പഴയൊരോലയിൽ-
പഞ്ഞമാസത്തിൻ്റെ
മഴയൊഴുക്കുണ്ട്
പട്ടിണിക്കനലുണ്ട്
നിലവറക്കുള്ളിലുപ്പ്-
മാങ്ങാപ്പുളിങ്കറി-
യതിൽ കടം കൊണ്ട-
കാശിൻ പകൽ
വിറകടുപ്പിൽ പുകഞ്ഞ-
തെന്താണരിമണികളോ,
കാട് കയറുന്ന ചിന്തയോ?
തൊടിയിലീർപ്പം കുടിച്ച-
മണ്ണിൽ നിന്നുമുണരുമായിരം-
മഞ്ചാടിമുത്തുകൾ!
അറയിലാരോ നടന്ന പോൽ-
മുത്തശ്ശിയൊരു സുഗന്ധമത്-
കൃഷ്ണക്രാന്തിയോ?
ദശകുസുമങ്ങളൊരുക്കിയ-
കൈയ് വന്ന് ശിരസ്സിലായ്
തൊട്ട് സാന്ത്വനമായതോ?
ഇതൾ കൊഴിഞ്ഞൊരു-
പൂവ് പോലീ വാവ്-
നഗരമദ്ധ്യത്തിൽ
നിന്നസ്തമിക്കവേ!
കൊടിവിളക്ക് തെളിക്കും-
സ്മൃതിക്കൊരു -
തരിമണിയരിക്കടമുണ്ട്
നമ്മൾക്ക്..
പിറവി തൊട്ടേയതിൽ-
നിന്നൊരാദിമക്കുടിയിലെ
വിശപ്പാറാതെ നിൽക്കുന്നു
ഇലയിലിറ്റുന്ന
കണ്ണുനീർത്തുള്ളി പോൽ
മഴ പറഞ്ഞുവോ
വീണ്ടുമാക്കഥകളെ..