മനസ്സിലെ വിഗ്രഹങ്ങൾ
മണ്ണിൽ വീണുടയുന്നു
മറ്റൊരു ലോകം വെറും
സ്വപ്നമാണിന്നും ?
പഴമകൾ ഉഴുതിട്ട
പാടത്ത് മാറ്റത്തിന്റെ
കതിർക്കുല വിളയുമെ -
ന്നോർത്തിരുന്നൂ ഞാൻ
പുതുമകൾ ഇടി വെട്ടി
പെരുമഴ പെയ്യും നേരം
കരളിന്റെ കണ്ണീർക്കായാൽ
മട വീഴ്ചകൾ !
അപരനെ കരുതാത്ത
മതങ്ങളെ കാലത്തിന്റെ
തടവറയ്ക്കുള്ളിൽ തള്ളി തച്ചു കൊല്ലേണം
ഒരു യുഗപ്പിറപ്പിന്റെ
തുടിതാളപ്പെരുമയിൽ
മനുഷ്യനായ് മാറാൻ വേണം
പടയണിക്കാലം !