Image

മോഹന്‍ലാലിന്റെ താണ്ഡവം; ഈറോഡില്‍ ആകാശം മുട്ടുന്ന മുരുഗന്‍(കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 19 July, 2025
 മോഹന്‍ലാലിന്റെ താണ്ഡവം; ഈറോഡില്‍ ആകാശം മുട്ടുന്ന മുരുഗന്‍(കുര്യന്‍ പാമ്പാടി)

മോഹന്‍ലാല്‍ നായകനായ ഷണ്മുഖം എന്നകഥാപാത്രം 'മുരുഗാ' എന്ന് നിലവിളിക്കുന്നതോടെയാണ് 200 കോടിയിലേറെ വരുമാനമുണ്ടാക്കി മലയാളത്തില്‍ റിക്കാര്‍ഡ് സൃഷ്ടിച്ച 'തുടരും' എന്ന ചിത്രം അവസാനിക്കുന്നത്. ഷണ്മുഖവും മുരുഗനും ഒരാള്‍ തന്നെ. മകനെ കൊന്ന പോലീസുകാരനെ വകവരുത്തിയ  ശേഷവും നായകന്‍ നടത്തുന്ന വിളി 'മുരുഗാ രക്ഷിക്കണേ' എന്ന വിലാപമായി അനുരണം ചെയ്യുന്നു.

ലോകത്തെ ഏറ്റം ഉയരംകൂടിയ മുരുഗന്‍ ഈറോഡില്‍

ഷണ്മുഖം, കാര്‍ത്തികേയന്‍, സുബ്രമണ്യന്‍, ശരവണന്‍, കുമാരന്‍, കതിര്‍വേലന്‍, വേലായുധന്‍, സ്‌കന്ദന്‍, അറുമുഖന്‍, മുരുഗന്‍ എന്നീ പേരുകളില്‍ ഹൈന്ദവ പുരാണത്തില്‍ ലബ്ധ പ്രതിഷ്ഠനായ ശിവ-പാര്‍വതിമാരുടെ ഈ പുത്രന്റെ ആയുധം വേല്‍ എന്ന കുന്തമായതിനാല്‍  വേല്‍മുരുഗന്‍ എന്നും അറിയപ്പെടുന്നു. വീരശൂരപരാക്രമിയാണ്. ക്രൈസ്തവരുടെ സെന്റ് ജോര്‍ജിനെപ്പോലെ ശത്രു സംഹാരത്തിനു പേരെടുത്ത ദേവന്‍.

മുരുഗന്‍ മലയുടെ അടിവാരത്ത്

നടി ശോഭനയുമായി പുനസമാഗമിക്കുന്ന 'തുടരും' ലാലിന്റെ 360-ആമതു ചിത്രമാണ്. ജിയോ ഹോട്സ്റ്റാര്‍ പ്ലാറ്റ് ഫോമില്‍ ഇന്ന് ലോകമൊട്ടാകെ കാണാം. പ്രതിയോഗികളോട് ഏറ്റുമുട്ടുന്ന പലസന്ദര്‍ഭങ്ങളിലും  അദ്ദേഹം മുരുകനെ വിളിക്കുന്നുണ്ട്, മുരുഗന്‍ വിളികേള്‍ക്കുന്നുമുണ്ട്. ചിത്രത്തിന്റെ ചരിത്രവിജയത്തെത്തുടര്‍ന്നു ലാല്‍ തെങ്കാശിയിലെ തിരുമല മുരുഗ ക്ഷേത്രത്തില്‍ തങ്കംകൊണ്ടുള്ള ഒരു വേല്‍ കാണിക്കയര്‍പ്പിച്ചു.

തമിഴ്നാട്ടിലെ 3500 ക്ഷേത്രങ്ങളില്‍  170 എണ്ണം മുരുഗന്‍ ക്ഷേത്രങ്ങളാണ്. 186 അടി ഉയരത്തില്‍ ലോകത്തിലെ ഏറ്റവും പൊക്കം കൂടിയ മുരുഗന്‍ ക്ഷേത്രം ഈറോഡിന്റെ പ്രാന്തത്തില്‍  തിണ്ടല്‍  വേലായുധസ്വാമി ക്ഷേത്രത്തോടു ചേര്‍ന്ന് പൂര്‍ത്തിയായി വരുന്നു. അടുത്തകാലം വരെ  മലേഷ്യയില്‍ സെങ്കോരിലെ പൊത്തു മലൈ (ബാന്റു കേവ്‌സ്) വിഗ്രഹത്തിനായിരുന്നു  അഗ്രസ്ഥാനം-140 അടി.

പ്രവേശന കവാടം
 

മുരുഗന്റെ ലോകത്തിലെ ഏറ്റവും പ്രമുഖ  ക്ഷേത്രത്തില്‍ പോകണമെന്ന് തീരുമാനിച്ചത് 'തുടരും' കണ്ടശേഷമാണ്. നിലമൊരുക്കി പുതുമഴക്കു കാത്തിരിക്കുന്ന തമിഴ് നാട് കര്‍ഷകരുടെ മനസ്സില്‍ ആടിമാസക്കുളിരായി കാര്‍മേഘങ്ങള്‍ ഒളിച്ചു കളിക്കുമ്പോള്‍  ഞങ്ങള്‍ മധുരക്കടുത്ത തിരുപ്പരന്‍കുന്ദ്രത്തിലേക്കു നടന്നടുക്കുകയായിരുന്നു. ചൂട്  അസഹ്യം-39 ഡിഗ്രി സെല്‍ഷ്യസ്,

ശിവനും പാര്‍വതിയും വാഴുന്ന മധുര മീനാക്ഷിക്ഷേത്രത്തില്‍ നിന്ന് കഷ്ട്ടിച്ചു എട്ടു കിലോമീറ്റര്‍ അകലമേയു  ള്ളു തിരുപ്പരന്‍കുന്ദ്രത്തിലേക്ക്. കൊല്ലം-മധുര ഹൈവേയില്‍  ദൂരെ നിന്നു തന്നെ ക്ഷേത്രം സ്ഥിതിചെയ്യുന്ന അതി വിശാലമായ മലമേടും പാറക്കെട്ടും കാണാം.

സന്നിധാനത്തിനു തൊട്ടുമുമ്പില്‍

വിശ്വാസപ്രകാരം മുരുഗന്‍ രണ്ടു വിവാഹം കഴിച്ചു-ഇന്ദ്രന്റെ പുത്രിയായ ദേവസേനയെയും ആദിവാസി രാജാവിന്റെ മകള്‍ വള്ളിയെയും. ആറു ആലയങ്ങളുണ്ട് അവര്‍ക്ക്-തിരുപ്പരന്‍കുന്ദ്രം, തിരുച്ചെന്ദൂര്‍, പഴനി, സ്വാമിമല, തിരുത്താനി,പഴമുടിര്‍ച്ചോലൈ. ഏറ്റവും പ്രധാനം തിരുപ്പരന്‍കുന്ദ്രം.

മുരുഗന്റെ പേരിലുള്ള ഷോപ്പുകള്‍ കൊണ്ട് നിബിഡമാണ് ദക്ഷിണേന്ത്യന്‍ നഗരങ്ങള്‍. മുരുഗന്‍ ഇഡ്ഡലി ഒരു ബ്രാന്‍ഡായി സിംഗപ്പൂരിലും മലേഷ്യയിലും ലണ്ടനിലും പ്രവര്‍ത്തിക്കുന്നു. ശരവണ സ്റ്റോറുകളും ശരവണഭവന്‍ റെസ്റ്റോറന്റുകളും ആഗോള ബ്രാന്‍ഡുകളാണ്.

 'കാന്തന്‍ കരുണൈ' ജോഡികള്‍ കെആര്‍ വിജയ, ജയലളിത

ഞങ്ങള്‍ താമസിച്ച ആവണിയാപുരം ഭവനസമുച്ചയത്തിലെ  'ഇല്ലം' വീടുകളുടെ മുമ്പില്‍ അരിപ്പൊടികൊണ്ടുകോലം  വരയ്ക്കുന്ന സ്ത്രീകളെ കണ്ടു. അടിമുടി മുരുഗന്‍ ഭക്തരായിരുന്നു ആതിഥേയരായ കൃഷ്ണനും മഹാലക്ഷ്മിയും മകള്‍ ഉഷയും. വീട്ടുപേര് മുരുകന്റെ വാഹനത്തെ ഓര്‍മ്മിപ്പിക്കുന്ന മയില്‍വാഹന്‍.   മുരുഗ ന്റെ പേരില്‍  ശ്രീകാര്‍ത്തികേയന്‍ കേറ്ററിംഗ് എന്നൊരു സ്ഥാപനവും അവര്‍ നടത്തുന്നു.  

തിരുപ്പരന്‍കുന്ദ്രത്തില്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ മുപ്പതു രൂപയുടെ ടിക്കറ്റ് എടുക്കുന്നിടം മുതല്‍ കച്ചവടമാണ്. മുരുഗന് അര്‍പ്പിക്കാനുള്ള പൂജാ പുഷ്പ്പങ്ങള്‍ വില്‍ക്കുന്ന സ്ത്രീജനങ്ങള്‍ നിരന്നിരിക്കുന്നു. പാദരക്ഷകള്‍  സൂക്ഷിക്കാനും ആളുണ്ട്. നാലുപേരുടെ പാദരക്ഷകള്‍ ഒന്നിച്ച് കാര്‍ഡ് ബോര്‍ഡ് ബോക്‌സില്‍ ഇട്ടു നല്‍കാം. ഇരുനൂറു രൂപ. എവിടെയും ഗൂഗിള്‍പേ ചെയ്യാം.

മുരുഗനു കാണിക്കയായി മോഹന്‍ലാല്‍ ചിത്രം

ക്ഷേത്ര കവാടം കഴിഞ്ഞാല്‍ കാണിക്കയര്‍പ്പിക്കാന്‍ പല കേന്ദങ്ങളുണ്ട്. സിംഗപ്പൂര്‍, മലേഷ്യ, ശ്രീലങ്ക. യുഎസ്, കാനഡ, യൂറോപ്പ് തുടങ്ങി തമിഴര്‍ കൂടുതലായി അധിവസിക്കുന്ന നാടുകളില്‍ നിന്ന് വരുന്നവരുടെ ആയിരം മുതല്‍ ലക്ഷങ്ങള്‍ വരെയുള്ള കാണിക്ക  ഗൂഗിള്‍ പേയ് വഴി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥന്മാര്‍ എവര്‍ റെഡി.  

പാറക്കെട്ടിനുള്ളിലെ മുരുഗ പ്രതിഷ്ഠയുടെ അടുത്തെത്താന്‍  പല കടമ്പകള്‍ കടക്കേണ്ടിയിരുന്നു. ഒരു വിഐപി സന്ദര്‍ശകനെ  തകിലു കൊട്ടി സന്നിധാനത്തേക്ക് ആനയിക്കുന്ന സമയത്താണ്  ഞങ്ങള്‍ എത്തുന്നത്. കോയമ്പത്തൂര്‍ മഠത്തിലെ മുഖ്യ സ്വാമിയാര്‍. 'പ്രീമിയര്‍' എന്ന് ബോര്‍ഡ് വച്ച അദ്ദേഹത്തിന്റെ ടൊയോട്ട ഫോര്‍ച്യൂണറിനു  പോലീസുകാര്‍ സല്യൂട്ട്  അടിക്കുന്നതു കണ്ടു.

ഫോട്ടോ വേണ്ടെന്നു സന്യാസി; എനിക്കും കിട്ടണം പണം

സന്നിധാനത്തേക്ക് പോകുന്നവര്‍ക്കും പോയി വരുന്നവര്‍ക്കും ഭേദമില്ലാതെ  റവയും കറിവേപ്പിലയും ലേശം  ഉപ്പും മുളകും ചേര്‍ത്ത  നിവേദ്യം എത്രവേണമെങ്കിലും സൗജന്യമായി ലഭിക്കും. ടംബ്ലര്‍ നിറയെ മധുരം ചേര്‍ത്ത ചൂടുപാലുമുണ്ട്. കൈനീട്ടിയെങ്കിലും കിട്ടിയില്ല. അത് കുട്ടികള്‍ക്കേ നല്‍കൂ.  

1945ല്‍ ഇറങ്ങിയ ടിആര്‍ മഹാലിംഗം, കുമാരി രുഗ്മിണി, എന്‍എസ് കൃഷ്ണന്‍, ടിഎ  മധുരം തുടങ്ങിയവര്‍ അഭിനയിച്ച ശ്രീവള്ളി എന്നചിത്രം  മുരുഗന്‍-വള്ളി പരിണയത്തിന്റെ കഥയാണു പറയുന്നത്. അന്നത്തെ ജനപ്രിയ പുണ്യപുരാണ ചിത്രം.

'തിരുപ്പരന്‍കുന്ദ്രത്തില്‍ നീ സിരിച്ചാല്‍ മുരുഗാ,തിരുത്താനി മലൈ  മീത് എതിരൊളിക്കും' എന്ന 1967 ലെ  പി.സുശീല-ശൂലമംഗലം രാജലക്ഷ്മിമാരുടെ ദ്വന്ദ ഗാനം പലരുടെയും ഓര്‍മയില്‍ ഉണ്ടാവും. എവിഎമ്മിന്റെ ബാനറില്‍ എ.പി. നാഗരാജന്‍  രചിച്ചു  സംവിധാനം ചെയ്ത  'കാന്തന്‍ കരുണൈ' എന്ന ചിത്രത്തിലെ ഗാനം. സംഗീതം കെ വി മഹാദേവന്‍.

ശിവാജി ഗണേശന്‍, ജെമിനി ഗണേശന്‍, ശിവകുമാര്‍, സാവിത്രി, കെആര്‍ വിജയ, ജയലളിത, കെവി സുന്ദരാംബാള്‍ തുടങ്ങിയ മുന്‍നിര താരങ്ങള്‍ അണിനിരന്ന ചിത്രത്തില്‍ ശ്രീദേവി അരങ്ങേറ്റം കുറിച്ചു.  മൂന്നുവയസുള്ളപ്പോള്‍ ബാല മുരുഗനായി. മലയാളി അംബികക്കും അതില്‍ ഒരു റോള്‍ ഉണ്ടായിരുന്നു.

 ചെന്നെയില്‍ മുരുഗന്മാരുടെ ആഗോളസമ്മേളനം

തമിഴര്‍ ധാരാളമുള്ള കോട്ടയത്തെ രാജ് മഹാള്‍ തീയറ്ററില്‍ 'കാന്തന്‍ കരുണൈ' കണ്ടത് ഓര്‍മ്മയുണ്ട്. അന്നെനിക്ക് 26 വയസ്. ഭാവി വധുവാകേണ്ട ആള്‍ പോണ്ടിച്ചേരിയിലെ ജിപ്‌മെറില്‍ പഠിക്കുമ്പോള്‍ വില്ലുപുരത്തെ ഒരു സിനിമാ കൊട്ടകയില്‍ ആചിത്രം കണ്ടുവത്രെ. തിരുപ്പതിയിലെ സുജാതയും കടലൂരിലെ വത്സലയും ഒപ്പമുണ്ടായിരുന്നു. സുജാത  ഇപ്പോള്‍ ഭര്‍ത്താവ് കാര്‍ഡിയോളജിസ്‌റ് പോള്‍ കലാനിധിയോടൊപ്പം അരിസോണയിലെ കിങ്മാനില്‍. വത്സല എവിടെയോ?

രജനികാന്തിനു പ്രിയപ്പെട്ട ക്ഷേത്രമാണ് തിരുപ്പരന്‍കുന്ദ്രം. ആദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങള്‍ ഇറങ്ങുമ്പോഴെല്ലാം അനുയായികള്‍ അവിടെ പൂജകള്‍ നടത്താറുണ്ടത്രെ.

ലോകമാകെ എണ്ണിയാല്‍ ഒടുങ്ങാത്ത മുരുഗന്മാര്‍ ഉണ്ടെന്നാണ് അവരുടെ ആഗോള സംഘടന പറയുന്നത്. 1998ല്‍ ചെന്നൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഏഷ്യന്‍ സ്റ്റഡീസില്‍ നടത്തിയ സ്‌കന്ദമുരുഗന്‍ അന്തര്‍ദേശിയ കോണ്‍ഫറന്‍സില്‍ ശ്രീലങ്ക, മൗറീഷ്യസ്, ഇന്‍ഡോനേഷ്യ  തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. ഐസിഎസ്എസ്എം  എന്ന ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് സ്‌കന്ദമുരുഗന്‍സ് അന്നു  രൂപമെടുത്തു.

എങ്ങിനെയും ജീവിക്കാന്‍ പഠിച്ചവരാണ് മുരുഗന്മാര്‍. അത്തരം രണ്ടുമുരുഗന്മാരെ എനിക്കു നേരിട്ടറിയാം. ഒരാള്‍ തേനിയില്‍ നിന്ന് 25  വര്‍ഷം മുമ്പ് കോട്ടയത്തേക്ക് കുടിയേറി സ്ഥിര താമസമാക്കിയ മുരുഗന്‍. കാലിനു സ്വാധീനമില്ലാത്തതിനാല്‍ ആര്‍പ്പൂക്കര പഞ്ചായത്ത് വാങ്ങിക്കൊടുത്ത  മുച്ചക്ര സ്‌കൂട്ടറിലാണ് സഞ്ചാരം. മെഡിക്കല്‍ കോളജിനു മുമ്പില്‍ കുടയും ബാഗും ചെരിപ്പുമെല്ലാം നന്നാക്കിക്കൊടുക്കും. ഭാര്യ സുമതിയും മൂന്നുപെണ്‍കുട്ടികളും ഒരാണ്‍ കുട്ടിയും കൂടെയുണ്ടായിരുന്നു. അവരെ മധുര റൂട്ടില്‍ തേനിക്കടുത്ത്  ആണ്ടിപ്പട്ടിയിലെ വീട്ടില്‍ കൊണ്ടാക്കി. അവിടെ പ്രായമായ അമ്മയുണ്ട്.  

കോട്ടയത്തെ തേനിമുരുഗന്‍; വാഗമണ്ണിലെ തെങ്കാശി മുരുഗന്‍  

വാഗമണ്ണിലെ തേയിലത്തോട്ടങ്ങളില്‍ ജോലിക്കെത്തിയ തമിഴ് ദമ്പതികളുടെ പുത്രന്‍ മുരുഗനാണ്  രണ്ടാമത്തെയാള്‍.  തോട്ടങ്ങള്‍ അധോഗതിയിലായപ്പോള്‍  ഫോഗി നോള്‍സ് എന്ന ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടില്‍ കുതിരകളെ നോക്കുന്ന പണി സ്വീകരിച്ചു. ഭാര്യ തായിക്കു ഏലപ്പാറ ജംക്ഷനില്‍ ഓഫ് റോഡ് ജീപ്പുകാര്‍ക്കു ചായയും ചെറുകടിയും നല്‍കുന്ന തട്ടുകട കെട്ടിക്കൊടുത്തു. മുരുഗന്‍ ഇടയ്ക്കിടെ ഈരാറ്റുപേട്ട നിന്നു ദിവസവുമുള്ള ഇന്റര്‍‌സ്റ്റേറ്റ് ബസില്‍ തെങ്കാശിക്കു പോകും. 25 കിമീ അകലെ പുളിങ്കുടിയില്‍ ബന്ധുക്കളുണ്ട്.

മധുര സൗരാഷ്ട്രരെ സ്വീകരിച്ചപോലെ തമിഴരെ ഹാര്‍ദ്ദമായി സ്വീകരിച്ച് മുഖ്യശ്രേണിയില്‍ സ്വാത്മീകരിച്ച പട്ടണമാണ് കോട്ടയം. മധുരയെപ്പോലൊരു കോര്‍പറേഷന്‍  ആകാന്‍ വെമ്പി നില്‍ക്കുന്നു. ടൗണിനു നടുവില്‍  തമിഴ് സിനിമകള്‍ കാണിക്കുന്ന തീയേറ്റര്‍ ആണ് രാജ് മഹാള്‍. തീപിടുത്തത്തെത്തുടര്‍ന്നു പുതുക്കിപ്പണിതപ്പോള്‍ ഉദ്ഘാടനം ചെയ്തത്  ദിലീപ് കുമാര്‍. ടൗണിലെ കടകളില്‍ തമിഴ് പത്രങ്ങള്‍  എന്നും വിതരണം ചെയ്യുന്നു.

തമിഴ്നാട്ടില്‍ തിരുനെല്‍വേലിജില്ലയിലെ സമൂഗരംഗപുരം ഗ്രാമത്തില്‍ നിന്ന് കോട്ടയത്തേക്ക് കുടിയേറി നര്‍മ്മദ എന്ന ടെക്സ്‌റ്റൈല്‍ സ്ഥാപനം തുറന്ന ആര്‍. രാമകൃഷ്ണന്‍ 1983ല്‍ കോട്ടയം മുനിസിപ്പല്‍  ചെയര്‍മാനായി. ജനപ്രിയനായിരുന്ന അദ്ദേഹം 2015ല്‍ അന്തരിച്ചു-79 വയസ്. മകളുടെ പേരാണ് നര്‍മ്മദ. മകന്‍ വെങ്കടേശിന്റെ സാരഥ്യത്തില്‍  ഷോപ്  ഇന്നും സജീവം. മധുരയിലെ സൗരാഷ്ട്ര നെയ്ത്തുകാര്‍ ഉണ്ടാക്കുന്ന ചുങ്കിടി കോട്ടണ്‍ സാരികള്‍ വില്‍ക്കുന്നു.

 

ചിത്രങ്ങള്‍

1.  മുരുഗന് പൂമാല: തിരുപ്പരന്‍കുന്ദ്രം
 

 

Join WhatsApp News
Jayan varghese 2025-07-22 01:13:51
സാമൂഹ്യ പരിഷ്‌കരണത്തിന്റെ വാക്താക്കളായി ഭാവിക്കുകയും പരമ്പരാഗത വിശ്വാസ പ്രമാണങ്ങളുടെ കാവൽക്കാരായി ജീവിക്കുകയും ചെയ്യുന്നവർ ആർക്കോ വേണ്ടി ഭാരം ചുമക്കുന്ന കോവർ കഴുതകളാകുന്നു. സ്വതന്ത്ര ചിന്തയുടെ സ്വർണ്ണ ലേബലുകളും നെറ്റിയിൽ ഒട്ടിച്ചു നടക്കുന്നവരും വാക്കിലപ്പടി പയറ്റിലിപ്പടി എന്ന നിലയിൽ എസ്റ്റാബ്ലിഷ്‌മെന്റിനെ താങ്ങി നിർത്തുന്നു. ഇത്തരത്തിലുള്ള അക്കാദമിക് ബുദ്ധിജീവികളുടെ മഴക്കാല മാക്രി സംഗീതത്തിൽ നിന്ന് മനുഷ്യ വർഗ്ഗത്തിന് ഗുണകരമായ യാതൊരു സാമൂഹ്യമാറ്റവും സംഭവിക്കാൻ പോകുന്നേയില്ല . ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക