''ഒരു ദശകമിവിടെയിതു വിടച്ചൊല്ലി മറയുന്നു
ഒരു പൂമരക്കാറ്റു പെയ്ത പോലെ
നിറയെ ചുവന്ന പൂക്കള്‍
പാതയില്‍ സമരങ്ങള്‍ തന്‍മുദ്രകള്‍...''
നടവഴികളില്‍ നിലയ്ക്കാത്ത സമരങ്ങളുടെ പാദമുദ്രകള്‍ ചാര്‍ത്തിയ ജനനായകന്, തന്റെ കര്‍മ മണ്ഡലമായ അനന്തപുരി വിപ്ലവാഭിവാദ്യങ്ങളോടെ വിട നല്‍കി. വി.എസിന്റെ ഭൗതിക ശരീകം ഇന്ന് രാവിലെ 9.20-ന് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് എത്തിച്ച ശേഷവും ഉച്ചയ്ക്ക് 2.20-ന് ജന്‍മാനാടായ ആലപ്പുഴയിലേയ്ക്ക് കൊണ്ടുപോകാനായി എടുത്തപ്പോഴും അണികളുയര്‍ത്തിയ മുദ്രാവാക്യങ്ങളുടെ അലയടികള്‍ ഒട്ടും അടങ്ങിയിരുന്നില്ല. ഇന്നലെ വൈകിട്ട് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയില്‍നിന്ന് പഴയ എ.കെ.ജി സെന്ററിലേയ്ക്ക് അദ്ദേഹത്തിന്റെ ഭൗതിക ദേഹം കൊണ്ടുവന്നപ്പോള്‍, വര്‍ഷങ്ങള്‍ക്ക് ശേഷം ആ മുദ്രാവാക്യം കടലിരമ്പം പോലെ വീണ്ടും ആര്‍ത്തുപരന്നു.
''കണ്ണേ കരളേ വിയെസ്സേ...ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ...''', ''ഇല്ല ഇല്ല മരിക്കില്ല...ജീവിക്കുന്നു ഞങ്ങളിലൂടെ...ഞങ്ങളിലൊഴുകും ചോരയിലൂടെ...'' ജനക്കൂട്ടത്തില്‍ അലിഞ്ഞ് ആയുസ് വര്‍ധിപ്പിച്ച വി.എസിന്റെ വിലാപയാത്രയിലൂടനീളം ഈ മുദ്രാവാക്യം ഉയര്‍ന്ന് കേള്‍ക്കുന്നു, അത് കേരളമാകെ മാറ്റൊലി കൊള്ളുന്നു. ഇന്ന് രാത്രി ഏറെ വൈകി ആലപ്പുഴയിലെ തറവാട്ട് വീട്ടിലും നാളെ രാവിലെ 9 മണിക്ക് സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും മൃതദേഹം പൊതു ദര്‍ശനത്തിന് വയ്ക്കുമ്പോഴും, അവസാനം വലിയ ചുടുകാട്ടില്‍ സംസ്‌കരിക്കുമ്പോഴും ഈ മുദ്രാവാക്യം പതിന്‍മടങ്ങ് ശക്തി പ്രാപിക്കും.
വി.എസ് മണ്ണോട് മണ്ണുചേര്‍ന്നാലും ആ തരംഗം സ്മരണയുടെ സമുദ്രത്തില്‍ തിരകളാവും. ഇടറാത്ത ചുവടുകളും പതറാത്ത മനസുമായി ഓട്ടേറെ ജമകീയ സമരങ്ങളുടെ തീപ്പന്തമായിരുന്ന വി.എസ് എന്ന വികാരം മനസുകളില്‍ ചെന്താരകമായി തിളങ്ങി നില്‍ക്കും. 2006 മുതല്‍ 2011 വരെ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം മൂന്നുവട്ടം പ്രതിപക്ഷ നേതാവിന്റെ കസേരയിലിരുന്ന് ആ പദവിയുടെ അര്‍ത്ഥമെന്താണെന്ന് കാട്ടിക്കൊടുത്തു. 1980 മുതല്‍ 1991 വരെ സി.പി.എം സംസ്ഥന സെക്രട്ടറിയുമായി. ഈ മുന്നു പദവികളിലിരിക്കുമ്പോഴും വി.എസ് ജനങ്ങളുടെ പോരാളി തന്നെയായിരുന്നു. ഒറ്റയാള്‍ പോരാട്ടമായിരുന്നു വി.എസിന്റേത് എന്ന് പറയുന്നതാവും കൂടുതല്‍ ശരി.
പ്രതിപക്ഷ നേതാവായിരിക്കെ, 2002 ഏപ്രില്‍ 20-ന് മരംകോച്ചുന്ന തണുപ്പിനെ വകവയ്ക്കാതെ മുണ്ട് മടക്കിക്കുത്തി വി.എസ് ഇടുക്കിയിലെ മതികെട്ടാന്‍ മലനിരകളിലേയ്ക്ക് കയറിച്ചെന്ന് അവിടുത്തെ കൈയ്യേറ്റത്തിന്റെ ഭീതിതമായ കാഴ്ചകള്‍ പുറംലോകത്തെത്തിച്ചു. അങ്ങനെ മതികെട്ടാന്‍ സംരക്ഷിക്കണമെന്ന ഉത്തമ ബോധ്യം കേരളത്തിനുണ്ടായി. മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ മൂന്നാര്‍ ദൗത്യം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. മൂന്നാര്‍ മേഖലയിലെ അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ 2007 മെയ് 10-ന് പ്രത്യേക ദൗത്യസംഘത്തെ അദ്ദേഹം നിയോഗിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ അഡീഷണല്‍ സെക്രട്ടറിയായിരുന്ന കെ സുരേഷ്‌കുമാര്‍ ഐ.എ.എസ് ആയിരുന്നു ദൗത്യത്തിന്റെ സ്പെഷ്യല്‍ ഓഫീസര്‍. ഐ.ജി ആയിരുന്ന റിഷിരാജ് സിങ് ഐ.പി.എസിനെ പ്രത്യേക സംഘം മേധാവിയാക്കി. രാജു നാരായണ സ്വാമി ഐ.എ.എസിനെ ഇടുക്കി കളക്ടറായി നിയോഗിച്ചു. ഇവര്‍ മൂവരും വി.എസിന്റെ പൂച്ചകള്‍ എന്നാണ് അറിയപ്പെട്ടത്. വി.എസ് ആകട്ടെ പുലിയും. 26 ദിവസം കൊണ്ട് കൈയേറ്റ ഭൂമിയിലെ 91 കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തി. ആയിരക്കണക്കിന് ഏക്കര്‍ റവന്യൂ ഭൂമി തിരിച്ചു പിടിച്ചു. മൂന്നാര്‍ ദൗത്യം അങ്ങിനെ ചരിത്രമായി. ഇതു സംബന്ധിച്ച് പാര്‍ട്ടിയിലും മുന്നണിയിലും എതിര്‍പ്പിന്റെ ശബ്ദമുയര്‍ന്നെങ്കിലും വി.എസ് അതിനൊന്നും ചെവി കൊടുത്തില്ല.
വിട്ടുവീഴ്ചയില്ലാത്ത സമരനായകനായിരുന്നു അച്യുതാനന്ദന്‍. പരിസ്ഥിതിക്കു വേണ്ടി ശബ്ദിച്ച അദ്ദേഹം സ്ത്രീകളെയും കുട്ടികളെയും ബാധിക്കുന്ന വിഷയങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി. മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടാകുമ്പോള്‍ നീതിക്കു വേണ്ടി അദ്ദേഹം നിലകൊണ്ടു. കുട്ടനാട്ടിലെ ജനങ്ങളെ ചൂഷണങ്ങള്‍ക്കെതിരെ അണിനിരത്തി, പുന്നപ്ര-വയലാര്‍ സമരത്തിന്റെ നടുനായകത്വം ഏറ്റെടുത്ത് കേരളത്തിന്റെ വിപ്ലവ സരണിയിലേക്ക് ചുരുട്ടിയ മുഷ്ഠിയും ഉറച്ച കാല്‍വയ്പ്പുമായി കടന്നു വന്ന വി.എസ് ഒരു കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നു. ഒരിക്കല്‍ വെട്ടി നിരത്തല്‍ വീരനെന്ന് ആക്ഷേപിച്ച മാധ്യമങ്ങളെ കൊണ്ടു തന്നെ 'ജനനായകന്‍' എന്ന് അദ്ദേഹം തന്റെ ഇടപെടലുകളിലൂടെ തിരുത്തിപ്പറയിപ്പിച്ചു.
വി.എസിന്റെ സമീപകാല സമരമുഖങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പ്ലാച്ചിമടയില്‍ കൊക്കക്കോള കമ്പനിക്കു നേരെ നടന്ന ഐതിഹാസികമായ സമരം. പ്ലാച്ചിമടയിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ കൊണ്ടുവന്നതും അത് പാസ്സാക്കിയെടുത്തതും വി.എസ് മുഖ്യമന്ത്രിയായിരുന്ന സമയത്താണ്. നൂറ് നാവുള്ള വാക്കുകളാണ് വി.എസ്സിന്റേത്. തന്റെ വ്യക്തിത്വം പ്രകടമാത്തുന്ന ചില പ്രസ്താവനകള്‍ ഇങ്ങനെ... ''ഭൂമിയുടെ വിനിയോഗം സംബന്ധിച്ച്, പരിസ്ഥിതി സംബന്ധിച്ച്, സ്ത്രീസുരക്ഷ സംബന്ധിച്ച്, അഴിമതിക്കെതിരെയുള്ള പോരാട്ടം സംബന്ധിച്ച്, എല്ലാം കുറേക്കൂടി ചെയ്യാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്...''
''വര്‍ഗനിലപാടില്‍ മുറുകെപ്പിടിച്ച് അന്യവര്‍ഗ നിലപാടുകള്‍ക്കും തെറ്റായ ആശയഗതികള്‍ക്കും എതിരേ സമരം ചെയ്ത്, ശരിയായ പാതയില്‍ സമൂഹത്തെ മുന്നോട്ടു കൊണ്ടുപോകുകയെന്ന കമ്മ്യൂണിസ്റ്റ് നിലപാടിനു വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്. അതിനു വേണ്ടിയുള്ള സമരം തന്നെയാണ് എന്റെ ജീവിതവും...'' ''വസൂരി വന്ന അമ്മയെ അകലെയുള്ള ഓലപ്പുരയിലേക്ക് മാറ്റിയപ്പോഴും ഓലക്കീറിലൂടെ അമ്മയെ അവസാനമായി കണ്ടപ്പോഴും പിന്നീട് 11-ാം വയസ്സില്‍ അച്ഛനെ നഷ്ടപ്പെട്ടപ്പോഴും കരഞ്ഞുവിളിച്ചിട്ടും കേള്‍ക്കാത്ത ദൈവം, പിന്നീടങ്ങോട്ട് ഉണ്ടെന്ന വിശ്വാസം എനിക്കുണ്ടായിട്ടില്ല. പിന്നീട് ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടില്ല. ഒരു ദൈവത്തിനെയും വിളിച്ചിട്ടില്ല...''
''ഇരകളായ പെണ്‍കുട്ടികള്‍ അധികാരികളുടെ അറിവോടെയും ഒത്താശയോടെയും ക്രൂരമായി വേട്ടയാടപ്പെടുന്ന സ്ഥിതിവിശേഷം തുടരുന്നത് ഒരിക്കലും അനുവദിക്കാവുന്നതല്ല കേരളസമൂഹത്തിനാകെ അപമാനകരമാണിത്. രാഷ്ട്രീയകക്ഷി ഭേദമെന്യെ ഈ പ്രവണതയ്ക്കെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കാന്‍ നമുക്ക് കഴിയണം...'' അതെ, വി.എസിന്റെ പോരാട്ടങ്ങള്‍ പ്രതികരിക്കാനുള്ള ഊര്‍ജമാണ്. കാലം തുടച്ചുകളയാത്ത ഊര്‍ജം...അങ്ങനെ ആ കാലഘട്ടം ഊര്‍ജസ്വലമായി അസ്തമിക്കുന്നു... മറ്റൊരു ചുവന്ന സൂര്യോദയത്തിനായി...
''ഒരു ദശകമിവിടെയിതു വിടച്ചൊല്ലി മറയുന്നു
ഒരു പൂമരക്കാറ്റ് പെയ്ത പോലെ
നിറയെ ചുവന്ന പൂക്കള്‍
പാതയില്‍ സമരങ്ങള്‍ തന്‍ മുദ്രകള്‍
ഓര്‍ക്കൂ സഖാവേ സഹോദരാ
നാം കേട്ട ദീര്‍ഘമുദ്രാവാക്യം
തോല്‍ക്കയില്ല തോല്‍ക്കുവാനോ മനസ്സില്ല
തോറ്റുവെങ്കില്‍ തോറ്റു കാലം...''