നീണ്ട ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന 'ഹൃദയപൂർവ്വം' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. കോമഡിക്ക് പ്രാധാന്യമുള്ള ഒരു ഫീൽ ഗുഡ് ചിത്രമെന്ന പ്രതീതിയാണ് 1.05 മിനിറ്റ് ദൈർഘ്യമുള്ള ടീസർ നൽകുന്നത്. പുനെ പശ്ചാത്തലമാക്കുന്ന ചിത്രത്തിൽ ഒരു അന്യഭാഷാ പ്രേക്ഷകൻ ഫഹദ് ഫാസിലിനെക്കുറിച്ച് പറയുന്നതും അതിനോടുള്ള മോഹൻലാലിന്റെ പ്രതികരണവുമെല്ലാം ചിരി പടർത്തുന്ന രംഗങ്ങളാണ്. മോഹൻലാൽ - സംഗീതം പ്രതാപ് കോമ്പോയും ചിത്രത്തിൽ രസകരമായ അനുഭവമാകുമെന്നും ടീസർ സൂചന നൽകുന്നു.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മാളവിക മോഹനനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സത്യൻ അന്തിക്കാട് സിനിമ കേരളത്തിന് പുറത്ത് ചിത്രീകരിക്കുന്നത് ഒരു ഇടവേളയ്ക്ക് ശേഷമാണ്. ബന്ധങ്ങളുടെ ആഴം പറയുന്ന ഒരു പ്ലസന്റ് ചിത്രമായിരിക്കും ഇതെന്നും സത്യൻ അന്തിക്കാട് മുൻപ് പറഞ്ഞിരുന്നു. സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
അഖിൽ സത്യന്റേതാണ് കഥ, ടി.പി. സോനു തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിന്റെ പ്രധാന സംവിധാന സഹായി. മനു മഞ്ജിത്ത് ഗാനങ്ങളും ജസ്റ്റിൻ പ്രഭാകർ സംഗീതവും നിർവഹിച്ചിരിക്കുന്നു. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ. രാജഗോപാൽ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
English summary:
With a burst of laughter, the teaser of Hridayapoorvam has been released.