ഡോക്ടർ അനിരുദ്ധനുമായി 58 വർഷത്തെ നീണ്ട പരിചയം തുടങ്ങുന്നത് 1967 മുതലാണ്. ആദ്യമായി എന്റെ കെമിസ്ട്രി അധ്യാപകനായി ഹരിപ്പാടിനടുത്തുള്ള ടി.കെ. മാധവ മെമ്മോറിയൽ കോളേജിൽ നിന്ന് ഗുരു ശിഷ്യ ബന്ധത്തിൽ തുടങ്ങി. ഒരു വർഷത്തിലേറെ അദ്ദേഹത്തിന്റെ ക്ലാസിൽ ഇരിക്കാനുള്ള ഭാഗ്യം ലഭിച്ചു. അക്കാലത്തു എസ.എൻ മാനേജ്മെന്റിനെതിരെ അധ്യാപക സമരം നയിച്ചതിനു സാറിനെ ചെമ്പഴന്തി കോളേജിലേക്ക് സ്ഥലം മാറ്റി. ചെമ്പഴന്തിയിലെ അദ്ധ്യാപകനായിരിക്കെയാണ് അദ്ദേഹം വിവാഹിതനാകുന്നത്.
ആയിരത്തി തൊള്ളായിരത്തിഎഴുപത്തിരണ്ടിൽ അദ്ദേഹം അമേരിക്കയിലേക്ക് ഉപരി പഠനത്തിനായി കപ്പൽ മാർഗം എത്തിച്ചേർന്നു. മിൽവാക്കിയിലെ മാർക്വെറ്റ് യൂണിവേഴ്സിറ്റിയിൽ ഉപരി പഠനം ആരംഭിച്ചു. അമേരിക്കയിൽ ഹിപ്പി പ്രസ്ഥാനം ഉച്ചസ്ഥായിയായി നിലകൊണ്ട കാലഘട്ടം.മാർക്വെറ്റ് യൂണിവേഴ്സിറ്റിയിലെ അന്തരീക്ഷം തനിക്കു യോജിക്കുന്നതല്ല എന്ന് വളരെ വേഗം അദ്ദേഹം മനസ്സിലാക്കി. ലക്ഷ്യങ്ങൾ സഫലീകരിക്കണമെങ്കിൽ കോളേജ് മാറണം എന്ന തീരുമാനത്തിൽ എത്തി. അങ്ങനെ അവിടെ നിന്നും മാറാനുള്ള തീരുമാനം എടുത്തു. തുടർന്ന് ഈസ്റ്റ് ടെക്സസ് യൂണിവേഴ്സിറ്റിയിലേക്കു വരുകയും, നുക്ലീയർ കെമിസ്ട്രി , ഫുഡ് ആൻഡ് ന്യൂട്രിഷൻ എന്നെ വിഷയങ്ങളിൽ പി.എച്ച്ഡി കരസ്ഥമാക്കുകയും ചെയ്തു.
ശ്രീ അനിരുദ്ധൻ കുടുംബമായി താമസം തുടങ്ങുന്നതും, ഞാൻ സാറിനെ 1968 നു ശേഷം ഡോക്ടർ അനിരുദ്ധനായി വീണ്ടും കാണുന്നതും 1981 ൽ ഡാളസ്സിൽ വെച്ചാണ്. അതും ഡാളസ്സിലെ കേരള അസോസിയേഷന്റെ ഒരു ചടങ്ങിൽ. അതിനടുത്ത വര്ഷം അദ്ദേഹം കേരള അസോസിയേഷന്റെ സാരഥി ആയി ചുമതല ഏറ്റു. ശ്രീ അനിരുദ്ധന് സുപ്രസിദ്ധ ശാസ്ത്രജ്ഞൻ ഡോ ജോർജ് സുദര്ശനുമായുള്ള ബന്ധവും യൂണിവേഴ്സിറ്റി ഓഫ് നോർത്ത് ടെക്സസിൽ ജനറ്റിക് വിഭാഗത്തിൽ പ്രൊഫസർ ആയിരുന്ന ഡോ രതീന്ദ്രനുമായുള്ള ബന്ധവും കേരള അസോസിയേഷനിലും, വ്യക്തിപരമായി എന്നിലും വളരെ അധികം സ്വാധീനം ചെലുത്തി.
