ആഗോള കമ്പോളവൽക്കരണത്തിന്റെ പ്രചാരണത്തിൽ അതിവേഗം ശക്തിപ്രാപിച്ച ഒരു ഉപോൽപ്പന്നമാണ് നരേറ്റീവുകൾ. മലയാളത്തിൽ സാങ്കൽപ്പിക കഥാ രചനയെന്നോ കൽപ്പിത വിവക്ഷകളെന്നോ നമുക്കിതിനെ വിശേഷിപ്പിക്കാം. ഒരു പ്രത്യേക വിഷയത്തിന്റെ കാമ്പ് കണ്ടെത്തി വ്യാഖ്യാതാവിന്റെ വീക്ഷണത്തിനൊത്ത രീതിയിൽ പരിപ്രേക്ഷ്യം നൽകി ആകർഷകമായി അവതരിപ്പിക്കുക എന്നതാണ് അതിന്റ ലക്‌ഷ്യം.
ഉൽപ്പന്നങ്ങളെ ആകർഷകമാക്കൻ പരസ്യവാചകം കണ്ടെത്തുന്നതുപോലെ ആശയങ്ങളെ പ്രചാരത്തിലാക്കാനോ അപനിർമ്മിക്കാനോ നരേറ്റീവുകൾ നിർമ്മിക്കപ്പെടുന്നു.
വിഷയങ്ങളുടെ കരടും കാമ്പും സംബന്ധിച്ച വിമർശനാത്മക ചിന്തയെ തടഞ്ഞു വൈകാരിക വിവരണങ്ങളിലൂടെ ജനശ്രദ്ധ തിരിച്ചുവിടുന്ന രീതിയെന്ന വിമർശനം നിലനില്ലുമ്പോഴും മതിയായ പരിഗണന ലഭിക്കാത്ത വിഷയങ്ങളെ സജീവ ചർച്ചയിലെത്തിക്കാനും അപൂർവ്വമായി ഈ പ്രക്രിയക്ക് കഴിയുന്നുണ്ട്. സാഹിത്യത്തിലും സിനിമയിലും തുടങ്ങി വിവിധ കമ്പോള മേഖലകളിലൂടെ സഞ്ചരിച്ചു ഇന്ന് ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന കൽപ്പിത കഥാ പരിസരം രാഷ്ട്രീയ രംഗമാണ്.
ഇക്കഴിഞ്ഞ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പാരമ്പര്യ വാദവും മാനിഫെസ്റ്റോയും സംക്ഷിപ്തമായി അവതരിപ്പിക്കാൻ ട്രംപ് കണ്ടെത്തിയ നരേറ്റീവ് അമേരിക്കയെ ഒരിക്കൽ കൂടി അതിന്റെ പൂർവ്വ വൈഭവത്തിൽ എത്തിക്കുക എന്നർത്ഥം വരുന്ന
make america great again എന്നതായിരുന്നു.
റിപ്പബ്ലിക്കൻ പാർട്ടിയുടെ പൊതുസ്വീകാര്യമല്ലാത്ത നയങ്ങളും പൂർവ്വകാല വിമർശനങ്ങളും നിശബ്ദമാക്കിയ ഒരു പരികല്പനയായിരുന്നു ആ മുദ്രാവാക്യം. വൈകാരികത ഉണർത്തിയ ആ നരേറ്റീവ് ഫലം കാണുകയും ചെയ്തു.
2016 ൽ ബ്രെക്സിറ്റ് ഉടമ്പടിയിൽ നിന്നും ബ്രിട്ടൻ പുറത്തുകടക്കാനായി നടത്തിയ ഹിതപരിശോധനയിൽ പിന്തുണ തേടാനായി തെരഞ്ഞെടുത്ത സൂചന വാക്യം ടേക്ക് ബാക്ക് കണ്ട്രോൾ എന്നതായിരുന്നു. വൻ പ്രചാരണ കോലാഹലത്തിനൊടുവിൽ ആ നരേറ്റീവും അനുകൂലമായ ഫലം ബ്രിട്ടന് സമ്മാനിച്ചു.
പലപ്പോളും ഇത്തരക്കാർ ഉണ്ടാക്കുന്ന സങ്കല്പിതമായ കഥാ രചനകൾ വിഷയത്തിന്റെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന ഗൂഢാലോചന രഹസ്യങ്ങളും വാസ്തവവിരുദ്ധമായ വിവരങ്ങളും
യഥാർത്ഥ ഹീറോ വില്ലൻ മാറ്റി സ്ഥാപിക്കലും പൊതുജനങ്ങളിൽ നിന്നും മറച്ചുപിടിക്കും. തിരക്കഥ നിർമ്മാതാക്കളുടെ സ്വാർത്ഥമായ രാഷ്ട്രീയ അധികാര താത്പര്യങ്ങളാകും അതിലെ മുഖ്യ ചേരുവകൾ. ലോക രാഷ്ട്രീയത്തിലെ ചില ഉദാഹരണങ്ങൾ നോക്കിയാൽ സോവിയറ്റു യൂണിയന്റെ 1991 ലെ പതനത്തിനു ശേഷം റഷ്യ നിരന്തരം ഉന്നയിക്കുകയും പുടിൻ പ്രഖ്യാപിത
ലക്ഷ്യവുമാക്കിയിരിക്കുന്ന ആഗോള റഷ്യൻ വംശജരുടെ സംരക്ഷണം. വിഭജനാനന്തരം റഷ്യക്ക് പുറത്തായ 25 മില്ലിയനിൽ പരം റഷ്യൻ ഭാഷ സംസാരിക്കുന്ന ഉക്രയിനിലും ബാൾട്ടിക് മേഖലയിലും കസാഖ്സ്ഥാനിലുമായി ചിതറിക്കിടക്കുന്ന ജനവിഭാഗങ്ങളുടെ സംരക്ഷണം റഷ്യയുടെ ഉത്തരവാദിത്വമാണെന്ന ഒരു നരേറ്റീവ്.
രാഷ്ട്രിയവും അധിനിവേശ ലക്ഷ്യങ്ങളുമുള്ള ചൈനയുടെ ഒരു നരേറ്റീവ് ആണ് ഹിസ്റ്റോറിക്കൽ സോവറിനിറ്റി അഥവാ ചരിത്രപരമായ പരമാധികാരം.
ചരിത്രത്തിന്റെ പഴയ നാൾവഴികളിൽ ചൈനയോട് ചേർന്ന് നിൽക്കുകയും പിൽക്കാലത്തു സ്വതന്ത്ര രാഷ്ട്രങ്ങൾ ആകുകയുംചെയ്ത വിയറ്റ്നാം ഫിലിപ്പിയൻസ് തായ്‌ലൻഡ് തുടങ്ങി ആറോളം പ്രദേശങ്ങളുടെ രാഷ്ട്രീയ ആധിപത്യം ലക്ഷ്യമിട്ടുള്ള നിഗൂഢമായ ഒരു അജണ്ടയാണ് സീജിങ് പിങ്ങിന്റെ ഹിസ്റ്റോറിക്കൽ സോവറിനിറ്റി.
ജനാധിപത്യ സംരക്ഷണം എന്ന ആപ്തവാക്യമുയർത്തി അമേരിക്ക ലോകത്തെവിടെയുമുള്ള രാഷ്ട്ര വ്യാപാരങ്ങളിൽ ഏകപക്ഷീയമായി ഇടപെടുന്നതും അമേരിക്കയുടെ
അദമ്യമായ ജനാധിപത്യ പ്രേമം മാത്രം കൊണ്ടാണെന്നു കരുതാൻ കഴിയില്ല.
പ്രഥമദൃഷ്ട്യ ഇതര രാജ്യങ്ങളെ പറ്റിക്കാൻ ഈ ജനാധിപത്യ സംരക്ഷണ കവചമാണ് അമേരിക്ക കാലാകാലങ്ങളായി ഈ നരേറ്റീവിലൂടെ സമർത്ഥമായി ഉപയോഗിച്ച് വരുന്നത്.
ലോകക്രമങ്ങളുടെ ഭാഗമായ ഇന്ത്യയിലും കാര്യങ്ങൾ ശരിയായി ധരിപ്പിക്കാനും തെറ്റിദ്ധരിപ്പിക്കാനും പല വിഭാഗങ്ങളും നരേറ്റീവുകൾ നിർമ്മിച്ച് നിലനിർത്തി പോരുന്നു. പൊതുവായി ഒരു ഹൈന്ദവ പാർട്ടി എന്നറിയപ്പെടുന്ന ബി ജെ പി അധികാരത്തിൽ വന്നതുമുതൽ ഏറ്റവുംകൂടുതൽ നരേറ്റീവുകളിലൂടെ ശ്രദ്ധ നേടിയ ഒന്നാണ് ഹിന്ദുത്വവും ദേശീയതയും. ഇതുരണ്ടും പരസ്പര പൂരകമാകാമെന്നിരിക്കെ ദേശീയതയെ ഹിന്ദുത്വമായി വ്യാഖ്യാനിക്കുന്ന നരേറ്റീവുകൾ സാമൂഹ്യ മാധ്യമങ്ങളിലും ദൃശ്യ ശ്രവ്യ മാധ്യമങ്ങളിലും സുലഭമായി പ്രചരിപ്പിക്കുന്നുണ്ട്. വടക്കെ ഇന്ത്യയിലും മധ്യപൂർവ്വ ദേശങ്ങളിലും പിടിമുറുക്കുന്ന ബി ജെ പി യെ പ്രതിരോധിക്കാൻ പ്രതിപക്ഷം ഉയർത്തിയ പുഷ് ബാക്ക് സൗത്ത് എന്ന മുദ്രാവാക്യവും മറ്റൊരു നരേറ്റീവ് ആയിരുന്നു. വടക്കെ ഇന്ത്യയിൽ നിന്നും തെക്കേ ഇന്ത്യയെ അടർത്തിമാറ്റുന്ന വിഘടനവാദ അജണ്ടയുടെ അന്തസത്ത പുതിയ മുദ്രവാക്യ നിർമ്മിതിയിലുടെ അദൃശ്യമാക്കുകയാണ് ലക്‌ഷ്യം.
ജനപ്രതിനിധികളും ജനങ്ങളും തമ്മിലുള്ള അകലം കുറക്കാൻ പുതിയ ജനസംഖ്യ കണക്കെടുപ്പ് അടിസ്ഥാനമാക്കി പാർലമെന്റ് മണ്ഡലങ്ങൾ കാലോചിതമായി പുനര്നിര്ണയിക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങിയപ്പോൾ ചില പ്രാദേശിക തെക്കേ ഇന്ത്യൻ പാർട്ടികൾ ഉത്തരേന്ത്യൻ അധികാര കേന്ദ്രീകരണഭയം വൻതോതിൽ
ജനിപ്പിച്ചു രൂപപ്പെടുത്തിയ ഒരു നരേറ്റീവ് ഇന്നും അവിടങ്ങളിൽ നിലനിൽക്കുന്നു.
ഇത്തരത്തിലുള്ള ഭാഷ്യങ്ങൾ പലതും ഫലം കാണാതെ അന്തരീക്ഷത്തിൽ അലിഞ്ഞു പോയിട്ടുമുണ്ട്. മോദി സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ല് അത്തരത്തിൽ ഒന്നായിരുന്നു. ബില്ല് നിയമമായാൽ അസംഖ്യം മുസ്ലിം കുടുംബങ്ങൾ രാജ്യത്തിന് പുറത്താകുമെന്ന ഒരു ഭീതിയുടെ ഭാഷ്യം
പ്രതിപക്ഷം വ്യാപകമായി പ്രചരിപ്പിച്ചെങ്കിലും ബില്ല് നിയമമായി വർഷങ്ങൾ പിന്നിട്ടിട്ടും ഒരു കുടുംബത്തെയും ഇന്ത്യയിൽ നിന്നും നാളിതുവരെ ഡീപോർട്ട് ചെയ്തിട്ടില്ല. പൗരത്വം കൊടുക്കാനുള്ള മാറ്റത്തെ പൗരത്വം നിഷേധിക്കാനുള്ള നിയമമാക്കി
ദുർവ്യാഖ്യാനിക്കുന്ന നരേറ്റീവ് ആണ് അവിടെ പ്രയോഗിച്ചു പരാജയപ്പെട്ടത്.
പൊളിറ്റിക്കൽ ഭാഷ്യ നിർമ്മിതി പോലെ ഭക്ഷണത്തിലൂടെ മതം പ്രചരിപ്പിക്കുന്ന ഹലാൽ ബ്രാൻഡിംഗ് ഉപയോഗത്തിലെ ഒരു നരേറ്റീവ് വളരെ
കൗതുകം ഉണർത്തുന്നതാണ്. മോർ ദാൻ എ മീൽ എന്ന ഈ പ്രയോഗത്തിന്റെ അധികാരികതയെക്കാൾ വിപണിയുടെ ആകര്ഷകത്വമാണ് ആധാരം.
സർവ്വവ്യാപിയായിരിക്കുന്ന ഈ പ്രവണത നോബൽ സമ്മാന ദാതാക്കൾ വരെ സമർത്ഥമായി ഉപയോഗിക്കുന്നുണ്ട്. സാഹിത്യത്തിനുള്ള സമ്മാനം ഒരിക്കലും ടോൾസ്റ്റോയ്‌ക്കോ മാക്സിം ഗോർക്കിക്കോ നൽകിയിട്ടില്ല സമാധാനത്തിന്റെ സമ്മാനം മഹാത്മാ ഗാന്ധിക്കും ലഭിച്ചിട്ടില്ല എന്നിരിക്കലും നൊബേലിനെ നരേറ്റീവുകളിലൂടെ എന്നും ബഹുമതികളിൽ ഒന്നാമതായി നിലനിർത്തുന്നു. ബഹുമാനിക്കപ്പെടുന്നവരേക്കാൾ പ്രാധാന്യം അവാർഡ്ദാതാവ് നേടിയെടുക്കുന്നു.
ഈ വിധമുള്ള പരികല്പനകളുടെ പറുദീസയായ കേരളത്തിലെ രാഷ്ട്രീയ കാര്യങ്ങൾ ഒഴിവാക്കി അടുത്തിടെ നടന്ന സേവ് ലക്ഷദ്വീപ് പ്രചാരണം മാത്രം ഒരു സാമ്പിൾ ആയി എടുക്കാം. ലക്ഷദ്വീപിൽ പുതുതായി വന്ന ഒരു കേന്ദ്ര അഡ്മിനിസ്ട്രേറ്റർ നടപ്പിലാക്കാൻ ശ്രമിച്ച വിനോദസഞ്ചാര മേഖല പരിഷ്കരണത്തെ നിഗൂഢമായ ലക്ഷ്യങ്ങളോടെ കേരളത്തിലെ ചിലർ കാണുകയും വൻ പ്രതിഷേധങ്ങൾ ഉയർത്തി പ്രക്ഷോഭ രംഗത്ത് വരുകയും ചെയ്തു. ചലച്ചിത്ര പ്രവർത്തകരും എഴുത്തുകാരും ബുദ്ധിജീവികളും
അണിനിരന്ന സേവ് ലക്ഷദ്വീപിന് നരേറ്റീവുകൾ കേ രളത്തിലെ ജനങ്ങളെ വല്ലാതെ തെറ്റിദ്ധരിപ്പിച്ചു.
എന്നാൽ ലക്ഷദ്വീപിനെ പ്രക്ഷോഭകർ സേവ് ചെയ്തോ അവർ ഉയർത്തിയ പ്രശ്നങ്ങൾ പരിഹരിച്ചോ എന്ന വിവരം പിന്നെയാരും ചർച്ച ചെയ്തു കണ്ടില്ല.
ഏറ്റവുമൊടുവിൽ യമനിൽ വധശിക്ഷക്ക് വിധിച്ച ഒരു നഴ്സിന്റെ മോചനത്തിനായി വൻ പ്രചാരണം നടന്നുവരുന്നു. ആ ശ്രമങ്ങളോടും ഫലപ്രാപ്തിയോടും തികച്ചും യോജിക്കുമ്പോളും
നിമിഷ പ്രിയയെ യമനിലെ കോടതി എന്തിനാണ് ശിക്ഷിച്ചത് എന്ന കാര്യം മോചനആഹ്വാന നരേറ്റീവുകൾ മറച്ചുപിടിക്കുന്നു. ആ സഹോദരിക്ക് വധശിക്ഷയിൽ നിന്നും മാപ്പ് ലഭിക്കട്ടെയെന്നു പ്രാർത്ഥിക്കുമ്പോളും അവർ ചെയ്ത കുറ്റകൃത്യം ന്യായീകരിക്കത്തക്കതല്ല. തന്റെ നഴ്സിംഗ് ഹോം നടത്തിപ്പിൽ പങ്കാളിയായിരുന്ന ഒരു യെമൻ ചെറുപ്പക്കാരനെ വിഷം കുത്തിവച്ചു കൊലപ്പെടുത്തി മറ്റൊരു യമൻ നഴ്സിന്റെ സഹായത്തോടെ നൂറ്റിപ്പത്തു കഷണങ്ങളാക്കി കൊത്തിനുറുക്കി ജനങ്ങൾ ഉപയോഗിക്കുന്ന ശുദ്ധജല ടാങ്കിൽ വലിച്ചെറിഞ്ഞിട്ടു ഒളിവിൽ പോയി. ഒരു മാസത്തെ അന്വേഷണത്തിനൊടുവിൽ പിടിയിലായ നിമിഷ പ്രിയയെ ശരിയ കോടതി വധശിക്ഷക്കും സഹായി നഴ്സിനെ ജീവപര്യന്തം തടവിനും വിധിക്കുകയുണ്ടായി. കുറ്റ നിഷേധത്തിനു സാധ്യതയില്ലാത്ത മാപ്പാക്കലാണ് ഏക സാധ്യത.
പൊതുബോധത്തെ വഴിതിരിച്ചു വിടുന്ന ഇത്തരം നരേറ്റീവുകൾ പ്രധാനമായി നിർമ്മിച്ച് പ്രചരിപ്പിക്കുന്നത് മാധ്യമങ്ങളാണ്. അവർക്ക് പിന്നാലെ ആ നിരയിലേക്ക് വരുന്നത് സ്ഥാപിത താത്പര്യങ്ങൾ വച്ചുപുലർത്തുന്ന സിനിമകളും സാഹിത്യകാരന്മാരുമാണ്. മാധ്യമങ്ങൾ ആവർത്തിച്ചുള്ള നുണ പ്രയോഗങ്ങളിലൂടെ മനുഷ്യ മനസ്സുകളെ സ്വാധീനിക്കുമ്പോൾ ഇതര കേന്ദ്രങ്ങൾ വിനോദ ഉപാധികളിലൂടെയും സാങ്കൽപ്പിക കഥാ രചനകളിലൂടെയും അവരുടെ താത്പര്യങ്ങൾ ഒളിച്ചു കടത്തുന്നു. സാധരണ പൗരനു ഒരു വിഷയം സംബന്ധിച്ച് സ്വയം നിർണ്ണയം നടത്താനുള്ള ശരി തെറ്റുകളുടെ പ്രതിനിധ്യമാണ് വേണ്ടത്. മാധ്യമങ്ങൾ സ്വയം നിർമ്മിത നരേറ്റീവുകളിലൂടെ നമ്മുടെ അറിയാനുള്ള അവകാശത്തെയാണ് അന്ധകാരത്തിൽ ഒളിപ്പിക്കുന്നത്.