പുതുപ്പള്ളിയുടെ മനസുറങ്ങിയിട്ട് ഇന്നേയ്ക്ക് രണ്ടുവര്‍ഷം തികഞ്ഞു. ചരമവാര്‍ഷികത്തില്‍ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന് ഓര്‍മപ്പൂക്കള്‍ അര്‍പ്പിച്ച് നടന്ന സ്മൃതിസംഗമത്തോടനുബന്ധിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ ദേശീയ-സംസ്ഥാന നേതാക്കള്‍ തുടങ്ങി നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു. നേതാക്കള്‍ ഉമ്മന്‍ചാണ്ടിയുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ഥനയും നടത്തി.
ഖദറിന്റെ വെണ്‍ കുപ്പായമണിഞ്ഞ് നറുനിലാ പുഞ്ചിരിയോടെ കേരള നാടിന്റെ മനസ്സു കവര്‍ന്നെടുത്ത ഉമ്മന്‍ ചാണ്ടി സാര്‍ തന്റെ നിയോഗം പൂര്‍ത്തിയാക്കി കണ്‍വെട്ടത്തു നിന്ന് അകന്നുപോയി എന്ന് പുതുപ്പല്ളിക്കാര്‍ ഇന്നും വിശ്വസിക്കുന്നില്ല. മൂല്യശോഷണം സംഭവിക്കാത്ത രാഷ്ട്രീയ നേതാക്കന്മാരുടെ പട്ടികയില്‍ തന്റെ പേരും തങ്കമുദ്ര ചാര്‍ത്തിക്കൊണ്ട് ഒട്ടേറെ ഓര്‍മ്മകളുടെ വെള്ളിവെളിച്ചമായി ആകാശ മേലാപ്പില്‍ ഒരു വെള്ളി നക്ഷത്രമായി പരിലസിക്കുകയാണ് ഈ പ്രിയ നേതാവ്.
രാഷ്ട്രീയം ഏതുമായിക്കൊള്ളട്ടെ, അതിനൊക്കെ അതീതമായി ഇന്ത്യയില്‍ തന്നെ സ്വര്‍ണ സ്ഥാനമുറപ്പിച്ച ഈ മഹദ് വ്യക്തിയുടെ നൊമ്പരപ്പെടുത്തുന്ന തിരോധാനം 2023 ജൂലൈ മാസം 18-ാം തീയതിയായിരുന്നു. കോട്ടയം ജില്ലയിലെ പുതുപ്പള്ളി എന്ന ഗ്രാമത്തില്‍ നിന്നും കേരളത്തിന്റെ ഭരണയന്ത്രം തിരിച്ചുകൊണ്ട് നന്മയുടെ രാഷ്ട്രീയം വ്യക്തി ജീവിതത്തിലും തന്റെ രാഷ്ട്രീയ പ്രവര്‍ത്തന സപര്യയിലും നൂറു ശതമാനം തെളിയിച്ചുകൊണ്ടാണ് പ്രിയ മാനസനായ ഉമ്മന്‍ ചാണ്ടി തന്റെ ഭൗതിക ജീവിതത്തിന് വിരാമമിട്ടുകൊണ്ട് കാലയവനികയ്ക്കുള്ളിലേയ്ക്ക് മറഞ്ഞുപോയത്.
കേരളത്തിന്റെ മനസ്സ് ഇത്രയേറെ കവര്‍ന്നെടുത്ത നേതാക്കന്മാര്‍ വിരളമാണ്. ഉമ്മന്‍ ചാണ്ടി സാറിന്റെ ഭൗതിക യാത്രയ്ക്ക് വിരാമമായെങ്കിലും തന്റെ ജീവിതത്തിലൂടെ അദ്ദേഹം അദ്ദേഹം സമൂഹത്തിന് സമര്‍പ്പിച്ച മാതൃകകള്‍ ഇന്നും സജീവമായിത്തന്നെ നിലനില്‍ക്കുന്നു. സമരമുഖങ്ങളിലെ തീപ്പന്തമായി നില്‍ക്കുമ്പോഴും തന്റെ കര്‍മ്മ പദങ്ങളിലൂടെ ഓടി നടന്ന്, ഉറക്കവും ഊണും കളഞ്ഞ് പൊതുജനത്തിന്റെ മുഖ്യധാരയില്‍ ഉമ്മന്‍ ചാണ്ടി എന്നും ഉണ്ടായിരുന്നു...സജീവമായിത്തന്നെ...ഓജസും ഊര്‍വും നിലനിര്‍ത്തിക്കൊണ്ടു തന്നെ...
വേര്‍പാടിന്റെ രണ്ടു വര്‍ഷം തികയുമ്പോള്‍ നികത്താനാവാത്ത ആ നേതൃനഷ്ടത്തിന്റെ വിലയേറിയിട്ടേയുള്ളൂ. ദേശീയ ജനാധിപത്യ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ കുപ്പായം ധരിച്ചതു മുതല്‍ അദ്ദേഹം തന്റെ ജീവിതം സ്വാര്‍ത്ഥലാഭമില്ലാത്ത പരിധികള്‍ക്കപ്പുറത്തേയ്ക്ക് എത്തിച്ചിരുന്നു. എന്നിട്ടും ഉമ്മന്‍ ചാണ്ടിയെ ഒരു കാരണവുമില്ലാതെ വേട്ടയാടിയവര്‍ക്ക് എന്ത് യോഗ്യതയാണുള്ളത്...എന്ത് മറുപടിയാണവര്‍ക്ക് പറയാന്‍ സാധ്യമായിട്ടുള്ളത്...അഗ്നിശുദ്ധി അദ്ദേഹം എത്തിയല്ലോ. ''നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ തന്നെ കല്ലെറിയട്ടെ''യെന്ന് ആ വിഷമസന്ധികളില്‍ അദ്ദേഹം ഓര്‍ത്തിരിക്കണം.
ജീവിതത്തിന്റെ നൈര്‍മല്യവും അവസാന ശ്വാസം വരെ പൊതുപ്രവര്‍ത്തനത്തിന്റെ പരിശുദ്ധിയും കാത്തുസൂക്ഷിച്ച ഉമ്മന്‍ ചാണ്ടിയെ ഒളിഞ്ഞും തെളിഞ്ഞും ആരോപണ കുടുക്കില്‍ എത്തിച്ചവര്‍ ഒരു നിമിഷം തിരിഞ്ഞു നോക്കണം. കാരണം, അവരുടെയൊക്കെ നാവ് എന്നോ പിഴച്ചുപോയിരുന്നു. അടിസ്ഥാനമില്ലാത്ത ആരോപണത്തിന്റെ മുള്‍മുനയില്‍ അദ്ദേഹത്തെ നിര്‍ത്തിയ പ്രതിലോമ കക്ഷികള്‍ക്ക് ഉത്തരം കിട്ടിത്തന്നെയാണ് ഈ പ്രിയ നേതാവ് തന്റെ ജനസമ്പന്നമായ ജീവിതത്തിന് അവസാനമിട്ടത്.
ഉമ്മന്‍ ചാണ്ടിയുടെ ജീവിതം കോണ്‍ഗ്രസ് പ്രസ്ഥാനത്തെയും കേരള രാഷ്ട്രീയത്തെയും സംബന്ധിച്ച് ഒരു സുവര്‍ണ കാലഘട്ടം തന്നെയായിരുന്നു. എം.എല്‍.എ ആയും മന്ത്രിയായും കേരളത്തിന്റെ ആദരവ് പിടിച്ചു പറ്റിയ മുഖ്യമന്ത്രിയായും സല്‍ക്കര്‍മ്മങ്ങള്‍ ചെയ്തിട്ടുള്ള പുതുപ്പള്ളിയുടെ ഈ മുത്തിനെ എങ്ങനെ ആരോപണക്കയങ്ങളില്‍ ആഴ്ത്താന്‍ നാവും മുഷ്ഠിയും പൊന്തി എന്നുള്ളത് കാലം തെളിയിക്കും.
സ്വന്തം ജന്മനാടായ പുതുപ്പള്ളിയുടെ ഓരോ മണല്‍ത്തരികളെയും തന്റെ പാദസ്പര്‍ശം കൊണ്ട് അനുഗ്രഹിച്ച, യുവതയുടെ ആവേശമായി മാറിയ ഉമ്മന്‍ ചാണ്ടി ദേശീയ നേതാവായും അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മറ്റിയുടെ അനുരഞ്ജന വ്യക്തിത്വമായും പൊതുജന സമ്പര്‍ക്ക പരിപാടിയുടെയും നുര്‍നിരയില്‍ ശോഭിച്ചു എന്നതിന് ചരിത്രം സാക്ഷി പറയും. നമ്മള്‍ സ്‌നേഹിച്ച ഓരോ വ്യക്തിത്വങ്ങളും, നമ്മളെ സ്വാധീനിച്ച ഓരോ മഹാന്മാരും ഇത്തരത്തില്‍ വിട പറയുമ്പോള്‍ ഒഴുക്കാന്‍ ഇത്തിരി കണ്ണീര്‍ കണങ്ങളേ അവശേഷിക്കുന്നുള്ളു.
തിരുവനന്തപുരത്തെ 'പുതുപ്പള്ളി' വീട്ടിലും കോട്ടയത്തെ സ്വന്തം തറവാട്ടിലും ആരോഗ്യം മറന്ന് ഓടിനടക്കുകയും പുതുപ്പള്ളി പള്ളിയിലെ കുര്‍ബാനയില്‍ സാധാരണക്കാരില്‍ സാധാരണക്കാരനായി പങ്കെടുത്ത് അവിടെ നിന്നിറങ്ങി ജനമനസ്സിലേക്ക് കടന്നു കയറുകയും ചെയ്ത ഉമ്മന്‍ ചാണ്ടിയെ പോലെയുള്ള ഒരു ജനകീയ നേതാവിന്റെ സജീവ സാന്നിധ്യം ഇനിയെന്നുണ്ടാകും എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ കാല്പാടുകള്‍ ജനഇടങ്ങളും നമ്മുടെ നിത്യജീവിത പരിസരങ്ങളും പിന്തുടരുന്നവര്‍ക്കു മാത്രമേ ശരിയായ ഉത്തരം നല്‍കുവാനാകൂ.
കേരളത്തിന് ഒട്ടേറെ അഭിമാന വികസന സംരംഭങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുകയും അതിന്റെയൊക്കെ ആനുകൂല്യങ്ങള്‍ പിന്‍പറ്റുകയും ചെയ്തവര്‍ തീര്‍ച്ചയായും വ്യസനിക്കുണ്ടിപ്പോള്‍. മനുഷ്യ ജീവിതത്തിന്റെ ഹ്രസ്വമായ കാലഘട്ടങ്ങളില്‍ ഇതുപോലുള്ള നേതാക്കന്മാര്‍ പിറവിയെടുക്കുന്നതും പ്രവര്‍ത്തന ക്ഷേമോജ്വലമായി തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നടപ്പിലാക്കുന്നത് അത്യപൂര്‍വമാണ്. നാളത്തെ സമൃതിദിനത്തില്‍ ഈ സാധാരണ പുതുപ്പള്ളിക്കാരനെ വണങ്ങിക്കൊണ്ട് പുതിയ കോണ്‍ഗ്രസ് തലമുറ ഉയിര്‍ത്തെഴുന്നേറ്റു വന്നാല്‍ അതാണ് അദ്ദേഹത്തോട് ചെയ്യാവുന്ന ആദരവിന്റെ സ്മരണാഞ്ജലി.