തുടരും സിനിമ ഉണ്ടാക്കിയ വൻ ഓളത്തിന് ശേഷം സോഷ്യൽ മീഡിയയിൽ നിറഞ്ഞ് മോഹൻലാൽ- പ്രകാശ് വർമ്മ കൂട്ടുകെട്ട്. സ്ത്രൈണ ഭാവത്തിൽ മോഹൻലാൽ എത്തിയ പരസ്യചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വിൻസ്മേര ജുവൽസിന്റെ പരസ്യത്തിന് വേണ്ടിയാണ് മോഹൻലാലും പ്രകാശ് വർമ്മയും ഒന്നിച്ചത്. പരസ്യത്തിന്റെ അവസാന ഭാഗത്താണ് സ്ത്രൈണ ഭാവത്തിൽ മോഹൻലാൽ എത്തുന്നത്.
പരസ്യചിത്രത്തിൽ ആളുകൾ തീരെ പ്രതീക്ഷിക്കാത്ത തരത്തിൽ എത്തിയാണ് ലാലേട്ടൻ ഞെട്ടിച്ചിരിക്കുന്നത്. ആരും കൊതിച്ചുപോകും എന്ന ക്യാപ്ഷനോടെയാണ് പരസ്യം അവസാനിക്കുന്നത്. മോഹൻലാലിനൊപ്പം വ്യത്യസ്തമായ കോൺസെപ്റ്റിൽ പരസ്യചിത്രം ഒരുക്കിയ പ്രകാശ് വർമ്മയും സോഷ്യൽ മീഡിയയിൽ കയ്യടി നേടുന്നു. പരസ്യത്തിന് പിന്നാലെ ഏത് വേഷത്തിൽ വന്നാലും ലാലേട്ടൻ അത് മികച്ചതാക്കി മാറ്റും എന്നാണ് ആരാധകർ അഭിപ്രായപ്പെട്ടത്.
പരസ്യവീഡിയോ മോഹൻലാലും ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. “നിർവാണ ഫിലിംസിന്റെയും വിൻസ്മേര ജുവൽസിന്റെയും സംവിധായകൻ പ്രകാശ് വർമ്മയുമായുള്ള രസകരമായ ഒരു സഹകരണം ഇതാ. വിൻസ്മേര ജുവൽസിന് എല്ലാ വിജയങ്ങളും ആശംസിക്കുന്നു’, മോഹൻലാൽ കുറിച്ചു.