നിലാവു താഴ്‌വരയില്‍ ഒട്ടാകെ പ്രകാശം പരത്തി. മഞ്ഞില്‍ പുതച്ചു നിന്ന ഹിമാലയന്‍ മലകളുടെ താഴ്‌വരയിലൂടെ ഒഴുകുന്ന അരുവിയുടെ ശബ്ദം, ശാന്തതയുടെ പ്രതീതി ജനിപ്പിച്ചിരുന്നുവെങ്കിലും ആ രാത്രി അവിടം തികച്ചും സംഭവബഹുലമാണ്. ക്യാപ്റ്റന്‍ ജോസ് ഊട്ട താഴ്‌വരയുടെ മറുഭാഗത്തുള്ള മലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. പ്രകൃതി ഭംഗി വികൃതമാക്കുമാറ് നീണ്ടു നിവര്‍ന്നു നില്‍ക്കുന്ന ഒരു മുള്ളു വേലി. പന്ത്രണ്ട് അടിയോളം പൊക്കത്തില്‍ ദൃഢമായി നിര്‍മ്മിച്ച ആ വേലി ഇരുവശത്തേക്കുമായി കണ്ണെത്താ ദൂരം നീണ്ടു കിടന്നിരുന്നു. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ വരമ്പ്. ഇതിനു സമീപം രണ്ടു വശങ്ങളിലുമുള്ള സ്ഥലത്തെ ആര്‍ക്കും അംഗീകൃതമായോ നിയമവിധേയമായോ ഉടമസ്ഥാവകാശമില്ലാത്ത 'നോമാന്‍സ് ലാന്‍ഡ് 'ആയി കണക്കാക്കിയിരുന്നെങ്കിലും അതി സാഹസികമായാണ് ക്യാപ്റ്റന്‍ ജോസ് തന്റെ ട്രഞ്ച് അവിടെ കുഴിച്ചതും അതില്‍ ഇരിക്കുന്നതും. യഥാര്‍ത്ഥത്തില്‍ പ്രകൃതിയാല്‍ നിര്‍മ്മിച്ച ഒരു കോട്ട തന്നെയായിരുന്നു അത്. മൂന്നു വശങ്ങളിലും ഉയര്‍ന്നു നില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍. മുന്‍പിലാകട്ടെ അഗാധ ഗര്‍ത്തവും. തന്റെ കൂടെയുള്ളവരുടെ എതിര്‍പ്പു വകവെക്കാതെയാണ്, അവരെ അമ്പരിപ്പിച്ചു കൊണ്ട് ക്യാപ്റ്റന്‍ അങ്ങോട്ടേക്കിറങ്ങിയത്. സാഹസികതയാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. ഏതു യുദ്ധത്തിലും ജയിക്കാന്‍ അത്യന്താപേക്ഷിത ഘടകം അപ്രതീക്ഷിത സമയത്തുള്ള സംഭ്രമിപ്പിക്കുന്ന ആക്രമണമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ആയുധശക്തിയും മനുഷ്യശക്തിയും അതിനു പിന്നിലേ വരൂ. തന്റെ പുറകില്‍ മലയുടെ മുകളിലായി ഇന്‍ഡ്യന്‍ പട്ടാളത്തിന്റെ ആറോളം ഔട്ട് പോസ്റ്റുകള്‍ സുസജ്ജമാണ് - മോര്‍ട്ടോര്‍ ഗണ്ണടക്കം ഫ്‌ളെയര്‍ ലൈറ്റും ബസൂക്ക, ടെലസ്‌കോപ്പ് തോക്കുകള്‍ തുടങ്ങി നാനാവിധ പടക്കോപ്പുകള്‍ ഉള്‍പ്പെടെ.
നൈറ്റ് വിഷന്‍ ബൈനാക്കുലറുപയോഗിച്ച് ശത്രുപക്ഷത്തെ ഓരോ ചലനങ്ങളും വാക്കിടോക്കിയിലൂടെ പുറകിലെ വിവിധ ഔട്ട് പോസ്റ്റുകളില്‍ അദ്ദേഹം അറിയിച്ചു കൊണ്ടിരുന്നു. കിലോ മീറ്ററുകള്‍ ഇടവിട്ട് സ്ഥിതി ചെയ്ത ഔട്ട് പോസ്റ്റിലെ പട്ടാളക്കാര്‍ കൃത്യമായി അവരുടെ ദൗത്യം ഭംഗിയായി നിര്‍വ്വഹിച്ചുകൊണ്ടുമിരുന്നു. ക്യാപ്റ്റന്‍ ജോസിന്റെ 'ാീ്‌ലാലി േൗെുെലരലേറമഹുവമ 2'എന്ന മുന്നറിയിപ്പു ലഭിക്കുമ്പോള്‍ മഹുവമ 2 എന്ന ഔട്ട് പോസ്റ്റിനിരുവശമുള്ള പോസ്റ്റുകളില്‍ നിന്ന് നിശ്ചിത ഇടവേളകളില്‍ ഫ്‌ളെയര്‍ ലൈറ്റ് ആകാശത്തേക്കു പ്രവഹിക്കും. ഏതാനും മിനിറ്റുകള്‍ നിലനില്‍ക്കുന്ന ആ വെളിച്ചത്തില്‍ താഴ് വരയില്‍ മുന്നേറുന്ന ആളുകളുടെ നേര്‍ക്കും അനങ്ങുന്ന കുറ്റിക്കാടിലേയ്ക്കു ഉന്നം വെച്ച് മോര്‍ട്ടോര്‍ ഗണ്ണുകളില്‍ നിന്നും നിര്‍ത്താതെയുള്ള പ്രഹരം. ആദ്യമൊക്കെ തിരിച്ച് യാതൊരു റിയാക്ഷനും ഇല്ലായിരുന്നു. പക്ഷേ പിന്നെ അവിടെ നിന്നും മെഷീന്‍ ഗണ്ണുകള്‍ ശബ്ദിച്ചു തുടങ്ങി.
രാത്രി പത്തോടെ തന്റെ ട്രെഞ്ചില്‍ എത്തിയതാണ് ക്യാപ്റ്റന്‍. എട്ടു മണിക്കു മുന്‍പായി തന്നെ പട്ടാളക്കാരെല്ലാം മലമുകളിലെ താന്താങ്ങളുടെ പോസ്റ്റുകളില്‍ സുസജ്ജരായിരുന്നു. കാത്തിരിപ്പിനിടയിലാണ് ക്യാപ്റ്റന്‍ ഏകനായി അതിര്‍ത്തിയിലേക്കുള്ള നോ മാന്‍സ്-ലാന്‍ഡിലേയ്ക്കു ഇറങ്ങിയതും കമ്പി വേലിയുടെ ഏറ്റവും അടുത്തായി നിലയുറപ്പിച്ചതും. ഇതുവരെ പതിനഞ്ചു റൗണ്ടോളം വെടിയുതിര്‍ത്തിരുന്നു. തിരിച്ച് അഞ്ചോളവും. ഫ്‌ളെയര്‍ ലൈറ്റിന്റെ മുന്‍ തൂക്കം കാവല്‍ ഭടന്മാരെ കുറച്ചൊന്നുമല്ല സഹായിച്ചത്. പ്രതീക്ഷിക്കാതെ വെളിച്ചം വരുമ്പോള്‍ പകച്ചു നില്‍ക്കുന്ന നുഴഞ്ഞു കയറ്റക്കാര്‍ അടയിരിക്കുന്ന പക്ഷികളെന്നവണ്ണം എളുപ്പത്തില്‍ വെടിവെച്ചു വീഴത്തക്കവണ്ണമായി മാറിയിരുന്നു. രണ്ടു റൗണ്ട് വെടിയുതിര്‍ത്തപ്പോള്‍ തന്നെ ശത്രു പക്ഷത്തെ മുന്നോട്ടുള്ള നീക്കം തികച്ചും മന്ദഗതിയിലായി. താഴ്‌വര ഇറങ്ങി വരുന്നവര്‍ക്കും ലൈന്‍ ഓഫ് കണ്‍ട്രോള്‍ കടന്നവര്‍ക്കും തിരികെ പോകാനുള്ള വഴി പൂര്‍ണ്ണമായും അടഞ്ഞിരുന്നു. ഒരു കാര്യം ക്യാപ്റ്റന്‍ ജോസ് തീര്‍ച്ചപ്പെടുത്തി. ഒരൊറ്റയാള്‍ പോലും ഈ രാത്രി ഇതുവഴി നുഴഞ്ഞു കയറുന്നതില്‍ വിജയിച്ചിട്ടില്ല.
അതിര്‍ത്തിയില്‍ ഏറ്റവും കൂടുതല്‍ ഒളിയുദ്ധം ചെയ്തു പരിചയം ഉള്ളവരില്‍ ഒരാളാണ് ക്യാപ്റ്റന്‍ ജോസ്. കാശ്മീര്‍ ജിഹാദികള്‍ എന്ന ലേബലില്‍ വന്നു കൊണ്ടിരുന്ന കൂലി പട്ടാളക്കാരെ നിരന്തരം വേട്ടയാടിയിരുന്നവരില്‍ കേമന്‍. പാകിസ്ഥാനികള്‍ കൂടാതെ നൈജീരിയക്കാര്‍, സുഡാനീസ്, അഫ്ഗാനിസ്ഥികള്‍ തുടങ്ങിയവരെ തന്റെ കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായി ഈ ലോകത്തില്‍ നിന്നും എന്നെന്നേക്കുമായി പറഞ്ഞയച്ചിരുന്നു ക്യാപ്റ്റന്‍ ജോസ്. മേലുദ്യോഗസ്ഥര്‍ക്കു അദ്ദേഹത്തെക്കുറിച്ച് മതിപ്പായിരുന്നു. അതുകൊണ്ടാണ് പലവിധ പരിരക്ഷകള്‍ അദ്ദേഹത്തിനു അവര്‍ നല്‍കിയതും. തീവ്രവാദികളുടെ മുമ്പില്‍ പെടാത്ത ഒരു ഔദ്യോഗിക തസ്ഥികയാണ് മിലിട്ടറി ഹെഡ്ക്വാര്‍ട്ടേര്‍സ് അദ്ദേഹത്തിനു നല്‍കിയിരുന്നത്. ഇന്‍ഡ്യന്‍ ആര്‍മിയുടെ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ എന്ന നിര്‍മ്മാണ വകുപ്പിന്റെ തലവനായാണ് അദ്ദേഹം രജൗറിയില്‍ നിയമിതനായത്. സാധാരണ മിലിട്ടറി എന്‍ജിനീയറിംഗ് സര്‍വ്വീസിലെ സീനിയറായ എന്‍ജിനീയര്‍മാരെയാണ് ഈ പോസ്റ്റില്‍ നിയമിച്ചിരുന്നത്. ക്യാപ്റ്റന്‍ ജോസിന്റെ സേവനം രജൗറി-പൂഞ്ച് മേഖലയില്‍ അനിവാര്യമാണെന്ന് മിലിട്ടറി ഹെഡ്ക്വാര്‍ട്ടേഴ്‌സ് കരുതി. അതുമാത്രമല്ല, അദ്ദേഹത്തിന്റെ ജീവന്‍ കൊണ്ട് പന്താടാനും അവര്‍ ഒട്ടും തയ്യാറല്ലായിരുന്നു. അതായിരുന്നു ഇങ്ങനെ പ്രച്ഛന്നവേഷം ചെയ്ത പോസ്റ്റിന്റെ രഹസ്യം.
(തുടരും.......)
Read More: https://www.emalayalee.com/news/346630#gsc.tab=0