ഏറെ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മോഹൻലാൽ ആണ് ബിഗ് ബോസ് മലയാളത്തിൽ അവതാരകനായെത്തുന്നത്. ഷോയുടെ ഏഴാം സീസണായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ, ഏഴാം സീസണിന്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് ഏഷ്യാനെറ്റ്.
ഓഗസ്റ്റ് 3 നാണ് പുതിയ സീസൺ പ്രേക്ഷകരിലേക്ക് എത്തുക. വൈകീട്ട് 7 മണി മുതലാണ് സംപ്രേക്ഷണം. ഏഷ്യാനെറ്റിലും ജിയോ ഹോട്ട്സ്റ്റാറിലും ഷോ കാണാനാവും. അടുത്തിടെ പുറത്തിറക്കിയ പ്രോമോ വീഡിയോയുടെ പിന്നാമ്പുറ കാഴ്ചകൾക്കൊപ്പമാണ് തീയതി പ്രഖ്യാപിച്ചത്.
കഴിഞ്ഞ സീസണുകളുടെ പബ്ലിസിറ്റി മെറ്റീരിയലുകളിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു സീസൺ 7 ൻറെ ഇതുവരെ പുറത്തെത്തിയ പരസ്യങ്ങൾ. ലോഞ്ച് ഡേറ്റ് പ്രഖ്യാപിച്ചതും അങ്ങനെതന്നെ. നേരത്തെ പുറത്തെത്തി വലിയ പ്രേക്ഷകശ്രദ്ധ നേടിയ പ്രൊമോ വീഡിയോയുടെ ബിഹൈൻഡ് ദി സീൻസ് വീഡിയോയിലാണ് ലോഞ്ച് തീയതിയും ഏഷ്യാനെറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. 1.25 മിനിറ്റ് ദൈർഘ്യമാണ് വീഡിയോയ്ക്ക് ഉള്ളത്.
ഏഴിൻറെ പണി വരുന്നു എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ അഭിനയിച്ച പ്രൊമോ വീഡിയോ നേരത്തെ എത്തിയത്. ബിഗ് ബോസ് ഷോകളിൽ മത്സരാർഥികൾ സാധാരണ ഇറക്കാറുള്ള പലതരം കാർഡുകൾ ഇത്തവണ അനുവദിക്കില്ലെന്നാണ് അവതാരകനായ മോഹൻലാൽ പ്രൊമോ വീഡിയോയിൽ പറഞ്ഞത്. ഫേക്ക് കാർഡ്, സേഫ് കാർഡ്, സോപ്പിംഗ് കാർഡ്, നന്മ കാർഡ്, ഒളിക്കൽ കാർഡ്, പ്രിപ്പയർ കാർഡ്, വിക്റ്റിം കാർഡ് എന്നിവയൊന്നും ഇനി ഈ ടേബിളിൽ ഇറക്കി കളിക്കരുത്, കീറിപ്പോകും എന്നാണ് പ്രൊമോയിൽ മോഹൻലാലിൻറെ ഡയലോഗ്. രസിപ്പിക്കാൻ വരുന്നവർ വെറുപ്പിക്കരുത്. ഇനി ഞാൻ അത് സമ്മതിക്കില്ല/ ഫാൻ ബോയ് എന്ന് പറഞ്ഞ് പതപ്പിച്ച് സോപ്പിംഗ് കളി നടത്തരുത്/ ഷോയുടെ ഉള്ളിൽ വേറൊരു ഷോ ഇറക്കി വിക്റ്റിം കാർഡ് കളിക്കരുത്/ നന്മമരം കളിക്കരുത്/ സേഫ് ഗെയിം കളിക്കരുത് എന്നിങ്ങനെയാണ് മോഹൻലാൽ ഇത്തവണത്തെ മത്സരാർഥികളോട് പറയുന്ന രീതിയിൽ പ്രൊമോയിൽ ഉണ്ടായിരുന്നത്.