ഡോ സുദർശനുമായുള്ള അടുപ്പംമൂലം ശ്രീ അനിരുദ്ധൻ യു.ടി ഓസ്റ്റിനിലെ സ്ഥിരം സന്ദർശകനായി. അങ്ങനെയുള്ള ഒരു യാത്രയിൽ കാറിൽ വെച്ചുണ്ടായ രസകരമായ ചർച്ചയുടെ പരിണിതഫലമാണ് ഫൊക്കാന എന്ന മഹത്തായ പ്രസ്ഥാനത്തിന് വഴി ഒരുക്കിയത്. അപ്പോഴേക്കും, അദ്ദേഹം ചിക്കാഗോ കേന്ദ്രമായുള്ള സാൻഡോസ് കമ്പനിയുടെ ഫുഡ് ഡിവിഷന്റെ റിസേർച് ആൻഡ് ഡെവെലപ്മെന്റെ ഹെഡ് ആയി ജോലി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലും മലയാളികളെ മുഴുവൻ ഒരു കുടക്കീഴിൽ കൊണ്ട് വരണമെന്ന ആശയം മനസ്സിൽ ഊട്ടി വളർത്തുകയായിരുന്നു. അങ്ങനെ ആ ദൗത്യവുമായി വാഷിങ്ടണിൽ ഇന്ത്യൻ എംബസ്സിയിൽ പോയി അന്നത്തെ അംബാസിഡർ ആയിരുന്ന കെ ആർ നാരായണനെ കാണുകയും, വാഷിങ്ടണിൽ വെച്ച് ഫൊക്കാന കൺവെൻഷൻ നടത്താൻ തീരുമാനിക്കുകയും ചെയ്തു.
പക്ഷെ വാഷിങ്ടണിൽ ഒരു കൺവെൻഷൻ നടത്താനുള്ള പരിതസ്ഥിതി ഇല്ലാതിരുന്നതിനാൽ അവസാന നിമിഷത്തിൽ ന്യൂ യോർക്കിലേക്കു മാറ്റുകയാണ് ഉണ്ടായത്. വളരെ അധികം പ്രശ്നങ്ങൾ നേരിട്ട ആ കൺവെൻഷൻ, സാമ്പത്തീകമായി വൻ പരാജയം ആയിരുന്നെങ്കിലും ഡോക്ടർ അനിരുദ്ധന്റെ ഇച്ഛാശക്തി ഒന്ന്മാത്രം ആണ് ഫൊക്കാന എന്ന പ്രസ്ഥാനം എല്ലാത്തിനെയും അതിജീവിച്ചു നിലകൊള്ളുവാൻ സഹായിച്ചത്.
ഫൊക്കാനക്കു വേണ്ടി 1986 ൽ പ്രസിഡന്റ് ആയി സ്ഥാനം ഏറ്റെടുത്തു. എല്ലാം കൊണ്ടും വളരെ ചിട്ട ആയി നടത്തപ്പെട്ട ഒരു കൺവെൻഷൻ ആയിരുന്നു ചിക്കാഗോയിൽ . വര്ഷങ്ങള്ക്കു ശേഷം ഡാളസ്സിൽ കൺവെൻഷൻ നടത്താൻ കേരള അസോസിയേഷന്റെ ജനറൽ ബോഡി തീരുമാനിച്ചു . കൂടാതെ പ്രസിഡന്റ് ആയി എന്നെ നോമിനേറ്റും ചെയ്തു. ആ സമയത്തു, ദേശീയ തലത്തിൽ പരിചയം ഇല്ലാതിരുന്ന എന്നെ ചിക്കാഗോയിലെ വീട്ടിൽ വിളിച്ചു വരുത്തി തന്ന എല്ലാ മാർഗനിർദേശങ്ങളും മറക്കാൻ കഴിയാത്ത അനുഭവങ്ങൾ ആയി ഇന്നും മനസ്സിൽ നിറഞ്ഞു നില്കുന്നു. 1994 ൽ ടോറോന്റോയിൽ നിന്ന് ഡാലസിലെക്കു കൺവെൻഷൻ കൊണ്ടുവരുകയും ശ്രീ അനിരുദ്ധൻ ട്രസ്റ്റീ ബോർഡ് അധ്യക്ഷനാകുകയും ചെയ്തു.
ഒരുമിച്ചുള്ള രണ്ട് വർഷത്തെ പ്രവർത്തനാനുഭവം വളരെഅടുത്ത ബന്ധം ആസ്വദിക്കാൻ കഴിഞ്ഞനാളുകൾ ആയി. ക്ലാസ്റൂമിൽ നിന്ന് സംഘടനാ തലത്തിലേക്ക് ബന്ധം പുഷ്ടിപ്പെടുകയും വളരെ വർഷക്കാലം, ഒരുമിച്ചു ഫൊക്കാനയിൽ പ്രവർത്തിക്കാനുള്ള അവസരം ലഭിക്കുകയും ചെയ്തു. അങ്ങനെ ഡാളസ് കൺവെൻഷൻ ഭംഗിയായി കഴിഞ്ഞതോടു കൂടി സംഘടനാതലത്തിലുള്ള പ്രവർത്തനത്തിലുപരി വ്യക്തിപരമായി ശ്രീ അനിരുദ്ധൻ ഒരു മെന്റോർ (Mentor) എന്നുള്ള നിലയിലേക്ക് മാറിയിരുന്നു. ശ്രീ അനിരുദ്ധൻ വീണ്ടും പ്രസിഡന്റ് ആയി 2000 ത്തിൽ ചുമതല ഏൽക്കുമ്പോൾ ഞാൻ ട്രസ്റ്റീ ബോർഡ് അധ്യക്ഷനായി ഒരുമിച്ചു പ്രവർത്തിച്ചു.
ആദ്യമായി FOKANA കൊച്ചിയിൽ താജ് മലബാർ ഹോട്ടലിൽ വെച്ച് മുഖ്യമന്ത്രിമാരായിരുന്ന എ. കെ. ആന്റണി, ഇ.കെ. നായനാർ , കെ. കരുണാകരൻ എന്നിവരെ ഒരേ സ്റ്റേജിൽ കൊണ്ടുവരികയും ഫൊക്കാന എന്ന പ്രസ്ഥാനത്തിന്റെ മികവുതെളിയുകയും ചെയ്തു. കൊച്ചി സമ്മേളനം ഡോക്ടർ അനിരുദ്ധന്റെ സർക്കാരിലുള്ള സ്വാധീനവും സംഘടനാ പാടവവും നിറഞ്ഞു നിന്ന ഒന്നായിരുന്നു.
ഡോക്ടർ അനിരുദ്ധൻ വിദേശ മലയാളികൾക്കു വേണ്ടി നോർക്ക റൂട്സ് എന്ന പ്രസ്ഥാനത്തിനു വേണ്ടി ചെയ്ത പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. കേരളത്തിലെ നോർക്ക റൂട്സിന്റെ ഫൗണ്ടർ ഡയറക്ടർ കൂടിയാണ് അദ്ദേഹം. മാറി മാറി വന്നിരുന്ന കേരള സർക്കാരുകളുടെ മുൻപിൽ, രാഷ്ട്രീയത്തിനുപരി നോർത്തമേരിക്കൻ മലയാളികളുടെ വക്താവായി നിലകൊള്ളാൻ അദ്ദേഹത്തിന് കഴിഞ്ഞു. ലോക കേരളസഭ രൂപം കൊള്ളുമ്പോഴും, അദ്ദേഹത്തിന്റെ അനിഷേധ്യ നേതൃത്വം സർക്കാർ തലത്തിൽ അംഗീകരിക്കപ്പെട്ടു.
സ്വന്തം ബിസിനസ് മാറ്റിവെച്ചു, അദ്ദേഹം ഫൊക്കാനയുടെ വളർച്ചക്ക് വേണ്ടി ചിലവഴിച്ച പ്രവർത്തന ശൈലി, അനുകരണീയമാണ്. 1983 മുതൽ FOKANA എന്ന പ്രസ്ഥാനത്തിനു വേണ്ടി ആത്മാർഥമായി നിലകൊണ്ട ശ്രീ അനിരുദ്ധന്റെ സംഭാവനകൾ ഒരിക്കലും നോർത്ത് അമേരിക്കയിലെ മലയാളിസമൂഹം മറക്കുകയില്ല.
അവസാനമായി ന്യൂയോർക്കിൽ വെച്ച് നടത്തിയ ലോകകേരള സഭയുടെ മേഖല സമ്മേളനം സംഘടിപ്പിക്കുവാനുള്ള ഉത്തരവാദിത്തം എന്നെ പൂർണ വിശ്വാസത്തോടെ ഡോക്ടർ അനിരുദ്ധൻ ഏല്പിച്ചു. അതേറ്റെടുത്തു നടത്താൻ വിസമ്മതിച്ചപ്പോൾ എന്നോട് പറഞ്ഞ ഒരു വാചകം ഇപ്പോഴും ഞാൻ ഓർക്കുന്നു: "ഈ പ്രോഗ്രാം അമേരിക്കൻ മായാളികൾക്കു വേണ്ടി ഞാൻ ചെയ്യുന്ന അവസാനത്തെ പ്രോഗ്രാം ആയിരിക്കും, അത് ഭംഗി ആയി മന്മഥൻ എനിക്ക് സംഘടിപ്പിച്ചു തരണം, എന്റെ മലയാളി സംഘടനാ പ്രവർത്തനത്തനത്തിന്റെ അന്പതാമത് വാർഷീകം ആണ്. ഫൊക്കാന 1983 ൽ തുടങ്ങിയ അതെ സ്ഥലത്തു വെച്ച് ഈ സമ്മേളനം നടത്തണം. ഇതെന്റെ ആഗ്രഹം ആണ്, സാധിച്ചു തരണം."
അങ്ങനെ ഏറ്റവും കൂടുതൽ വെല്ലുവിളികൾ ഉയർത്തിയ, ഈ സമ്മേളനം കേരളത്തിലെ പ്രമുഖ മാധ്യമങ്ങൾ പ്രചരിപ്പിച്ച എല്ലാ നുണകഥകളും തൃണവല്കരിച്ചുകൊണ്ട്, അമേരിക്കയിലെ മലയാളികളും, മാധ്യമങ്ങളും ഗംഭീര വിജയത്തിലാക്കി. ഡോക്ടർ അനിരുദ്ധന്റെ അഭിലാഷം ആയിരുന്ന ആ സമ്മേളനം ആത്മാർത്ഥമായ അധ്വാനം കൊണ്ട് ബഹുമാനപുരസ്സരം, എന്റെ ഗുരുവിനു സമർപ്പിച്ച ദക്ഷിണയായി ഇന്നും, എന്നും ഞാൻ ഓർമിക്കും.
ഇന്ന് ആ മഹൽ വൃക്തിയുടെ ഭൗതികശരീരം മാത്രമേ നമ്മളോടൊപ്പം ഉള്ളു. പക്ഷെ, ശ്രീ അനിരുദ്ധൻ കഴിഞ്ഞ അമ്പതു വർഷത്തിലേറെ ആയി നോർത്ത് അമേരിക്കയിലെ മലയാളി സമൂഹത്തിനു നൽകിയ വിലപ്പെട്ട സംഭാവനകൾ അമേരിക്കയിൽ കുടിയേറി പാർക്കുന്ന സർവ മലയാളികൾക്കും മാതൃകയും, ആവേശവുമായിരിക്കും എന്നുള്ളതിൽ തർക്കമില്ല. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് ഈ അവസരത്തിൽ ആദരാജ്ഞലികൾ അർപ്പിക്കട്ടെ!