മലയാള സിനിമയുടെ വലിയ ആരാധികയാണെന്നും മലയാളത്തിൽ അഭിനയിക്കാൻ അതിയായ താൽപ്പര്യമുണ്ടെന്നും ബോളിവുഡ് താരം ശിൽപ ഷെട്ടി. ഫാസിൽ സംവിധാനം ചെയ്ത 'നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്' ആണ് തന്റെ എക്കാലത്തെയും പ്രിയപ്പെട്ട മലയാള ചിത്രമെന്നും ശിൽപ ഷെട്ടി വെളിപ്പെടുത്തി. ഒരു കന്നഡ ചിത്രത്തിന്റെ ടീസർ ലോഞ്ചിനായി കൊച്ചിയിലെത്തിയതായിരുന്നു താരം.
ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും, മലയാളത്തിൽ നിന്ന് ഏതാനും ഓഫറുകൾ വന്നിരുന്നെങ്കിലും ഭയം കാരണം താൻ സമ്മതിച്ചില്ലെന്ന് ശിൽപ ഷെട്ടി പറഞ്ഞു. "എനിക്ക് മലയാള ചിത്രങ്ങൾ ഇഷ്ടമാണ്. വികാരങ്ങളെ മലയാള ചിത്രങ്ങൾ കൈകാര്യം ചെയ്യുന്ന രീതി കണ്ട് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. ഈ ഇൻഡസ്ട്രിയിൽ അഭിനയിച്ചാൽ, എന്റെ വേഷത്തോട് നീതി പുലർത്താൻ കഴിയുമെന്ന് എനിക്കൊരിക്കലും ഉറപ്പുണ്ടായിരുന്നില്ല. നോക്കാം, ചിലപ്പോൾ എന്നെങ്കിലും ഞാൻ ഒരു മലയാളം ചിത്രത്തിൽ അഭിനയിച്ചേക്കും," അവർ കൂട്ടിച്ചേർത്തു.
മലയാളത്തിൽ ആരുടെ കൂടെയാണ് അഭിനയിക്കാൻ താൽപ്പര്യമെന്ന ചോദ്യത്തിന്, മലയാളത്തിന്റെ സ്വന്തം മോഹൻലാൽ എന്നായിരുന്നു നടിയുടെ മറുപടി. "അതിശയിപ്പിക്കുന്ന നടനാണ് അദ്ദേഹം. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് അദ്ദേഹം. എനിക്ക് അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ താൽപ്പര്യമുണ്ട്," ശിൽപ ഷെട്ടി മോഹൻലാലിനോടുള്ള ആരാധന വ്യക്തമാക്കി.
English summary:
I wish to act alongside Mohanlal"; Shilpa Shetty says she is a fan of Malayalam cinema.