Image

മുറിവേറ്റ കവിത : പുഷ്പമ്മ ചാണ്ടി

Published on 21 July, 2025
മുറിവേറ്റ കവിത :  പുഷ്പമ്മ ചാണ്ടി

നിശബ്ദത,
കാതുകളിൽ ഒരിത്തിരി നിലാവായി വീണു —
ഞാൻ വാക്കുകൾ ഒളിപ്പിച്ചു,
ചിലത് മഞ്ഞുപോൽ ഉറഞ്ഞു 
ചിലത് ചോരയായി ഒഴുകി പുറത്തേക്ക്.
എന്റെ ഹൃദയം പോലെ
ഈ കവിതയും
ഒരു ചിതറിയ താളുപോലെ .. 
ഇനി 
ആലാപനങ്ങൾക്കിട-യിലൂടെയുള്ള
നിശ്ശബ്ദതയാണ് ..

വാക്കുകളുടെ ശക്തി 
വായനയ്ക്കു മുറിവുകൾ സമ്മാനിച്ചു ,
ആ മുറിവുകളുടെ ഇടയിലായി
ഒരു ചിതറിയ ഹൃദയം
മിഴിവായ് മറഞ്ഞിരുന്നു ..
നീ വായിക്കുമ്പോൾ
നിനക്കത് ഒരു കവിതയായിരിക്കും..
എനിക്ക് , അത് —
തീരാത്തൊ- രോർമ്മയുടെ മുറിവ്!
അക്ഷരങ്ങളിലേക്ക് ഞാൻ ഉറ്റുനോക്കുമ്പോൾ 
കണ്ണീർകണങ്ങൾ ,
പലതവണ  വായിച്ചാൽ പോലും
നിനക്കതിന്റെ ഭാരം  മനസ്സിലാവില്ല .. 

എല്ലാം  വെറുംവാക്കുകൾ മാത്രം ..
എനിക്കോ ,
അതു നിശ്ശബ്ദതയിൽ
വീണൊഴുകുന്ന
ഹൃദയ വാഹിനികൾ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക