Image

മലയാളികളുടെ പത്രവായനാ സുഖവും ദിനപത്രങ്ങളുടെ നിലനില്‍പ്പിനുള്ള ദുഖവും (എ.എസ് ശ്രീകുമാര്‍)

Published on 16 July, 2025
മലയാളികളുടെ പത്രവായനാ സുഖവും ദിനപത്രങ്ങളുടെ നിലനില്‍പ്പിനുള്ള ദുഖവും (എ.എസ് ശ്രീകുമാര്‍)

മലയാളത്തിലെ ചിരപുരാതനമായ ദിനപത്രങ്ങളുടെ നിലനില്‍പ്പ് അപകടത്തിലായിരിക്കുന്നുവെന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. നൂറ്റാണ്ട് പിന്നിട്ട് മനസില്‍ മായാതെ പതിഞ്ഞ പ്രത്രമുത്തശ്ശികളും പിറവികൊണ്ട് കാലത്തിനൊത്ത് ഉയരാതെ ക്ലേശിക്കുന്നവയും ഇക്കൂട്ടത്തില്‍പ്പെടുന്നുവെന്നത് മാധ്യമ സംസ്‌കാരം നെഞ്ചില്‍ കെടാതെ കാത്തുസൂക്ഷിക്കുന്ന മലയാളികളെ വേദനിപ്പിക്കുന്ന വസ്തുതയാണ്. 'ഭൂമിക്കൊരു ചരമഗീതം' എന്ന വിഖ്യാത കവിത രചിച്ചത് മലയാളത്തിന്റെ ജ്ഞാനപീഠ ജേതാവ് ഒ.എന്‍.വി കുറുപ്പ് ആണെങ്കില്‍, നാളെ 'മലയാള ദിനപ്പത്രങ്ങള്‍ക്കൊരു ചരമഗീതം' ആരെങ്കിലും എഴുതിയാല്‍ അതില്‍ ആശ്ചര്യപ്പെടേണ്ടതില്ല.

ഈ കടുത്ത പ്രതിസന്ധിയുടെ കാര്യകാരണങ്ങള്‍ ഗൗരവതരമായി വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. ദിനപത്രങ്ങളോടുള്ള മലയാളികളുടെ ആഭിമുഖ്യം പുകള്‍പെറ്റതാണ്. അതിരാവിലെ വിതരണക്കാരന്റെ കൈയില്‍നിന്നും പൂമുഖത്തേയ്ക്ക് പറന്നുവീഴുന്ന പത്രത്തിനായി കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന 'ഓള്‍ഡ് ജെന്‍' മലയാളികളുടെ ഒരു സുവര്‍ണകാലമുണ്ടായിരുന്നു. വീട്ടിലോ വായനശാലയിലോ ചൊച്ചു ചായപ്പീടികയിലോ ബാര്‍ബര്‍ ഷോപ്പിലോ എത്തുന്ന പത്രങ്ങള്‍ കൈപ്പിടിയിലാക്കാന്‍ പരസ്പരം കലഹിച്ചിരുന്നൊരു ഭൂതകാലം. പത്ര പേജുകള്‍ പകുത്തെടുത്ത് വായിച്ച് വാര്‍ത്തകളും വിശേഷങ്ങളും അറിഞ്ഞ് അവയ്‌ക്കെല്ലാം തങ്ങളുടേതായ വ്യാഖ്യാനങ്ങള്‍ ചമച്ചിരുന്ന സ്വന്ത്രമായ ആശയ വിനിമയത്തിന്റെ പഴയകാലം.

ദിനപത്രത്തിലൂടെയാണ് അന്നൊക്കെ മലയാളിയുടെ ഒരു ദിവസത്തിന് തന്നെ തുടക്കം കുറിച്ചിരുന്നത്. കാലങ്ങള്‍ മാറിയപ്പോള്‍ പത്രങ്ങളുടെ രൂപവും വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിന്റെ ഭാവവും മാറി. അത് കാലോചിതവും അനിവാര്യവുമായ മാറ്റമായിരുന്നുവെന്നതില്‍ തര്‍ക്കമില്ല. മാതൃഭൂമിയുടെയും മനോരമയുടെയുമൊക്കെ മാസ്റ്റ് ഹെഡിന് ഇരുവശവുമായി ചെറിയ ബോക്‌സ് പരസ്യങ്ങള്‍ മാത്രമായിരുന്നു പണ്ട് ഒന്നാം പേജില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് ഫ്രണ്ട് പേജില്‍ വാര്‍ത്തകളേയില്ല. ഫുള്‍ പേജ് പരസ്യമാണുള്ളത്. മെയിന്‍ വാര്‍ത്ത മൂന്നാം പേജിലേയ്ക്ക് പോയി. ശരിയാണ്, പത്രങ്ങളുടെ നിലനില്‍പ്പിന് പരസ്യം അവിഭാജ്യ ഘടകമാണ്. എന്നാല്‍ അതിന്റെ ധാരാളിത്തവും വാര്‍ത്തകളുമായുള്ള ബാലന്‍സ് ഇല്ലായ്മ അപകടകരവുമാണ്.

ഒരു തലമുറ തന്നെ രംഗമൊഴിയുന്നതോടെ പതിറ്റാണ്ടുകളായി അവര്‍ വായിച്ചിരുന്ന ഇഷ്ട പത്രങ്ങളുടെ 'സബ്‌സ്‌ക്രിപ്ഷനി'ല്‍ കുറവുണ്ടാവുണ്ടാവുന്നു. വായനക്കാരു വരിക്കാരും കുറയുന്നതോടെ സര്‍ക്കുലേഷന്‍ ഇടിയുന്നത് സ്വാഭാവികം. പരസ്യ വരുമാനം കുറയുന്നതാണ് മറ്റൊരു പ്രതിസന്ധി. ജീവനക്കാരെ വെട്ടിക്കുറച്ച് ചെലവ് ചുരുക്കല്‍ നടപടികളിലേയ്ക്ക് പ്രവേശിക്കാന്‍ പല പത്രങ്ങളും നിര്‍ബന്ധിതരാവുന്നു. ന്യൂസ് പ്രിന്റിന്റെ വില താങ്ങാനാവുന്നില്ലെന്നതാണ് ഒരു കാരണം. മികച്ച പത്രക്കാരെല്ലാം പണ്ടേ ചാനലുകളിലേയ്ക്ക് ചേക്കേറി. ആ പ്രക്രിയ അഭംഗുരം തുടരുകയും ചെയ്യുന്നു. ചാനല്‍ പ്രളയവും, സത്യവും അസത്യവും വ്യക്തിതി വിദ്വേഷവും താന്‍പ്രമാണിത്തവുമൊക്കെ കൂടിക്കലര്‍ന്ന സോഷ്യല്‍ മീഡിയ കോലാഹലവും ദിനപ്രങ്ങളെ വലിയ തോതില്‍ ബാധിച്ചിട്ടുമുണ്ട്.

ഇതിനിടയില്‍ പ്രതിസന്ധി തരണം ചെയ്യാന്‍ ചില പൊടിക്കൈകള്‍ പത്രങ്ങള്‍ പ്രയോഗിക്കുന്നുമുണ്ട്. അത്തരത്തിലൊന്നായിരുന്നു, 2050 ജനുവരി 24-ലെ ഒന്നാം പേജ് വാര്‍ത്തകള്‍ അച്ചടിച്ച് പത്രങ്ങള്‍ പുലിവാല് പിടിച്ച സംഭവം. 'പ്രസിദ്ധീകരിച്ചത് പരസ്യം: 2025 ജനുവരി 24 വെള്ളിയാഴ്ച പുറത്തിറങ്ങിയ പത്രത്തില്‍ 2050-ല്‍ ലോകം എങ്ങനെയായിരിക്കും എന്ന ആശയത്തിലൂന്നി  പ്രസിദ്ധപ്പെടുത്തിയ സാങ്കല്പിക ഉള്ളടക്കം ജെയ്ന്‍ യൂണിവേഴ്‌സിറ്റിയുടെ കൊച്ചിയില്‍ നടക്കുന്ന 'സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍' പരിപാടിയുടെ പരസ്യമാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, വായനക്കാരില്‍ ഇത് യഥാര്‍ത്ഥ വാര്‍ത്തയാണെന്ന തെറ്റിദ്ധാരണയുണ്ടാക്കാനിടയായതില്‍ ഖേദിക്കുന്നു-പത്രാധിപര്‍' എന്ന ഖേദപ്രകടനവും പിറ്റേ ദിവസം വന്നു.

