Image

പി.പി ദിവ്യ: മാധ്യമ നായാട്ടിന്റെ ഇര (ജോസ് കാടാപുറം)

Published on 20 July, 2025
പി.പി ദിവ്യ:  മാധ്യമ നായാട്ടിന്റെ ഇര (ജോസ് കാടാപുറം)

കേരളത്തിലെ മുഖ്യധാര മാധ്യമങ്ങൾ ഒരാളെ ടാർജറ്റ് ചെയ്താൽ, അയാളുടെ ചോര കാണുന്നത് വരെ വേട്ടയാടുക എന്നതാണ്   രീതി. എന്നാലേ മാധ്യമ പ്രവർത്തനം വിജയിച്ചതായി കണക്കാക്കൂ.
മൃഗവേട്ടക്കാർക്ക് അവരുടെ നിയമമുണ്ട്. മൃഗത്തെ വീഴ്ത്തിയ ആളാണ് ഹീറോ. മൃഗത്തിന്റെ പ്രധാനഭാഗങ്ങൾ (കുറക്, വാരിയെല്ലിലെ ഇറച്ചി) അയാൾക്ക് അവകാശപ്പെട്ടതാണ്.
ഈ നായാട്ട് നിയമമാണ് മാധ്യമ രംഗത്തും. ഇരയെ വീഴ്ത്തിയ മാധ്യമ പ്രവർത്തകനാണ്  പട്ടും വളയും.

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്നുള്ള പി.പി. ദിവ്യയുടെ രാജിയിലേക്ക് നയിച്ച കണ്ണൂർ എ.ഡി.എം. നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിന്റെ കുറ്റപത്രം പുറത്തു വന്നു കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു.

പി.പി. ദിവ്യയുടെ പരാമർശമാണ് നവീൻ ബാബുവിന്റെ ആത്മഹത്യക്ക് ഇടയാക്കിയതെന്ന് തെളിയിക്കുന്ന ഒരു തെളിവും അതിലില്ല. എന്നാൽ എ.ഡി.എം. നവീൻ ബാബു പെട്രോൾ പമ്പിന് അപേക്ഷിച്ച ചെങ്ങളായിയിലെ പ്രശാന്തനിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് സാഹചര്യത്തെളിവുകൾ ഉണ്ട് താനും. പി.പി. ദിവ്യയുടെ വാക്കുകളാണ് നവീൻ ബാബുവിന്റെ ആത്മഹത്യക്ക് കാരണമെന്ന് മാധ്യമങ്ങളാണ് ആദ്യം ആരോപണമുന്നയിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ അത് പരാതിയായി ഉന്നയിക്കുകയും ചെയ്തു. ആ പാവപെട്ട സ്ത്രീയെ കൊണ്ട് പരാതി കൊടുപ്പിച്ചതും ഒരു മാധ്യമത്തിന്റെ ഇടനിലക്കാരനാണ്.  അതും പോലീസ് അവസാനമായി പരിശോധിക്കുന്നുണ്ട്.

പിന്നെ പ്രതിപക്ഷവും  ഏറ്റെടുത്തു. പ്രതിരോധിക്കാൻ ആരും ഉണ്ടായതുമില്ല. എല്ലാവരും മാധ്യമ വാർത്തയിൽ ഒഴുകിപ്പോയി. നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ കലക്ടർ നൽകിയ മൊഴി വളരെ പ്രധാനപ്പെട്ടതാണ്..

ചേമ്പറിൽ നിന്ന് അദ്ദേഹം മടങ്ങി പോകുന്ന സമയത്ത് ഒരു നിമിഷം തലതാഴ്ത്തി നിന്നുകൊണ്ട് 'എനിക്ക് തെറ്റുപറ്റിയിട്ടുണ്ട്, അവരുടെ (പ്രശാന്തന്റെ) കയ്യിൽ റെക്കോർഡിങ് ഉണ്ട് എന്ന് തോന്നുന്നു' (പ്രശാന്തൻ എഡിഎമ്മുമായി സംസാരിച്ചതിന്റെയും പണം കൊടുക്കുന്നതിന്റെയും) എന്ന് പറയുകയും ചെയ്തു.

മാത്രമല്ല, ഇദ്ദേഹം പെട്രോൾ പമ്പിന് അപേക്ഷിച്ച ചെങ്ങളായിയിലെ പ്രശാന്തനിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് സാഹചര്യത്തെളിവുകൾ ഉണ്ട് താനും.

ജില്ലാ പഞ്ചായത്ത് യോഗത്തിൽ മാത്രമല്ല, പല യോഗങ്ങളിലും ഉദ്യോഗസ്ഥരെ ജനപ്രതിനിധികൾ നിർത്തിപ്പൊരിക്കാറുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂർ കോർപ്പറേഷനിലെ ഭരണകക്ഷി അംഗങ്ങളും ഡി സി സി നേതാക്കളും കോർപ്പറേഷൻ സെക്രട്ടറിക്ക് നേരെ, അദ്ദേഹത്തിന്റെ ഓഫീസിൽ നടത്തിയ ആക്രോശങ്ങൾ ജനം കണ്ടതാണ്.
ആരോപണം ഉന്നയിച്ചതിന്റെ പേരിൽ തീർത്തും നിരപരാധിയായ ഒരു ഉദ്യോഗസ്ഥനും ആത്മഹത്യ ചെയ്യില്ല.
കുറ്റം ചെയ്ത താൻ പിടിക്കപ്പെടും എന്ന് തോന്നിയാൽ മനക്കരുത്ത് ഇല്ലാത്തവർ അങ്ങിനെ ചെയ്യും.

ഉദ്യോഗസ്ഥനായ അയാൾ കൈക്കൂലി വാങ്ങിയിട്ടുണ്ട് എന്ന് 100 ശതമാനം ബോധ്യമുള്ള ഒരു ഭരണാധികാരിക്ക് അതയാളുടെ മുഖത്ത് നോക്കി പറഞ്ഞ് , സ്വന്തം നീതി നടപ്പിലാക്കി എന്നതിൽ സംതൃപ്തി അടയണോ അതോ തത്കാലം കണ്ണടച്ച് കൊണ്ട് അയാളെ സുഖമമായ ശിഷ്ട കാല ജീവിതത്തിലേക്ക് വിടണമോ എന്ന കാര്യത്തിൽ മാത്രമാണ്   ദിവ്യ വിഷയത്തിൽ ഒരാശയകുഴപ്പം സൃഷ്ടിച്ചത്.

99 ശതമാനം സമാന കേസുകളിലും കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ ചെരുപ്പ് മാലായണിയിച്ചു കൂവി വിളിച്ചു തെരുവിലൂടെ കൊണ്ട് നടത്തിക്കണമെന്നാണ് പൊതു ജനം സാധാരണയായി ആർത്ത് വിളിച്ച് ആവശ്യപ്പെട്ട് കാണാറുള്ളത്.

ഇവിടെ ദിവ്യയുടെ കേസിൽ അവരുടെ രാഷ്ട്രീയവും മീഡിയകളുടെ തുടർ വാർത്താ സാധ്യതകളുടെയും ചൂണ്ടയായി പൊതുജനം ദിവ്യക്കെതിരായി മാറി എന്നത് തീർത്തും അദ്‌ഭുദപ്പെടുത്തുന്ന ഒന്നായിരുന്നു. കോൺഗ്രസുകാർക്ക് വേണ്ടി രാപ്പകൽ വ്യത്യാസമില്ലാതെ വിടുവേല ചെയ്തുകൊടുക്കന്നവരാണ് മാധ്യമ പ്രവർത്തകരിൽ അധികവും. മാധ്യമപ്രവർത്തകർ എന്ന ലേബലിനു പോലും അര്ഹതയില്ലാത്തവരാണ് പി പി ദിവ്യയെ ഇല്ലാതാക്കാൻ ശ്രമിച്ചത് . അത്‌ മനസിലായിട്ടും മനസിലാകാത്ത  പോലെ നടിച്ചു കിടന്ന 'പൊതു ബോധം' എന്ന വർഗത്തെ ഒരിക്കലും നമ്പരുത് എന്ന് ഈ സംഭവം ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു.

മരണപ്പെട്ട ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിങ് പേർസണായ ജില്ലാ കളക്ടർ റവന്യു മന്ത്രിക്ക് രഹസ്യമായി നൽകിയ റിപ്പോർട്ടിന്റെ ഉള്ളടക്കവും അന്വേഷണ ഉദ്യോഗസ്ഥർക്ക്‌ നൽകിയ മൊഴിയും ഇന്നലെ മാധ്യമങ്ങളിലൂടെ വന്നിട്ടുണ്ട്.

സംഭവത്തെപറ്റി അന്വേഷിച്ച കളക്ടറോട് ''എനിക്കൊരു തെറ്റ് പറ്റിപ്പോയി എന്ന് ആ ഉദ്യോഗസ്ഥൻ പറയുന്നുണ്ട്.'' അതിന്റെ അർദ്ധം എന്താണ്? അയാൾ കൈക്കൂലി വാങ്ങിയെന്നാണ്. അത് മനസിലാക്കിയ ജില്ലാ പഞ്ചായത്തു പ്രസിഡെന്റ് ഇനി സ്ഥലം മാറി പോകുന്ന സ്ഥലത്തു ഇത്തരം പ്രവർത്തികൾ ആവർത്തിക്കരുത് എന്ന് പറഞ്ഞതാണ് കേരളത്തിലെ കൂട്ടക്കൊല മാധ്യ്മങ്ങൾക്കു മറ്റു പ്രമാണിമാർക്ക് കുറ്റം ആയത്.   അതിനാണ് പി പി ദിവ്യയെ ക്രൂശിച്ചതു.

ഒന്നോർക്കുക മനസ്സാക്ഷിയോട് കൂറുള്ള ഒരു പൊതു പ്രവർത്തക ഒരാൾ അഴിമതി ചെയ്തിട്ടുണ്ടെന്ന് അവർക്കു ബോധ്യം വന്ന കാര്യത്തിൽ അത്‌ ചെയ്ത ഉദ്യോഗസ്തൻ സ്ഥലം മാറി പോകുമ്പോൾ ഇനി അയാൾ ആ തെറ്റ് ആവർത്തിക്കാതിരിക്കാൻ നടത്തിയ നീക്കമാണ് ഇവിടെ ഉണ്ടായത്. അങ്ങിനെ ചെയ്യാൻ ഒരു പൊതു പ്രവർത്തകയ്ക്ക് ആരുടേയും അനുവാദം വേണ്ട. നിരപരാധിക്ക് അത് മാനഹാനിയായി തോന്നില്ല .തെറ്റ് ചെയ്യാത്തവർക്ക് ആരെന്തു പറഞ്ഞാലും എത്ര കള്ളക്കേസ്സു വന്നാലും അവമാനം തോന്നില്ല. അവർ ആത്മഹത്യ ചെയ്യില്ല.  ഇവിടെ മറിച്ചു ഉണ്ടായപ്പോൾ അതിന്റെ ഉത്തരം അയാൾ തെറ്റുകാരാണെന്നാണ്.
മാധ്യമങ്ങളുടെ ക്രൂരമായ വേട്ടയാടലിനിരയായി സ്വകാര്യ ജീവിതവും പൊതു ജീവിതവും ബലി കൊടുക്കേണ്ടി വന്നവരുടെ കഥകൾ വലിയൊരു വാർത്താ പരമ്പരക്കുള്ള വിഷയമാണ്.

കുപ്രസിദ്ധമായ ചാരക്കേസിൽ ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ നമ്പീ നാരായണനിൽ തുടങ്ങുന്നു ആധുനിക കാലത്തെ മാധ്യമ വേട്ടയുടെ ഇരകളുടെ പട്ടിക. ഇവിടെ ദിവ്യ ഒരു സ്ത്രീ അധികാരത്തിൽ വന്നാൽ സഹിക്കാൻകഴിയാത്ത കുറേ ആൺകോയ്‌മക്കാരും, ശവം വീണുകിട്ടാൻ കാത്തിരിക്കുന്ന കുറെ പ്രമാണിമാരും കൂടി ആർമാദിച്ചു..അധികാരത്തിൽ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോൾ കാണാൻ തേജസും ഇടതു പക്ഷക്കാരി കൂടി ആണെങ്കിൽ ആക്രമിക്കാൻ, അവളെ കൊന്നു കൊല വിളിക്കാൻ , ഉശിര് കൂടും ചിലർക്ക് .

എന്നാൽ ദിവ്യയുടെ കാര്യത്തിൽ സത്യം പുറത്തു വന്നു. മാധ്യമങ്ങളും പ്രമാണിമാരും കൂടിയാണ് ക്രൂശിക്കാൻ ജയ് വിളിച്ചത്.  ഒറ്റുകൊടുത്തത് , ഒപ്പം നടന്ന ചിലർ പിലാത്തോസിനെപോലെ കൈകഴുകി. ഒന്നറിയാം .-നിലപാടുകൾക്ക് മുൾകീരിടം ഉറപ്പാണ് ..എന്നാൽ വെള്ളിയാഴ്ച സത്യത്തെ ക്രൂശിച്ചാൽ അത് ഞായറാഴ്ച ഉയർത്തെഴുന്നേല്ക്കും ...പ്രത്യാശയോടെ P.P ദിവ്യമാർ മുൻപോട്ടു പോകട്ടെ.
 

Join WhatsApp News
വകതിരിവ് ഇല്ലായ്മ 2025-07-20 12:18:53
വകതിരിവ് ഇല്ലാത്ത അഭിപ്രായം. ഇപ്പോൾ അതാണല്ലോ കേരളത്തിലെ ഫാഷൻ.
Jayan varghese 2025-07-20 13:39:10
വിളിക്കാത്ത വേദിയിൽ ചാടിക്കയറി വന്ന് വേദിയിൽ ആദരിക്കപ്പെടുന്ന ആളെ ചീത്ത വിളിച്ചപമാനിക്കുക. എന്നിട്ടും കുറ്റം മാധ്യമങ്ങൾക്ക് ? ഞങ്ങള് ഞങ്ങളെ വെടിവച്ചെങ്കിൽ നിങ്ങൾക്കെന്നാ കോൺഗ്രസ്സേ എന്ന് പണ്ട് വിളിച്ച പോലെ ന്യായീകരണത്തിനിറങ്ങുmpol ഇരിക്കുന്ന കൊമ്പിനും വഹിക്കുന്ന സ്ഥാനത്തിനും കത്തി വയ്ക്കുന്ന തരത്തിൽ ചീപ്പാവരുത് എന്നഭ്യർത്ഥിക്കുന്നു. ജയൻ വർഗീസ്.
വെള്ളപൂശൽ 2025-07-20 14:09:54
എത്ര കിട്ടി ഇങ്ങിനെ വെള്ള പൂശാൻ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക