Image

റോന്ത് ഒടിടിയില്‍ എത്തി

Published on 22 July, 2025
റോന്ത് ഒടിടിയില്‍ എത്തി

ദിലീഷ് പോത്തൻ നായകനായി എത്തിയ പുതിയ ചിത്രമാണ് റോന്ത്. റോഷൻ മാത്യുവാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം ഒടുവില്‍ ഒടിടിയില്‍ എത്തിയിരിക്കുകയാണ്. ജിയോ ഹോട്‍സ്റ്റാറിലാണ് റോന്ത് ഒടിടി സ്‍ട്രീമിംഗ് തുടങ്ങിയിരിക്കുന്നത്. ഫെസ്റ്റിവൽ സിനിമാസിന്റേയും ജംഗ്ലീ പിക്ച്ചേഴ്സിന്റേയും ബാനറിൽ ഷാഹി കബീർ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് റോന്ത്.

പോലീസ് കഥകളിലൂടെ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച ഷാഹിയുടെ ഈ പോലീസ് കഥ എഴുത്തുകാരന്റെ ഔദ്യോഗിക ജീവിതവുമായി ഏറെ അടുത്തുനിൽക്കുന്ന ഒന്നാണ്. ഒരു രാത്രി പട്രോളിങ്ങിനിറങ്ങുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് നേരിടേണ്ടിവരുന്ന അനുഭവങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. തിയറ്ററുകളില്‍ റോന്ത് മികച്ച അഭിപ്രായം സ്വന്തമാക്കുകയും ചെയ്‍തിരുന്നു. 

ഇലവീഴാപൂഞ്ചിറക്ക് ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന ഈ ചിത്രം സൂപ്പർ ഹിറ്റായ ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ശേഷം അദേഹം തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ്. ഫെസ്റ്റിവൽ സിനിമാസിന് വേണ്ടി പ്രമുഖ സംവിധായകൻ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്ചേഴ്സിനു വേണ്ടി വിനീത് ജെയിനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ടൈംസ് ഗ്രൂപ്പിന്റെ സബ്സിഡറി കമ്പനിയായ ജംഗ്ലീ പിക്ച്ചേഴ്സ് ആദ്യമായാണ് മലയാളത്തിൽ ഒരു ചിത്രം നിർമ്മിച്ചിരിക്കുന്നത്. സുധി കോപ്പ, അരുൺ ചെറുകാവിൽ, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യൽ മീഡിയ താരങ്ങളായ ലക്ഷ്മി മേനോൻ, ബേബി നന്ദുട്ടി തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മനേഷ് മാധവനാണ് ഛായാഗ്രഹണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക