Image

ഡോ. എം. അനിരുദ്ധൻ (84): പ്രവാസികളുടെ തളരാത്ത ശബ്ദം (ജോസ് കാടാപുറം)

Published on 20 July, 2025
ഡോ. എം. അനിരുദ്ധൻ  (84): പ്രവാസികളുടെ തളരാത്ത ശബ്ദം (ജോസ് കാടാപുറം)

ആഴത്തിലുള്ള പാണ്ഡിത്യവും  അപൂർവ ദർശനവും കൈമുതലായുളള    പ്രവാസികളുടെ തളരാത്ത ശബ്ദമായ ഡോ. അനിരുദ്ധന്റെ പാരമ്പര്യം ആഗോള കേരളത്തിന്റെ ചരിത്രത്തിൽ  പതിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ ജ്ഞാനവും   ശാന്തമായ ശക്തിയും നോർക്കയെയും എണ്ണമറ്റ പ്രവാസി കേരളീയരുടെ ജീവിതത്തെയും സമ്പന്നമാക്കി.

ഫൊക്കാനയുടെ സ്ഥാപക പ്രസിഡെന്റ് മാത്രമല്ല  ഏറ്റവും വലിയ പ്രവാസി സംഘടനായാക്കി അതിനെ മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവാണ് ഡോക്ടർ അനിരുദ്ധൻ . സംഘടനയുടെ ഉയർച്ച താഴ്ചകളിൽ അതിനെ പിടിച്ചു നിർത്താൻ നിർണായക പങ്കു വഹിച്ചു എന്ന് മാത്രമല്ല മലയാളിയെ സംഘടിപ്പിക്കുന്നതിന് ചിലവാക്കിയ പണവും സമയവും സ്തുത്യര്ഹമാണ്. മലയാളികളുടെ അമേരിക്കയിലെ അനൗദ്യോഗിക അംബാസിഡർ ആയിരുന്നു അദ്ദേഹം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സമ്മേളനത്തിൽ പറഞ്ഞത്. ഇക്കുറി മുഖ്യമന്ത്രി ആരോഗ്യ പരിശോധനകൾക്കായി അമേരിക്കയിൽ വന്നപ്പോൾ നേരിട്ട്  ഹോസ്പിറ്റലിൽ എത്തി  അനിരുരുദ്ധനെ കണ്ട് അദ്ദേഹത്തിൻ്റെ സുഖവിവരങ്ങൾ അന്വേഷിച്ചിരുന്നു.

എല്ലാകാലത്തും അമേരിക്കൻ മലയാളി സംഘടനകളുടെ നേതൃസ്ഥാനത്ത് അനിരുദ്ധൻ നിലകൊണ്ടു. ഫൊക്കാനയെ ലോകം അറിയുന്ന പ്രവാസി സംഗമ വേദിയാക്കി മാറ്റാൻ അനിരുദ്ധന് സാധിച്ചു. ഫൊക്കാനയെ ഒരു മതേതര സംഘടയായി നിലനിർത്താൻ അനിരുദ്ധൻ അവസാനം വരെ  ശ്രമിച്ചിരുന്നു അതിൽ ഒട്ടൊക്കെ വിജയം കണ്ടു . അമേരിക്കൻ മലയാളികളും ഫൊക്കാന അഭ്യുദയകാംഷികളും കൂടി ഫൊക്കാനയുടെ പേരിൽ ഒരു ഹെഡ് ഓഫീസ് മന്ദിരം ചിക്കാഗോയിൽ പണിത് അതിനു ഡോക്ടർ അനിരുദ്ധന്റെ പേര് നൽകിയാൽ നന്നായിരിക്കുമെന്ന് തോന്നുന്നു .

നോർക്ക ഡയറക്ടർ ബോർഡ് അംഗം എന്ന നിലയിൽ അമേരിക്കൻ മലയാളികളുടെ പ്രതിനിധിയായി അദ്ദേഹം പ്രവർത്തിച്ചു. പോഷകാഹാര ഗവേഷണത്തിൽ ശ്രദ്ധേയ നേട്ടങ്ങൾ കൊയ്തു. അമേരിക്കയിലെ ആദ്യത്തെ സ്പോർട്സ് ന്യൂട്രീഷൻ ഉൽപ്പന്നമായ ഐസോസ്റ്റാർ വികസിപ്പിച്ചത് അനിരുദ്ധൻ്റെ നേതൃത്വത്തിലായിരുന്നു.

ലോക കേരള സഭയുടെ തുടക്കം മുതലുള്ള അംഗമായിരുന്നു ഡോ. അനിരുദ്ധൻ. പ്രളയകാലത്തായാലും കോവിഡ് കാലത്തായാലും അദ്ദേഹം അകമഴിഞ്ഞ സംഭാവന നൽകിയ മലയാളികളിൽ ഒരാൾ.  

3 പ്രാവശ്യം ഫൊക്കാനയുടെ പ്രസിഡന്റായി കൂടാതെ നോർക്ക ഡയറക്ടർ ബോർഡ് അംഗം എന്ന നിലയിൽ അമേരിക്കൻ മലയാളികളുടെ പ്രതിനിധിയായി അദ്ദേഹം പ്രവർത്തിച്ചു. മികച്ച രീതിയിൽ ലോക കേരള സഭ അമേരിക്കൻ റീജിയൻ സമ്മേളനം നടത്താൻ ചുക്കാൻ പിടിച്ചു . ശാസ്ത്രജ്ഞൻ,   വ്യവസായി,  സാമൂഹികനേതാവ് എന്നതിലപ്പുറം, അദ്ദേഹം   ദയാലുവും, ആത്മബന്ധത്തിന്റെയും ആദർശത്തിന്റെയും അച്ചടക്കത്തിന്റെയും   മാതൃകയുമായിരുന്നു.

ടെക്‌സസിലെ എ ആൻഡ് എം സർവകലാശാലയിലെ ആണവ രസതന്ത്ര അധ്യാപനത്തിൽ നിന്ന് പോഷകാഹാര ഗവേഷണത്തിലേക്കുള്ള വഴിതിരിവ്, സാൻഡോസ് പോലെയുള്ള ഗ്ലോബൽ കമ്പനികളിലെ നേതൃത്വ റോളുകൾ, സ്പോർട്സ് ന്യൂട്രീഷൻ മേഖലയിൽ ആദ്യഘട്ടത്തിൽ തന്നെ കുറിച്ചുവച്ച പാതകൾ – ഇവയെല്ലാം ഇന്നത്തെ തലമുറയ്ക്ക് പ്രചോദനമാണെന്നതിൽ സംശയമില്ലെന്നു അദ്ദേഹത്തിന്റെ ആത്മസുഹൃത്തുക്കളിൽ ഒരാളായ മുൻ ഫൊക്കാന പ്രസിഡെന്റ് പോൾ കറുകപ്പിള്ളി പറഞ്ഞു
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക