Image

കുര്യൻ സാറും പൊട്ടിച്ചു ഒരു സൂര്യനെല്ലി വെടി (പാര ഭൂഷണം :സുനിൽ വല്ലാത്തറ ഫ്ലോറിഡ)

Published on 19 July, 2025
കുര്യൻ സാറും പൊട്ടിച്ചു ഒരു സൂര്യനെല്ലി വെടി (പാര ഭൂഷണം :സുനിൽ വല്ലാത്തറ ഫ്ലോറിഡ)

കേരളത്തിലെ കോൺഗ്രസിൽ നിന്നും ഡൽഹിയിൽ എത്തി ഉയർന്ന സ്‌ഥാനമാനങ്ങൾ അലങ്കരിച്ച രണ്ടു കോളേജ് പ്രൊഫസർമാർ ആണ്‌ പി ജെ കുര്യനും കെ വി തോമസും

തോമസ് മാഷ് താൻ ചെറുപ്പം മുതൽ നീന്തി തിമിർത്തിരുന്ന കുമ്പളങ്ങി കായലിൽ നിന്നും തിരുത പിടിച്ചു പള്ളുരുത്തിയിലെ വീട്ടിൽ കൊണ്ടുപോയി കറിയാക്കി ലീഡർ കരുണാകരൻ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് തിരുവനന്തപുരത്തു ക്ലിഫ്ഹൗസിൽ കൊണ്ടുപോയി പലവട്ടം കൊടുത്തു ലീഡറുടെ പ്രീതി പിടിച്ചുപറ്റിയാണ് സേവിയർ അറയ്കലിൽ നിന്നും എറണാകുളം ലോക്സഭ സീറ്റ് പിടിച്ചു വാങ്ങിയത്

എറണാകുളത്തു നിന്നും പല തവണ എം പി ആയ മാഷിന്റെ അടുത്ത ലക്ഷ്യം കേന്ദ്രമന്ത്രി സ്‌ഥാനം ആയിരുന്നു. അതിനായി കരുണാകരൻ കേരളം മുഴുവൻ മുഖ്യമന്ത്രി ആയിരുന്നപ്പോഴും അല്ലാത്തപ്പോഴും തന്റെ ബെൻസ് കാറിൽ ചീറിപ്പാഞ്ഞു നടക്കുമ്പോൾ ഇടയ്ക്കു വിശ്രേമത്തിനായി മകൾ പദ്മജയുടെ എറണാകുളത്തു പനമ്പ്പള്ളി നഗറിൽ ഉള്ള വീട്ടിൽ വരുമ്പോൾ കരുണാകരനും പദ്മജയ്ക്കും പ്രത്യേകം രണ്ടു പാത്രങ്ങളിൽ ആയാണ് ഫ്രഷ് തിരുതക്കറി കൊണ്ടുപോയി കൊടുത്തിരുന്നത്

അങ്ങനെ ഏറെക്കാലം കരുണകാരന് തിരുതപൂജ നടത്തിയ തോമസ് മാഷിനോട് ഒടുവിൽ ലീഡർ പറഞ്ഞു മാഷേ കുറച്ചു തിരുതക്കറി കൊണ്ടുപോയി ഡൽഹിയിൽ സോണിയാജിയ്ക്കും കൊടുക്ക്‌ എങ്കിലേ വല്ല കേന്ദ്രമന്ത്രി പണിയും കിട്ടുകയുള്ളൂ

കരുണാകര സ്വാധീനം ഡൽഹിയിൽ കുറഞ്ഞപ്പോൾ കുമ്പളങ്ങി കായലിലെ തിരുത പള്ളുരുത്തിയിലെ വീട്ടിൽ കറിയാക്കാതെ ഐസ് ബോക്സിൽ ഇട്ടു കൊച്ചിയിൽ നിന്നും വിമാനത്തിൽ ഡൽഹിയിൽ എത്തിച്ചു സോണിയ മാഡത്തിന്റെ വീടായ പത്താം നമ്പർ ജൻപത്തിൽ അടുക്കളയിൽ ഇടിച്ചുകയറി തേങ്ങാപാലിൽ തിരുത ഫിഷ് മോളി ഉണ്ടാക്കി സോണിയാജിയുടെ തീൻമേശയിൽ വച്ചുകൊടുത്താണ് ഒടുവിൽ തന്റെ ജീവിത അഭിലാഷം ആയിരുന്ന കേന്ദ്രമന്ത്രി പണി മാഷ് നേടിയെടുത്തത്

ദീർഘ കാലം കോൺഗ്രസിനെ സേവിച്ചു കോൺഗ്രസിൽ നിന്നും കിട്ടാവുന്നതൊക്കെ നേടിയെടുത്ത മാഷിനു കഴിഞ്ഞ രണ്ടു ഇലക്ഷനുകളിലായി എറണാകുളം സീറ്റ് കോൺഗ്രസ്‌ നേതൃത്വം കൊടുക്കാതെ ഇരുന്നപ്പോൾ എന്നും അധികാരത്തിന്റെ മാധുര്യം നുകർന്നു പതിറ്റാണ്ടുകൾ ജീവിച്ച മാഷ് ഇനി കോൺഗ്രസിൽ നിന്നിട്ടു കാര്യമില്ലെന്നു മനസ്സിലാക്കി ഏറെക്കാലത്തിനു ശേഷം വീണ്ടും കുമ്പളങ്ങി കായലിൽ വലയുമായി ഇറങ്ങി മുഴുത്ത തിരുതകളെ മാത്രം നോക്കി പിടിച്ചു പള്ളുരുത്തിയിൽ കറിയാക്കി തിരുവനന്തപുരത്തു കൊണ്ടുപോയി കൊടുത്തത് മീൻ കൊതിയനായ മുഖ്യമന്ത്രി പിണറായി വിജയനാണ്

ഏതു കൊലകൊമ്പനെയും വീഴിക്കാൻ തന്റെ വജ്രായുധമായ തിരുതക്കറി പ്രയോഗിക്കുന്ന തോമസ് മാഷിന് ഇക്കുറിയും ഉന്നം പിഴച്ചില്ല പിണറായി മാഷിനെ ഡൽഹിയിലെ തന്റെ അമ്പാസിഡർ ആക്കി ക്യാബിനറ്റ് റാങ്കോട്

തിരുവല്ലക്കാരൻ ആയ പ്രൊഫസർ പി ജെ കുര്യൻ തന്റെ വിദ്യാഭ്യാസ കാലഘട്ടം കഴിഞ്ഞു കിട്ടിയ കോളേജ് ലെക്ചർ പണിയുമായി കോഴഞ്ചേരി കോളേജിൽ പഠിപ്പിച്ചു കൊണ്ടിരുന്നപ്പോൾ ആണ്‌ രാഷ്ട്രീയത്തോടും അധികാരത്തോടുമുള്ള ആർത്തി തലയ്ക്കു പിടിച്ചത്

രാഷ്ട്രീയത്തിൽ ഉയരങ്ങളിലേയ്ക്കു പറക്കണമെങ്കിൽ ഒരു ഗോഡ്ഫാദർ വേണമെന്ന് മനസ്സിലാക്കിയ കുര്യൻസർ തിരുവല്ലയിൽ തിരുത ഇല്ലാത്തതുകൊണ്ട് അന്ന് തിരുവനന്തപുരത്തു സ്‌ഥിര താമസക്കാരനായിരുന്ന എ കെ ആന്റണിയെ പോയിക്കണ്ടു പറഞ്ഞു തിരുവല്ലയിൽ നല്ല മീനൊന്നും കിട്ടില്ല ഞാൻ വേണമെങ്കിൽ മക്കളെ ട്യൂഷൻ പഠിപ്പിക്കാം

അങ്ങനെ ആന്റണിയുടെ മക്കൾക്കു ട്യൂഷൻ പഠിപ്പിച്ചു എൺപതിൽ മാവേലിക്കര ലോക്സഭ സീറ്റ് കൈവശപ്പെടുത്തിയ കുര്യൻ സർ മാവേലിക്കരയിലും ഇടുക്കിയിലുമായി ഏതാണ്ട് ഇരുപതു വർഷത്തോളം ലോക്സഭ മെമ്പറായി

ഡൽഹിയിൽ ചെന്നതിനു ശേഷം ഗാന്ധി കുടുംബവുമായി അടുപ്പം സ്‌ഥാപിച്ചാലേ കരിയറിൽ നേട്ടം ഉണ്ടാക്കുവാൻ സാധിക്കുകയുള്ളൂ എന്നു മനസ്സിലാക്കിയ കുര്യൻ സർ പത്താം നമ്പർ ജൻപത്തിൽ സോണിയാജിയെ ചെന്ന് കണ്ട് പറഞ്ഞു ഞാൻ കേരളത്തിൽ ഒരു കോളേജിലെ ഇംഗ്ലീഷ് പ്രൊഫസർ ആണ്‌ വിരോധം ഇല്ലെങ്കിൽ രാഹുലിനും പ്രിയങ്കയ്ക്കും ട്യൂഷൻ എടുക്കാം

ഇംഗ്ലീഷിൽ അല്പം മോശമായിരുന്ന രാഹുലിനും പ്രിയങ്കയ്ക്കും ട്യൂഷൻ എടുത്തു അവർ രണ്ടുപേരും ഉയർന്ന മാർക്കോടെ കോളേജിൽ നിന്നും ഗ്രാജുവേറ്റ് ചെയ്യൂബൻ കാരണക്കാരനായ കുര്യൻ സർ കുറഞ്ഞ കാലംകൊണ്ട് ഗാന്ധി കുടുംബത്തിന്റെ പ്രിയങ്കരനായി മാറി

മുഖ്യമന്ത്രി ആയിരുന്ന കെ കരുണാകരനെതിരെ തൊണ്ണൂറ്റി മൂന്നിൽ കേരളത്തിലെ കോൺഗ്രസിലെ എ വിഭാഗവും ഘടക കക്ഷികളും നേതൃ മാറ്റം ആവശ്യപ്പെട്ടു കലാപക്കൊടി ഉയർത്തിയപ്പോൾ അതു ഡൽഹിയിൽ ഇരുന്നു ഭംഗിയായി കൈകാര്യം ചെയ്തു കരുണാകരനെ മാറ്റി പകരം ആന്റണിയെ മുഖ്യമന്ത്രിയാക്കാൻ തന്ത്രങ്ങൾ നീക്കിയത് ആന്റണിയുടെ ഡൽഹിയിലെ മാനേജർ ആയിരുന്ന കുര്യൻ സാർ ആയിരുന്നു

തൊണ്ണൂറ്റി ആറിൽ കേരളത്തെ നടുക്കിയ സൂര്യനെല്ലി പെൺകുട്ടി വിവാദത്തിൽ പ്രതി ചേർക്കപ്പെട്ട കുര്യൻ സാറിന് ദീർഘ കാലം സി പി എം ന്റെ നേതൃത്വതിൽ ഇടതുമുന്നണി വേട്ടയാടിയപ്പോൾ തൊണ്ണൂറ്റി ഒൻപതിലെ ഇലക്ഷനിൽ അദ്ദേഹത്തിന് പരാജയം രുചിക്കേണ്ടി വന്നു

പക്ഷേ അതുകൊണ്ടൊന്നും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്ഥൻ ആയ കുര്യൻ സാറിനെ തളർത്തുവാൻ സാധിച്ചില്ല. കേരളത്തിൽ തെരഞ്ഞെടുപ്പിലൂടെ ജയിച്ചു വീണ്ടും ഡൽഹിയിൽ എത്തുവാൻ പ്രയാസമാണെന്ന് മനസ്സിലാക്കിയ കുര്യൻ സർ സോണിയാജിയുടെയും ആന്റണിയുടെയും സപ്പോർട്ടിൽ ദീർഘ കാലം രാജ്യസഭാ മെമ്പർ ആയി രാജ്യസഭാ ഉപാധ്യക്ഷൻ വരെ ആയാണ് ഒടുവിൽ കേരളത്തിലേയ്ക്കു മടങ്ങിയത്

കഴിഞ്ഞ കുറെ വര്ഷങ്ങളായി കേരളത്തിൽ ഒതുങ്ങി കഴിയുന്ന കുര്യൻ സർ രാജ്യസഭാ ഇലക്ഷൻ വരുമ്പോഴൊക്കെ ഒന്ന് ഡൽഹിയിലേയ്ക്കു പറന്നു പത്താം നമ്പർ ജൻപത്തിൽ പോയി സോണിയാജിയെ കണ്ട് വീട്ടിൽ വെറുതെ ഇരിക്കുന്നതിന്റെ വിഷമം പറയുമെങ്കിലും സോണിയാജി കൈമലർത്തി കാണിച്ചുകൊണ്ട് പറയും ഇപ്പോൾ എല്ലാം തീരുമാനിക്കുന്നത് രാഹുലും കെ സി വേണുഗോപാലും കൂടിയാണ്

എങ്കിൽ തന്റെ ഉറ്റ മിത്രവും സമകാലീനനുമായ തോമസ് മാഷിന്റെ പാത പിന്തുടർന്ന് ഡൽഹിയിൽ പിണറായിയുടെ രണ്ടാമത്തെ അമ്പാസിഡർ ആകുവാൻ കുര്യൻ സാർ ഒരു ചെറിയ ശ്രേമം നടത്തിയെങ്കിലും മക്കൾ രണ്ടുപേരും പ്രായപൂർത്തിയായി ഓരോ ജോലിയിൽ ആയി ഇനി ട്യൂഷൻ എടുക്കേണ്ട എന്നുപറഞ്ഞു പിണറായി തിരിച്ചയച്ചു

ഇപ്പോൾ കുറച്ചു ആഴ്ചകൾ ആയി കുര്യൻ സർ കേരത്തിലെ കോൺഗ്രസ് നേതാക്കളെ ട്യൂഷൻ പഠിപ്പിക്കുവാൻ പറ്റാത്തത് കൊണ്ടു അച്ചടക്കം പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനുവേണ്ടി ആദ്യം പിടിച്ചത് മോദിജിയെ വാനോളം പുകഴ്ത്തിക്കൊണ്ടിരിക്കുന്ന തരൂർജിയെ ആണ്‌

പത്തനംതിട്ട ജില്ലയിൽ നിന്നും താനല്ലാതെ വേറെയൊരു നേതാവും കോൺഗ്രസിന്റെ അത്യുന്നത പദവികളിൽ എത്തേണ്ട എന്നൊരു കടുംപിടുത്തം കുര്യൻ സാറിന് ഉള്ളതുകൊണ്ടാണോ എന്നറിയില്ല പത്തനംതിട്ടയിൽ നിന്നുമുള്ള വളർന്നു വരുന്ന യുവ കോൺഗ്രസ്‌ നേതാവ് രാഹുൽ മാൻകൂട്ടത്തിലിനെതിരെ കുര്യൻ സർ വലിയൊരു വെടി പൊട്ടിച്ചിരിയ്ക്കുകയാണ്

യുത്ത് കോൺഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റും പാലക്കാട്‌ എം എൽ എ യും ആയ മാൻകൂട്ടത്തിൽ തന്നെ വര്ഷങ്ങളോളം സൂര്യനെല്ലി കേസ് പറഞ്ഞു വേട്ടയാടിയ എസ് എഫ് ഐ യെയും ഡി വൈ എഫ് ഐ യെയും കണ്ട് പഠിക്കണമെന്നാണ് കുര്യൻ സാർ ഏറ്റവും ഒടുവിൽ പറഞ്ഞിരിക്കുന്നത് 
 

Join WhatsApp News
josecheripuram@gmail.com 2025-07-19 01:43:38
Politic is far from Democracy , Candidates beg vote and use democracy to get in power, once in power they forget democracy and act as Autocrats.
josecheripuram@gmail.com 2025-07-19 01:59:47
Is there any difference between Russia and America?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക