Image

ഇന്ത്യൻ-അമേരിക്കൻ സിഖ് ഡോക്ടറും അസംബ്ലി അംഗവുമായ ജാസ്മിത് ബെയിൻസ് കോൺഗ്രസിലേക്ക് മത്സരിക്കുന്നു

Published on 18 July, 2025
ഇന്ത്യൻ-അമേരിക്കൻ സിഖ് ഡോക്ടറും അസംബ്ലി അംഗവുമായ ജാസ്മിത് ബെയിൻസ് കോൺഗ്രസിലേക്ക് മത്സരിക്കുന്നു

കാലിഫോർണിയ:  ഇന്ത്യൻ അമേരിക്കൻ ഡോക്ടറും കാലിഫോർണിയ അസംബ്ലി അംഗവുമായ ജാസ്മീത് ബെയിൻസ് കാലിഫോർണിയയിലെ 22-ാമത്തെ ഡിസ്ട്രിക്ടിൽ നിന്നുകൊണ്ട് കോൺഗ്രസിലേക്കുള്ള തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. തന്റെ ജീവിതം ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭാവിക്കും വേണ്ടി ഉഴിഞ്ഞുവച്ച ബെയിൻസ് അസംബ്ലിയിലേക്ക്  തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സിഖ് അമേരിക്കൻ  ഡെമോക്രാറ്റാണ്. പാഴായ വാഗ്ദാനങ്ങളിൽ മനംമടുത്ത സമൂഹത്തിന് ആശ്വാസം പകരുക എന്ന ലക്ഷ്യത്തോടെയാണ് താൻ കോൺഗ്രസിലേക്ക് മത്സരിക്കുന്നതെന്ന് ബെയിൻസ് അഭിപ്രായപ്പെട്ടു.

വാലി  നിവാസികളുടെ  ആരോഗ്യ സംരക്ഷണത്തിന്റെയും ഭക്ഷ്യ സഹായ പദ്ധതികൾ വെട്ടിക്കുറയ്ക്കാനുള്ള ഹൗസിലെ റിപ്പബ്ലിക്കന്മാർ തയ്യാറെടുക്കുന്നതായും  ബെയിൻസ് മുന്നറിയിപ്പ് നൽകി. ഡേവിഡ് വലഡാവോ വാലി നിവാസികൾക്കുവേണ്ടി  പ്രവർത്തിക്കുന്നില്ല എന്നും  മരുന്നുകളുടെ വില വർദ്ധിപ്പിക്കുന്നു എന്നും അവർ ചൂണ്ടിക്കാട്ടി.

ആരോഗ്യ  പരിചരണം, ഭക്ഷണം, ശുദ്ധജലം എന്നിവയ്ക്കായി ജനങ്ങൾ പാടുപെടുമ്പോൾ, വലഡാവോ വോട്ട് ചെയ്തത് മരുന്നുകളുടെ വില വർദ്ധിപ്പിക്കാനും  ആയിരക്കണക്കിന് സാധാരണക്കാരുടെ  ഭക്ഷണ സഹായം വെട്ടിക്കുറയ്ക്കാനുമാണെന്ന് ബെയിൻസ് കുറ്റപ്പെടുത്തി.

2022 മുതൽ കാലിഫോർണിയയിലെ 35-ാമത് അസംബ്ലി ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിച്ച ബെയിൻസ്, ചേംബറിലെ ഏറ്റവും മിതവാദികളായ ഡെമോക്രാറ്റുകളിൽ ഒരാളാണ്. അസംബ്ലിയിലെ അവരുടെ പ്രവർത്തനം ഗ്രാമീണ ആരോഗ്യ സംരക്ഷണം, തൊഴിൽ ശക്തി വികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ്.  ആളുകൾക്ക് തന്നെ ഏറ്റവും ആവശ്യമുള്ളപ്പോൾ താൻ അവിടെയുണ്ട് എന്നതാണ് ബെയിൻസ് നൽകുന്ന ഉറപ്പ്.

ഇന്ത്യയിൽ നിന്നുള്ള പഞ്ചാബി സിഖ് കുടിയേറ്റക്കാരുടെ കുടുംബത്തിൽ ഡെലാനോയിൽ ജനിച്ച ബെയിൻസ്, ടാഫ്റ്റിലെ തന്റെ പിതാവിന്റെ ഓട്ടോ ഡീലർഷിപ്പിൽ ജോലി ചെയ്താണ് വളർന്നത്.  പ്രാദേശിക ആരോഗ്യ സേവനങ്ങളുടെ തകർച്ച കണ്ടാണ് അവർ വൈദ്യശാസ്ത്രരംഗത്ത് നിലയുറപ്പിക്കാൻ തീരുമാനിച്ചത്. ഇല്ലിനോയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ബയോളജിയിൽ സയൻസ് ബിരുദവും അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ആന്റിഗ്വയിൽ നിന്ന് ഡോക്ടർ ഓഫ് മെഡിസിനും നേടിയ ബെയിൻസ്, ക്ലിനിക്ക സിയറ വിസ്റ്റയിൽ റസിഡന്റ് ഫിസിഷ്യനായി സേവനമനുഷ്ഠിക്കുകയും പിന്നീട് ഓമ്നി ഫാമിലി ഹെൽത്തിൽ പ്രാക്ടീസ് ചെയ്യുകയും ചെയ്ത ശേഷമാണ് പബ്ലിക് ഓഫീസിൽ പ്രവേശിച്ചത്.

കാലിഫോർണിയ എമർജൻസി മെഡിക്കൽ സർവീസസ് അതോറിറ്റിയിലും അവർ പ്രവർത്തിച്ചിട്ടുണ്ട്,  2017 ൽ മുൻ ഗവർണർ ജെറി ബ്രൗൺ കാലിഫോർണിയ ഹെൽത്ത്കെയർ വർക്ക്ഫോഴ്‌സ് പോളിസി കമ്മീഷനിലേക്ക് നിയമിച്ചു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക