ഹൃദയംകൊണ്ട് സംസാരിച്ചിരുന്ന അപൂർവ്വം വ്യക്തിത്വങ്ങളിൽ ഒരാൾ എന്ന നിലയിലാണ് ഡോ.എം.അനിരുദ്ധനെ ഞാൻ ഓർക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ, അത് ശബ്ദ സന്ദേശമായാലും ടെക്സ്റ്റ് മെസേജ് ആയാലും മറുതലയ്ക്കലുള്ള ആളോടുള്ള സ്നേഹവും കരുതലും അതിൽ നിറഞ്ഞുതുളുമ്പിനിന്നിരുന്നു.
ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന് അരനൂറ്റാണ്ടിന്റെ പഴക്കമുണ്ട്.1973 -74 കാലഘട്ടത്തിലാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. 1983 ൽ ഫൊക്കാനയ്ക്ക് രൂപംകൊടുക്കുമ്പോഴാണ് അനിരുദ്ധനുമായി സഹകരിച്ച് പ്രവർത്തിക്കാൻ അവസരമുണ്ടായത്. ആളുകളെ വിലയിരുത്താനും മാറിനിന്ന് വിലയിരുത്താനുമുള്ള അദ്ദേഹത്തിന്റെ കഴിവ് എടുത്തുപറയേണ്ടതാണ്.
തോമാച്ചൻ എന്നാണ് അദ്ദേഹമെന്നെ വിളിച്ചിരുന്നത്. അന്തരിച്ച മുൻ രാഷ്ട്രപതി കെ.ആർ.നാരായണൻ അംബാസഡർ സ്ഥാനമൊഴിഞ്ഞ് തിരിച്ചുപോകുമ്പോൾ വിടവാങ്ങൽ ചടങ്ങിൽ ഞാൻ നടത്തിയ പ്രസംഗം അദ്ദേഹം ശ്രദ്ധിച്ചിരുന്നതായി ഒരിക്കൽ പറഞ്ഞു. എന്റെ ശൈലി ആകർഷണീയമായി തോന്നിയെന്നും തുടർന്നും ഒന്നിച്ച് പ്രവർത്തിക്കാൻ താല്പര്യമുണ്ടെന്നും അനിരുദ്ധൻ സൂചിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫൊക്കാനയുടെ ആദ്യ ഇലക്ഷനിൽ ഞാൻ മത്സരിക്കാൻ തീരുമാനിച്ചത്.
അതിൽ പ്രഥമ ട്രഷററായി തിരഞ്ഞെടുക്കപ്പെടാൻ എനിക്ക് ഭാഗ്യമുണ്ടായി. അനിരുദ്ധനെ പോലുള്ള ആദ്യകാല അമേരിക്കൻ മലയാളികളുടെ അധ്വാനമാണ് ഫൊക്കാനയെ രൂപപ്പെടുത്തിയെടുത്തത്. രാഷ്ട്രീയത്തിന് അതീതമായി സംഘടന നിലയുറപ്പിച്ചതിൽ അദ്ദേഹത്തിനുള്ള പങ്ക് ചെറുതല്ല.
കേരളത്തിൽ മന്ത്രിസഭകൾ മാറിമാറി വരുമ്പോഴും സർക്കാരുമായി ഫൊക്കാന ഒരേരീതിയിൽ ഊഷ്മളബന്ധം നിലനിർത്തിയത് ആ മാർഗദർശിയെ പിൻപറ്റിക്കൊണ്ടാണ്. അനിരുദ്ധന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളും കൺവൻഷനുകളും ഇന്നും സംഘടനയ്ക്ക് മാതൃകയാണ്. കേരളത്തിൽ കൺവൻഷൻ നടത്തുന്നത് പതിവായതിലും അദ്ദേഹത്തിന് പങ്കുണ്ട്. പി.എസ്.സി ചോദ്യപ്പേപ്പറിൽ "What is FOKANA" എന്ന ചോദ്യം വന്നതിൽ നിന്ന് തന്നെ മലയാളമനസ്സുകളിൽ ആ സംഘടന നേടിയ പ്രശസ്തി വ്യക്തമാകും.
ഫൊക്കാനയുടെ എല്ലാ പ്രസിഡന്റുമാരെയും അദ്ദേഹം നിർലോപം പിന്തുണച്ചു.
കൺവൻഷനുകൾ സ്പോൺസർ ചെയ്യുന്നതുൾപ്പെടെ എന്തിനുമേതിനും അനിരുദ്ധൻ ഒപ്പമുണ്ടായിരുന്നു എന്നതിൽ നിന്നുതന്നെ ഫൊക്കാന അദ്ദേഹത്തിന് എത്രത്തോളം പ്രിയപ്പെട്ടതായിരുന്നെന്ന് മനസ്സിലാക്കാം. അവസാനശ്വാസം വരെ ആ സ്നേഹം അദ്ദേഹം നിലനിർത്തി. ഫൊക്കാനയ്ക്കും അമേരിക്കൻ മലയാളികൾക്കും പ്രവാസിസമൂഹത്തിനും കേരളത്തിലെ ജനങ്ങൾക്കും അദ്ദേഹത്തിന്റെ വേർപാടൊരു തീരാനഷ്ടമാണ്.
വിദ്യാസമ്പന്നനും നല്ലൊരു ബിസിനസുകാരനുമായിരുന്ന അനിരുദ്ധന്റെ വിടവാങ്ങൽ വ്യക്തിപരമായും നികത്താനാകാത്ത വിടവാണ്. പ്രിയ സുഹൃത്തിന്റെ വേർപാടിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വേദനയിൽ ഞാനും എന്റെ ഭാര്യ ഡെയ്‌സിയും പങ്കുചേരുന്നു. ഫൊക്കാനയിൽ എക്കാലവും അദ്ദേഹത്തിന്റെ സ്മരണകൾ ദീപ്തമായി നിലകൊള്ളട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
ജോർജ് കോശി, അവിഭക്ത ഫൊക്കാന പ്രസിഡന്റ്
ഫോക്കാനയുടെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായി രണ്ടുതവണ സേവനമനുഷ്ഠിച്ച ഒരേയൊരു വ്യക്തിയാണ് ഡോ. അനുരുദ്ധൻ. അദ്ദേഹത്തിന്റെ രണ്ടാം ടേമിൽ ഞാൻ വൈസ് പ്രസിഡണ്ടായി. അന്ന് അമേരിക്കയിലെ മലയാളി സമാജങ്ങളുടെ അടിത്തറ വ്യാപിപ്പിക്കുന്നതിനും നമ്മുടെ സമൂഹത്തിന്റെ സന്ദേശം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നതിനും ഞങ്ങൾ പ്രവർത്തിച്ചു. അതിനായി കേരളത്തിൽ ഒന്നിലധികം കൺവെൻഷനുകൾ നടത്തി.
കേരളത്തിന്റെ സാംസ്കാരിക മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ജീവിതരീതി പ്രോത്സാഹിപ്പിക്കുന്ന നിരവധി പ്രവർത്തനങ്ങളിൽ സഹകരിക്കാൻ കഴിഞ്ഞത്തിൽ സന്തോഷമുണ്ട്.
പ്രവർത്തന രീതിയെപ്പറ്റി ഞങ്ങൾക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും, സമൂഹത്തിന്റെ നന്മ എന്നതായിരുന്നു ഇരുവരും ലക്ഷ്യമിട്ടത്. അമേരിക്കയിലും കാനഡയിലുമുള്ള പ്രവാസികളുമായി ഇടപഴകാൻ ഞങ്ങൾക്ക് കഴിഞ്ഞു. അതിൽ സന്തോഷമുണ്ട് .
എന്റെ കുടുംബവും ഞാനും അദ്ദേഹത്തിന്റെ കുടുംബത്തിന് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.
ജോർജ്ജ് കോശി
മുൻ പ്രസിഡന്റ്, ഫോക്കാന
തോമസ് ടി ഉമ്മൻ, ഫോമാ പൊളിറ്റിക്കൽ ഫോറം ചെയർ
വിവിധ കേരളാ അസ്സോസിയേഷനുകളെ ഒരു കുടക്കീഴിൽ അണിനിരത്തുവാനുള്ള മലയാളികളുടെ സ്വപ്നം സഫലമാക്കുന്നതിനു ധീരമായ നേതൃത്വം നൽകിയ പ്രതിഭാശാലിയാണ് അനിരുദ്ധൻ. അദ്ദേഹത്തിന്റെ വേർപാട് നമ്മുടെ സമൂഹത്തെ ശുഷ്കമാക്കുന്നു.
അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു
ഫോട്ടോ: 2008 ൽ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് ന്യു യോർക്കിൽ നൽകിയ സ്വീകരണത്തിൽ പങ്കെടുത്ത ഡോ അനിരുദ്ധനടക്കമുള്ള നേതാക്കൾ.
see also
ഡോ. അനിരുദ്ധന് അശ്രുപൂജ; ധന്യമായ ജീവിത യാത്ര (അമേരിക്കൻ വീക്ഷണം)
ഡോ. അനിരുദ്ധന്‍ - ഒരു പ്രസ്ഥാനം (രാജു മൈലപ്രാ)
പ്രണാമം, ഗുരോ, പഴയ അദ്ധ്യാപകൻ, പിന്നെ സഹപ്രവർത്തകൻ (മന്മഥൻ നായർ)
ഡോ. എം. അനിരുദ്ധന്റെ വേർപാടിൽ ചിക്കാഗോ മലയാളി അസോസിയേഷൻ അനുശോചിച്ചു
സ്ഥാപക നേതാവ് ഡോ. എം അനിരുദ്ധന് ഫൊക്കാനയുടെ കണ്ണീർ പ്രണാമം
പ്രവാസികളുടെ പ്രിയ നേതാവ് ഡോ. എം അനിരുദ്ധന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു