സമൂഹമാധ്യമങ്ങളിൽ ട്രോളുകൾക്ക് ഇരയായിക്കൊണ്ടിരിക്കുന്ന 'കുമ്മാട്ടിക്കളി' എന്ന ചിത്രത്തിലെ പ്രകടനത്തെക്കുറിച്ചും തനിക്കെതിരെയുള്ള വിമർശനങ്ങളെക്കുറിച്ചും പ്രതികരിച്ച് നടൻ മാധവ് സുരേഷ്. സിനിമാഭിനയം തനിക്ക് ചേർന്നതല്ലെന്ന് ബോധ്യപ്പെട്ടാൽ ഈ രംഗം ഉപേക്ഷിക്കുമെന്നും, അതുവരെ ഇവിടെത്തന്നെ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
"കുമ്മാട്ടിക്കളിയിൽ ഞാൻ നന്നായി പെർഫോം ചെയ്തിട്ടില്ലെന്ന് എനിക്കറിയാം. അത് നല്ലൊരു ക്യാൻവാസം അല്ലായിരുന്നു. അതുമായി ബന്ധപ്പെട്ട് വരുന്ന ട്രോളുകൾ കേൾക്കുന്നത് ഞാൻ മാത്രമാണ്. 'നീ നിർത്തിയിട്ട് പോ പണി, നിനക്ക് ഇത് പറ്റത്തില്ല' എന്നൊക്കെ. എനിക്ക് അത് പറ്റില്ലെന്ന് ബോധ്യപ്പെടുമ്പോൾ ഞാൻ പൊയ്ക്കോളാം. അങ്ങനെ അല്ലെങ്കിൽ ഞാൻ ഇവിടെത്തന്നെ കാണും," മാധവ് കാൻ ചാനൽ മീഡിയയോട് പറഞ്ഞു.
'കുമ്മാട്ടിക്കളി' ചെയ്തതിൽ പശ്ചാത്താപമുണ്ടെന്നും മാധവ് തുറന്നുപറഞ്ഞു. "കുമ്മാട്ടിക്കളി വേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ ഞാനത് ചെയ്ത് പോയി. അത് മാറ്റാനും പറ്റില്ല. അന്ന് ഞാൻ ഒന്നുകൂടി ആലോചിച്ചാൽ മതിയായിരുന്നു," അദ്ദേഹം പറഞ്ഞു. യഥാർത്ഥത്തിൽ തനിക്ക് മുന്നിൽ അവതരിപ്പിച്ച സിനിമ അതായിരുന്നില്ലെന്നും, സ്ക്രിപ്റ്റ് പറയുമ്പോൾ ഒന്നായിരിക്കും എന്നാൽ ചിത്രീകരണ വേളയിൽ വേറൊന്നായിരിക്കും എന്നും മാധവ് ചൂണ്ടിക്കാട്ടി. ഇത് തനിക്ക് മാത്രമല്ല, എല്ലാ താരങ്ങൾക്കും എല്ലാ കാലത്തും സംഭവിച്ചിട്ടുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം കൊണ്ട് നിർമ്മിച്ച സിനിമയായതുകൊണ്ട്, ആളുകൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം കൊടുത്ത് കാണാൻ വരുമ്പോൾ അത് തിരികെ നൽകാനുള്ള ബാധ്യതയുണ്ടെന്നും മാധവ് ഓർമ്മിപ്പിച്ചു. "കാണാൻ വരുന്നവർക്ക് നല്ല കലാമൂല്യമുള്ള സിനിമ കൊടുക്കണം. അത് കുമ്മാട്ടിക്കളിയിൽ നടന്നിട്ടില്ല. അത് ഞാൻ അംഗീകരിക്കുന്നു. പക്ഷേ നിരാശയില്ല. കുമ്മാട്ടിക്കളിയിലൂടെ ഒരുപാട് പഠിക്കാൻ പറ്റിയിട്ടുണ്ട്," എന്നും മാധവ് സുരേഷ് പറഞ്ഞു.
English summary:
If I realize acting in films isn't for me, I'll quit": Madhav Suresh responds to trolls.