വലിയ വിവാദങ്ങളുടെ അകമ്പടിയോടെ തിയേറ്ററുകളെത്തിയ ചിത്രമാണ് കോടതിമുറിക്കുള്ളിലെ കഥ പറയുന്ന കോര്‍ട്ട് റൂം ഡ്രാമ- സുരേഷ് ഗോപി ജെ.എസ്.കെ യായി എത്തുന്ന ജെ.എസ്.കെ ജാനനകി വി വെഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള. ചിന്താമണി കൊലെക്കേസിലെ പോലെ തന്നെ പഞ്ച് ഡയലോഗുകളുമായി കോര്‍ട്ടില്‍ മാത്രമല്ല, സ്‌ക്രീനിലാകെ ആടിത്തിമിര്‍ക്കുന്ന സുരേഷ് ഗോപിയെയാണ് നമുക്ക് ഈ ചിത്രത്തില്‍ കാണാന്‍ കഴിയുക.
കോര്‍ട്ട് റൂം ഡ്രാമ ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണ് ജെ.എസ്.കെ. നെടുങ്കന്‍ ഡയലോഗുകള്‍ ഇടമുറിയാതെ പറഞ്ഞ് തിയേറ്ററില്‍ കൈയ്യടി നേടുന്ന സുരേഷ് ഗോപിയുടെ മാസ്മരിക പ്രകടനം കൊണ്ട് സമ്പന്നമാണ് ചിത്രം. സുരേഷ് ഗോപിക്കു വേണ്ടി എഴുതിയ ഡയലോഗുകള്‍ രണ്‍ജി പണിക്കരുടെ ഡയലോഗുകള്‍ക്ക് ഒപ്പം നില്‍ക്കുമെന്നതില്‍ സംശയമില്ല.
നീതിക്കു വേണ്ടി പോരാടുന്ന ജാനകി വിദ്യാധരന്‍ എന്ന ഐ.ടി പ്രൊഫഷണലിന്റെ കഥയാണ് ചിത്രം പറയുന്നത്. നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കുന്ന അഭിഭാഷകനാണ് ഡേവിഡ് ആബേല്‍ ഡോണോവന്‍ എന്ന സുരേഷ് ഗോപി കഥാപാത്രം.സമീപകാലത്ത് അരങ്ങേറുന്ന ചില യഥാര്‍ത്ഥ സംഭവ വികാസങ്ങള്‍ പ്രധാന കഥയ്‌ക്കൊപ്പം ചേരുന്നുണ്ട്. ഡേവിഡിന്റെ കുടുംബമൊന്നാകെ നഷ്ടപ്പെടുന്നതും അയാളുടെ കുട്ടിക്കാലവുമെല്ലാം കഥയില്‍ പറഞ്ഞു പോകുന്നു. ടൈറ്റില്‍ കാര്‍ഡിലെ ഫ്‌ളാഷ് ബാക്കിലൂടെയാണ് ഈ കാര്യങ്ങള്‍ പറഞ്ഞു പോകുന്നത്.
കഥയുടെ ആദ്യപകുതിയില്‍ ഡേവിഡ് ആബേല്‍ നന്‍മയുടെയും നീതിയുടെയും വഴികളിലൂടെ മാത്രം സഞ്ചരിക്കുന്ന ഒരു വ്യക്തിയാണ്. എന്നാല്‍ ജാനകി വിദ്യാധരന്റെ ജീവിതത്തില്‍ ഒരു അപ്രതീക്ഷിത ദുരന്തമുണ്ടാകുമ്പോള്‍ ജീവിതത്തില്‍ അതു വരെ നീതിയുടെ പക്ഷത്ത് മാത്രം നിലയുറപ്പിച്ചിരുന്ന ഡേവിഡ് ആബേല്‍ നീതിയുടെ വഴികളില്‍ നിന്നു മാറി സഞ്ചരിക്കാന്‍ തുടങ്ങുന്നു. രണ്ടാം പകുതിയില്‍ ഒരു പരിധിവരെ ധാര്‍മ്മികതയുടെ കുപ്പായം ഊരിവച്ചു കൊണ്ട് വില്ലന്റെ കുപ്പായം അണിയുന്ന നായകനായി മാറുകയാണ് ഡേവിഡ് ആബേല്‍. ട്രെയ്‌ലറുകളില്‍ കാണുന്നതു പോലെ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ നീതിയ്ക്കു വേണ്ടിയുള്ള പോരാട്ടത്തിലെ ചോരയും നീരും നല്‍കി ഒപ്പം നില്‍ക്കുന്ന പോരാളിയാണ് ഡേബിഡ് ആബേല്‍. കുറ്റവാളിയെ കണ്ടെത്തുക എന്നതിനപ്പുറം സമൂഹത്തിന്റെ പൊതുബോധത്തിന്റെ മുന്നിലേക്ക്, സമൂഹമന:സാക്ഷിയുടെ മുന്നിലേക്ക് ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു ചോദ്യവും നിയമപ്രശ്‌നവും നീക്കി വയ്ക്കുകയാണ് ചിത്രം. സമീപ കാലത്തെ പല രാഷ്ട്രീയ സംഭവ വികാസങ്ങളും ചിത്രത്തിലേക്ക് കട്‌നനു വരുന്നുണ്ട്. കുറ്റവാളിയിലേക്ക് മാത്രമല്ല, സമൂഹമൊന്നാകെ ഉത്തരം കണ്ടെത്തേണ്ട ഒരു ചോദ്യത്തിലേക്ക്. അതിലേക്ക് എങ്ങനെ എത്തുന്നു എന്നതാണ് ചിത്രത്തില്‍ പ്രേക്ഷകനെ പൂര്‍ണമായും പിടിച്ചിരുത്തുന്നത്.
സുരേഷ് ഗോപിയുടെ പവര്‍ പായ്ക്ക് പെര്‍ഫോമന്‍സാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പ്രേക്ഷകന്റെ കൈയ്യടി നേടുന്ന രണ്ട് ഫൈറ്റ് സീനുകളും ചിത്രത്തിലുണ്ട്. നിശ്ശബ്ദമായ ഒരു നോട്ടവും ചലനവും പോലും എത്രമാത്രം ആശയവിനിമയം നടത്തുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ജാനകി വിദ്യാധരനെ അവതരിപ്പിച്ച അനുപമ പരമേശ്വരന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്. ആത്മസംഘര്‍ഷങ്ങളും വേദനയും നിസ്സഹായതയും നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ തിരിച്ചടികള്‍ ഏല്‍ക്കേണ്ടി വരുന്നതുമെല്ലാം വളരെ കൈയ്യടക്കത്തോടെ അനുപമ അവതരിപ്പിച്ചിരിക്കുന്നു. കാമ്പുള്ള കഥാപാത്രങ്ങള്‍ തന്റെ കൈയ്യില്‍ ഭദ്രമാണെന്ന് ഈ നടി തെളിയിച്ചിട്ടുണ്ട്. പ്രകടനത്തില്‍ സുരേഷ് ഗോപിക്കൊപ്പം നിന്നു കൊണ്ടു അനുപമയും ചിത്രത്തെ മുന്നോട്ടു കൊണ്ടു പോകുന്നു.
സുരേഷ് ഗോപിയുടെസഹോദരിയായി എത്തുന്ന ശ്രുതി രാമചന്ദ്രന്‍, അഷ്‌കര്‍ അലി, ബൈജു സന്തോഷ്, ജയന്‍ ചേര്‍ത്തല, ദിവ്യപിള്ള, മാധവ് സുരേഷ് തുടങ്ങി പ്രധാന കഥാപാത്രങ്ങളെല്ലാം മികച്ച അഭിനയം കാഴ്ച വച്ചിട്ടുണ്ട്. മത്തായൂസ് ബേബി എന്ന പോലീസുകാരനെ അവതരിപ്പിച്ച യദു കൃഷ്ണന്റെ പ്രകടനം ഏറെ ശ്രദ്ധേയമായി. നിഷ്താര്‍ സേട്ട് അവതരിപ്പിച്ച എം.എല്‍.എ ആന്റണി എന്ന കഥാപാത്രവും മിന്നി.
കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് പ്രവീണ്‍ നാരായണനാണ്. ഗിരീഷ് നാരായണന്റെ പാട്ടുകളും ജിബ്രാന്റെ പശ്ചാത്തല സംഗീതവും മികച്ചതായി.
തിയേറ്ററില്‍ തന്നെ പോയി കാണേണ്ട സിനിമയാണ് ജെ.എസ്.കെ. ഈ ചിത്രത്തില്‍ ഇത്ര വിവാദമെന്തിന് എന്നും തോന്നിപ്പോകും കണ്ടിറങ്ങുമ്പോള്‍. എന്തായാലും സെന്‍സര്‍ ബോര്‍ഡിന്റെ കടുംപിടിത്തം തിയേറ്ററില്‍ ആളെ കൂട്ടുമെന്നു തന്നെ പ്രതീക്ഷിക്കാം.