Image

ഗീതാഞ്ജലി (ഗീതം 98, 99: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Published on 19 July, 2025
ഗീതാഞ്ജലി (ഗീതം 98, 99: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Geetham 98

I will deck thee with trophies, garlands of my defeat. It is never in my power to escape unconquered.

I surely know my pride will go to wall, my life will burst its bonds in exceeding pain , and my empty heart will sob out in music like a hollow reed, and the stone will melt in tears.

I surely know the hundred petals of a lotus will not remain closed for ever and the secret recess of its honey will be bared.

From the blue sky an eye shall gaze upon me and summon me in silence .

Nothing will be left for me, nothing whatever, and utter death shall I receive at thy feet.


ഗീതം 98

എന്നന്തികേ വന്ന പരാജയത്തിന്‍
മാല്യങ്ങളെല്ലാം തവകണ്‍ഠ നാളേ
അര്‍പ്പിച്ചു കൊള്ളട്ടതു സ്വീകരിക്കൂ
ഒഴിഞ്ഞു മാറാന്‍ പഴുതില്ല നാഥാ !

വ്യര്‍ത്ഥാഭിമാനങ്ങളകന്നിടുന്നു
വ്യഥാ സമേതം തകരുന്നു ചിത്തം
ശൂന്യം മനോവീണയുതിര്‍ത്തിടുന്ന
ഗാനം ദയാര്‍ഹം ബഹുപക്ഷമില്ല.

പത്മസ്ഥിതം തേനതൊളിച്ചുവയ്ക്കാന്‍
പത്മത്തിനുള്ളോരിതള്‍ ശക്തമല്ല
ദളങ്ങളോരോന്നു വളര്‍ന്നു മെല്ലെ
പൂന്തേന്‍ പുറത്തെത്തിടുമൊത്തവണ്ണം.

നഭഃസ്ഥലത്തില്‍ സ്ഥിതി ചെയ്യുമേതോ
നേത്രങ്ങള്‍ നീളുന്നു മദന്തികത്തില്‍
അജ്ഞാതമായുള്ളൊരു നാദമെന്നെ
പേര്‍ത്തും വിളിക്കുന്നു ഗൃഹത്തില്‍ നിന്നും.

നിശ്ശബ്ദമായങ്ങ് വിളിച്ചിടുമ്പോള്‍
ശേഷിപ്പതായില്ലൊരു വ്‌സതുവെന്നില്‍
നാഥാ, ഭവത്പ്പാദ സരോരുഹം ഞാന്‍
പ്രാപിച്ചു സായൂജ്യമണഞ്ഞിടട്ടെ!

Geetham 99

When I give up the helm I know that the time has come for thee to take it. What there is to do will be instantly done. Vain is this struggle.

Then take away your hands and silently put up with your defeat, my heart, and think it your good fortune to sit perfectly still where you are placed.

These lamps are blown out at every little puff of wind, and trying to light them I forget all else again and again.
But I shall be wise this time and wait in the dark, spreading my mat on the floor; and whenever it is thy pleasure, my lord, come silently and take my seat here.

ഗീതം 99

ഇക്കാലമെല്ലാമിവിടെത്തുഴഞ്ഞ
പങ്കായമങ്ങേറ്റിഹ വാങ്ങുമെന്നും
വിധിച്ചപോലൊക്കെ ഭവിക്കുമെന്നും
ചിന്തിച്ചടങ്ങീടുക ധന്യനായി.

ത്യാജ്യങ്ങളെല്ലാമകലെ ത്യജിക്കൂ
പരാജയം പോലുമനര്‍ഹമല്ല
ഔന്നത്യമുണ്‍ടായതു ഭാഗ്യമെന്ന 
ങ്ങുള്ളത്തിലോര്‍ത്തിട്ടു സുഖിച്ചു കൊള്‍ക.

ദീപം മദീയം നിലനില്‍ക്കയില്ല
വീണ്‍ടും തെളിക്കാന്‍ മുതിരുമ്പൊഴേക്കും
മറ്റുള്ളതെല്ലാം മറവിപ്പെടുന്നു
പരിശ്രമം പിന്നെയനര്‍ഹമാകും.

വസ്ത്രാഞ്ചലം മെല്ലെ വിരിച്ചിരുട്ടില്‍
ഭവാനെയും കാത്തമരുന്നു ഹാ ഞാന്‍
ഭവാനഭീഷ്ടം മമ പീഠമെങ്കില്‍
അലങ്കരിച്ചാലുമതാത്മനാഥാ !
…………………………..

(Yohannan.elcy@gmail.com)

Read More: https://www.emalayalee.com/writers/22

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക