"ഏതു യാത്രയുടെയും തുടക്കത്തിൽ അസംതൃപ്തിയുടെ താഴ്വര കടക്കേണ്ടി വരും."
Plato of latent potential by
Sammy Miller.
ഓരോ പുസ്തക വായനയ്ക്കിടയിലും, ശേഷവും വായനക്കാർ എഴുത്തുകാരുമായി ഒരു ബന്ധത്തിലാകുന്നുണ്ട്, അത് ആ എഴുത്തിലെ ഓരോരോ ഇഷ്ടങ്ങളിലൂടെയാണ്. അങ്ങനെ ഒരിഷ്ടം തോന്നും വിധത്തിലുള്ള ഒരു സഞ്ചാര എഴുത്താണ് എച്മുവിന്റെ ഈ യാത്രാ പുസ്തകം.
ഒരു യാത്രികന് യാത്ര ചെയ്ത ദേശങ്ങളിലേക്കുള്ള വഴികൾ, ചൂണ്ടുപലകകൾ അതിന്റെ വിശദമായ ചരിത്രം, ചരിത്രാവബോധം ഉണ്ടായിരിക്കുക ഏറ്റവും പ്രധാനമാണ്.
സഞ്ചാര സാഹിത്യം എല്ലാ ഭാഷകളിൽ നിന്നും നമുക്ക് ലഭിച്ചിട്ടുണ്ട്. എസ്. കെ. പൊറ്റക്കാടാണ് മലയാളികളുടെ ഏറ്റവും വലിയ യാത്രി കൻ. വസ്തുനിഷ്ഠമായ സഞ്ചാരവിവരണം, സഞ്ചരിച്ച സ്ഥലത്തിന്റെ ഭൂമിശാസ്ത്രം, ചരിത്രം, നരവംശാവലി, സാഹിത്യം, സംസ്കാരം, രാഷ്ട്രീയം എന്നിവയൊക്കെ പ്രതിപാദിക്കുമ്പോൾ സഞ്ചാര വിവരണം വസ്തുനിഷ്ഠം ആകുന്നു. ഈയൊരു അടിസ്ഥാന ഉറപ്പ് എച്ച്മു ക്കു ട്ടിയുടെ യാത്രാ പുസ്തകത്തിനുണ്ട്. എല്ലാത്തരം എഴുത്തുകളും ഒരുപോലെ വഴങ്ങുന്ന ഒരു എഴുത്തുകാരിയാണ് എ ച്ച്മുകുട്ടി എന്നതിൽ സംശയമില്ല. നോവലുകൾ,ആത്മകഥകൾ, ചെറുകഥകൾ , ലേഖനങ്ങൾ എല്ലാം തന്നെ എച്ച്മുക്കുട്ടിയുടെ എഴുത്തുകൾക്ക് വിഷയമായിട്ടുണ്ട്.
യാത്രയിൽ ഏറ്റവും അധികം ശ്ലാഘനീയം ആയത് സൂക്ഷ്മ നിരീക്ഷണ പാഠവമാണ്. ഒരു ഉറുമ്പിൻ കൂട്ടത്തെപ്പോലും എന്തിന് ഉറുമ്പിനെ പോലും ഇങ്ങനെയുള്ളവർ വെറുതെ വിടില്ല. സഞ്ചാര എഴുത്തുകാർക്ക് ഈ നിരീക്ഷണത്തെയും അനുഭവങ്ങളെയും അതി തീവ്രമായി അനുഭവിപ്പിക്കാനുള്ള കഴിവുണ്ടാകണം. ഇത് രണ്ടുമാണ് എച്ച് മുക്കുട്ടി എന്ന യാത്രികയുടെ മുതൽക്കൂട്ടുകൾ.
വിനോദങ്ങൾക്കും ഉല്ലാസങ്ങൾക്കും അപ്പുറം അനുഭവ പാഠങ്ങളാണ് ഇത്തരം എഴുത്തുകൾ നമുക്ക് നൽകുന്നത്. കൂടെ ചില നിലപാടുകളിലേക്ക് വായനക്കാരെ എത്തിക്കുക പോലും ചെയ്യുന്നുണ്ട് ഈ എഴുത്തുകൾ.
എരുമേലി പരമേശ്വരൻ പിള്ള തന്റെ 'മലയാളസാഹിത്യം കാലഘട്ടങ്ങളിൽ' എന്ന പുസ്തകത്തിൽ ഇങ്ങനെ കുറിക്കുന്നു. " വിജ്ഞാന കുതുകിയുടെ അന്വേഷണപരതയും, ചരിത്രകാരന്റെ സാമൂഹിക ശാസ്ത്ര സൂക്ഷ്മ നിരീക്ഷണ സാമർത്ഥ്യവും, ദാർശനികന്റെ സമചിത്തതയും, കവിയുടെ ഭാവനാ വിലാസവും, കലാകാരന്റെ ശില്പ ചാരുതയും ഒരു സഞ്ചാരസാഹിത്യകാരനിൽ ഒത്തിണങ്ങിയിരിക്കണം. അപ്പോഴേ ഉത്തമ സഞ്ചാരസാഹിത്യകൃതികൾ രചിക്കാൻ ആവൂ "
32 അധ്യായങ്ങളിൽ എഴുതപ്പെട്ടിരിക്കുന്ന ഈ യാത്രാ പുസ്തകത്തിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും തന്നെ പരിച്ഛേദം ഉണ്ട്.. എച്ചുമുക്കുട്ടിയുടെ ഈ യാത്രകൾ ഇന്ത്യയ്ക്ക് വെളിയിലേക്ക് വഴിപ്പെട്ടിട്ടില്ല. ഈ കൊച്ചു കേരളത്തിലൂടെയുള്ള യാത്രകൾ പോലും എത്ര ആസ്വദിച്ചാണ് യാത്രിക എഴുതിയിരിക്കുന്നത്.. മൂന്നാറിലേക്കും, തിരുവനന്തപുരത്തെ പോത്തൻകോടിനും ചെമ്പഴന്തിക്ക് ഇടയിലുള്ള മടവൂർ പാറയെ വിശദീകരിക്കുമ്പോഴും ഇത് നമ്മൾക്ക് മനസ്സിലാകും. ചെറിയ വിജന ഇടങ്ങളിലേയ്ക്കും എഴുത്തുകാരി നടത്തിയ യാത്രകൾ ഇതിന് ഉദാഹരണങ്ങൾ.
വടക്കേ ഇന്ത്യയിലെ ചരിത്രമുറങ്ങുന്ന പല അതിരുകളിയിലൂടെയും സഞ്ചരിച്ച എച്ച് മുക്കുട്ടി അതേ ഇഷ്ടത്തോടെയാണ് തെക്കേ ഇന്ത്യയിലെ യാത്രകളെയും കാഴ്ചകളെയും വിവരിക്കുന്നത്. തെക്കേ ഇന്ത്യക്കാരുടെ ദ്രവീഡിയൻ ഭാഷകളായ മലയാളം, തമിഴ്, കന്നട, തെലുങ്ക് ഇവയെല്ലാം സംസാരിക്കുന്ന വ്യത്യസ്തരായ മനുഷ്യരുടെ ജീവിതങ്ങളെ എച്ച്മുകുട്ടി സാമർത്ഥ്യത്തോടെ ഇതിൽ വരച്ചിടുന്നുണ്ട്.
'സഞ്ചാര വായനയിൽ വായനക്കാരന് മുൻവിധികൾ ഇല്ലാതിരിക്കുന്നതാവും നല്ലത്. എപ്പോഴാണ് ഒരു ട്വിസ്റ്റ് വരുന്നതെന്ന് അറിയില്ലല്ലോ''. ( ഓട്ടോ ബയോഗ്രഫി ഓഫ് എ യോഗി ) യാത്രകൾ ഒക്കെ തന്നെ ടൂർ പാക്കേജുകളിൽ ആയിരുന്നില്ല എന്നതാണ് എച്ച്മുവിന്റെ യാത്രയുടെ പ്രത്യേകത. ഒന്നും പ്ലാൻ ചെയ്ത്, ടിക്കറ്റ് ബുക്ക് ചെയ്ത്, റൂം ബുക്ക് ചെയ്ത് പോയവയല്ല. പെട്ടെന്നൊരു ഇറങ്ങി പോക്ക്. അതുകൊണ്ടെന്താ സ്വന്തം ഇഷ്ടത്തിന്, സമയം,സ്ഥലം,വാഹനം,ഭക്ഷണം, വസ്ത്രം എന്നിവയൊക്കെ തെരഞ്ഞെടുക്കുവാൻ സാധിച്ചു. ഗൈഡുകളുടെ സഹായം പലപ്പോഴും ചരിത്രവും സംസ്കാരവും ശാസ്ത്രവും ഒക്കെ വായനക്കാരനും ഉപകരിക്കുന്ന രീതിയിൽ വിവരിച്ചു തരാൻ എഴുത്തുകാരിക്ക് സാധിച്ചിട്ടുണ്ട്. ഹൃദ്യമായ ഒരു ഭാഷ ഇതിലുണ്ട് ഹൃദയഭാഷ എന്ന് തന്നെ വ്യക്തം. സമയം തെറ്റിയും ലഭിച്ചിരുന്ന, പല യാത്രകൾക്കിടയിലും അത്ര ബോഷ് അല്ലാത്ത ഭക്ഷണങ്ങൾ എച്മിക്കുട്ടി രുചിയോടെ ആസ്വദിച്ചു കഴിക്കുന്ന കാഴ്ച കാണാം നമുക്ക്. ഏറ്റവും ബഹുമാനത്തോടെയാണ് പലപ്പോഴും ഭക്ഷണത്തെ എച്ച്മികുട്ടി കണ്ടിരുന്നതും, ഭക്ഷിച്ചിരുന്നതും, വിവരിക്കുന്നു,
മുല്ല എന്ന ഫെയ്സ്ബുക്ക് ഫ്രണ്ടിനോടൊപ്പം കൊല്ലൂർ കുടജാദ്രി യാത്രയോടെയാണ് യാത്രകളുടെ വിവരണങ്ങൾ ആരംഭിക്കുന്നത്. ഈ യാത്രയിലെ മനം കവരുന്ന കാഴ്ചകളുടെ വിവരണങ്ങൾ ക്കിടയിലും എച്ച്മുകുട്ടി ഒന്ന് എഴുതാൻ മറക്കുന്നില്ല. ' ഇന്ത്യ മഹാരാജ്യത്തിനും അതിന്റെ കൊട്ടിഘോഷിക്കപ്പെടുന്ന സംസ്കാരത്തിനും ജനാധിപത്യത്തിനും ഒന്നും സ്ത്രീകളും അവരുടെ സുരക്ഷിതത്വവും ഒട്ടും അത്യന്താപേക്ഷിതമല്ല'. മൂന്നാറിലേക്കുള്ള യാത്ര മദ്ധ്യേ എഴുത്തുകാരി പ്രകൃതിയെ ഇങ്ങനെ നിരീക്ഷിക്കുന്നു. "അവിടവിടെ ചുവന്ന പൂക്കളുമായി നാഗലിംഗം മരങ്ങളും നീലപ്പൂക്കളുമായി ജക്കരാന്ത മരങ്ങളും തലയുയർത്തി നിന്നു. വളഞ്ഞു പുളഞ്ഞു പോകുന്ന വഴിയിലൂടെ വാഹനങ്ങളും നീങ്ങുന്നത് കാണാമായിരുന്നു. സ്വന്തം അച്ഛൻ ബാല്യത്തിൽ കളിച്ചു നടന്ന ചിത്തിരപുരം ഈ യാത്രയില് എച്മു കുട്ടിയെ എത്തിനോക്കുന്നുണ്ട്. അച്ഛന്റെ ആ സ്ഥലത്തെക്കുറിച്ച് എന്തെങ്കിലുമൊക്കെ അറിയണമെന്ന് ഞാൻ വിചാരിച്ചു. നീല ഷർട്ട് ധരിച്ച ആ ജോലിക്കാരനോട് തന്നെ ചോദിക്കാം എന്ന് ഞാൻ കരുതി. അപ്പോഴേക്കും മഞ്ഞ് തൂവെള്ള വസ്ത്രവുമായി കടന്നുവന്ന് കാഴ്ചകളെ ഞങ്ങളിൽ നിന്നും മറച്ചു. എച്ചമുവിന്റെ ആത്മഗതങ്ങളുടെ മനോഹാരിത..
നീണ്ടയൊരു വയനാട് യാത്രയുടെ മനോഹരമായ വിവരണങ്ങളുണ്ട്. കമ്പനി നദിയിലെ ബാണാസുരസാഗർ അണക്കെട്ടും മീൻമുട്ടി വെള്ളച്ചാട്ടവും മഴ വാശിയോടെ പെയ്തുകൊണ്ടിരുന്നതിനാൽ കാണുവാൻ സാധിക്കാത്തതിന്റെ സങ്കടം എഴുത്തുകാരി രേഖപ്പെടുത്തുന്നുണ്ട്. അപ്പോൾ നല്ല മഴയിൽ കാട്ടിനുള്ളിൽ നിൽക്കുന്നത് അപൂർവമായ ഒരു ആഹ്ലാദമായി തോന്നി എന്ന് എഴുത്തുകാരി.
ചണ്ഡിഗഡ് ലേക്കുള്ള യാത്ര കൂട്ടുകാരനോട് ഒപ്പം വളരെ പെട്ടെന്ന് ചടപടേന്ന് ഉള്ള ഒരു പോക്ക് ആയിരുന്നു. ഹിമാചലിൽ നടക്കുവാൻ ഉണ്ടായിരുന്ന ചില പ്രോജക്ടുകളുടെ ഭാഗമായിട്ടുള്ള യാത്രയായി കണക്കാക്കുന്നതിൽ തെറ്റില്ല. ഇന്ത്യയിലെ ആദ്യത്തെ പ്ലാന്റ് സിറ്റിയാണ് ചണ്ഡിഗഡ്. 1915 ൽ ആർക്കിടെക് വീക്ഷണത്തിൽ സംവിധാനം ചെയ്ത രീതിയാണ് ചണ്ഡിഗഡ്. ഉത്തരേന്ത്യയുടെ തണുപ്പ് ഒട്ടും ആർദ്രം അല്ല എന്ന് ആ തണുപ്പുകാലത്തെ പറ്റി ഓർമ്മിക്കുന്നു എഴുത്തുകാരി. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ കാലത്താണ് ചണ്ഡീഗഡ് പിറവികൊള്ളുന്നത്. ഇന്ത്യയുടെ പ ഞ്ചാബ് പ്രദേശത്തുനിന്ന് മുറിച്ചെടുക്കപ്പെട്ട ഹരിയാനയെ പറ്റിയും ചണ്ഡിഗഡ് പഞ്ചാബിന്റെയും ഹരിയാനയുടെയും തലസ്ഥാനമാകുന്നതിനെപ്പറ്റിയും പരാമർശങ്ങൾ ഉണ്ട്. നല്ലൊരു ചരിത്രവിവരണം ഈ അധ്യായത്തിൽ നമുക്ക് കിട്ടുന്നുണ്ട്. എഴുത്തുകാരി ഇങ്ങനെയാണ് ആത്മഗതം കൊള്ളുന്നത് "ഒരു നഗരം സംവിധാനം ചെയ്യുന്നത് ഏറ്റവും അടുത്ത ഭാവിയിലെ നൂറു കൊല്ലങ്ങളെ എങ്കിലും കണക്കിലെടുത്തുകൊണ്ട് ആവണമ ല്ലോ.. അല്ലേ?"
അടുത്ത മൂന്നുനാല് അധ്യായങ്ങൾ തിരുവണ്ണാമലയിലേക്കുള്ള യാത്രകളെപ്പറ്റി അവിടുത്തെ കാഴ്ചകളെപ്പറ്റിയുമാണ്. യാത്രയുടെ വിത്തുകൾ കൂടി ഉള്ളിൽ ഉണ്ടെങ്കിൽ ഒരാൾക്ക് യാത്ര തനിച്ചാണെങ്കിലും ചെയ്യാനാവും, അല്ലെങ്കിൽ ഒരു നൂറായിരം തടസ്സം കണ്ടുപിടിക്കാൻ കഴിയും. യാത്ര ചെയ്ത ബസ്സിനുള്ളിലെ പെൺമണങ്ങളൊക്കെ ആസ്വദിക്കാൻ ആകുന്നു എന്ന് എഴുത്തുകാരി. തിരുവണ്ണാമലയിലെ സ്കന്ദ ഗുഹയും വിരൂപാക്ഷ ഗുഹയും ഈ യാത്രയിലെ കാഴ്ചകളാണ്. രമണാശ്രമത്തിലേക്കുള്ള വഴികളിലെ മാലിന്യങ്ങളെ കുറിച്ച് ഒരുമാത്ര എഴുത്തുകാരി ഭാരപ്പെടുന്നുണ്ട്. മണ്ണുകൊണ്ട് പണിത വീടുകൾ ധാരാളം അവിടെ ഉണ്ടായിരുന്നു, രമണാശ്രമമാണ് മറ്റൊരു വലിയ കാഴ്ച. " മഴത്തുള്ളികൾക്ക് തണുപ്പ് പകരാൻ മാത്രമല്ല മുഴുപ്പോടെ വീണ് വേദനിപ്പിക്കാനും കഴിയുമെന്ന് അവിടുത്തെ മഴ നനഞ്ഞപ്പോൾ ശരിക്കും മനസ്സിലായി". എന്നാണ് രമണാശ്രമത്തിലേക്കുള്ള യാത്രാവഴികളിൽ പെയ്ത മഴയെക്കുറിച്ച് എച്ച്ക്കുട്ടി വാചാലയാകുന്നത്. രമണ മഹർഷിയെ കുറിച്ച് എച്ച് കുട്ടിയുടെ വരികൾ ഇങ്ങനെ- ഒരു സന്യാസ സമ്പ്രദായത്തിലും സ്വയം കുരുക്കി ഇടാത്ത ജീവിതരീതിയാണ് രമണമഹർഷിക്കുണ്ടായിരുന്നത്. അദ്ദേഹം ആരെയും ഒന്നിൽ നിന്നും മോചിപ്പിച്ചില്ല. ആരെയും തന്റെ വഴി സ്വീകരിക്കാൻ ആവശ്യപ്പെട്ടില്ല. തനിക്ക് അവകാശിയെ പ്രഖ്യാപിച്ചില്ല. ഞാനാണ് ശരിയെന്നോ ഞാനാണ് വഴിയെന്നോ പറഞ്ഞില്ല, പണമോ സ്വത്തോ നേടിയില്ല. തികച്ചും ഒറ്റപ്പെട്ട ഒരു പ്രതിഭാസമായിരുന്നു അദ്ദേഹം". അരുണാചലേശ്വരരുടെ നാലഞ്ച് കിലോമീറ്റർ ചുറ്റളവിൽ ചുമ്മാ അങ്ങ് ജീവിച്ചാൽ തന്നെ മോക്ഷം കിട്ടുമത്രേ. അവിടുത്തെ 66 മീറ്റർ ഉയരത്തിൽ 13 നിലകളിലായി കെട്ടിപ്പൊക്കിയ മഹാഗോപുരത്തിനുള്ളി ലെ ക്ഷേത്രത്തെക്കുറിച്ച് എഴുത്തുകാരി അത്ഭുതപ്പെടുന്നുണ്ട്. ശില്പ കലയുടെ ഉടലാർന്ന മനോഹര വൈവിധ്യം ഉത്തു ങ്കമായി നിവർന്നു നിൽക്കുന്ന ഗോപുരങ്ങൾ. ചോള പാണ്ഡ്യ രാജാക്കന്മാരും കൃഷ്ണദേവരായ ഉൾപ്പെടെ അനവധി പേർ ആയിരം വർഷങ്ങൾക്കിടയിലുള്ള നീണ്ട കാലം കൊണ്ട് പൂർത്തീകരിച്ചതാണ് ഈ അമ്പലത്തിന്റെ നിർമിതി. ശിവനും പാർവതിയും ആണ് ഈ അമ്പലത്തിലെ പ്രതിഷ്ഠ. തിരുവണ്ണാമലയിലെ നീണ്ട യാത്രകളിൽ ഒന്നിൽ എഴുത്തുകാരി ഇങ്ങനെ കുറിക്കുന്നു. "ചില യാത്രകളിൽ ചില അനുഭവങ്ങൾ ഉണ്ടാകാറുണ്ട് ഓരോ അനുഭവവും മനുഷ്യനെന്ന ജീവിയുടെ അനന്തവൈചിത്രങ്ങളെ ഓർമിപ്പിക്കും. യാത്രികർക്ക് ആരെയും വിധിക്കാൻ അവകാശമില്ല മൃദുലമായ പായൽ നാരുകൾ പോലും ചുരുളാൻ അനുവദിക്കാതെ ജലത്തിലൂടെ ഉരുണ്ട് ഉരുണ്ടുപോകുന്ന കല്ലുകൾ ആരുടെയും പാദങ്ങളെ മുറിപ്പെടുത്തുന്ന ഏണും കോണും ഇല്ലാത്തവ ആയിരിക്കുമല്ലോ അതുപോലെയാണ് ഓരോ യാത്രികരും. ചിഞ്ചു കോട്ടയാണ് തിരുവണ്ണാമലയിലെ മറ്റൊരു വിസ്മയ അനുഭവ. ചിഞ്ചി കോട്ടയുടെ ഭൂമിശാസ്ത്രവും വാസ്തു ശില്പപരമായ വിവരണങ്ങളും ചരിത്രപരമായ അറിവുകളും എഴുത്തുകാരി നമുക്ക് വേണ്ടി പങ്കുവയ്ക്കുന്നുണ്ട്.. മുഴുവൻ എനിക്ക് കാണാൻ കഴിഞ്ഞില്ല എന്ന ഖേദത്തോടെയാണ് ഈ അധ്യായം അവസാനിക്കുന്നത്.
ഇടയിൽ ഒരു യാത്ര കാസർഗോഡ് ജില്ലയിലേക്ക്. ഇത്തവണ കൂട്ടുകാർ വാസ്തു ശില്പികളാണ്. എൻഡോസൾഫാൻ വിഷബാധിതർക്ക് പുനരധിവാസത്തിനായി പരിശ്രമിക്കുന്നവരുടെ ഒപ്പമായിരുന്നു ഈ യാത്ര. ഒറ്റയ്ക്കും കൂട്ടമായും ഉള്ള യാത്രകളിൽ എപ്പോഴും ഏകാകി യാകാൻ ഇഷ്ടപ്പെടുന്ന കുട്ടി എന്ന് എഴുത്തുകാരി സ്വയം വെളിപ്പെടുത്തുന്നു.
ഹിമാചൽ പ്രദേശ് സോളാൻ അടുത്തുള്ള ചെയിൽ എന്ന സ്ഥലത്ത് പണിതുകൊണ്ടിരുന്ന ഹണിമൂൺ കോട്ടേജുകളിൽ ദില്ലിയിലെ ഒരു മഞ്ഞു കാലത്താണ് എച്ച്മുക്കുട്ടി കാഴ്ചകൾ കാണാനായി യാത്ര ചെയ്യുന്നത്. ചെ യിലിന്റെ ഭൂമിശാസ്ത്രപരതയും രാഷ്ട്രീയ ചരിത്രവും നന്നായി വിവരിക്കുന്നുണ്ട് ഈ അധ്യായത്തിൽ. പാട്യാല മഹാരാജാവ് ഇങ്ങനെയൊരു കൊട്ടാരം ഉണ്ടാക്കിയത് അക്കാലത്ത് വൈസ്രോയി ആയിരുന്ന ലോർഡ് കിച്ചണറുമായി പിണങ്ങിയത് കൊണ്ടായിരുന്നു. ഇനിയങ്ങോട്ട് ബ്രിട്ടീഷ് ഇന്ത്യ കാലത്തിന്റെ പടല പിണക്കങ്ങളും ഇന്ത്യക്കാരുടെ മേലുള്ള ബ്രിട്ടീഷുകാരുടെ അധിനിവേശത്തിന്റെ ചരിത്രവും നുറുങ്ങുകളായി വീണു കിടക്കുന്നു. രാത്രിയിൽ ഒരു വേണുനാദം ഒഴുകിക്കൊണ്ടിരുന്നു.
അക്ഷർധാം യാത്രയുടെ ഓർമ്മകൾ ഗംഭീരം. മോനയെന്നഎല്ലായിപ്പോഴും ഒപ്പം നിൽക്കുന്ന സുഹൃത്തിനെ വായിക്കുമ്പോൾ ഇത്തരമൊരു സുഹൃത്തിനായി വായനക്കാരും കൊതിച്ചു പോകും. ദില്ലി സന്ദർശിക്കുന്നവരിൽ ഏറിയ കൂറും അക്ഷർധാം ക്ഷേത്രത്തിൽ എത്തുന്നുണ്ട്. അതുകൊണ്ടാവാം ഒരു ക്ഷേത്രത്തിനുപരി അതൊരു ടൂറിസ്റ്റ് കേന്ദ്രമായാണ് അനുഭവപ്പെടുക. അക്ഷർധാം ക്ഷേത്രത്തിന്റെ ഭൂമിശാസ്ത്രവും വാസ്തുശില്‍പ പ രമായ പ്രത്യേകതകളും ധാരാളമായി വിവരിക്കുന്നുണ്ട്. 250 ഓളം തൂണുകളും 9 ഡോമുകളും ഉണ്ട് അക്ഷർദാമിന്റെ ഈ സമുച്ചയത്തിൽ. ഓരോ തൂണും ഓരോ ഡോമും ശില്പ വൈദഗ്ധത്തിന്റെ നിദർശനങ്ങളാണ്. ഒന്നോ രണ്ടോ ദിവസം മുഴുവൻ ചെലവാക്കിയാലും കണ്ടു തീർക്കാനാവാത്തവ. ഇങ്ങനെ നീളുന്നു ക്ഷേത്രത്തിന്റെ പ്രത്യേകതകൾ. വല്ലാത്തൊരു പ്രദർശനപരത ഈ ക്ഷേത്ര നിർമിതിയിൽ ഉണ്ടെന്നും,ഈ കാണിക്കുന്നതൊന്നുമല്ല ഇന്ത്യ ചരിത്രം എന്നറിയാൻ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല എന്നും ഇതിനുള്ളിൽ ഒതുങ്ങി ഇരിക്കുന്ന മതാന്തതയുടെ വിഷബീജങ്ങൾ അപകടകരമായ വിധത്തിൽ പലരെയും പ്രകോപിച്ചു കൂടെന്നില്ലെന്ന് എച്മു ക്കുട്ടി കലഹിക്കുന്നുണ്ട്. മടക്കയാത്രയിൽ, പറഞ്ഞുകേട്ട അത്ര ആകർഷകത്വം ഒന്നും ഉള്ളതായി അക്ഷർധാം ക്ഷേത്രം എച്ച് മിക്കു ട്ടിക്ക് തോന്നുന്നുമില്ല..
ഉത്തരയുടെ ജന്മസ്ഥലം എന്ന അധ്യായം അത്യന്തം മോഹിപ്പിക്കുന്നതും എന്നാൽ കണ്ണുനീരണിയിക്കുന്നതുമാണ്.. അൽവാറിൽ നിന്ന് 70 കിലോമീറ്റർ അകലെയായിരുന്നു വിരാട് രാജധാനി എന്ന ബൈരത്ത്. എന്നാൽ ഉത്തരയുടെ ജന്മസ്ഥലം ഭൈരത്തല്ല കാശ്മീർ അൽ ഗൂറാണെന്ന് കഥ പറയുന്നവരും ഉണ്ട്.. മഹാഭാരത കഥയിലെ ഒരു അധ്യായം തന്നെ ഈ യാത്ര ഓർമ്മകളിൽ എ ച്ച് മു ക്കുട്ടിയെ തേടിയെത്തുന്നുണ്ട്. കുരുക്ഷേത്രയുദ്ധാനന്തരം ഉത്തരയുടെ ഗർഭപാത്രത്തിനുള്ളിലെ കുഞ്ഞിനെ ഹനിക്കുവാൻ അശ്വത്താത്മാവിന്റെ തീരാത്ത പക . ആ ഓർമ്മയിൽ എഴുത്തുകാരി തകർന്നു പോവുകയാണ്. വേണ്ട നമുക്ക് പോകാം ഉത്തരയെ കാണേണ്ട എന്ന തേങ്ങലോ ടെ.
മഹാരാഷ്ട്രയിലെ ഔറംഗബാദിലെ ധാന്യങ്ങൾ പൊടിക്കുന്ന ഒരു ജലചക്രമാണ് പാൻ ചക്കി. ഇതിന്റെ നിർമ്മാണത്തിലെ എൻജിനീയറിങ് വൈഭവത്തെ കുറച്ചൊന്നുമല്ല എഴുത്തുകാരി അടയാളപ്പെടുത്തുന്നത്. ഔറംഗബാദിന്റെ ഏറ്റവും സുന്ദരമായ ചില ദൃശ്യങ്ങൾ പാൻ ചക്കിൽ തെളിയുന്നുണ്ട്. മനോഹരമായ ഒരു പൂന്തോട്ടവും അതീവ സുന്ദര സൗരഭ്യം ഉള്ള പൂന്തോട്ടത്തെ ചുറ്റി പോകുന്ന അരുവിയും ബീഗം പുരയുടെയും നഗരത്തിന്റെയും അതിർമതിലുകളും ചേർന്ന് തികച്ചും ആകർഷകമായ ഒരു സ്ഥലം ആക്കി മാറ്റുന്നു.
ഇനിയങ്ങോട്ടുള്ള യാത്രകളെല്ലാം നോർത്ത് ഇന്ത്യൻ യാത്രകളാണ്.. മുകൾ രാജാക്കന്മാരുടെ ഭരണ തന്ത്രങ്ങളും അവർക്കിടയിൽ തന്നെ ഉണ്ടായ വൈര്യങ്ങളും പ്രത്യേകം ശ്രദ്ധ ക്ഷണിക്കുന്ന വിഷയങ്ങളാണ്. മുകൾ രാജാക്കന്മാര് അക്ബർ മുതൽ താഴോട്ട് എല്ലാ ചക്രവർത്തിമാരുടെയും തലസ്ഥാനങ്ങളും അവർ നിർമ്മിച്ച പള്ളികളും ക്ഷേത്രങ്ങളും സ്മാരകങ്ങളും ഹൃദ്യമായി വിവരിച്ചിരിക്കുന്നു. ചരിത്രത്തിൽ നിന്ന് ഒരുപാട് അടയാളപ്പെടുത്തലുകൾ ഉണ്ട് ഇതിൽ. മുകൾ ഇന്ത്യ ചരിത്രത്തിന്റെ ഒരു പരിച്ഛേദം ആകുന്നുണ്ട് ഈ കാഴ്ചകളും കേൾവികളും എന്നത് വിസ്മയം ആകുന്നു. വെറുതെ കണ്ടു പോവുകയല്ല, പഠനം കഴിഞ്ഞ് കണ്ട കാഴ്ചകൾ കാഴ്ചകൾക്കപ്പുറമുള്ള പഠനങ്ങളുമാണ് ഈ യാത്രാവിവരണങ്ങളുടെ കാതൽ.
കുട്ടിയായിരുന്നപ്പോൾ എനിക്ക് ഔറംഗസീബിനെ പേടിയായിരുന്നു എന്ന് എഴുത്തുകാരി. പുറകെ വരുന്നുണ്ട് ഔറംഗസേബിന്റെ ക്രൂരകൃത്യങ്ങൾ. എന്നാലും അയാളുടെ വിനീതമായ ശവകുടീരവും ലളിത ജീവിതവും എഴുത്തുകാരിയിൽ വിസ്മയം സൃഷ്ടിക്കുന്നുണ്ട്. എല്ലാ അർത്ഥത്തിലും ഔറംഗസേബ് നഗ്നനാക്കപ്പെടുന്നുണ്ട്. അയാളുടെ വിനീത ജീവിതവും അന്ത്യവും ആ ഖബറുപോലും. ലളിതജീവിതം സൂഫിസത്തിൽ നിന്നും വന്നതാണ് പോലും . യാത്ര നടത്തിയ വ്യക്തി അതിനെ എങ്ങനെ അനുഭവിച്ചു എന്നതാണ് ഓരോ യാത്രയും സവിശേഷമാക്കുന്നത്. യാത്രകളെല്ലാം അയാളുടെ ആന്തരിക യാത്ര കൂടിയാകുന്നുണ്ട്
"ഇന്ത്യയിൽ എത്രയോ അനവധി കോട്ടകൾ ഉണ്ട് ആരെല്ലാമാണ് ഇവയൊക്കെ പണിതുകൂട്ടിയത് അവരുടെ പേര് വിവരമൊന്നും ആർക്കും അറിയില്ല. പണിയിച്ച ചക്രവർത്തിമാരുടെ പേരുകൾ മാത്രമേ ഓർക്കപ്പെടാറുള്ളൂ. എന്നും എല്ലാകാലത്തും അത് അങ്ങനെ തന്നെയാണ്. വീട് പണിത മൂത്താശാരിയുടെ പേര്, പ്രധാന മേസ്തിരിയുടെ പേര്, ആവോ. കേശവനോ പുരുഷോത്തമനോ ആരോ..!! എന്നാൽ വീട് എപ്പോഴും അത് പണിയിച്ച കുറച്ചു കാലമെങ്കിലും അവിടെ താമസിച്ച ആളുടെ പേരിൽ അറിയപ്പെടുന്നു.
ദൗലത്താബാദ് കോട്ടയും വ്യത്യസ്തമല്ല ദൗലത്താബാദ് കോട്ടയുടെ വിശദീകരണം ബൃഹത്താണ്.
തുടക്കത്തിൽ ജൈന അമ്പലമായിരുന്ന ഭാരത മാതാ അമ്പലം. പിന്നെ 1318 കുത്തബു മുബാറക് അതൊരു മോസ്‌ക്കാ ആക്കി മാറ്റി, ജാമി മസ്ജിദ് എന്ന് പേരിട്ടു, അടുത്തയിടെ അത് പിന്നെയും അമ്പലമാക്കി മാറ്റി. നമ്മുടെ മത രാഷ്ട്രീയത്തിന്റെ ഗതി വായിച്ചാൽ ആർക്കാണ് അത്ഭുതം തോന്നാതിരിക്കുക.എഴുത്തു കാരി ചിന്തിക്കുന്നു.
ഇന്ത്യയിൽ ഒരു മഹാത്ഭുതം ഉണ്ടെങ്കിൽ അത് താജ്മഹൽ അല്ല, അജന്ത എല്ലോറ ഗുഹകളാണ് എന്ന് പ്രശസ്ത എഴുത്തുകാരൻ ആനന്ദ്. അതു സത്യമാണെന്ന് തെളിയിക്കുന്നു എല്ലോറയിൽ നിന്ന് കുൽദാബാർ വഴി.... എന്ന അധ്യായം.. എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു അധ്യായവും ആണിത്.
ഈ എഴുത്ത് ഇങ്ങനെ നീണ്ടു കൂടാ.
ചുരുക്കത്തിൽ ദക്ഷിണേന്ത്യയിലും തെക്കേ ഇന്ത്യയിലും സഞ്ചരിക്കുവാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും എച്ച്മുക്കുട്ടിയുടെ ഈ പുസ്തകം ഒരു റഫറൻസ് ഗൈഡ് പോലും ആകുന്നുണ്ട്..ഒരു ചെറു യാത്ര പോലും എങ്ങനെ ചരിത്രവും ഒപ്പം സാഹിത്യവും ആക്കാമെന്നുള്ളതിന്റെ ഒരു ഉത്തമ ഉദാഹരണം പോലും ആവുന്നുണ്ട് ഈ പുസ്തകം. സന്ദർഭവശാൽ ദക്ഷിണേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ജോലി ചെയ്യുകയും സഞ്ചരിക്കുകയും ചെയ്യുക എന്ന ഭാഗ്യം എച്ച്മുകുട്ടിക്ക് ഉണ്ടായിട്ടുണ്ട് . കണ്ടതും കേട്ടതും ഗ്രഹിച്ചതുമായ എല്ലാ കാഴ്ചകളുടെ പിന്നിലെയും എല്ലാത്തരത്തിലുള്ള ചരിത്രവും ആഴമായ പഠനവും അത് രേഖപ്പെടുത്തി വെക്കുവാനുള്ള കഴിവും ത്വരയും എഴുത്തുകാരി അവസാനത്തോളം നിലനിർത്തുന്നുണ്ട്. അതെ. കല്യാണവിരുന്നിൽ അവസാനത്തോളം നല്ല വീഞ്ഞ് വിളമ്പിയ വീട്ടുടമസ്ഥനെ പോലെ..
സ്നേഹത്തോടെ
Dr. Kunjamma George.