പെട്ടു എന്നും ഒരുപാടു പേര്‍ക്ക് ജീവഹാനി ഉണ്ടായി എന്നും. എന്‍റെ  എത്യോപ്പിയന്‍ സ്വപ്നം അങ്ങനെ മുടങ്ങി. പിന്നീട് ഒരിക്കലും എത്യോപ്പിയയില്‍ പോകാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. 
              എന്‍റെ കാര്യം അങ്ങനെ ആയിരിന്നു പലപ്പോഴും. ഞാന്‍ ആഗ്രഹിച്ച്  വെട്ടിപ്പിടിക്കുന്നതാണ് കേമം എന്നും അത് എനിക്ക് ഉചിതമായിരിക്കും എന്നും ഞാന്‍  കരുതിയിരുന്നു. ആ വെട്ടിപ്പിടിക്കലില്‍  ചിലത് പരാജയപ്പെട്ടപ്പോള്‍  ഞാന്‍ ഖിന്നനായി. എന്‍റെ കഴിവില്ലായ്മയില്‍ ഞാന്‍ പരിതപിച്ചു. നഷ്ടപ്പെട്ടത് വിധി ആണെന്ന് കരുതാനുള്ള മനോനില എനിക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് ആ നഷ്ട്ടപ്പെടലുകള്‍ നന്നായി എന്ന് തോന്നിയ സന്ദര്‍ഭങ്ങള്‍ ധാരാളം ഉണ്ടായിട്ടുണ്ട്. 
തൊഴിൽ അന്വേഷണം പെണ്ണുകാണൽ പോലെയാണ്. വിവാഹ ദല്ലാള്‍ വന്നു പറയുന്ന മാനദണ്ഡങ്ങൾ വെച്ച് നോക്കുമ്പോൾ, സൗന്ദര്യത്തിൽ ഐശ്വര്യ റായി തന്നെ വരണം, സ്വത്തിന്റെ കാര്യത്തിൽ ആണെങ്കിൽ അംബാനി കുടുംബത്തിൽ നിന്നായാലും തരക്കേടില്ല. അതിനുള്ള സർവ്വയോഗ്യതയും നമുക്കുണ്ട്. ഇത് പറഞ്ഞു ഉറപ്പിക്കുന്നത് ദല്ലാള്‍ തന്നെയാണ്. ആ പരുവത്തിൽ നമ്മളെ പറഞ്ഞു ബോധ്യപ്പെടുത്തും. 
വിവാഹ ദല്ലാളിന്റെ പറച്ചിലില്‍ ആദ്യം ഒരു സോപ്പിടീയിൽ നമുക്ക് മണക്കും. പക്ഷേ പിന്നെ ഗീബല്‍സീയന്‍  തത്വം വർക്ക് ചെയ്തു തുടങ്ങും. നമ്മൾ കരുതും എന്തുകൊണ്ടും ദല്ലാള്‍ പറഞ്ഞമാതിരി നമ്മൾ സർവ്വതായോഗ്യനാണെന്ന്. പിന്നെ പെണ്ണാലോചനയായി. എലിസബത്ത് ടൈലർ മുതൽ സോഫിയ ലോറൻസ് വരെ ഉള്ള ലിസ്റ്റ് ആണ് വിവാഹ ദല്ലാള്‍ ആദ്യം മുന്നോട്ടുവെക്കുന്നത്. ഓരോ പ്രാവശ്യവും കാർക്കൂലി കൊടുത്ത് ഓരോ വീട്ടിൽ ചെന്ന് കേറും. ചായയും മിക്ച്ചറും ബിസ്ക്കറ്റും കഴിക്കും. ടി. വി സീരിയലില്‍ കണ്ടു പരിചയിച്ച രംഗം അല്ല പലപ്പോഴും നടക്കുക. വീട്ടിൽ വന്ന ഒരാളല്ലേ ചുമ്മാ ചായ കൊടുത്തു വിടാം എന്ന നിലപാട് ആയിരിക്കും പെൺവീട്ടുകാര്‍ക്ക്. തികച്ചും ആതിഥ്യമര്യാദ. ചായ കുടിക്കുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും ഇത് നടക്കില്ലെന്ന്. കാരണം പെൺകുട്ടിയുടെ പ്രതികരണം അതായിരിക്കും. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അങ്ങനെയാവും  അവരോടും വിവാഹ ദല്ലാള്‍ പറയുക.
“അതേ അടുത്ത ഞായറാഴ്ച  ഞാനൊരു പയ്യനുമായിട്ട് വരാം. നോക്കാം. പറ്റിയാൽ ആലോചിച്ചാൽ മതി. വന്നിട്ട് പോട്ടെ. എന്താ?” ശരി. വീട്ടുകാരും സമ്മതിക്കും. അവർക്ക് എന്താ ചിലവ്. അല്പം മിക്ച്ചറും ബിസ്ക്കറ്റും ഒരു ചായയും, ഒരാൾക്ക് കൂടി കൊടുക്കുന്നു. അതിൽ വിരോധമൊന്നുമില്ല. ഒന്നുമല്ലെങ്കിലും കാണാൻ വരുന്ന പയ്യൻറെ ചിലവ് വെച്ച് നോക്കുമ്പോൾ നഷ്ടം തുലോം തുച്ഛം. പയ്യൻ കാറുപിടിച്ച് കുറഞ്ഞതൊരു പത്തു  കിലോമീറ്റർ എങ്കിലും യാത്ര ചെയ്യേണ്ടിവരും. അപ്പോൾ കൂടുതല്‍ നഷ്ടം പയ്യന് തന്നെ. 
കഴിഞ്ഞില്ല. ഓരോ പെണ്ണുകാണാൻ കഴിയുമ്പോഴും തല ചൊറിഞ്ഞു നിൽക്കുന്ന ദല്ലാളിനും കൊടുക്കണം കാര്യമായി എന്തെങ്കിലും. പോകുമ്പോൾ അടുത്ത ഞായറാഴ്ചത്തെക്കാര്യം ഓർമിപ്പിക്കും. ഒരുങ്ങി നിൽക്കണം. അങ്ങനെ ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത ഒരുപാട് സ്ഥലത്ത് കൊണ്ടുപോയി വിവാഹ ദല്ലാള്‍ നമ്മളില്‍ നിന്നും സമ്പാദിക്കും. നമ്മളാണെങ്കിലോ ദല്ലാളിന്റെ ആത്മാർത്ഥതയിൽ സന്തോഷിക്കും. 
കുറെ ഇങ്ങനെ ഓടിക്കഴിയുമ്പോള്‍ ദല്ലാള്‍ നമ്മളോട് പറയും. “നമുക്കല്‍പം  താഴോട്ട് പിടിക്കാം”. 
എന്ന് പറഞ്ഞാൽ പ്രായം കൂടിയ സൗന്ദര്യം കുറഞ്ഞ വിദ്യാഭ്യാസം ഇല്ലാത്ത ദാരിദ്ര്യത്തിൽ എത്തി നിൽക്കും ഒടുക്കം. എന്നാലെങ്കിലും വിവാഹം നടക്കട്ടെ എന്ന് നമ്മള്‍ കരുതിയാലും രക്ഷയില്ല. വിവാഹം നടക്കത്തില്ല. കാരണം എല്ലാത്തിനോടും കോംപ്രമൈസ് ചെയ്താലും ഒടുക്കം ജാതകം വില്ലൻ ആവും. 
ഇതുപോലെയാണ് തൊഴിലും. ആദ്യം അങ്ങ് കൊമ്പത്ത് നിന്ന് തുടങ്ങും. അവസാനം വല്ല ചുമട്ടുതൊഴിലോ മരംവെട്ടോ എന്തെങ്കിലും കിട്ടിയാൽ മതി എന്നാവും. ഞാനും അങ്ങനെ തന്നെ തുടങ്ങി. 
ഗവേഷണ സ്ഥാപനങ്ങൾ, കോളേജുകൾ, സ്കൂളുകൾ എന്തിന് അവസാനം അംഗനവാടിയില്‍ വരെ ജോലി അന്വേഷിക്കാം എന്ന പരുവത്തിൽ എത്തി. പത്രത്തിലെ ക്ലാസിഫൈഡ് പരസ്യം മൊത്തം അരിച്ചുപെറുക്കി ജോലിക്ക് അന്വേഷണമായി.
    ഒടുവിൽ സ്റ്റേറ്റ് വിട്ടു പോകാൻ തീരുമാനിച്ചു. അതിനു കാരണം നമ്മുടെ ഒരു സുഹൃത്തായിരുന്നു. ഞാന്‍ ഗവേഷണം നടത്തിയ സർവ്വകലാശാലയില്‍  ഉദ്യോഗസ്ഥനായ അദ്ദേഹം അൽപകാലം തൊഴിൽ സംബന്ധമായി ഹൈദരാബാദിൽ പോയി വന്നപ്പോൾ ഒരു കാര്യം പറഞ്ഞു. 
“മലയാളി അധ്യാപകർക്ക് ഹൈദരാബാദിൽ നല്ല ഡിമാൻഡ് ആണ്. ചോദിക്കുന്ന ശമ്പളം കിട്ടും. കേരള ടീച്ചേഴ്സ് പഠിപ്പിക്കുന്നു എന്ന പബ്ലിസിറ്റിയിലാണ് അവിടെ പല സ്കൂളുകളും പ്രവർത്തിക്കുന്നത്.  താൻ ഒന്ന് ശ്രമിച്ചു നോക്ക്. അവിടെ കിട്ടും. ഉറപ്പ്.”
ആ  ഉറപ്പിന്റെ ബലത്തിൽ ഒടുവിൽ സംസ്ഥാനത്തിന് വെളിയിൽ ജോലി അന്വേഷിക്കാൻ ഞാന്‍ തീരുമാനിച്ചു. അത് വിജയം കണ്ടു. ഒരുപാട് സ്കൂളുകളുടെ ഏജന്റായി പ്രവർത്തിക്കുന്ന ഒരു വ്യക്തിയെ ഞാന്‍ കണ്ടെത്തി. അദ്ദേഹം കുറെ സ്കൂളുകളുടെ വേക്കൻസി ലിസ്റ്റ് പരതി. അതിൽ നിന്നും യോഗ്യമായ രണ്ട് സ്കൂളുകളുടെ നമ്പർ എടുത്തു. അപ്പോൾ തന്നെ പ്രിൻസിപ്പളുമായി ഫോണിൽ ഇൻറർവ്യൂ നടത്തി. ഇൻറർവ്യൂ തൃപ്തികരമായിരുന്നു. അതുകൊണ്ട് പ്രിൻസിപ്പൽ ‘ഓക്കേ’ പറഞ്ഞു. മാന്യമായ ഒരു ശമ്പളവും ഓഫർ ചെയ്തു. കൂടെ സൗജന്യ താമസം, ഭക്ഷണം. ഒരാഴ്ചയ്ക്കുള്ളിൽ ജോയ്ൻ ചെയ്യണം. എനിക്ക് സന്തോഷമായി. 
“ഹൈദരാബാദിലേക്ക് പോകുമ്പോൾ ഒരു അയ്യായിരം കയ്യിൽ കരുതിക്കോളൂ. ഒരു മാസം കഴിഞ്ഞല്ലേ ശമ്പളം കിട്ടു. അഡ്വാൻസ് വാങ്ങാം. എന്നാലും ഒരു കരുതൽ വേണം.”
ഹൈദരാബാദില്‍ നിന്നും ഫാക്സ് ചെയ്ത നിയമന ഉത്തരവ് കൈയ്യില്‍ തരുമ്പോള്‍ ഏജൻറ് ഉപദേശിച്ചു. 
“ശരി”. ഞാന്‍ സമ്മതിച്ചു. 
പിന്നെ ഏജെന്റിനു നന്ദിയും പറഞ്ഞിറങ്ങുമ്പോള്‍, മനസ്സിൽ തീയായിരുന്നു. അയ്യായിരം രൂപ. അത് എവിടെ നിന്നും ഉണ്ടാക്കും. എന്നും സഹായത്തിന് നിന്നിട്ടുള്ള സുഹൃത്തിനോട് ചോദിച്ചപ്പോൾ, മാസം ലോൺ അടയ്ക്കാൻ കടം വാങ്ങിയ കാര്യം അവൻ എന്നോട് പറഞ്ഞു. ഇനി എന്ത് ചെയ്യും. ഞാൻ ഇരുന്ന് ആലോചിച്ചു. ഒടുവിൽ ഗവേഷണ കാലഘട്ടത്തിൽ സൗഹൃദം തുടങ്ങിയ എൻറെ ഡിപ്പാർട്ട്മെന്റിലെ ക്ലെര്‍ക്കായിരുന്ന ജോസഫ് ചേട്ടനോട് ചോദിക്കാൻ തീരുമാനിച്ചു. എൻറെ അവസ്ഥ അദ്ദേഹത്തിന് മനസ്സിലാകും. തൊഴിൽ രഹിതനായിരുന്ന എനിക്ക് വീട്ടിൽ നിന്നും കിട്ടിയിരുന്ന ട്രീറ്റ്മെൻറ് എന്തായിരുന്നു എന്നറിയാവുന്ന ഒരേ ഒരാൾ ജോസഫ് ചേട്ടനാണ്. 
പലപ്പോഴും മനം മടുത്തു എങ്ങോട്ടെങ്കിലും ഓടിപ്പോയാൽ മതി എന്ന് തോന്നുമ്പോൾ ഓടിച്ചെല്ലുന്നത് ജോസഫ് ചേട്ടൻറെ അരികിലേക്ക് ആയിരുന്നു. എൻറെ അഭിമാനം സംരക്ഷിച്ചുകൊണ്ട് പലപ്പോഴും പട്ടിണിയായ എൻറെ വയറിന് ആശ്വാസമായി അദ്ദേഹം വാങ്ങി തന്നിരുന്ന ചായയും കട്ലറ്റും ആയിരുന്നു എൻറെ വിശപ്പടക്കിയിരുന്നത്. എന്നും എനിക്ക് ആഹാരത്തിനു മുട്ടായ അവസരങ്ങളിൽ ഒക്കെ, എൻറെ അവസാന ആശ്രയം ജോസഫ് ചേട്ടനായിരുന്നു.
മുഖവുര ഇല്ലാതെ ഞാൻ ജോസഫ് ചേട്ടനോട് കാര്യം പറഞ്ഞു, അയ്യായിരം   രൂപ. അദ്ദേഹം എന്നെ ദയനീയമായി ഒന്നു നോക്കി. എന്നെ സഹായിക്കാൻ വേണ്ടി മാത്രം തുടങ്ങിയതും പിന്നീട് പൊളിഞ്ഞു പോയതുമായ ബിസിനസ് സംരംഭങ്ങൾ ഞങ്ങള്‍ രണ്ടു പേരുടെയും മനസ്സിലൂടെ കടന്നുപോയി. 
“വൈശാഖ് നമ്മളുടെ ബിസിനസിന് എടുത്ത ലോണിന്റെ തിരിച്ചടവും മറ്റു പുറം കടക്കാരുടെ  അടവും കൊടുത്തു കഴിയുമ്പോൾ മാസ ശമ്പളത്തിൽ നിന്ന് ഒരു അഞ്ഞൂറ് രൂപ പോലും വീട്ടുകാരിയുടെ കയ്യിൽ കൊടുക്കാൻ എനിക്ക് കഴിയുന്നില്ല. അതാണ് ഇപ്പോഴത്തെ അവസ്ഥ. അവർക്ക് ഒരു ജോലി ഉള്ളതുകൊണ്ട് വീട്ടു കാര്യങ്ങൾ നടന്നു പോകുന്നു. ഈ സാഹചര്യത്തിൽ ഞാൻ എങ്ങനെ...” ജോസഫ് ചേട്ടൻ അര്‍ദ്ധോക്തിയില്‍ നിർത്തി. ഞാൻ ഒന്നും മിണ്ടിയില്ല. 
“വൈശാഖിന്റെ ബന്ധുക്കൾ ആരെങ്കിലും... ആ വഴി ഒന്നു ശ്രമിച്ചു കൂടെ?” ജോസഫ് ചേട്ടന്‍ ചോദിച്ചു.
“ബന്ധത്തിൽ ഒരു പാർട്ടിയുണ്ട്. പക്ഷേ ഞാൻ ഇതുവരെ ഒന്നും ചോദിച്ചിട്ടില്ല. മോശമല്ലേ.?” ഞാന്‍ പറഞ്ഞു.
“ബന്ധു എന്നു പറഞ്ഞാൽ...?”
“രക്തബന്ധം തന്നെ. പക്ഷേ പ്രായത്തിൽ അല്പം ഇളയതാണ്.” ഞാന്‍ പറഞ്ഞു.
“എന്താ ജോലി?”
“ബാങ്ക് എംപ്ലോയി. ഇപ്പോൾ തരക്കേടില്ലാത്ത നിലയിലാണ്.” ഞാന്‍ പറഞ്ഞു.
“എങ്കിൽ ചോദിക്ക്. കടമായിട്ട് അല്ലേ? ഏറിയാൽ രണ്ടുമാസം അല്ലേ തിരിച്ചു കൊടുക്കാൻ വേണ്ടി വരൂ”. ജോസഫ് ചേട്ടൻറെ ആത്മാർത്ഥത എനിക്കുള്ളതിലും  കൂടുതലായിരുന്നു.
ഒരിക്കൽ അദ്ദേഹം എന്നോട് പറഞ്ഞു. “നീ എങ്ങോട്ടെങ്കിലും നാടുവിട്ടുപോ. എൻറെ മുന്നിൽ കിടന്ന് നീ തെണ്ടുന്നത് കാണാൻ വയ്യ.” 
എനിക്ക് അന്ന് ഒന്നും പറയാനുണ്ടായിരുന്നില്ല. പക്ഷെ ജോസഫ് ചേട്ടന്റെ ആ അഭിപ്രായം എന്നില്‍ ഉണ്ടാക്കിയ വിഷമം ചില്ലറയല്ല. 
എന്നെ ഇഷ്ടപ്പെടുന്ന അവസാനത്തെ വ്യക്തിയും എന്നെ വെറുത്തു തുടങ്ങി എന്ന തിരിച്ചറിവ് ആയിരുന്നു അതിനു കാരണം. അന്ന് ഞാന്‍ തീരുമാനിച്ചു. ഇനി നാട്ടില്‍ കടിച്ചുതൂങ്ങി നിന്നിട്ട് കാര്യമില്ല. നാട് വിടണം. പുറത്തെവിടെയെങ്കിലും എന്തെങ്കിലും കൈത്തൊഴില്‍ ചെയ്തെങ്കിലും ജീവിക്കണം. ഈ നാണക്കേട്‌ ഇനി വയ്യ. 
ജോസഫ് ചേട്ടൻറെ ഉത്സാഹവും കൂടി ആയപ്പോൾ മടിച്ചാണെങ്കിലും ബന്ധുവിനോട് പണം ചോദിക്കാൻ തന്നെ തീരുമാനിച്ചു. ചോദിച്ചാൽ കിട്ടും ഉറപ്പ്. പക്ഷേ പ്രായത്തിൽ ഇളയ ഒരാളോട് സഹായം ചോദിക്കേണ്ടി വന്നല്ലോ എന്ന മന:പ്രയാസം ശക്തമായിട്ടുണ്ട്. കുടുംബബന്ധമോ രക്തബന്ധമോ ആയിരുന്നില്ല, അതിലുപരിയായ ഇടപെടലുകൾ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. ഇടപെടലുകളുടെ ബലത്തിൽ ഞാൻ സ്വാർത്ഥത കാണിക്കുകയാണെന്ന് അവന്‍  ധരിക്കുമോ എന്ന ഒരു ഭയവും എനിക്കുണ്ടായിരുന്നു. പക്ഷേ മറ്റു മാർഗ്ഗങ്ങൾ ഒന്നും തന്നെ അപ്പോള്‍ എന്റെ മുന്നിലില്ലായിരുന്നു.  
ഞാന്‍ ജോസഫ് ചേട്ടനോട് യാത്ര പറഞ്ഞ് ബസ് സ്റ്റാൻഡിലെ ഫോൺ ബൂത്തിൽ നിന്നും രക്തബന്ധത്തെ വിളിച്ചു. കൂടുതൽ വിശദീകരിക്കാതെ ഞാന്‍ കാര്യം പറഞ്ഞു. 
“അയ്യായിരം രൂപ. കടമായിട്ട്. ഏറിയാല്‍ ഒന്നര മാസം മതി. അതിനുള്ളില്‍ തിരിച്ചു തരാം.” 
അവന് ഈ തുക ഒരു പ്രശ്നമല്ലെന്ന് എനിക്ക് നന്നായി അറിയാം. കാരണം ശമ്പളം കിട്ടിയില്ലെങ്കിൽ പോലും ജീവിക്കാനുള്ള ചുറ്റുപാട് അവനുണ്ട്. 
ഒരു നിമിഷം മറുതലയ്ക്കല്‍ നിശബ്ദത. പിന്നെ മുറിഞ്ഞ ശബ്ദത്തിൽ അവൻ പറഞ്ഞു. “ചേട്ടാ പൈസ ഒക്കെ എൻറെ കയ്യിൽ ഉണ്ട്. ബാങ്കിലിട്ടിരിക്കുകയാണ്. ഏനിക്കൊരു വണ്ടി എടുക്കാൻ പ്ലാൻ ഉണ്ട്. അതുകൊണ്ട്... ചേട്ടന്‍ മറ്റാരോടെങ്കിലും ചോദിക്ക്.”  
കൂടുതൽ ഒന്നും പറയാതെ എന്റെ മറുപടി പോലും കേൾക്കാന്‍ നില്‍ക്കാതെ അവൻ ഫോൺ കട്ട് ചെയ്തു.
ഞാൻ ഫോൺ പിടിച്ചു കൊണ്ട് അതേപടി ഒരു നിമിഷം സ്തംഭിച്ചു നിന്നു. പുറത്ത് ഫോൺ ചെയ്യാൻ ആളുകൾ ക്യൂ നിൽക്കുന്നു. ഞാൻ പരിസരബോധം വീണ്ടെടുത്ത് പെട്ടെന്ന് തന്നെ ബൂത്തിൽ നിന്നും പുറത്തിറങ്ങി.  ദുഃഖമല്ല ആ സമയത്ത് എനിക്ക് തോന്നിയത്. അഭിമാനക്ഷതം, നാണക്കേട്. 
ബസ്റ്റാൻഡിലെ ചാരുബെഞ്ചില്‍ ഞാൻ അൽപ നേരം ഇരുന്നു. ഉള്ളു പുകയുകയായിരുന്നു. ഇനിയെന്ത്? ഇനി ഒന്നുമില്ല. വിളിച്ചു ചോദിക്കാൻ ആരുമില്ല. അല്പം കഴിഞ്ഞ് ഞാൻ വീണ്ടും ബൂത്തിൽ കയറി. പിന്നീട് ഡയൽ ചെയ്തു, എൻറെ തൊഴിൽ ദാതാവിന്. മറുതലയ്ക്കൽ ഫോണെടുത്തപ്പോൾ ഒറ്റ ശ്വാസത്തിൽ ഞാൻ പറഞ്ഞു തീർത്തു. 
“എക്സ്ക്യുസ് മി. ഐ കനോട്ട് ഏബിള്‍ ടു കം ദയ്ര്‍ ഓണ്‍ ദ സ്പെസിഫൈട്  ഡേ. ബിക്കോസ് ഓഫ് മൈ പേര്‍സണല്‍ പ്രോബ്ലെംസ്. സോ...” 
മറുതലയ്ക്കൽ നിന്നുള്ള മറുപടിക്ക് മുമ്പേ ഞാൻ ഫോൺ കട്ട് ചെയ്തു. പിന്നെ സര്‍വ്വകലാശാലയിലേക്കുള്ള ബസ്സില്‍ കയറി. 
അവിടെ ജോസഫ്‌ ചേട്ടന്‍ എന്നെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. അക്ഷമയോടെ. ഞാന്‍ അടുത്ത് ചെന്നപ്പോള്‍ അദ്ദേഹം ചോദിച്ചു. 
“എന്തായി? നടന്നു അല്ലെ.”
ഞാന്‍ അപ്പോള്‍ ജോസഫ്‌ ചേട്ടനോട് ഒരു കഥ പറഞ്ഞു. പഞ്ചതന്ത്രത്തിലെ കഥ.
“പണ്ട്, രാജ്യം നഷ്ടപ്പെട്ട ഒരു രാജാവിന്റെ നാല് പുത്രന്മാര്‍ എങ്ങനേയും രാജ്യം   തിരിച്ചു പിടിക്കാന്‍ തീരുമാനിച്ച് ഇറങ്ങിപ്പുറപ്പെട്ടു. അവര്‍ നടന്ന് അടുത്ത രാജ്യത്തെത്തി. അവിടെ രാജാവിന്റെ സേവ പിടിച്ചുപ്രിയപ്പെട്ടവരായി. ഒരിക്കല്‍ അവസരം കിട്ടിയപ്പോള്‍ അവര്‍ വളരെ വിലപ്പെട്ട ഏതാനും രത്നങ്ങള്‍ രാജാവില്‍ നിന്നും മോഷ്ടിച്ച് ഒരു തുണിയില്‍ പൊതിഞ്ഞുവിഴുങ്ങി. ഇങ്ങനെ നാല് പേരും രത്നങ്ങള്‍ വിഴുങ്ങി. പിന്നീട് രാജാവിനോട് യാത്ര ചോദിച്ച് പുറത്തേക്ക് നടന്നു. ഈ സമയം കൊട്ടാരത്തില്‍ മോഷ്ടിക്കാന്‍ കയറിയ ഒരു കള്ളന്‍ ഇതെല്ലം കാണുന്നുണ്ടായിരുന്നു. കള്ളന്‍ രാജകുമാരന്മാരോടോത്ത് കൂടി. അവസരം കിട്ടുമ്പോള്‍ അവരെ കൊന്ന് അവരുടെ വയറ്റില്‍ ഉള്ള രത്നങ്ങള്‍ കൈകലാക്കുക എന്നതായിരുന്നു കള്ളന്റെ ലക്‌ഷ്യം. 
രാജകുമാരന്മാര്‍ പുറത്തേക്ക് നടക്കുമ്പോള്‍ കൊട്ടാരത്തില്‍ ഉണ്ടായിരുന്ന ഒരു വിശിഷ്ട തത്ത ശബ്ദം ഉണ്ടാക്കി ‘കള്ളന്‍’ എന്ന് വിളിച്ചു പറഞ്ഞു. തത്തയ്ക് വിശേഷപ്പെട്ട ഒരു കഴിവ് ഉണ്ടായിരുന്നു. അത് രത്നങ്ങള്‍ എവിടെയാണെങ്കിലും തിരിച്ചറിയാനുള്ള കഴിവായിരുന്നു. 
രാജാവ് ഉടന്‍ തന്നെ ഈ അഞ്ചു പേരെയും തടവിലാക്കാന്‍ ഉത്തരവായി. അടുത്ത ദിനം അവരെ പരിശോധിക്കാന്‍ തീരുമാനിച്ചു. തടവില്‍ കിടന്ന കള്ളന്‍ കുമാരന്മാരോട് പറഞ്ഞു. ‘നിങ്ങളുടെ വയറ്റില്‍ രത്നങ്ങള്‍ ഉണ്ടെന്ന് എനിക്കറിയാം. നാളെ അവര്‍ നമ്മുടെ ശരീര പരിശോധന നടത്തുമ്പോള്‍ നമ്മളുടെ വയര്‍ കീറി നോക്കും. കാരണം അവര്‍ക്ക് ആ തത്തയെ അത്ര വിശ്വാസം ആണ്. നിങ്ങളില്‍ ആരുടെയെങ്കിലുമാണ് വയര്‍ ആദ്യം കീറുന്നത് എങ്കില്‍ ഉറപ്പായും ബാക്കി എല്ലാവരുടെയും വയര്‍ കീറും. അങ്ങനെ നമ്മള്‍ അഞ്ചുപേരും മരിക്കും. എന്നാല്‍ എന്‍റെ വയറാണ് ആദ്യം കീറുന്നതെങ്കില്‍ തത്തയ്ക്ക് തെറ്റ് പറ്റി എന്ന് രാജാവ് തീരുമാനിക്കും. അപ്പോള്‍ നിങ്ങളെ വെറുതെ വിടും. അതുകൊണ്ട് ഞാന്‍ ആദ്യം പോകാം. അടുത്ത ദിനം കള്ളന്‍  പറഞ്ഞത് പോലെ സംഭവിച്ചു. അങ്ങനെ നാല് രാജകുമാരന്മാരും രക്ഷപ്പെട്ടു. 
പിന്നീട് രാജകുമാരന്മാര്‍ തങ്ങളുടെ വയറ്റില്‍ നിന്നും രത്നങ്ങള്‍ പുറത്തെടുത്ത്, അത്  വിറ്റു കിട്ടിയ പണം ഉപയോഗിച്ച് ഒരു സൈന്യം ഉണ്ടാക്കി. തങ്ങളുടെ ശത്രു രാജാവിനെ കീഴടക്കി തങ്ങളുടെ രാജ്യം തിരിച്ചു പിടിച്ചു.
അങ്ങനെ രാജകുമാരന്മാരില്‍ മൂത്തയാള്‍ രാജാവായി. അദ്ദേഹത്തിനു വിശ്വസ്തനായ ഒരു കുരങ്ങന്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ അദ്ദേഹം ഉറങ്ങുന്ന സമയത്ത് ഒരു ഈച്ച അദ്ദേഹത്തിന്റെ മുഖത്തിരിക്കുന്നത് കുരങ്ങന്‍ കണ്ടു. രാജാവിനെ ശല്യം ചെയ്യുന്ന ഈച്ചയെ കൊല്ലാന്‍ കുരങ്ങന്‍ തീരുമാനിച്ചു. കുരങ്ങന്‍, രാജാവ് അടുത്ത് വെച്ചിരുന്ന ഉടവാള്‍ എടുത്ത് രാജാവിന്റെ മുഖത്തിരുന്ന ഈച്ചയെ ആഞ്ഞു വെട്ടി. വെട്ടേറ്റ രാജാവ് അവിടെവച്ച്  തല്‍ക്ഷണം മരിച്ചു.
“ഇതില്‍ നിന്നും എന്ത്  മനസ്സിലായി എന്നറിയാമോ?” ഞാന്‍ ജോസഫ്‌ ചേട്ടനോട് ചോദിച്ചു. 
ജോസഫ്‌ ചേട്ടന്‍ എന്നെ നോക്കി. ഞാന്‍ പറഞ്ഞു.
“വിവേകമുള്ള ശത്രുവാണ് വിവേകമില്ലാത്ത മിത്രത്തേക്കാളും നല്ലത്.” 
ജോസഫ്‌ ചേട്ടന് കാര്യം മനസ്സിലായില്ല. പക്ഷെ ഒന്ന് മനസ്സിലായി. കാര്യം നടന്നില്ല. 
ഞാന്‍ കൂടുതല്‍ വിശദീകരിക്കാന്‍ നിന്നില്ല. എന്തിന് ഒരു മാനനഷ്ടത്തിന്റെ കഥ ആവര്‍ത്തിക്കണം. 
വസ്തുതകൾ വെളിപ്പെടും മുൻപെ ജോസഫ്‌ ചേട്ടനോട്  യാത്ര പറഞ്ഞ് ഞാന്‍ നാട്ടിലക്കുള്ള ബസ്സില്‍ കയറി.
dr.sreekumarbhaskaran@gmail.com

*****

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക