ചില കണ്ണുനീർത്തുള്ളികൾ
തിളങ്ങാറുണ്ട്.
ഒറ്റക്കടർന്ന്
ചാലിട്ടൊഴുകി
താഴേക്ക് പതിക്കാൻ
വെമ്പിനിൽക്കുമ്പോൾ.
പയ്യെ വിരിയുന്ന
ഒരു പുഞ്ചിയുടെ
നിറമായിരിക്കും
അതിനപ്പോൾ.
ഇന്നലയങ്ങനെ
ഒരു കണ്ണുനീർതുള്ളിയുടെ
തിളക്കത്തോടൊപ്പം
നറുപുഞ്ചിരിയോടെ
ദൂരെക്ക്
നോക്കിയിരിക്കുമ്പോൾ
ഓർമ്മയെന്നൊരു
വേഗവണ്ടിയെ നമിച്ചു.
മൂന്നര പതിറ്റാണ്ടുകൾക്കപ്പുറത്തേക്ക്
ഒരൊറ്റ നിമിഷത്തിൽ
കുതിച്ചെത്തി
ഒപ്പമുണ്ടായിരുന്ന
പത്താണ്ടിൻ്റെ ദൈർഘ്യം
പത്തുമിനിറ്റിലേക്കൊതുക്കിയും
പത്താണ്ടിൽ
പറയാനാവാത്തതെല്ലാം
ഒതുക്കി പറഞ്ഞും
സതീർത്ഥ്യനൊപ്പം
ചുറ്റിക്കറങ്ങിയെത്തിയതിൻ്റെ
മധുരക്കണ്ണുനീർത്തുള്ളി
നൊമ്പരപ്പാടുകൾ വീഴ്ത്തി
കവിളിലുമ്മവയ്ക്കുന്നു
നേർത്തൊരു
തണുപ്പുള്ളിൽ നിറഞ്ഞ്
പുഞ്ചിരിയായ് വിടർന്ന്
മഴവിൽ നിറങ്ങൾ
പടർത്തുന്നു.
കണ്ണുനീർത്തുള്ളി
സ്നേഹവർണ്ണങ്ങളാൽ
തിളങ്ങുന്നു.