നിസ്സഹായത നിശ്ശബ്ദമായുറങ്ങുന്ന
അവൻ്റെ നിലാവറ്റ മിഴികളിലാണ്
വിശപ്പിൻ്റെ ഭാഷയാദ്യം വായിച്ചറിഞ്ഞത്.
സഹനത്തിന്നതിരുകളിലെകാത്തിരിപ്പാണത്
കൊള്ളിയായെരിഞ്ഞൊടുവിലാളിപ്പടരുമഗ്നിനാളം
കണ്ണീർപ്പാടങ്ങൾ കവിഞ്ഞൊഴുക്കും തോരാമഴ
നോവുകളുടെ പ്രതിനിധിയും മരിക്കാത്ത സത്യവും
ജീവൻ തള്ളി നീക്കാൻ കിതയ്ക്കുന്ന
പ്രാണൻ്റെ പോരാട്ടവുമാണത്
ശൂന്യരാശികളിലേക്ക് കുതിച്ചെത്തുന്ന
തീവണ്ടിയുടെ ചൂളം വിളികളാണ്
അമ്മയുടെ നെഞ്ചിലെരിയുന്ന കനലും
അച്ഛൻ്റെ മനസ്സിലെ തോൽവിയുമാണത്
പങ്കിട്ടു നൽകിയ പൊതിച്ചോറിലെയവസാന
വറ്റും വടിച്ചവൻ പറഞ്ഞപ്പോൾ
പാഠപുസ്തകങ്ങളിലും ആഫ്രിക്കയിലെ
കുഞ്ഞു മുഖങ്ങളിലും വായിച്ചറിഞ്ഞിട്ടുള്ള
കാണാത്ത ലോകത്തിൻ കവാടത്തിനരികെ
തേങ്ങലുകൾക്ക്കാതോർക്കുമ്പോൾ
വിശപ്പിൻ്റെ വിളിയെന്തെന്നറിയാത്ത
വിശപ്പോടുറങ്ങിയിട്ടില്ലാത്തെനിക്കെന്തർഹത
വിശപ്പിനെക്കുറിച്ചെഴുതുവാൻ
ജാതിയും മതവുമില്ലാത്ത തീയായി കത്തിയെരിയുന്ന മരുഭൂമികളിലലയുവാൻ
വേദനകളെക്കുറിച്ചെഴുതുവാൻ വാക്കുകളില്ലല്ലോ
സൂര്യനെരിയാത്ത പകലുകളിൽ
അന്നമെത്തിയണയുന്ന അവസാന വാക്കായിരുന്നു വിശപ്പെനിക്കെന്നും
വിശപ്പറിയിക്കാതെ പോറ്റി വളർത്തിയവർക്ക്
നന്ദി ചൊല്ലാൻ കടം വീട്ടുവാനൊരു ജന്മം പോരാ