ജനാധിപത്യത്തിന്റെ നാലു തൂണുകളിലൊന്നായ പ്രസ് ലോകത്തിനു നല്‍കുന്ന സേവനം വാക്കുകള്‍ക്കതീതമാണ്. ഒരു പരിധി വരെ ജനാധിപത്യം എന്ന സ്വാതന്ത്ര്യം നാം അനുഭവിക്കുന്നതും മാധ്യമങ്ങളുടെ, പ്രത്യേകിച്ച് ദിനപത്രങ്ങളുടെ തുറന്നു പിടിച്ച കണ്ണുകള്‍ നല്‍കുന്ന സംരക്ഷണം കൊണ്ട് തന്നെയാണ്. മാധ്യമങ്ങളുടെ നിതാന്തമായ ജാഗ്രത ഇതിനടിവരയിടുന്നു. ലോകമെമ്പാടും സാഹസികമായി സ്വജീവന്‍ തന്നെ അപകടപ്പെടുത്തി മാധ്യമ പ്രവര്‍ത്തകര്‍ തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്നതും നിത്യ കാഴ്ചയാണ്.

യുദ്ധരംഗങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍, തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പ്രഭവ കേന്ദ്രങ്ങള്‍, മാഫിയാ താവളങ്ങള്‍, രാഷ്ട്രീയ ഇടനാഴികള്‍ അങ്ങനെ സമസ്ത മേഖലകളിലും നമുക്കവരെ കാണാം. വാര്‍ത്തകള്‍ ലോകത്തെ അറിയിക്കുന്നതിനിടയില്‍ ജീവന്‍ വെടിഞ്ഞവര്‍ നിരവധി. ലോകത്തിന്റെ വിവിധയിടങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെ പുറം ലോകമറിയുന്നതും ഇതേ മാധ്യമ പ്രവര്‍ത്തകരിലൂടെ തന്നെ.

മലയാള ഭാഷയ്ക്കും കേരളീയ സംസ്‌കാരത്തിനും മലയാളി പ്രസിദ്ധീകരണങ്ങള്‍ നല്‍കുന്ന സേവനങ്ങളും പ്രശംസനീയമാണ്. നമ്മുടെ ഭാഷയുടെ നിലനില്‍പ്പു തന്നെ ഒരു പരിധി വരെ വാര്‍ത്താ മാധ്യമങ്ങളിലൂടെയാണ് എന്നതും വസ്തുതയാണ്. കേരളത്തിനു പുറത്തും വിദേശങ്ങളിലുമുള്ള മലയാളികള്‍ നമ്മുടെ അച്ചടി ദൃശ്യമാധ്യമങ്ങളിലൂടെ മലയാള ഭാഷയെ നിത്യവും ആവോളം കണ്ടും കേട്ടും അറിയുന്നു. ഇതു കേരളീയരുടെ തങ്ങളുടെ ഭാഷയോടുള്ള സ്‌നേഹം വിളിച്ചോതുന്നു.

അമേരിക്കയില്‍ തന്നെ 90-കളുടെ തുടക്കം മുതല്‍ തന്നെ മലയാള വാര്‍ത്താ പ്രസിദ്ധീകരണങ്ങള്‍ ചുവടുറപ്പിച്ചു കഴിഞ്ഞിരുന്നു. അമേരിക്കന്‍ മലയാളി സഹോദരര്‍ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയും എടുത്തു പറയേണ്ട കാര്യം തന്നെ. നാടിന്റെ വികസനത്തിനായുള്ള ശ്രദ്ധേയമായ ഇടപെടലുകള്‍ മാധ്യമങ്ങള്‍ കൃത്യതയോടെ നിറവേറ്റുന്നു. മലയാളി സമൂഹത്തെ ജന്മനാടായ കേരളവുമായി കോര്‍ത്തിണക്കുവാനും അമേരിക്കയിലെ മലയാളി പ്രസിദ്ധീകരണങ്ങള്‍ നല്‍കുന്ന സേവനങ്ങള്‍ കേരളീയര്‍ നന്ദിയോടെ സ്മരിക്കുന്നുവെന്നും എടുത്തു പറയട്ടെ.

കേരളത്തിലെന്ന പോലെ അമേരിക്കന്‍ മലയാളി പ്രസിദ്ധീകരണങ്ങളും വലിയ പ്രതിസന്ധികളെ അഭിമുഖികരിക്കുന്നുവെന്നത് പച്ചയായ യാഥാര്‍ത്ഥ്യമാണ്. മോടിയോടെ പ്രിന്റ് ചെയ്ത് വായനക്കാരിലെത്തിച്ചിരുന്ന വന്‍കിട പത്രങ്ങള്‍ നിലയ്ക്കുകയും പലതും ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലേയ്ക്ക് ചുവടുമാറ്റുകയും ചെയ്തിട്ടുണ്ട്. ഒന്നോ രണ്ടോ പത്രങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പ്രിന്റ് ചെയ്യുന്നത്. അവ തികച്ചും പ്രാദേശികവുമാണ്. ഏതായാലും വാര്‍ത്തകളും വിശകലനങ്ങളും വീക്ഷണങ്ങളും ഓരോ മാധ്യമത്തെയും വേറിട്ടു നിര്‍ത്തുന്നു.

ആഗോള അറിവിന്റെ മൊത്തവിതരണക്കാരാണ് മാധ്യമങ്ങള്‍. നാടിന്റെ ആവശ്യങ്ങള്‍, ആഗ്രഹങ്ങള്‍, ആശങ്കകള്‍, വികസന പദ്ധതികള്‍, പ്രവാസികളുടെ പ്രശ്‌നങ്ങള്‍, ആകാംക്ഷകള്‍, ആഗ്രഹങ്ങള്‍, സ്വപ്നങ്ങള്‍ തുടങ്ങിയവ ഭരണ കേന്ദ്രങ്ങളിലെത്തിക്കുകയും അവരുടെ സാംസ്‌കാരിക നിലപാടുകള്‍, മലയാളികളുടെ തനതു പാരമ്പര്യങ്ങളിലധിഷ്ഠിതമായ ആഘോഷങ്ങളുടെയും ആചാരങ്ങളുടെയും പ്രചാരണങ്ങള്‍, നെറികേടുകള്‍ക്കെതിരെയുള്ള വിരല്‍ ചൂണ്ടല്‍ തുടങ്ങിയവ  മാധ്യമങ്ങളുടെ അടിസ്ഥാന ധര്‍മ്മമാണ്. ആ ധര്‍മത്തിലൂന്നി സഞ്ചാരം സുഗമമാക്കാമെന്ന് പ്രത്യാശിക്കാം.

Join WhatsApp News
Jayan Varghese 2025-07-16 18:04:45
ഏതൊരു വസ്തുവിനും ജീവിക്കും പ്രസ്ഥാനത്തിനും അതിൽ നിക്ഷിപ്തമായ ഒരു ധർമ്മമുണ്ട്. ആ ധർമ്മമാകട്ടെ സത്യത്തിലും നീതിയിലും നിന്ന് ഊർജ്ജം സ്വീകരിച്ചു നില നിൽക്കുന്നതും. താൽക്കാലിക ലാഭങ്ങൾ ലക്‌ഷ്യം വയ്ക്കുന്നവർ ഈ സത്യ ധർമ്മങ്ങൾ അവഗണിച്ചു കൊണ്ട് കടന്നു പോകുന്നു. ആത്യന്തിക ഫലങ്ങളായി സർവ്വനാശങ്ങൾ വന്നു ചേരുമ്പോൾ പോലും യാദൃശ്ചികങ്ങളുടെ അത്താണിക്കല്ലുകളിൽ മനസ്സിന്റെ ചുമടിറക്കി ഇക്കൂട്ടർ ആശ്വാസം തേടുന്നു. ജയൻ വര്ഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക