Image

ലോക പ്രസിദ്ധമായ അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ ഉത്ഭവ കഥ (ലാലി ജോസഫ്)

Published on 18 July, 2025
ലോക പ്രസിദ്ധമായ അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ ഉത്ഭവ കഥ  (ലാലി ജോസഫ്)

ചരിത്രവും ഐതീഹ്യവും നിറഞ്ഞു നില്‍ക്കുന്ന അപൂര്‍വ്വ ക്ഷേത്രങ്ങളിലൊന്നായ ശ്രീക്യഷ്ണസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് അമ്പലപ്പുഴയിലാണ്. ആലപ്പുഴയില്‍ നിന്ന് 14 കിലോമീറ്റര്‍ തെക്ക് ഭാഗത്താണ് ഈ സ്ഥലം. തിരുവിതാംകൂര്‍ ചരിത്രവും ആയി വളരെ ബന്ധമുള്ള ക്ഷേത്രമാണിത്..  വിചിത്രവും പുണ്യവുമായ ആചാര അനുഷ്ടാനങ്ങള്‍ കൊണ്ട് വേറിട്ടു നില്‍ക്കുന്ന ഒരു ക്ഷേത്രം കൂടി ആണിത്.  

ചെമ്പകശ്ശേരി രാജാവ് ആയിരുന്നു ആക്കാലത്ത് അമ്പലപ്പുഴ ഭരിച്ചിരുന്നത്. എ.ഡി 1613 ഒരു മിഥുന മാസത്തിലെ തിരുവോണ നാളിലാണ് പാര്‍ത്ഥസാരഥി രൂപത്തില്‍ അമ്പലപ്പുഴയില്‍ ശ്രീക്രഷ്ണ ഭഗവാനെ പ്രതിഷ്ടിക്കപ്പെടുന്നത് ഒരിക്കല്‍ രാജാവ് വില്ല്യമംഗലം സ്വാമിമാരുമായി  വഞ്ചിയില്‍ യാത്ര ചെയ്യുമ്പോള്‍ ശ്രീക്യഷ്ണന്റെ ഓടകുഴല്‍ നാദം കേള്‍ക്കുകയുണ്ടായി അവിടെ ഭഗവാന്റെ സാന്നിധ്യം ഉണ്ടെന്ന് മനസിലാക്കുകയും സ്വാമിയാരുടെ നിര്‍ദ്ദേശ പ്രകാരം ചെമ്പകശ്ശേരി രാജാവായിരുന്ന പൂരാടം തിരുനാള്‍ ദേവനാരായണന്‍ തമ്പുരാന്റെ നേത്യത്ത്വത്തില്‍ ഈ ക്ഷേത്രം പണി കഴിപ്പിച്ചു. അദ്ദേഹം ഒരു പ്രബല രാജാവായിരുന്നു. അതുമല്ല റോമാ സാമ്രാജ്യവുമായി നല്ല  വാണിജ്യ വ്യപാര ബന്ധവും പുലര്‍ത്തിയിരുന്നു.  പുറക്കാട് തുറമുഖം രാജാവിന്റെ അധീനതയില്‍ ആയിരുന്നതുകൊണ്ട് കുട്ടനാട്ടില്‍ നിന്നും ധാരളം ധാന്യ ശേഖരണം ഇറക്കുമതി ചെയ്തിരുന്നു,  മറ്റു നാട്ടു രാജാക്കമാര്‍ ധാന്യത്തിനു വേണ്ടി ചെമ്പകശ്ശേരി രാജാവിനെ ആശ്രയിക്കാറുണ്ടായിരുന്നു. അങ്ങിനെ വളരെയധികം സംമ്പല്‍സമ്യദ്ധിയിലായിരുന്നു അദ്ദേഹം നാടു ഭരിച്ചിരുന്നത്. അതുപോലെ വലിയ ക്യഷ്ണ ഭക്തനുമായിരുന്നു.

കലക്കും സാഹിത്യത്തിനും അദ്ദേഹം  ഒട്ടേറെ പ്രാധാന്യം നല്‍കിയിരുന്നു. കലയുമായി ബന്ധപ്പെട്ടവരെ ക്ഷണിച്ചു വരുത്തി കലയെ പ്രോത്‌സാഹിപ്പിക്കുമായിരുന്നു. അതുപോലെ വിഖ്യാത കലാകരന്മാരായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ചന്‍, മേല്‍പ്പത്തൂര്‍ നാരയണ ഭട്ടതിരി, തുള്ളല്‍ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച ആക്ഷേപ സാഹിത്യ രചനക്ക് കാരണമായ കലക്കാട്ടു കുഞ്ചന്‍ നമ്പ്യാര്‍ ഇവരുടെ ഒക്കെ കലാപ്രാവണ്യം  പ്രകടിപ്പിക്കാനുള്ള അവസരം രാജാവ് കൊടുത്തിട്ടുണ്ട്. കുഞ്ചന്‍ നമ്പ്യാര്‍ ഉപയോഗിച്ചിരുന്ന'മിഴാവ്' ഒരു ചരിത്ര സ്മാരകമായി ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ ഇന്നും നിലനില്‍ക്കുന്നതായി കാണാം. ക്ഷേത്രത്തിലെ ആല്‍മരം മാവും ആലും യോജിക്കുന്ന ഒരു ഒറ്റ മരമായിട്ടാണ് നിലകൊള്ളുന്നത്.

ശ്രീക്യഷ്ണ സ്വാമി ക്ഷേത്രത്തിലെ മറ്റൊരു സവിശേഷത അവിടുത്തെ നിവേദ്യമാണ്  അഥവാ ഭഗവാന്റെ പ്രസാദമായ അമ്പലപ്പുഴ പാല്‍പ്പായസം.  ഇവിടുത്തെ പാല്‍പ്പായസത്തിന്റെ രൂചി മറ്റൊരു ക്ഷേത്രത്തിലും  കിട്ടില്ല എന്നാണ് പറയപ്പെടുന്നത്. ഈ പായസവും ആയി ബന്ധപ്പെട്ട കഥ ഒന്നില്‍ കൂടുതല്‍ ഉണ്ട് ഇവിടെ പ്രതിപാദിക്കുന്നത് ചതുരംഗകളിയും ആയിട്ടുള്ള കഥയാണ്.

ക്യഷ്ണ ഭക്തനായ രാജാവ് പിന്നീട് ഭക്തിയേക്കാട്ടിലും കൂടുതലായി ചതുരംഗത്തില്‍ കമ്പം കൂടി. അതായത് വാത് വച്ചിട്ടുള്ള ചെസ്സ് കളി.   ഇത്തരത്തില്‍ പന്തയം വച്ചിട്ടുള്ള കളി മനുഷ്യരെ നാശത്തിലേക്ക് നയിക്കും അതിനുള്ള ഒരു വലിയ ഉദാഹരണം ആണ് മഹാഭാരത യുദ്ധം. പാണ്ഡവരും കൗരവരും ആയി ചൂത് കളിച്ച് സര്‍വ്വതും നഷ്ടപ്പെട്ട്  വനവാസത്തിന് പോയ കഥ എല്ലാംവര്‍ക്കും അറിയാവുന്നതാണല്ലോ.

ചെമ്പകശ്ശേരി രാജാവുമായി കളിക്കാന്‍ ധാരാളം ആളുകള്‍ വന്നു തുടങ്ങി. കാരണം ജയിച്ചാലും തോറ്റാലും രാജാവ് സമ്മാനം കൊടുക്കും. വലിയ സമ്പത്തില്‍ ധാരളം അഹങ്കാരവും ഉണ്ടായിരുന്നു. ഒരു ദിവസം ഊണ് ഒക്കെ കഴിച്ച്  ചതുരംഗം കളിക്കാന്‍ ആരെങ്കിലും ഉണ്ടോ എന്ന് നോക്കി ഇരിക്കുവാന്‍ തുടങ്ങി. അപ്പോള്‍ കവാടത്തിന്റെ പുറത്ത് ആ നാട്ടിലുള്ളവര്‍ ഇന്നുവരെ കാണാത്ത ഒരു ബ്രാഹ്മണന്‍ രാജാവിനെ മുഖം കാണിക്കുവാന്‍ നില്‍ക്കുന്നു. രാജാവ് വന്ന ആളെ അടിമുടി നോക്കി. അതീവ സുന്ദരന്‍, വാളും പരിചയും ഉണ്ട്. ആകര്‍ഷണം തോന്നിക്കുന്ന ഒരാള്‍, ശാന്തമായ കണ്ണുകള്‍. അദ്ദേഹം രാജാവിനെ തൊഴുതു. എന്തിനാണ് നിങ്ങള്‍ ഇവിടെ വന്നത്? എവിടുന്നാണ് വരുന്നത്?  

ഞാന്‍ ക്യഷ്ണന്‍ ഉണ്ണി .വടക്കുള്ള ഒരു നാട്ടു രാജ്യത്തിലെ രാജാവിന്റെ പടയാളിയാണ്. ഇവിടെ ഒരാളെ അകമ്പടി സേവിക്കാനുണ്ടായിരുന്നു. അവരെ സുരക്ഷിതമായി നാട്ടില്‍ കൊണ്ടു വന്നു ആക്കണമായിരുന്നു.  മടങ്ങും വഴിയാണ് അങ്ങയെ  കുറിച്ച് അറിയുവാന്‍ സാധിച്ചത്. ചെമ്പകശ്ശേരി രാജാവിന്റെ ചതുരംഗ കളിയെ കുറിച്ചും കേട്ടു.  അങ്ങേയോടൊപ്പം ചൂത് കളിക്കുവാന്‍ ഒരു മോഹം തോന്നി അതുകൊണ്ടാണ് ഞാന്‍ വന്നത്. രാജാവ് ഇവിടെ കളിക്കാന്‍ ഒരാളെ കിട്ടന്‍ വിഷമിച്ച് ഇരിക്കുമ്പോഴാണ് അതാ ഒരാള്‍ വരുന്നു. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാല്‍ എന്ന് പറഞ്ഞതു പോലെയായി. അപരിചിതനോട് കളിക്കാനാണ് രാജാവിന് ഏറെ ഇഷ്ടം. രാജാവിന്റെ കുടുബാംഗങ്ങള്‍ എല്ലാംവരും അവിടെ സന്നിഹിതരായിരുന്നു. ചെമ്പകശേരി രാജാവ് ഒരു വലിയ കളിക്കാരനാണ്. ഈ പയ്യന്‍ എന്താണ് ചെയ്യാന്‍ പോകുന്നത്?  രാജാവിന്റെ ഭാര്യ ധ്രാത്രികുട്ടി വാതില്‍ മറവില്‍ കളി കാണാന്‍ നില്‍പ്പുണ്ട്.  അവള്‍ വിചാരിച്ചു ഇവന്‍ ഒരു ചാരനാണോ? ക്യഷ്ണനുണ്ണി ചതുരംഗ ബോര്‍ഡ് നോക്കി. ബുദ്ധിപരമായ നീക്കങ്ങള്‍ നടത്തി.  ഒന്നു രണ്ടു നീക്കത്തില്‍ തന്നെ രാജാവ് തോല്‍ക്കുന്നു. അദ്ദേഹം വിയര്‍ക്കാന്‍ തുടങ്ങുന്നു. രാജാവ് ചോദിച്ചു ഒരു പ്രാവശ്യം കൂടി നോക്കാം, അങ്ങിനെ മൂന്നു കളിയിലും തോല്‍ക്കുന്നു.

ക്യഷ്ണന്‍ ഉണ്ണി നന്ദി പറഞ്ഞ് പോകുവാന്‍ ഒരുങ്ങുമ്പോള്‍ രാജാവ് പറഞ്ഞു ഇന്ന് ഇവിടെ തങ്ങുക അതുമല്ല നിനക്ക്  ഒരുപാട് സമ്മാനങ്ങള്‍ തരുവാനുണ്ട്. എന്റെ അത്രയും സമ്പല്‍ സമ്യദ്ധിയുള്ള മറ്റൊരു രാജാവ് ഈ നാട്ടില്‍ ഇല്ല. ക്യഷണന്‍ ഉണ്ണി സമ്മാനം സ്വീകരിക്കാം എന്നു പറഞ്ഞു. ചോദിച്ച സമ്മാനം കുറച്ചു ധാന്യം ആണ് അതു കേട്ടപ്പോള്‍ രാജാവ് പറഞ്ഞു എത്ര വേണം?  ഒരു പറ വേണോ? രണ്ടു പറ വേണോ?  രാജാവിനെ സംമ്പന്ധിച്ചിടത്തോളം അത് ഒരു ചെറി്‌യ സമ്മാനം ആയിരുന്നു. അപ്പോള്‍ പുഞ്ചിരി തൂകികൊണ്ടു ക്യഷ്ണനുണ്ണി പറഞ്ഞു. ഈ ചതുരംഗത്തിന്റെ കള്ളിയില്‍ കൊള്ളുന്ന ധാന്യം എനിക്ക് തന്നാല്‍ മതി പക്ഷെ ഒരു കണക്കുണ്ടതിന് ആദ്യത്തെ കള്ളിയില്‍ ഒരു ധാന്യം വയ്ക്കുകയാണെങ്കില്‍ അതിന്റെ ഇരട്ടി വേണം അടുത്ത കള്ളിയില്‍ വയ്‌ക്കേണ്ടത് അതിന്റെ ഇരട്ടി വേണം മൂന്നാമത്തെ കള്ളിയില്‍ വയ്‌ക്കേണ്ടത്. അങ്ങിനെ 64 കള്ളികളില്‍ എത്ര ധാന്യം ആണോ കൊള്ളുക ആ ധാന്യം എനിക്ക് സമ്മാനമായി തരിക. ഈ കണക്ക് കേട്ടിട്ട് രാജാവ് പറഞ്ഞു അത്രയുള്ളോ? രാജാവിന് അതും വളരെ നിസ്സാരമായി തോന്നി.

ഒരു കാളവണ്ടി നിറച്ചു ധാന്യം തരാംമെന്ന് രാജാവ് പറഞ്ഞു.. അപ്പോള്‍ ക്യഷ്ണനുണ്ണി പറഞ്ഞു അങ്ങ് ചിന്തിച്ചിട്ടു തന്നെയാണോ പറയുന്നത്. ഞാന്‍ പറഞ്ഞ കണക്ക് ഒന്ന് എടുത്തു നോക്കു അതിനു ശേഷം അങ്ങ് മറുപടി പറയുക. അപ്പോള്‍ രാജാവിന് സംശയമായി. പിന്നെ മന്ത്രിമാരെ വിളിച്ചു പറഞ്ഞു വേഗം  കണക്ക് എടുക്കൂ... അങ്ങിനെ മന്ത്രിമാര്‍ കണക്ക് എടുക്കുവാന്‍ തുടങ്ങി 64ാം മത്തെ കള്ളിയില്‍ എത്തുമ്പോള്‍ എത്രയായിരിക്കും? നിങ്ങള്‍ തന്നെ ഒന്ന് കൂട്ടി നോക്ക് 40ാം മത്തെ കള്ളിയായപ്പോള്‍ കൊട്ടാരത്തിലെ ധാന്യ ശേഖരം മുഴുവന്‍ തീര്‍ന്നു കഴിഞ്ഞു. 60ാം താമത്തെ കള്ളിയെത്തിയപ്പോള്‍ ചെമ്പകശേരി രാജ്യത്തെ ധാന്യം മുഴുവനും തീര്‍ന്നു. 64ാംമത്തെ കള്ളിയില്‍ എത്തുമ്പോള്‍ എന്തായിരിക്കും അവസ്ഥ. രാജാവ് വിയര്‍ത്തു കുളിച്ചു. അതായത് രാജാവിന് ഒന്നുമില്ലാത്ത അവസ്ഥയായി. എല്ലാംവരും ധാന്യം ശേഖരിക്കാനുള്ള ഓട്ടം ആയി. രാജാവ് തളര്‍ന്നു വീഴുന്ന അവസ്ഥയായി.

രാജ്ഞി ക്യഷ്ണനുണ്ണിയെ സൂക്ഷിച്ചു നോക്കി എന്നിട്ടു പറയുകയാണ്. ഇദ്ദേഹം ഒരു യോദ്ധാവ് അല്ല. സക്ഷാല്‍ ഭഗവാന്‍ ക്യഷ്ണന്‍ തന്നെയാണ്. രാജാവ് ആ പത്മ പാദങ്ങളില്‍ വീണ് പ്രണമിച്ചു. ഭഗവാന്‍ രാജാവിനെ പിടിച്ചെഴുന്നേല്‍പ്പിച്ചു. ഭഗവാന്‍ പറഞ്ഞു ഞാന്‍ തന്ന ഒരു പരീക്ഷണം. ആണിത്. ഞാന്‍ നോക്കി നടത്താന്‍ തന്നതാണ് ഈ സമ്പത്തുംപ്രതാപവും.  അങ്ങയുടെ ചതുരംഗഭ്രമം അവസാനിപ്പിക്കണം. കളിയിലുള്ള അമിതമായ ഭ്രമം എത്രയോ കുടുംബങ്ങളെ ദാരിദ്രത്തില്‍ ആക്കിയിട്ടുണ്ട്. അങ്ങയുടെ ധര്‍മ്മം എനിക്കു വേണ്ടി പ്രജകളെ സ്‌നേഹിക്കുക. എന്നില്‍ മനസ് ഉറപ്പിക്കുക. ഖജനാവിലെ പണം ഇങ്ങിനെ ചൂത് കളിച്ച് കളയാനുള്ളതല്ല ഇപ്പോള്‍ അങ്ങ് എന്റെ കടക്കാരനായി മാറിയിരിക്കുകയാണ്. ഇത് എങ്ങിനെയാണ് വീട്ടി തീര്‍ക്കുക?  അതിന് ഒരു ഉപായം പറഞ്ഞു തരാം. അമ്പലപ്പുഴ ശ്രിക്യഷ്ണ സ്വാമി ക്ഷേത്രത്തില്‍ എല്ലാം ദിവസവും ഈ ധാന്യം ഉപയോഗിച്ചു കൊണ്ട് ഭക്ത ജനങ്ങള്‍ക്ക് പാല്‍പ്പായസം ഉണ്ടാക്കി വിതരണം ചെയ്യുക. ഇത്രയും പറഞ്ഞ ശേഷം ഭഗവാന്‍ അപ്രതീക്ഷമാകുന്നു. അന്ന് രാജാവ് തുടങ്ങി വച്ച ആ പാല്‍പ്പായസം ഇന്നും തുടരുന്നു.

അമ്പലപ്പുഴയില്‍ പാല്‍പ്പായസം എഴുന്നുള്ളിക്കുമ്പോള്‍ വടക്കെ നടയില്‍ ശ്രീക്രിഷ്ണ പരുന്ത് വട്ടമിട്ട് പറക്കുന്നത് കാണാം. അത് ഗുരുവായൂര്‍ അപ്പന്റെ സാന്നീധ്യമായി ഭക്ത ജനങ്ങള്‍ വിശ്വസിക്കുന്നു. അതിന്റെ ഐതീഹ്യം ഇങ്ങിനെ പറയപ്പെടുന്നു. ടിപ്പു സുല്‍ത്താന്റെ പടയോട്ട കാലത്ത് ഗുരുവായൂര്‍ ആക്രമിക്കും എന്ന തോന്നല്‍ ഉണ്ടാവുകയും ആക്രമിക്കപ്പെടാതിരിക്കാന്‍ വേണ്ടി ഗുരുവായൂര്‍ അപ്പന്റെ വിഗ്രഹം അമ്പലപ്പുഴയില്‍ കൊണ്ടു വന്നു പ്രതിഷ്ടിച്ചു. പക്ഷെ ടിപ്പുവിന്റെ പടയാളികള്‍ മറ്റു ക്ഷേത്രങ്ങള്‍ നശിപ്പിച്ചെങ്കിലും ഗുരുവായൂര്‍ അമ്പലം മാത്രം നശിപ്പിച്ചില്ല. പിന്നീട് ഈ വിഗ്രഹം തിരിച്ച് ഗൂരുവായൂരില്‍ കൊണ്ടു പോയി സ്ഥാപിച്ചെങ്കിലും  പാല്‍പ്പായസം എഴുന്നള്ളിക്കുമ്പോള്‍ ശ്രീക്രിഷ്ണ പരുന്തിന്റെ രൂപത്തില്‍ ഗുരുവായൂര്‍ അപ്പന്‍ ഇവിടെ വരുന്നതായി ഭക്തര്‍ വിശ്വസിച്ചു പോരുന്നു.

ഈ പായസം ഒരു ഔഷദ ഗുണം ഉള്ള പായസം ആയിട്ടാണ് പറയപ്പെടുന്നത് അതുകൊണ്ടു കൂടി ആകണം'ഗോപാല കഷായം' എന്ന മറ്റൊരു പേരും കൂടി ഈ പാല്‍പ്പായസത്തിനുണ്ട്. അമ്പലത്തിന് അകത്ത് ഒരിക്കലും വറ്റാത്ത പുണ്യ തീര്‍ത്ഥകിണര്‍ അഥവാ മണി കിണര്‍ ഉണ്ട് ഈ കിണറ്റില്‍  നിന്നുമാണ് പായസത്തിനു വേണ്ട വെള്ളം എടുക്കുന്നത്. പ്രധാനമായും പായസത്തിനു വേണ്ടി ഉപയോഗിക്കുന്നത്. ഉണക്കലരി, വെള്ളം, പാല്‍, പഞ്ചസാര എന്നീവ ഒരു പ്രേത്യക അനുപാതത്തില്‍ ഏകദേശം ഏഴ് മണിക്കൂര്‍ സമയം എടുത്താണ്പായസം ഉണ്ടാക്കുന്നത്. ഈ പായസത്തെ വെല്ലാന്‍ പറ്റിയ പായസം ലോകത്ത് തന്നെ ഇല്ല എന്നാണ് പറയപ്പെടുന്നത്. ഒരു ദിവസവും മുടക്കം കൂടാതെയാണ് പായസം ഉണ്ടാക്കുന്നത്.

തലേ ദിവസം ബുക്കു ചെയ്താല്‍ മാത്രമേ  പാല്‍പ്പായസം കിട്ടുകയുള്ളു. അത്രക്ക് ഡിമാന്റാണ് ഇവിടുത്തെ പായസത്തിന്. അതുകൊണ്ടു തന്നെ ഇനി നാട്ടില്‍ പോകുമ്പോള്‍ അമ്പലപുഴയിലെ  ക്ഷേത്രവും അതുപോലെ തന്നെ അവിടുത്തെ ഔഷദ പായസമായ നിവേദ്യവും രുചിച്ചറിയുക. എല്ലാംവര്‍ക്കും എല്ലാം വിധ നന്മകളും ആശംസിച്ചു കൊണ്ട് നിര്‍ത്തുന്നു.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക