മലയാളികളുടെ പ്രിയതാരം മോഹൻലാൽ തിരക്കഥയെഴുതിയ ആദ്യ ചിത്രം 'സ്വപ്നമാളിക' 16 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒക്ടോബറിൽ തിയറ്ററുകളിലെത്താൻ ഒരുങ്ങുന്നു. മോഹൻലാലിനെ നായകനാക്കി കെ.എ. ദേവരാജൻ സംവിധാനം ചെയ്ത ഈ ചിത്രം, 2008-ൽ ചിത്രീകരണം പൂർത്തിയായിരുന്നുവെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ റിലീസ് മുടങ്ങുകയായിരുന്നു.
മോഹൻലാൽ എഴുതിയ 'തർപ്പണം' എന്ന നോവലിന്റെ ചലച്ചിത്ര ആവിഷ്കാരമാണ് 'സ്വപ്നമാളിക'. അർബുദ രോഗ വിദഗ്ദ്ധനായ അപ്പു നായർ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. പിതാവിൻ്റെ അസ്ഥി ഒഴുക്കുന്നതിനായി വാരണാസിയിൽ എത്തുന്ന അപ്പു നായർ, അവിടെവെച്ച് രാധ കാർമെൽ എന്ന വിദേശ വനിതയെ പരിചയപ്പെടുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന കഥാതന്തു. ഇസ്രായേലി താരമായ എലീനയാണ് ചിത്രത്തിലെ നായിക.
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ചിത്രം റിലീസാകുമ്പോൾ, സംവിധായകൻ അഡ്വ. കെ.എ. ദേവരാജൻ ഈ സന്തോഷത്തിൽ പങ്കുചേരാനില്ല. 2024 ഏപ്രിലിലാണ് അദ്ദേഹം അന്തരിച്ചത്. തിലകൻ, ഇന്നസെന്റ്, സുകുമാരി, ഊർമ്മിള ഉണ്ണി, കോട്ടയം നസീർ, സാജു കൊടിയൻ, കുളപ്പുള്ളി ലീല, ശിവാനി, വിദ്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കരിമ്പിൽ ഫിലിംസിൻ്റെ ബാനറിൽ കെ.എ. ദേവരാജൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന് രാജാമണിയും ജയ് കിഷനും ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
English summary:
Mohanlal-scripted Swapnamalika to hit theatres after 16 years.