Image

ചമത്കാരം (കവിത: വേണുനമ്പ്യാർ)

Published on 21 July, 2025
ചമത്കാരം (കവിത: വേണുനമ്പ്യാർ)

കണ്ണെടുത്തെന്നെ പുഴ 
കൺപാർത്ത നിമിഷമതാ
കടൽ തേടി തടം പൊട്ടിച്ചൊഴുകി-
ത്തുടങ്ങിയേൻ ഞാൻ.

കണ്ണെടുത്തെന്നെ പൂവ് 
കൺപാർത്ത നിമിഷമതാ
തൂവിനേൻ പരിമളമെൻ 
ഹൃദയത്തിൻ ശതദളം.

കണ്ണെടുത്തെന്നെ നീ 
കൺപാർത്ത നിമിഷമതാ
പാദങ്ങൾ ഭൂവിൽ നിന്നുമെൻ 
പൊങ്ങിയേൻ മൂവടിയോളം.

നോക്കുന്ന രീതി മാറുമ്പോൾ
മാറാതിരിക്കുമൊ 
നോട്ടത്തിൻ വിഷയമാം വസ്തുവും?

പാപി ഞാനെൻ കണ്ണേറിൻ
ദോഷമന്യർക്കകറ്റുവാൻ 
തുടങ്ങിനേനുമ്മറപ്പടിയിൽ
ഇരുകണ്ണും പൂട്ടി 
ഇരുത്തം നിശ്ചലം!

പാവനമാമിരുത്തത്തിൽ
ആത്മസ്മൃതി ശീലിക്കവെയെൻ
മാനസാങ്കണത്തിൽ പൊടുന്നനെ
വിരിഞ്ഞേൻ പ്രപഞ്ചം കുഡ്മളം പോൽ
വെണ്മയാർന്നൊരു
നാലിതൾപ്പൂവായി!

ശൂരത്വത്തോടെ നാം ഉൽപ്പത്തിയിലേക്ക്
തിരികെയെത്താൻ പഠിക്കണം
കാണണമാ ദിവ്യമാം ചമത്കാരം
വീണ്ടും നാം നടാടെയെന്നപോൽ!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക