ഇന്ത്യൻ സിനിമയിൽ നിരൂപക പ്രശംസയും വാണിജ്യ വിജയവും ഒരുപോലെ നേടിയ ചിത്രമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത 'ദൃശ്യം'. ആദ്യ രണ്ട് ഭാഗങ്ങളും തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും വലിയ വിജയം നേടുകയും ചെയ്തു. ഇപ്പോൾ, 'ദൃശ്യം 3' നായുള്ള ആകാംഷയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. ഈ സാഹചര്യത്തിൽ, ചിത്രത്തെക്കുറിച്ച് നടി ആശാ ശരത് നടത്തിയ ചില പരാമർശങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
കുടുംബത്തെ സംരക്ഷിക്കാൻ ബുദ്ധിപരമായി നീങ്ങുന്ന ജോർജ്ജ് കുട്ടിയെന്ന സാധാരണക്കാരന്റെ കഥയാണ് 'ദൃശ്യം' പറഞ്ഞത്. എന്നാൽ, തന്റെ മകന്റെ തിരോധാനം അന്വേഷിച്ച് നീതിക്കായി പോരാടുന്ന ഐ.ജി. ഗീതാ പ്രഭാകറായി ആശാ ശരത് കാഴ്ചവെച്ച പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. "ഐ.ജി. ഗീതാ പ്രഭാകറിന് ജോർജ്ജ് കുട്ടിയോടും സ്വയംബുലിംഗത്തോടും പ്രതികാരം ചെയ്യണം," ആശ ശരത് പറഞ്ഞു. 'ദൃശ്യം' തമിഴ് റീമേക്കിൽ കമൽഹാസൻ അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ പേരാണ് സ്വയംബുലിംഗം. ദൃശ്യം രണ്ടിൽ മോഹൻലാലിന്റെ കഥാപാത്രത്തോട് പ്രതികാരം ചെയ്യാനുള്ള അവസരം ഗീതാ പ്രഭാകറിന് നഷ്ടപ്പെട്ടുവെന്നും, എന്നാൽ ദൃശ്യം മൂന്നിൽ ജോർജ്ജ് കുട്ടിയോടും സ്വയംബുലിംഗത്തോടും പ്രതികാരം ചെയ്യണമെന്നാണ് ഗീതാ പ്രഭാകറിന്റെ ആഗ്രഹമെന്നും ആശ തമാശയായി കൂട്ടിച്ചേർത്തു.
"ഗീതാ പ്രഭാകറിന് ഉള്ളിൽ ആശയുണ്ട്. വരുണിനെ കൊന്നവരോട് പ്രതികാരം ചെയ്യണമെന്ന്. അവരുടെ മകനെയല്ലേ കൊന്നത്. ഒരമ്മ അങ്ങനെ വിചാരിക്കില്ലേ?" ആശ ശരത് ചോദിക്കുന്നു. അതേസമയം, ഒരു പ്രേക്ഷക എന്ന നിലയിൽ താൻ ജോർജ്ജ് കുട്ടിക്കും സ്വയംബുലിംഗത്തിനുമൊപ്പമാണെന്നും അവർ വ്യക്തമാക്കി. ദൃശ്യം ആശാ ശരത്തിന്റെ കരിയറിലെ ഒരു വഴിത്തിരിവായിരുന്നു. മോഹൻലാലിനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും അവർ മനസ്സുതുറന്നു. "മോഹൻലാൽ സാറിനൊപ്പം അഭിനയിക്കുമ്പോൾ, ഒരു സൂപ്പർസ്റ്റാറിനൊപ്പമാണെന്ന് തോന്നില്ല. അദ്ദേഹം വളരെ കൂളാണ്," ആശ ശരത് പറഞ്ഞു. 'ദൃശ്യം' ഷൂട്ടിംഗ് സമയത്ത് മോഹൻലാൽ വളരെ ശാന്തനായിരുന്നുവെന്നും, അദ്ദേഹത്തിൽ നിന്ന് തനിക്ക് ധാരാളം കാര്യങ്ങൾ പഠിക്കാനുണ്ടെന്നും ആശാ ശരത് കൂട്ടിച്ചേർത്തു.
English summary:
Won't a mother think like that? I want revenge on Georgekutty," says Asha Sharath.