Image

ആർ.കെ. രമേഷ് : നാടിനെ രൂപകൽപന ചെയ്ത ആർക്കിടെക്റ്റ്

എം. ബാബുരാജ് Published on 18 July, 2025
ആർ.കെ. രമേഷ് : നാടിനെ രൂപകൽപന ചെയ്ത ആർക്കിടെക്റ്റ്

വീടുകൾ രൂപകൽപന ചെയ്യുന്നതിനേക്കാൾ, നാടുകൾ രൂപ കൽപന ചെയ്യാനാണ്
ആർക്കിടെക്റ്റുകളെ ദൈവം ഭൂമിയിലേക്ക് അയച്ചത് എന്നു വിശ്വസിച്ച വാസ്തുശിൽപിയായിരുന്നു ആർ.കെ.രമേഷ്. വീടുകളുടെ അകത്തളം സുന്ദരമാക്കുന്നതിനേക്കാൾ, സാധാരണക്കാരായ മനുഷ്യരുടെ ദൈനംദിന ജീവിതം കൂടുതൽ സന്തോഷകരവും  സൗകര്യപ്രദവുമാക്കുവാൻ നാടിനെ കൂടുതൽ സുന്ദരമാക്കുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ സിദ്ധാന്തം. കോഴിക്കോട് മാനാഞ്ചിറ സ്ക്വയറും മലപ്പുറത്തെ കോട്ടക്കുന്നും ഉൾപ്പെടെ, നിത്യജീവിതത്തിലെ ദൈനംദിന സങ്കടങ്ങളിൽ നിന്ന് തൽക്കാലത്തേക്കെങ്കിലും ആശ്വാസം തേടിയെത്തുന്ന മനുഷ്യർക്ക് ആശ്രയമാകുന്ന എത്രയോ സുന്ദര നിർമിതികൾ ആർ.കെ.രമേഷിൻ്റേതായുണ്ട്.

മലപ്പുറത്തിന്റെ മുഖശ്രീ ആയി മാറിയ പദ്ധതികള്‍ പലതും ആര്‍.കെ. രമേഷിന്റെ രൂപകല്‍പ്പനയിലുള്ളതാണ്. മൊട്ടക്കുന്നുകളും പഴഞ്ചന്‍ കെട്ടിടങ്ങളുമായി കിടന്ന പദ്ധതികള്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നവിധം നവീകരിക്കാന്‍ 2002-2003 കാലഘട്ടത്തിൽ മലപ്പുറത്ത് മനോരമ മുൻകയ്യെടുത്തപ്പോൾ പൂർണ പിന്തുണയുമായി രമേഷ് കൂടെയുണ്ടായിരുന്നു.

ഇന്ന് മലപ്പുറം ജില്ലയുടെ  അഭിമാന പദ്ധതികളായ മഞ്ചേരി മെഡിക്കല്‍ കോളേജ് കെട്ടിടവും കോട്ടക്കുന്ന് ടൂറിസം പദ്ധതിയും മലപ്പുറം നഗരത്തിന്റെ തിലകക്കുറിയായ  ട്രാഫിക് ഐലന്റും അദ്ദേഹത്തിന്റെ ഭാവനയിൽ വിരിഞ്ഞവയാണ്.

മഞ്ചേരിയിലെ ജില്ലാ ആശുപത്രിയുടെ ദുരവസ്ഥ മാറ്റിയെടുക്കുന്നതിനായി 2002 ൽ 'ആലംബം തേടുന്ന ആതുരാലയം' എന്നപേരില്‍ മലപ്പുറത്ത് മനോരമയില്‍ പരമ്പരയ്ക്ക് തുടക്കമിട്ടിരുന്നു.  അതിന്റെ തുടർച്ചയായി   "വേണം മലപ്പുറത്തിന് മെഡിക്കൽ കോളേജ് " എന്ന പരമ്പരയും മനോരമ പ്രസിദ്ധീകരിച്ചു.
ഈ സമയത്താണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. ഉമ്മറും വൈസ് പ്രസിഡന്റ് അബ്ദുറഹിമാന്‍ രണ്ടത്താണിയും ജില്ലാ ആശുപത്രി നവീകരണത്തിൽ താൽപര്യമെടുത്ത് മുന്നോട്ടു വന്നത്. 
മെഡിക്കല്‍ കോളേജ് ആശുപത്രിയാക്കി ഉയര്‍ത്തുന്നവിധം ജില്ലാ ആശുപത്രി നവീകരിക്കേണ്ടതുണ്ടെന്ന കാര്യം അവര്‍ക്കും ബോധ്യപ്പെട്ടു. പക്ഷേ ഫണ്ട് തടസ്സമായിരുന്നു. വലിയ വലിയ ആര്‍ക്കിടെക്റ്റുകളുടെ സേവനം ഉപയോഗപ്പെടുത്താൻ വലിയ തുക വേണ്ടി വരും. അങ്ങനെയാണ് ചിരകാല സുഹൃത്തായ ആര്‍.കെ. രമേഷിനെ ഞാൻ വിളിക്കുന്നത്. 

പിറ്റേന്ന് സ്വന്തം വാഹനത്തില്‍ അദ്ദേഹം മലപ്പുറത്തെത്തി. ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥയില്‍ അദ്ദേഹത്തിനും അലിവ് തോന്നി. പ്രതിസന്ധികള്‍ പലതുണ്ടായിരുന്നു. കൂണ്‍ മുളച്ചപോലെ അങ്ങിങ്ങായി കെട്ടിടങ്ങള്‍. താല്‍ക്കാലികമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ബുദ്ധിമുട്ട്, അശാസ്ത്രീയമായ നിര്‍മ്മാണങ്ങള്‍..
ജില്ലാ ആശുപത്രിയുടെ നവീകരണത്തിന് രൂപരേഖ തയ്യാറാക്കണമെങ്കില്‍ ആദ്യം ഡിജിറ്റല്‍ സര്‍വ്വേ നടത്തണമായിരുന്നു. അദ്ദേഹം സ്വന്തം നിലയ്ക്ക് ചെന്നൈയിലെ ടീമിനെ സജ്ജീകരിച്ച് അത് ചെയ്യിപ്പിച്ചു. ചില കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി.

ജില്ലാ ആശുപത്രിയുടെ മുഖച്ഛായ മാറ്റാന്‍ ജനകീയ ക്യാമ്പയിന് തുടക്കമായി. മനോഹരമായ കെട്ടിടം അദ്ദേഹം രൂപകല്‍പ്പന ചെയ്തു. ജില്ലാ പഞ്ചായത്തും ആരോഗ്യവകുപ്പും ഈ പദ്ധതി അംഗീകരിച്ചു. മനോരമയുടെ നേതൃത്വത്തില്‍ നാടാകെ മഞ്ചേരി ജില്ലാ ആശുപത്രിയുടെ നവീകരണത്തിനായി കൈകോര്‍ത്തു. ആര്‍.കെ. രമേഷ് വിഭാവനം ചെയ്ത കെട്ടിടം ജനീകയ മുന്നേറ്റത്തില്‍ തലയെടുപ്പോടെ യാഥാര്‍ത്ഥ്യമായി.

" വികസനത്തിന് മലപ്പുറം മോഡൽ" എന്ന് അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി  വിശേഷിപ്പിച്ച ജില്ലാ
ആശുപത്രി, ആദ്യം ജനറല്‍ ആശുപത്രിയായും പിന്നീട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയുമായി മാറി. അന്ന് രമേഷ്  ഈ പദ്ധതിക്കായി വന്നില്ലായിരുന്നെങ്കില്‍ അന്നത്തെ മഞ്ചേരി ജില്ലാ ആശുപത്രിയുടെ വിധി മറ്റൊന്നാവുമായിരുന്നു എന്നതില്‍ സംശയമില്ല.

ദിവസങ്ങളോളം മലപ്പുറത്ത് തമ്പടിച്ച് ഞങ്ങള്‍ക്കൊപ്പം യോഗങ്ങളില്‍ പങ്കെടുത്ത് ആത്മാര്‍ത്ഥമായി കഠിനാദ്ധ്വാനം ചെയ്ത രമേഷിന് ആദരസൂചകമായി  നൽകിയ ഫലകം മാത്രമായിരുന്നു ആ സേവനത്തിനുള്ള പ്രതിഫലം.

വർഷങ്ങൾ നീണ്ട ആശുപത്രി കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ പരിശോധിക്കാൻ മാസത്തിൽ രണ്ടോ മൂന്നോ തവണയെങ്കിലും അദ്ദേഹം സ്വന്തം വാഹനത്തിൽ മഞ്ചേരിയിൽ  വന്നു പോകുമായിരുന്നു.  " വണ്ടിയിൽ എണ്ണയടിക്കാനുള്ള കാശ് പോലും  വാങ്ങാതെയാണല്ലോ അദ്ദേഹം ഇത്രയൊക്കെ  ചെയ്തത്"   ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന അഡ്വ. എം.  ഉമ്മർ പറയുമായിരുന്നു.

മനോരമ ക്യാംപെയ്നെ തുടർന്ന് മുൻമന്ത്രി ഇ.ടി. മുഹമ്മദ് ബഷീറിന്റെ ആവശ്യപ്രകാരം തിരൂര്‍ താലൂക്ക് ആശുപത്രി കെട്ടിടവും അദ്ദേഹം തന്നെയാണ് രൂപകല്‍പ്പന ചെയ്തത്.

വെറും പുല്‍ത്തകിടി മാത്രമായിരുന്ന മലപ്പുറം കോട്ടക്കുന്നില്‍ ടൂറിസത്തിന്റെ വലിയ സാധ്യതകളുണ്ടെന്ന മനോരമയുടെ അഭിപ്രായത്തിന് ആര്‍.കെ. രമേഷ് നല്‍കിയ പിന്തുണയാണ് ഇന്നത്തെ കോട്ടക്കുന്ന്. ‘“ വികസനം കൊതിക്കുന്ന കോട്ടക്കുന്ന് “ എന്ന മനോരമ പരമ്പരയെ തുടർന്ന് കോട്ടക്കുന്നിന്റെ സൗന്ദര്യത്തിനും പ്രകൃതിക്കും യോജിച്ച പ്ലാന്‍ അദ്ദേഹം തയ്യാറാക്കി. പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടവും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തി. സര്‍ക്കാര്‍ ഭൂമി ടൂറിസം പദ്ധതിക്കായി പ്രയോജനപ്പെടുത്തുന്നതിന് അനുമതി തേടി ജില്ലാ പഞ്ചായത്ത് ഭാരവാഹികളും ജനപ്രതിനിധികളും മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടിയും ഡോ. എം കെ മുനീറും  മറ്റും റവന്യൂമന്ത്രി കെ.എം. മാണിയെ സന്ദര്‍ശിച്ചപ്പോള്‍ മലപ്പുറത്തിനുവേണ്ടിയുള്ള ഈ ടൂറിസം പദ്ധതി അവതരിപ്പിക്കാൻ ഞങ്ങളോടൊപ്പം  രമേഷുമുണ്ടായിരുന്നു.  കോട്ടക്കുന്നില്‍ മനോരമയുടെ 'മഴവീട്' തയ്യാറാക്കിയതും അദ്ദേഹം തന്നെ.. 
മലപ്പുറത്തിന്റെ മുഖം മാറ്റിയ മനോരമയുടെ ട്രാഫിക് ഐലന്റ് രൂപകല്‍പ്പന ചെയ്തതും രമേഷാണ്.

മലപ്പുറത്തെ കെ എസ് ആർ ടി സി ബസ് സ്റ്റാന്റ് രാജ്യാന്തര നിലവാരത്തിൽ നവീകരിക്കുകയെന്നതും അദ്ദേഹത്തിൻ്റെ സ്വപ്നമായിരുന്നു. അതിനായിവിദേശരാജ്യങ്ങളിൽ കാണുന്ന രീതിയിൽ ഷോപ്പിംഗ് മാളുകൾ ഉൾപ്പെടുത്തിയുള്ള വൻ പദ്ധതി  തയ്യാറാക്കിയെങ്കിലും അന്നത്തെ സാമ്പത്തിക പ്രതിസന്ധി കാരണം നടക്കാതെ പോയി. കോട്ടക്കുന്ന് ടവര്‍ ഉള്‍പ്പെടുന്നതായിരുന്നു ആ പദ്ധതി. 

കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ നിർമാണം ആരുടെയോ നിക്ഷിപ്ത താൽപര്യങ്ങളോ അനാസ്ഥയോ മൂലം വഴി മാറിപ്പോയതും, അതിൻ്റെ പേരിൽ തനിക്ക് പഴി കേൾക്കേണ്ടി വന്നതും രമേഷിനെ മാനസികമായും ശാരീരികമായും തളർത്തി. പിന്നീടൊരു തിരിച്ചു വരവ് ഉണ്ടായില്ല. എങ്കിലും, അദ്ദേഹത്തിൻ്റെ സംഭാവനകൾ എക്കാലത്തും നമുക്കു ചുറ്റും തലയുയർത്തി നിൽക്കും -ആർ.കെ. രമേഷ് എന്ന മനുഷ്യസ്നേഹിയായ, സാമൂഹിക പ്രതിബദ്ധതയുള്ള വാസ്തുശിൽപിയുടെ നിത്യസ്മാരകങ്ങളായി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക