ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ മകനും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ സഹോദരനുമായ എം.കെ. മുത്തു (മുത്തുവേൽ കരുണാനിധി മുത്തു- 77) അന്തരിച്ചു. ശനിയാഴ്ച രാവിലെ ഈസ്റ്റ് കോസ്റ്റ് റോഡിലെ വസതിയിലായിരുന്നു അന്ത്യം. കരുണാനിധിയുടെ ആദ്യ ഭാര്യ പദ്‌മാവതിയുടെ മകനാണ്.
നാഗപട്ടണത്തെ തിരുക്കുവലൈയിലായിരുന്നു ജനനം. മുത്തു ജനിച്ചതിനു പിന്നാലെയാണ് 20-ാം വയസിൽ ക്ഷയരോഗം ബാധിച്ച് പദ്‌മാവതി മരിച്ചത്. അതിനുശേഷം കരുണാനിധി വിവാഹം ചെയ്ത ദയാലുവമ്മാളിന്‍റെ മകനാണ് സ്റ്റാലിൻ. മുത്തുവിന്‍റെ ഭാര്യ ശിവകാമസുന്ദരി, മക്കൾ: എം.കെ.എം. അറിവുനിധി, തേൻമൊഴി.
അദ്ദേഹത്തിന്‍റെ അമ്മയുടെ അച്ഛനും അമ്മാവനും സംഗീതജ്ഞരായിരുന്നു. സംഗീതം അഭ്യസിച്ച മുത്തു താൻ നായകനായ സിനിമയില്‍ പാട്ടുകള്‍ പാടി. 1970ല്‍ പുറത്തിറങ്ങിയ പിള്ളയോ പിള്ളൈ ആണ് ആദ്യ ചിത്രം. ശമയല്‍ക്കാരന്‍, അണയാവിളക്ക്, ഇങ്കേയും മനിതര്‍കള്‍, പൂക്കാരി എന്നിവ ആദ്യകാലത്തെ പ്രധാന ചിത്രങ്ങളാണ്. മുന്‍ മുഖ്യമന്ത്രി എം.ജി. രാമചന്ദ്രനാണ് മുത്തുവിനെ സിനിമയില്‍ അവതരിപ്പിച്ചത്.