ഏതു വേദനയിൽ കരഞ്ഞു ഞാൻ ഉറങ്ങിയാലും ഒരു സ്വപ്നം എന്നിൽ സാന്ത്വനമായി വന്നു നിറയും. ആ സ്വപ്നത്തിൽ വെയിൽ പ്രാവുകളും മിഴി തുറക്കുന്ന വയൽപ്പൂക്കളും ഉണ്ടാകും. ആകാശം അവയ്ക്കു മീതെ നീല മേലാപ്പു നിവർത്തും.
ബാല്യം ആ സ്വപ്നത്തെ പൂത്തു മ്പികളാലും ചിത്രശലഭങ്ങളാലും അലങ്കരിച്ചു. കുഞ്ഞരി പ്രാവുകൾ അവർക്കിടയിലൂടെ കുറുകിപ്പറന്നു. കൗമാര സ്വപ്നങ്ങളിൽ മഴക്കാറ് കണ്ടാൽ നൃത്തമാടുന്ന മയിലുകൾ പീലി നിവർത്തി.
ജീവിതം ഏകാന്തതയുടെ തുരുത്തിൽ ഏറെ തനിച്ചാക്കിയപ്പോൾ ഞാൻ ആ സ്വപ്നഭൂമിയിൽ ഈശ്വരനെ തിരയാൻ തുടങ്ങി.
നീണ്ട താടിരോമങ്ങളും കാറ്റിൽ പാറിപ്പറക്കുന്ന മുടിയിഴകളും കണ്ണുകളിൽ സൂര്യ പ്രഭയുമുള്ള ഒരാൾ എന്റെ കാഴ്ചയുടെ അതിരിലൂടെ അകന്നു പോകുന്നത് അപ്പോഴൊക്കെ ഞാൻ കണ്ടു. വയൽപ്പൂക്കൾക്ക് മീതെ നീലവിരിയിട്ട ആകാശത്തിൽ നിന്നും താണീറങ്ങിയ മേഘപാളികൾ അയാളെ സദാ എന്റെ കാഴ്ച്ചയിൽ നിന്നും മറച്ചു പിടിച്ചു.
ഒരു പക്ഷെ ഞാൻ തേടി നടന്ന ഈശ്വരൻ അതാകാം. എപ്പോഴും എന്നിലേക്ക് എത്താതെ അതിരുകളിലേക്കു മാഞ്ഞൂ പോകുന്ന ആ ദൈവമാകാം അമ്മ പറഞ്ഞ നുണക്കഥയിൽ ഒരു കുഞ്ഞുടുപ്പു അനുജത്തിക്ക് പെട്ടിയിൽ കൊണ്ടു വന്നു വെച്ചത്. പത്താം ക്ലാസ്സിൽ വെച്ചു ഒരു മാർക്കിന് വഴുതി പോകുമായിരുന്ന സമ്മാനം എനിക്കും കൂടി വാങ്ങി തന്നത്. എന്റെ കണ്ണീരും കിനാവും പ്രാണനും പ്രാണവായൂവും ആയത്.
കാണെക്കാണെ ദൂരങ്ങൾ അരികിലാകുന്നത് ഞാൻ അറിയുന്നു യുന്നു.. കാറ്റിൽ മേഘപാളികൾ ശിഥില മായപ്പോൾ ആരോ എന്റെ നെറുകയിൽ തൊട്ടതു ഞാൻ അറിയുന്നു.
ദൈവമേ.. എന്റെ ഹൃദയം എന്നും നിന്റെ ക്ഷേത്രമാകട്ടെ.. എന്റെ പ്രാർഥനകൾ നിത്യവും നിന്നെ ഉണർത്തട്ടെ.. എന്റെ പ്രതീക്ഷകൾ എന്നും നിനക്ക് നൈവേദ്യമാകട്ടെ.
കാരണം നിന്നിലേക്ക് പറന്നെത്താൻ ഏറെ ദൂരമില്ലെങ്കിലും ഇന്ന് മഴയിൽ ചിറകുകൾ നനഞ്ഞു പോയ പറക്കാൻ ത്രാണി ഇല്ലാത്ത വെറും ഒരു ശലഭം മാത്രമാണ് ഞാൻ..