അപ്പാപ്പനും അമ്മാമ്മേം ഉള്ള വീട്ടിലാ ഇപ്പ ജോലി ചെയ്യണെ. അപ്പോയിൻ്റ്മെൻ്റെടുക്കാൻ വിളിച്ചതും സംസാരിച്ചതും അപ്പാപ്പനോടാരുന്നു. അൻ്റോണിയോന്നാ പേര്. അപ്പാപ്പൻ്റെ. എൻ്റപ്പൻ്റെ പേര് അന്തോണീന്നാണല്ലോ. ആ ഒരു സ്നേഹണ്ടായി എനിക്കീ അപ്പാപ്പനോട്.
അപ്പാപ്പൻ എന്നേം കൊണ്ട് ഒരു കഫേഷോപ്പിൽ കേറി. കഫേ കുടിക്കോന്ന് ചോച്ചപ്പോ കാഞ്ഞരം പോലെ കക്കണ ആ കാപ്പി തീരെ ഇഷ്ടല്ലെങ്കിലും ഞാൻ "സി" (ok) എന്ന് പറഞ്ഞു. ഇറ്റലില് "സി,നൊ, ചേർത്തോ, വേറോ, " ഈ നാല് വാക്ക് ഊഹം വെച്ച് പറയാൻ പഠിച്ചാ പിന്നെ ഭാഷ പഠിച്ചൂന്നാ വെപ്പ്.
അപ്പാപ്പൻ വീണ്ടും ചോയ്ച്ചു.
" കഫേ മാക്കിനേത്താ " എടുക്കട്ടേന്ന്. ഈ കുന്ത്രാണ്ടം എന്താന്ന് മനസ്സിലായില്ലെങ്കിലും ചെലപ്പോ കയ്ക്കണ കഫേക്കാളും നല്ലതെന്തെങ്കിലും ആയാലോന്ന് വിചാരിച്ച് ഞാൻ പറഞ്ഞു. " ചേർത്തോ "
(തീർച്ചയായും). അങ്ങനെ ആ സംഭവത്തിന് കാത്തിരിക്കുമ്പോ അപ്പാപ്പൻ വീണ്ടും ചോയ്ച്ചു.
"വുഓയ് ദോൾച്ചേ" ന്ന്. മധുരപലഹാരം വേണോന്നാ. ദോൾച്ചേ ന്ന് പറഞ്ഞാ ഇവ്ടെ മധുരം ന്നാ അർത്ഥം. എൻ്റെ ചിരി നല്ല ദോൾച്ചയാന്ന് ഇതിൻ്റെടേല് രണ്ട് വട്ടം അപ്പാപ്പൻ പറഞ്ഞേർന്നു. അവരങ്ങനൊക്കെ പറയും. ഇത് കണ്ടൊന്നും നമ്മക്ക് പനിക്കൂല ന്ന് മനസ്സിൽ പറഞ്ഞ് ഞാൻ നന്ദി അപ്പാപ്പാന്ന് നാല് വട്ടം പറഞ്ഞു. അങ്ങനെരിക്കുമ്പഴാണ് അപ്പാപ്പൻ മധുരപലഹാരം വേണോന്ന് ചോയ്ച്ചത്. എൻ്റൊരു മര്യാദക്ക് ഞാൻ "നൊ" ന്ന് പറഞ്ഞു. നൊടെ അർത്ഥം അതന്നെ. No. അപ്പാപ്പൻ്റെ മര്യാദാർത്ഥം എൻ്റെ നൊ കണക്കിലെടുക്കാതെ മധുരം വാങ്ങണ്ടതല്ലേ? പക്ഷേ നല്ല അനുസരണയും സ്നേഹവും ഉള്ള മനുഷ്യൻ. എനിക്ക് വേണ്ടാത്തത് അങ്ങേർക്കും വേണ്ടാന്ന് തീരുമാനിച്ചു.
കഫേ മാക്കിനേത്ത വന്നു. എന്തായാലും അതിന് സി പറഞ്ഞത് നന്നായി. പാലൊഴിച്ച കഫേയാണ്. കാഞ്ഞിര കയ്പ്പില്ല. കുടിക്കാം. അപ്പ ഇതാണ് കഫേ മാക്കിനേത്ത. നേരം വെള്ക്കമ്പഴും നാലു മണിക്കും കുമ്പം ഗ്ലാസ്സില് കട്ടൻ കാപ്പി മോന്തണ ഇമ്മളോടാ കളി ന്ന് മനസ്സിൽ നിരൂപിച്ച് നല്ലൊരു ദോൾച്ചേ ചിരി അപ്പാപ്പന് കൊടുത്ത് ഞാൻ ആ ഇരുപത്തഞ്ച് മില്ലി തികച്ചില്ലാത്ത കുഞ്ഞൻ കപ്പിലെ കഫേ മൊത്തി. ഉടനെ അപ്പാപ്പൻ.......
" ക്വയ്സ്ത കഫേ മോൾത്തോ ബോണേ" ന്ന്. ഈ കാപ്പി വളരെ നല്ലതാന്നാ പറഞ്ഞത്.
ഞാനും വിട്ടുകൊടുത്തില്ല. "വേറോ " ന്ന് പറഞ്ഞു. "പിന്നേ.......,ശരിക്കും......, സത്യം എന്നൊക്കണ് ഈ വെറോൻ്റെ അർത്ഥം. വേറോ പറഞ്ഞിട്ട് ഞാൻ ഈ ബ്രാണ്ടി സിപ്പ് ചെയ്യും പോലെ കഫേ മുത്തി മുത്തി കുടിക്കാൻ തൊടങ്ങി. ഇനിള്ള പത്തിരുപത് മുപ്പത് മിനിറ്റ് നേരം ഈ ഇരുപത്തഞ്ച് മില്ലീമലാണ് പോണ്ടത്. അത്രനേരം
അപ്പാപ്പൻ പറയണ കാര്യങ്ങൾ ഒന്നും മനസിലായില്ലെങ്കിലും മുമ്പ് പറഞ്ഞ നാല് വാക്കോള് ഇടക്ക് ഉരുവിട്ട് മനസിലായ പോലെ ഭാവിച്ച് കേട്ടോണ്ടിരിക്കണം. പിന്നെ ഞാൻ കാണാണ്ട് പഠിച്ച് വച്ച നമ്മടെ ശമ്പളക്കാര്യം ഗൗരവം വിടാതെ അവതരിപ്പിക്കണം. ഒക്കെ ഒരു ഞാണിന്മേ കളിയാ. എന്തായാലും ജോലി ഞാൻ ഒപ്പിച്ചെടുത്തു. അതോണ്ടാണല്ലോ ഇവടെ ഇപ്പോ.
പക്ഷേ കാര്യവിസ്താരത്തിൻ്റെടേല് ഞാൻ പറഞ്ഞ ഒരു "ചേർത്തോ " (തീർച്ചയായും)
കാരണം ചൊമരീ ചേർത്തൊട്ടിച്ചപോലാ ഇപ്പെൻ്റെ അവസ്ഥ.