ഹ്യുസ്റ്റണിലെ ട്രിനിറ്റി മാർത്തോമാ പള്ളിയുടെ ജൂബിലിയും "വിബിഎസും+ , അതിൽ സംബന്ധിച്ചവർക്കൊക്കെ -സൺഡേ സ്കൂൾ കുട്ടികൾ, യുവജനങ്ങൾ, സീനിയർസ് , ഇവരെല്ലാം ചേർന്ന്, ഏകദേശം ൭൦൦ ഓളം വ്യക്തികൾ - ആത്മീയ ഉണർവും, സൗഹൃദവും, പുതിയ കാഴ്ചപ്പാടുകളും ,ജീവിത ആശയങ്ങളും നേടാൻ കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു. ആയതിലേക്കു ബഹുമാനപ്പെട്ട മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പയുടെ സാന്നിദ്ധ്യവും പ്രഭാഷണങ്ങൾക്കും ഒപ്പം, ബഹുമാനപ്പെട്ട ജിജോ മാത്യു അച്ചന്റേയും ലീനാകൊച്ചമ്മയുടെയും പഠന ക്ലാസ്സുകളും, ബഹുമാനപ്പെട്ട ജീവൻ ജോൺ അച്ചന്റെ മനോഹരമായ ഗാന പരിശീലന ക്ലാസ്സുകളും വേറിട്ട അനുഭാവമായിരുന്നു തന്നത് . സുനിലിന്റേയും ... റ്റിഞ്ചുവിന്റെയും..... ലീഡർഷിപ്പും പ്രശംസനീയമായിരുന്നു.
വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു സംരംഭം ഇതോടൊപ്പം മുന്നോട്ടു കൊണ്ടുവരികയുണ്ടായി. ഇന്ന് സമൂഹത്തിൽ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന അന്യോന്യ സ്നേഹവും കരുതലും പുനർ ജീവിപ്പിക്കാനും, ഇഴകൾ മുറിഞ്ഞു അകന്നു കൊണ്ടിരിക്കുന്ന ബന്ധങ്ങളെ ചേർത്ത് നിർത്തുന്നതിനുമായി, "തലമുറകൾ തമ്മിലുള്ള പ്രവർത്തനം (Intergenerational Activity)ങ്ങൾക്ക് ഒരു അവസരം കൂടി സൃഷ്ടിക്കുകയുണ്ടായി. തലമുറകൾ തമ്മിലുള്ള വിടവ് നികത്തി, അവിടെ സ്നേഹവും ബഹുമാനവും അന്യോന്യ സഹായ സഹകരണങ്ങളും പുനഃസ്ഥാപിക്കാൻ പര്യാപ്തമായ, ഒരു കൂടി ചേരലിന്റെ സത് ഉദ്ദേശത്തിലേക്കു ശ്രദ്ധയോടെ വഴി നടത്തുകയായിരുന്നു, ഈ സംരംഭം. അന്യോന്യ പാർശ്വ വത്കരണത്തിൽ, സാമൂഹ്യ ബന്ധങ്ങളും രക്ത ബന്ധങ്ങളും വരെ, നഷ്ടമായി തീരാതെ, പുതിയ കാഴ്ചപ്പാടുകൾ നൽകുന്നതിനും, ഒരേ നൂറ്റാണ്ടിന്റെ രണ്ടറ്റങ്ങളിലെ അനുഭവങ്ങൾ പങ്കു വയ്ക്കുന്നതിനും, സ്വയ അവലോകനത്തിന് അവസരം ഒരുക്കുന്നതിനും, ജീവിതത്തെ കൂടുതലായി പഠിക്കുന്നതിനും സഹായകമാവുകയാണ്. വാര്ധക്യത്തിലേക്കു എത്തുന്ന പലരും തങ്ങളിലേക്ക് തന്നെ ഒതുങ്ങി കൂടി, "എങ്ങനെയോ ജീവിച്ചു പോകുന്ന" ഒരു പ്രവണത കാട്ടാറുണ്ട്. അവരെ ഒക്കെ , ഉറക്കെ ചിരിപ്പിക്കാനും, പലതരത്തിൽ അഭിനയിപ്പിക്കാനും, ഭാവനയിൽ നിന്നും ചിലതൊക്കെ അന്വേഷിക്കാനും, പാട്ടുകൾക്കൊപ്പം ശാരീരിക ചലനങ്ങൾ പരിചയി ക്കുന്നതിനും പ്രോത്സാഹിപ്പിച്ചു. അങ്ങനെ ശാരീരികവും മാനസികവും ആയ ആരോഗ്യം കണക്കിലെടുത്തു ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്താൻ സഹായിക്കുന്നത്, അടഞ്ഞു വരുന്ന കണ്ണുകളെ തുറപ്പിക്കുന്നതിനും, അന്യോന്യമുള്ള സ്നേഹത്തിനും കരുതലിനും ഒക്കെ കാരണമാകും.
ലീനാകൊച്ചമ്മയുടെ ക്ലാസ്സുകളിൽ, മനുക്ഷ്യരുടെ രണ്ടു തരം കാഴ്ചപ്പാടുകളെ 'പാടി' കേൾപ്പിച്ചു. ഭൂരിപക്ഷവും മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിച്ചു, അതിനെ പ്രസിദ്ധമാക്കാനും, അങ്ങനെ തങ്ങളെ ഉയർത്തി കാട്ടാനും ശ്രമിക്കുന്നു. അതിനെ വ്യക്തമാക്കുന്നതാണ് , എല്ലാവര്ക്കും അറിയാവുന്ന "ഈ" കഥ. *മനുക്ഷ്യൻ കുയിലിനോട് പറഞ്ഞു, 'നീ കറുത്തത് അല്ലായിരുന്നെങ്കിൽ എത്ര നല്ലതായിരുന്നു. അതുപോലെ സമുദ്രത്തിനോടും, 'നിന്നിൽ ഉപ്പില്ലായിരുന്നെങ്കിൽ എന്നും, റോസാച്ചെടിയോടു, നിനക്ക് മുള്ളില്ലായിരുന്നെങ്കിൽ എന്നും, എത്ര നല്ലതായിരുന്നു' എന്നും. പക്ഷെ അവയൊക്കെ മനുക്ഷ്യന് കൊടുത്ത, കുറിക്കു കൊള്ളുന്ന മറുപടി ഇപ്രകാരമായിരുന്നു. മനുക്ഷ്യ!നിന്നിൽ , മറ്റുള്ളവരുടെ കുറവുകളും കുറ്റങ്ങളും മാത്രം നോക്കുന്ന ഈ സ്വഭാവം ഇല്ലായിരുന്നെങ്കിൽ.... നീ എത്ര നല്ലവനായിരുന്നേനെ".* ഇതിൽ നിന്നും നാം തിരികെ വരേണ്ടത് "Positive Thinking"(നിഷേധാത്മകമല്ലാത്ത ചിന്തയിലേക്ക്) ആണ്. അതിനു സഹായ കമായ രീതിയിൽ, എല്ലാ seniors നെയും group കളായി തിരിച്ചു, 'ആക്ഷൻ സോങ്' മത്സരം നടത്തി. അതിനുള്ള മനോഹരമായ, സന്ദര്ഭത്തിന് ഉചിതമായ,ഈ പാട്ടു പാടിത്തന്നത്, റെവ.ജീവൻ ജോൺ അച്ഛനായിരുന്നു. " ഞാൻ ഒരു താരകം ആയിരുന്നെങ്കിൽ, കണ്ണുചിമ്മി പാടും ദൈവ സ്നേഹം ........" ഞാൻ ആയിരിക്കുന്ന അവസ്ഥയിലും ദൈവത്തെ സ്തുതിക്കും എന്ന ഉറപ്പ്, ശബ്ദത്തിലും ക്രീയയിലും കൂടി അവതരിപ്പിക്കുക ആയിരുന്നു.
ജീവിതത്തിൽ നിന്നും, 'ധൃതിയും , അമിതമായ കൂട്ടിവെയ്ക്കലുകളും', ഒഴിവാക്കണമെന്നു റെവ. ജിജോ അച്ചനും ലീന കൊച്ചമ്മയും തങ്ങളുടെ പ്രസംഗങ്ങളിലും ക്ലാസ്സുകളിലും ഉത്‌ബോധി പ്പിച്ചു. വേഗത കൂടുമ്പോൾ, ജീവിത യാത്രയിൽ നാം കാണേണ്ട പലതും കാണാതെ വിട്ടു പോകുന്നു. ഇത് സംസാരത്തിലും പ്രവർത്തിയിലും ഒക്കെ സംഭവ്യമാണ്.ശ്രീ ബുദ്ധന്റെ " മെല്ലെ...മെല്ലേ.."എന്ന ഉപദേശവും ഇത്തരുണത്തിൽ ഓര്മ്മിക്കാം. സ്വാര്ഥതയിൽ നിന്നും ഒഴിഞ്ഞു നിന്ന്, നമുക്ക് ചുറ്റുമുള്ള ജീവികളെയും അവയുടെ ജീവിതങ്ങളേയും കാണാൻ, ഈ മെല്ലെ പോക്ക് സഹായകമാകും. സ്വാര്ഥതയിൽ നിന്ന് അകന്നു നിന്ന് , ചുറ്റുമുള്ളവരുടെ ആവശ്യ ങ്ങളെയും വിഷമങ്ങളെയും പരിഗണിക്കാൻ ഉപോൽബലകമായിതീരും. അതെ രീതിയിൽ നമ്മൾ നിശ്ശബ്ദതയെയും സ്വീകരിക്കാം. ശബ്ദ മുഖരിതമായ അന്തരീക്ഷം നമ്മുടെ ധ്യാനത്തിനും മനനത്തിനും ഉചിതമായിരിക്കയില്ല. ദൈവവും നമ്മളും മറ്റുള്ളവരും ആയുള്ള പര - അപര ബന്ധത്തെ ഒരു ത്രീകോണ ത്തിന്റെ മാതൃകയിൽ റെവ.ജിജോ അച്ചൻ വരച്ചു കാട്ടി.
നാം, സമൂഹമര്യാദകൾക്കു പ്രാധാന്യംകൽപ്പിക്കണം. അന്ന്യായമായ കടന്നു കയറ്റങ്ങൾ ആരുടെ ജീവിതത്തിലേക്കും ആവരുത്. എല്ലാവരും കണ്ണ് തുറക്കണം, അവനവനിൽ നിന്ന് പുറത്തേക്കു കടക്കണം. അപ്പോൾ മനസ്സിലാകും ദൈവം എല്ലാവര്ക്കും വേണ്ടി സൃഷ്‌ടിച്ച പ്രപഞ്ചം, അന്ന്യോന്ന്യം സഹകരിച്ചു സ്നേഹിച്ചു ജീവിക്കുക. സമൂഹത്തിൽ ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന പരിണാമങ്ങൾ മനസ്സിലാക്കി, ഒന്നിച്ചു ചിന്തിക്കാൻ ഇതുപോലുള്ള സംരംഭങ്ങൾക്ക് കഴിയും. അതിനാൽ ഈ ഉദ്യമങ്ങൾ തുടരണം, ഇന്നിനും, ഭാവിക്കും വേണ്ടി ....തുടരണം.....തുടരണം....